TopTop
Begin typing your search above and press return to search.

പുരപ്പുറത്ത് മഴവെള്ളം കുടിച്ചു ജീവിച്ച നാളുകള്‍; ചെങ്ങന്നൂരിപ്പോഴും ആ പ്രളയദിവസങ്ങളുടെ ഓര്‍മയിലാണ്

പുരപ്പുറത്ത് മഴവെള്ളം കുടിച്ചു ജീവിച്ച നാളുകള്‍; ചെങ്ങന്നൂരിപ്പോഴും ആ പ്രളയദിവസങ്ങളുടെ ഓര്‍മയിലാണ്
പൊടിക്കാറ്റാണ് ചുറ്റും. ചെള്ളയുടെ നിറമുള്ള പൊടിക്കാറ്റ് ചുറ്റും വീശിയടിക്കുന്നു. പൊള്ളിക്കുന്ന വെയില്‍. വരണ്ടുണങ്ങിയ നിലങ്ങളും തെരുവുകളും. മനുഷ്യരുണ്ടെന്നതിന്റെ അടയാളങ്ങള്‍ പോലുമില്ലാത്ത നിരത്തുകള്‍. റോഡുകളുടെ ഇരുവശങ്ങളിലും പൊടിപിടിച്ച് നില്‍ക്കുന്ന വീടുകള്‍ ഏതോ പുരാതന നഗരത്തിന്റെ അവശേഷിപ്പുകളാണെന്ന് തോന്നിക്കും. കിലോമീറ്ററുകള്‍ നടന്നാലും ഒരു കിളിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല. ശ്മശാനങ്ങള്‍ക്ക് പോലുമില്ലാത്ത മൂകതയാണ് എല്ലായിടത്തും. ചില ഉയര്‍ന്നയിടങ്ങളില്‍ കൂട്ടത്തോടെ കെട്ടിയിട്ടിരിക്കുന്ന കന്നുകാലികളാണ് ജീവന്‍ അവശേഷിക്കുന്നതിന്റെ അടയാളങ്ങളായി ഉള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഈ ഗ്രാമത്തിന് ജീവനുണ്ടായിരുന്നു. ഇന്നത് മരിച്ചിട്ടില്ല എന്ന് മാത്രം. ജീവനും മരണത്തിനും ഇടയിലൂടെ കടന്നുപോയ ദിവസങ്ങള്‍ ഇടനാടിന് സമ്മാനിച്ചതാണ് ഈ അവസ്ഥ. ഇടനാട് മാത്രമല്ല, പ്രളയം വന്ന് മുക്കിയ, വെള്ളമിറങ്ങിത്തുടങ്ങിയ ചെങ്ങന്നൂരിലെ ഗ്രാമങ്ങളൊന്നും ഇപ്പോഴും ജീവശ്വാസം വീണ്ടെടുത്തിട്ടില്ല.

മണിക്കൂറുകള്‍ നീണ്ട വാഹനക്കുരുക്ക് മാത്രമാണ് ചെങ്ങന്നൂര്‍ നഗരത്തിന്റെ സജീവതയെ നിലനിര്‍ത്തുന്നത്. ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുന്നു. ഒരിറ്റ് വെള്ളം കുടിക്കാനില്ല. ഒരു കുപ്പി വെള്ളമെങ്കിലും ദാഹമകറ്റാന്‍ കിട്ടാതെയുള്ള ഓട്ടത്തിലാണ് പലരും. ദുരിതാശ്വാസ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും വാഹനങ്ങളാണ് റോഡില്‍ അധികവും. ചെങ്ങന്നൂരിനെ സ്വാഭാവിക ജീവിതത്തിലേക്കും പതിവുകളിലേക്കും തിരികെ കൊണ്ട് വരാനുള്ള കഠിന പരിശ്രമത്തിലാണ് അവര്‍ ഓരോരുത്തരും. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അതും അധികമൊന്നുമില്ല; രണ്ടോ മൂന്നോ എണ്ണം മാത്രം. അവിടെയും ആവശ്യത്തിന് ഭക്ഷണമില്ല. വെള്ളമിറങ്ങിയതിന്റെ ആശ്വാസത്തില്‍ അടിഞ്ഞിരുന്ന ചെളിയെല്ലാം വാരിക്കളഞ്ഞ് അവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ.ചെങ്ങന്നൂരില്‍ നിന്ന് ഇടനാട്ടിലേക്ക് പോവുന്ന വഴിമധ്യേയാണ് സദാനന്ദനെ കാണുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളുമായി. കയ്യില്‍ ഒരു ബീഡിയും ഉണ്ട്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍, "ഈ വേഷത്തില്‍ എന്റെ പടം എടുക്കരുത്" എന്നായിരുന്നു ആദ്യത്തെ പ്രതികരണം. നാല് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ക്യാമ്പിലേക്കുള്ള യാത്രയിലാണ് സദാനന്ദന്‍. "ഓ, ഒരു ചായ കിട്ടുവോന്നറിയാന്‍ വേണ്ടി ഇവടം വരെ ഒന്ന് വന്ന് നോക്കിയതാ. ക്യാമ്പില്‍ ചായയുണ്ട്. അത് പക്ഷെ എനിക്ക് ഒക്കത്തില്ല. കടുപ്പത്തില്‍ ഒരു ചായ കുടിച്ചിട്ട് എത്ര ദെവസമായി. ബീഡിയും കിട്ടാനില്ലായിരുന്നു. ഇന്ന് രണ്ടെണ്ണം കിട്ടി. പിന്നെന്തോ പറയാനാ. മഴവെള്ളം കുടിച്ച്, മൂന്ന് ദെവസം ചാകുവോ ജീവിക്കുവോ എന്ന് പോലും അറിയാതെ പെരപ്പൊറത്ത് കേറിയിരുന്ന എനിക്ക് ഇപ്പോ ചായയും ബീഡിയൊന്നും ഒരു എന്തോന്നേയല്ല. എന്നാലും ഒരു ആഗ്രഹത്തിന് ഇറങ്ങിയതാ. കയ്യില്‍ അഞ്ച് പൈസയില്ല. മെമ്പര്‍ടെ കയ്യീന്ന് 20 രൂപയും മേടിച്ചോണ്ട് ഒന്ന് എറങ്ങി നോക്കീതാ. എനിക്കിപ്പോ 72 വയസ്സായി. എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു ഗതി വന്നിട്ടില്ല";
 നിര്‍വികാരത മാത്രമായിരുന്നു ആ മനുഷ്യന്റെ മുഖത്ത്.

പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍. പമ്പയാര്‍ ചുറ്റിയൊഴുകുന്ന ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലായിരുന്നു ഇത് ഏറ്റവും രൂക്ഷം. വെള്ളപ്പൊക്കം കണ്ട് പരിചയമില്ലാത്ത ജനങ്ങള്‍ക്ക് 'വെള്ളം കയറും, ജാഗ്രത പാലിക്കുക' എന്ന മുന്നറിയിപ്പ് വളരെ എളുപ്പം തള്ളിക്കളയാവുന്ന ഒന്ന് മാത്രമായിരുന്നു. ഓഗസ്ത് 15ന് പമ്പ ഡാം തുറന്നതോടെ ചെങ്ങന്നൂരുകാരുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് വെള്ളമെത്തി. പക്ഷെ വെള്ളം ഏറുമ്പോഴും മുറ്റം വരെ വന്ന് ഒഴിഞ്ഞ് പോവുമെന്നായിരുന്നു പലരുടേയും കണക്കുകൂട്ടല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ് ഡി വേണുകുമാറും ഈ പ്രതീക്ഷയില്‍ സ്വന്തം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയവരില്‍ ഒരാളാണ്. രണ്ട് ദിവസങ്ങള്‍ വീടിന്റെ മുകള്‍ നിലയില്‍ കുടുങ്ങിപ്പോയ അദ്ദേഹത്തെ പിന്നീട് രക്ഷപെടുത്തുകയായിരുന്നു.വേണുകുമാര്‍ പറയുന്നത്: "പതിനഞ്ചാം തീയതി വൈകിട്ട് വരുമ്പോള്‍ എന്റെ കാല് നനയാനുള്ള വെള്ളമേയുള്ളൂ റോഡില്‍. നോക്കി നോക്കി നില്‍ക്കുമ്പോള്‍ അതങ്ങ് കയറി വന്നു. സാധാരണ പമ്പ അണക്കെട്ട് തുറന്നുവിടുമ്പോള്‍ കുറച്ച് വെള്ളമൊക്കെ കയറും. ഡാം തുറക്കുകയാണ്, ജാഗ്രത പാലിക്കണം എന്ന് അവര്‍ മെസ്സേജ് തരാറുമുണ്ട്. ഇതും അങ്ങനെയാവും എന്നാണ് എല്ലാവരുടേയും ധാരണ. പക്ഷെ രാത്രി 12 മണിയൊക്കെയായപ്പഴേക്കും സ്ഥിതി മാറി. വെള്ളം ഇരച്ച് തള്ളി വരാന്‍ തുടങ്ങി. റോഡും വീടും എല്ലാം ഒന്നൊന്നായി മുങ്ങാന്‍ തുടങ്ങി. നല്ല ശക്തമായ ഒഴുക്കും. എന്നാലും ഒരു ദിവസം കൊണ്ട് വെള്ളമങ്ങ് ഇറങ്ങിപ്പോവും എന്ന ധാരണയില്‍ ഞാനും ഭാര്യയും കൂടി മുകളിലോട്ട് കയറി. പിന്നയല്ലേ പെട്ടുപോയതാണെന്ന് മനസ്സിലാവുന്നത്. പുറത്തേക്കിറങ്ങിയാല്‍ ഒഴുക്കില്‍ പെട്ടുപോവും. രണ്ട് ദിവസമായി കറണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഫോണ്‍ എല്ലാം ഓഫ്. രണ്ട് ദിവസം മുകള്‍ നിലയില്‍ തന്നെ കഴിച്ചുകൂട്ടി. മക്കളെയൊന്നും ഇനി കാണാന്‍ പറ്റില്ലെന്നായിരുന്നു ഭാര്യ സുജയുടെ വിചാരം. ഇത് പോവുന്ന പോക്കാണെന്ന് മനസ്സില്‍ ഉറപ്പിച്ചായിരുന്നു അവരുടെ ഇരുപ്പ്. പക്ഷെ എങ്ങനെയൊക്കെയോ, ആരെക്കയൊ വന്ന് രക്ഷിച്ചെടുത്തോണ്ട് പോയി. ഇങ്ങനെ വെള്ളം കയറുമെന്ന് ഇവര് മുന്നറിയിപ്പൊന്നും നല്‍കാത്തത് കൊണ്ട് ഈ പ്രദേശത്തൊന്നുമുള്ള ഒരൊറ്റയാള്‍ക്ക് നേരത്തെ രക്ഷപെടാനായിട്ടില്ല
."ഏകദേശം അഞ്ഞൂറ് കോടിയുടെ നഷ്ടമാണ് ചെങ്ങന്നൂരില്‍ മാത്രം കണക്കാക്കപ്പെടുന്നത്. 40,000 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. നാല് ലക്ഷത്തോളം പേരാണ് ചെങ്ങന്നൂരില്‍ ഉള്ളത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ഇതില്‍ 40 ശതമാനം പേരെ കഠിനമായി ബാധിച്ചു. 212 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,60000 പേര്‍ കഴിയുന്നു. പന്ത്രണ്ടായിരം കന്നുകാലികളെ പലയിടങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചു. ആയിരക്കണക്കിന് കന്നുകാലികളും പക്ഷികളും പ്രളയത്തില്‍ മരിച്ചു. കരിങ്കല്‍ മതിലുകള്‍ പോലും പലയിടങ്ങളിലും അവശേഷിക്കുന്നില്ല. മിക്ക വീടുകളുടേയും മുന്‍വശത്ത് ഒരു വലിയ ചെളിക്കട്ട എന്ന് പറയാന്‍ പാകത്തിന് വീട്ടുപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളും ഫര്‍ണീച്ചറുകളും എല്ലാം നിരത്തിയിട്ടിരിക്കുന്നു. കിണറുകളെല്ലാം താത്ക്കാലികമായെങ്കിലും ഉപയോഗശൂന്യമാണ്.

കുടിവെള്ള ക്ഷാമം ഓര്‍മ്മയില്‍ പോലും അനുഭവിക്കാത്ത ജനങ്ങള്‍ക്ക് ഇപ്പോള്‍ കുപ്പി വെള്ളം മാത്രമാണ് ആശ്രയം. ഒരു ദിവസം അയ്യായിരം ലോഡ് കുപ്പിവെള്ളമാണ് ചെങ്ങന്നൂരിലേക്ക് ഇറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്നത് വേറെ. എന്നിട്ടും കുടിവെള്ളക്ഷാമം തീരുന്നില്ല. പാണ്ടനാട് സ്വദേശി സജീന്ദ്രനാഥ് പറയുന്നത് പ്രളയത്തിന് ശേഷമുള്ള ചെങ്ങന്നൂരിലെ അവസ്ഥകളാണ്: "സോഷ്യലിസം വെള്ളത്തിലൂടെ എന്നതാണ് ഇപ്പോ ഇവിടുള്ളവരുടെ മുദ്രാവാക്യം! കാണുന്നവരുടെയെല്ലാം കാലില്‍ പിടിച്ചേക്കുവാ, ഒരു കുപ്പി വെള്ളമെങ്ങാന്‍ കിട്ടിയാല്‍ അതായില്ലേ. കിണറ്റിലിടാന്‍ ബ്ലീച്ചിങ് പൗഡര്‍ തന്നിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കിണറ് ഉപയോഗിക്കാന്‍ പറ്റില്ല. ചെള്ളയെല്ലാം കലങ്ങിക്കിടക്കുവല്യോ? പിന്നെ, ഞങ്ങടെ വീട്ടിലക്കെ ഇപ്പോ കാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടികള്‍ അല്ലേ?! വൃത്തിയാക്കാന്‍ വേണ്ടി മാത്രേ പലരും വീട്ടിലേക്ക് വരത്തൊള്ളു. ബാക്കി സമയം ക്യാമ്പിലാണ്. ചില ക്യാമ്പിലും കറണ്ടില്ല. വീട്ടിലേക്ക് മടങ്ങിയവര്‍ക്കും കറണ്ടും വെള്ളവുമൊന്നുമില്ല. മെഴുകുതിരി വെട്ടം മാത്രമാണ് ശരണം. ഒറ്റ കടയും തുറന്നിട്ടില്ല. ഉപ്പ് കല്ല് പോലും വാങ്ങിക്കാനും നിവൃത്തിയില്ല. ആരെങ്കിലുമായി കൊണ്ടത്തരുന്നതെല്ലാം വച്ച് അങ്ങ് ജീവിക്കുന്നു. പക്ഷെ സത്യം പറഞ്ഞാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ഒരു ദുരിതമേയല്ല. മുമ്പ് ഒരു ദിവസം കറണ്ട് ഇല്ലെങ്കില്‍ കെഎസ്ഇബിക്കാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കത്തില്ല. മൊബൈലിലെ ചാര്‍ജ് തീര്‍ന്നാല്‍ ലോകം അവസാനിച്ച പോലെ തോന്നും. വേനല്‍ക്കാലത്ത് വെള്ളം കുറച്ച് റിങ്ങ് ഇറങ്ങിയാല്‍ അപ്പോ ആവലാതി തുടങ്ങും. ഇപ്പോ ഇതൊന്നും ഞങ്ങള്‍ക്ക് ഒരു വിഷയമേയല്ല. വെള്ളത്തില്‍ മുങ്ങിയോ പട്ടിണി കിടന്നോ മരിക്കും എന്ന് ഉറപ്പിച്ചിരുന്ന ഞങ്ങള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടയത് തന്നെ വലിയ കാര്യം. ആ ദുരിത ദിനങ്ങളേക്കാള്‍ വലുതൊന്നും ഇനി ഞങ്ങളുടെ ജീവിതത്തില്‍ വരാനില്ല. ഇനി ഈ ജീവിതം മുഴവനും കറണ്ടും വെള്ളോം ഇല്ലെങ്കിലും ഞങ്ങള് ജീവിക്കും."
ചെങ്ങന്നൂരിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും രണ്ട് ദിവസം മുമ്പേ കറണ്ട് ഇല്ലാതായതാണ്. പക്ഷെ ചെങ്ങന്നൂരുകാര്‍ക്ക് അതിലൊന്നും പരാതിയില്ല. "ഓ അവരെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാം മുങ്ങിക്കിടക്കുമ്പോ കറണ്ട് തന്നേക്കണം എന്ന് പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ. എല്ലാം നശിച്ചു. വീട് മാത്രം ഇങ്ങനെ ബാക്കിയായിട്ടൊണ്ട്. പിന്നെയാ ഇനി വെള്ളോം കറണ്ടും. ഒരു തുണി പോലും ഉടുക്കാന്‍ ഇല്ല. ക്യാമ്പീന്ന് കിട്ടുന്നൊണ്ട്. അത് മാത്രമേയൊള്ളൂ. വീട്ടിലിരിക്കണ ഒരു തുണിയും ഇനി നിലം തുടക്കാന്‍ കൂടി കൊള്ളില്ല. അക്കണക്കിനാ. പാത്രങ്ങളെല്ലാം ഒഴുകിപ്പോയി. ഗ്യാസ് അടുപ്പടക്കം വെള്ളം കയറിപ്പോയി. സര്‍ട്ടിഫിക്കറ്റ് പോലും ഇല്ല. ഇനി എന്തോ ചെയ്യുവെന്ന് ആര്‍ക്കറിയാം. ഒരു കണക്കിന് ആ വെള്ളത്തി മുങ്ങി മരിച്ചാ മതിയാരുന്ന്. ഇനി വയസ്സാംകാലത്ത് ഞാനിതെല്ലാം എവിടന്നൊണ്ടാക്കും. വീട് വൃത്തിയാക്കാന്‍ വേണ്ടി ഇന്ന് വീട്ടിലേക്ക് വന്നതേയൊള്ളു. വീട് തൊറന്ന് കയറുമ്പോ അവര് പറഞ്ഞ്, 'അമ്മച്ചീ, സൂക്ഷിക്കണം. ഇഴജന്തുക്കള്‍ വല്ലോം കാണും' എന്ന്. ഞാന്‍ പറഞ്ഞ്, 'പാതിരാത്രി ഒറങ്ങിക്കെടക്കുമ്പം വെള്ളം തൊറന്ന് വി്ട്ട് കൊല്ലാന്‍ നോക്കണ മനുഷ്യരുടത്രേം വരത്തില്ല ഒരു ഇഴജന്തുക്കളും' എന്ന്. ഇന്ന് മുഴുവന്‍ ദിവസവും വൃത്തിയാക്കുവായിരുന്നു. കഴിക്കാന്‍ ദേ ഇപ്പഴാണ് കുറച്ച് വറ്റ് കിട്ടിയത്. പക്ഷെ ഈ ഇത്തിരി മണിക്കൂറത്തെ വിശപ്പൊന്നും ഒന്നുമല്ല മക്കളേ. മഴവെള്ളം മാത്രം കുടിച്ച് മൂന്ന് ദിവസം വീടിന്റെ മണ്ടയ്ക്ക് കഴിഞ്ഞ എനിക്കൊക്കെ ഇനി എന്തോന്ന് വിശപ്പ്?"
തിരുവന്‍വണ്ടൂര്‍ സ്വദേശിയായ സുധര്‍മ്മയുടെ വാക്കുകള്‍.

ചെങ്ങന്നൂരിലെ പ്രളയാനന്തര ജീവിതം അറിയാനാണ് എത്തിയത്. പ്രളയം ഇല്ലാതാക്കിയ ജീവിതം തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന ജനങ്ങളെയാണ് അവിടെ കണ്ടത്. വെള്ളപ്പൊക്കത്തിന് ശേഷമുള്ള അവരുടെ ഇല്ലായ്മകളോ ക്യാമ്പിലെ ജീവിതമോ ഒന്നും അവരെ ഒരു പരിധിയില്‍ കൂടുതല്‍ ബാധിച്ചിട്ടില്ല. പലരുടേയും മുഖത്ത് ചിരിയാണ്. ജീവന്‍ തിരിച്ച് കിട്ടിയതിന്റെ ആശ്വാസവും. ചിലരുടെ മുഖത്ത് നിര്‍വികാരത മാത്രമേയുള്ളൂ. ജീവന്‍ തിരികെ ലഭിച്ചപ്പോഴും മറ്റെല്ലാം നഷ്ടപ്പെട്ടവരുടെ, എങ്ങനെ മുന്നോട്ട് പോവും എന്ന് ഉത്തരം കിട്ടാതെ കുഴങ്ങുന്നവരുടെ നിസ്സഹായതയും. അവരുടെയെല്ലാം ജീവിതം എന്തെന്നറിയാന്‍ ചെന്ന ഞങ്ങളോട് അവരെല്ലാം വാതോരാതെ സംസാരിച്ചത് ആ ദിവസങ്ങളെക്കുറിച്ചാണ്; വെള്ളം വന്നു മൂടിയ ദിവസങ്ങള്‍. വേറെന്തെല്ലാം പറഞ്ഞ് സംസാരം വഴിമാറ്റിയാലും ഒടുവില്‍ അവസാനിക്കുന്നത് വെള്ളം ഉണ്ടാക്കിയ ഭീതിയിലാണ്. അതുണ്ടാക്കിയ ഭയം, വേദന, നഷ്ടങ്ങള്‍... ഒന്നില്‍ നിന്നും പുറത്ത് കടക്കാന്‍ ഈ ജനങ്ങള്‍ക്കായിട്ടില്ല.ചിത്രങ്ങള്‍: അനന്തകൃഷ്ണന്‍, ഗോപീകൃഷ്ണന്‍

(ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പ്രളയം വിതച്ച നാടുകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് അഴിമുഖം തയാറാക്കിയ പരമ്പരയുടെ ബാക്കി ഭാഗങ്ങള്‍ വരുംദിവസങ്ങളില്‍)

https://www.azhimukham.com/newsupdate-kerala-vs-development-perspective/
https://www.azhimukham.com/kerala-idukki-district-devastated-during-flood-photo-feature-by-mb-manoj/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories