Top

ജപ്പാന് പിന്നാലെ കേരളം; പുഴകള്‍ പിന്‍വലിഞ്ഞു; കിണറുകളില്‍ വെള്ളമില്ല; മണ്ണിരകള്‍ ചത്തുപൊങ്ങി; നാട് അതിതീവ്ര വരള്‍ച്ചയിലേക്ക്

ജപ്പാന് പിന്നാലെ കേരളം; പുഴകള്‍ പിന്‍വലിഞ്ഞു; കിണറുകളില്‍ വെള്ളമില്ല; മണ്ണിരകള്‍ ചത്തുപൊങ്ങി; നാട് അതിതീവ്ര വരള്‍ച്ചയിലേക്ക്
മണ്ണിരകള്‍ ചത്തുപൊങ്ങി. പുഴകളെല്ലാം അളവിലുമധികം വലിഞ്ഞു. കിണറുകളില്‍ താഴെത്തട്ട് വരെയായി ജലം. അതിതീവ്ര മഴയെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരളം അതിവരള്‍ച്ചയിലേക്ക്...

വെള്ളമാണ് രണ്ട് മാസമായി കേരളമനുഭവിക്കുന്ന പ്രതിസന്ധി. ഒരു മാസം മുമ്പ് അത് നാട് മുഴുവന്‍ നിറഞ്ഞ് നിന്ന് ഭീതിപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ കുടിവെള്ളം പോലുമില്ലാതെ നെട്ടോട്ടമോടുകയാണ് ജനം. പ്രളയബാധിത, ഉരുള്‍പൊട്ടിയ മേഖലകളെല്ലാം കൊടും വരള്‍ച്ചയെ മുന്നില്‍ കാണുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചിലയിങ്ങളില്‍ 36-ഉം 37-ഉം ഡിഗ്രി താപനില രേഖപ്പെടുത്തപ്പെട്ടു. 30 ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെയാണ് മിക്കയിടങ്ങളിലേയും താപനില.

പ്രളയവും വരള്‍ച്ചയും; ജപ്പാന് പിറകെയോടുന്ന കേരളം

കേരളത്തില്‍ പ്രളയം എത്തുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ ഷിക്കോക്കുവിലും, കീയൂഷൂ, പടിഞ്ഞാറന്‍ ഹൊന്‍ഷുവുമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രളയം ഉണ്ടാവുന്നത്. ജൂണ്‍ മാസം അവസാനത്തോടെ ജപ്പാനെ ബാധിച്ച പ്രളയം ഒടുങ്ങുന്നത് ജൂലൈ പകുതിയോടെയാണ്. അതായത് കേരളത്തില്‍ അതിതീവ്ര മഴകള്‍ തുടങ്ങുന്ന സമയം. 1982-ലെ 299 പേരുടെ ജീവനെടുത്ത നാഗസാക്കി വെള്ളപ്പൊക്കത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇക്കുറി. കേരളത്തിലേതിന് സമാനമായ രീതിയില്‍ ജപ്പാനിലും അതിതീവ്രമഴ പ്രളയത്തിനും അനേകം ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായി. ജൂലൈ 20-ലെ കണക്കുകള്‍ പ്രകാരം 225 ആളുകള്‍ അവിടെ മരിച്ചു. 13 പേരെ കാണാതായി. എണ്‍പത് ലക്ഷത്തോളമാളുകളെ വിവിധയിടങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു.

കേരളത്തെ പ്രളയം കീഴടക്കുമ്പോള്‍ ജപ്പാനില്‍ പ്രളയം കഴിഞ്ഞ് അതിതീവ്രമായ വരള്‍ച്ചയെ അഭിമുഖീകരിക്കാന്‍ തുടങ്ങിയിരുന്നു. പ്രളയത്തിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് കുടിവെള്ളം പോലും കിട്ടാതെയായി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത് ചൂടിലേക്കും വരള്‍ച്ചയിലേക്കും ജപ്പാന്‍ വീണു. കനത്തചൂടില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത പ്രഹരമേല്‍പ്പിച്ച ഹിരോഷിമയിലും ഒകയാമയിലും എഹിമിയിലുമായി സൂര്യതാപമേറ്റ് 145 പേര്‍ ജൂലൈ 19 ന് മാത്രം ആശുപത്രികളില്‍ ചികിത്സ തേടി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 35 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ താപനില വര്‍ധിച്ചു. ഇപ്പോഴും കനത്തചൂടും വരള്‍ച്ചയും ജപ്പാനില്‍ തുടരുകയാണ്. തുടക്കത്തിലേതിലും ശക്തമായി.

പ്രളയാനന്തര കേരളവും ഇപ്പോള്‍ കൊടുംചൂടിന്റേയും വരള്‍ച്ചയുടേയും പിടിയിലായിരിക്കുകയാണ്. വയനാട്ടില്‍ രണ്ട് പേര്‍ക്ക് സൂര്യതാപം ഏറ്റു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന വരള്‍ച്ചയും ചൂടും സെപ്തംബര്‍ മാസത്തില്‍ അനുഭവപ്പെടുമ്പോള്‍ ഈ അവസ്ഥയെ എങ്ങനെ അതിജീവിക്കും എന്നറിയാതെ കുഴങ്ങുകയാണ് മനുഷ്യര്‍.

ഭാരതപ്പുഴ

കാലാവസ്ഥാ വ്യതിയാനത്തിന്റെ രണ്ട് വശങ്ങള്‍

ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായാണ് കേരളത്തിലെ പ്രളയവും തുടര്‍ന്ന് പ്രത്യക്ഷമാവുന്ന വരള്‍ച്ചയെയും കാണേണ്ടതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിതീവ്ര മഴയും കൊടും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറിയും കുറഞ്ഞും ലോകത്തിന്റെ പല കോണുകളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്. ശക്തിയേറിയ കൊടുങ്കാറ്റുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇവയെല്ലാം കേരളം ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടു എന്നതാണ് ഇതിന്റെ ഭീതിപ്പെടുത്തുന്ന വശം. എല്‍ നിനോ പ്രതിഭാസവും എല്‍ ലിന പ്രതിഭാസവും ലോകത്തിന്റെ മറ്റെവിടെയോ നടക്കുന്നതെന്ന് കരുതിയിരുന്നിരുന്ന, അവയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന കേരളീയര്‍ക്ക് അതിന്റെ ദൂഷ്ഫലങ്ങള്‍ നേരിട്ട് അനുഭവിക്കേണ്ടി വന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടിയ അളവില്‍, അതിശക്തമായി പെയ്‌തൊഴിയുന്ന മഴയാണ് അതിതീവ്രമഴകള്‍ എന്ന് വിശേഷിപ്പിക്കുക. ഇതിന്റെ മറുവശമാണ് കൊടും വരള്‍ച്ച.

കേരളത്തില്‍ സംഭവിക്കുന്നത്

"കെണറൊക്കെ ഇങ്ങനെ താഴുന്നത് ഇന്നേവരെ കണ്ടിട്ടില്ല. വെള്ളം വന്നിങ്ങ് കയറിയപ്പോള്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയ കെണറാണ്. ഇപ്പോള്‍ ഒരു കോല്‍ വെള്ളം പോലുമില്ല", പ്രളയം ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ റാന്നി സ്വദേശിയായ ശ്രീധനര്‍ പറയുന്നത് ഒരു നാട്ടില്‍ മുഴുവന്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്.

"ഭാരതപ്പുഴ പിന്നെ പണ്ടത്തേതിലും വലിഞ്ഞ് ഇല്ലാതായി എന്ന് തന്നെ പറയേണ്ടി വരും. ഒരു ചെറിയ നീര്‍ച്ചാല്‍ മാത്രമേ കാണാനുള്ളൂ. തൂതപ്പുഴയില്‍ കണങ്കാല്‍ നനയാന്‍ പോലും വെള്ളമില്ല. ഇവിടെയാകെ കുഴപ്പമായിട്ടാണുള്ളത്. കിണറുകളെല്ലാം അടിപറ്റി",
 തൃശൂര്‍ സ്വദേശിയായ സജി എല്‍സണ്‍ പറയുന്നു.

"ഈടെ വെള്ളം വറ്റാറേയില്ലേ. ന്നാ വെള്ളോം കേറീല്ല, ഉരുളും പൊട്ടീട്ടില്ല. പക്ഷെ കെണറ്റിലെ നാല് റിങ്ങ് എറങ്ങിപ്പോയിട്ടാള്ളത്", കോഴിക്കോട് സ്വദേശി ശാന്ത സിദ്ധാര്‍ഥന്റെ വാക്കുകള്‍. ദേശ വ്യത്യാസങ്ങളില്ലാതെ കേരളം മുഴുവന്‍ ഈ പ്രതിസന്ധി അനുഭവിക്കുകയാണ്.

കുന്തിപ്പുഴ

പാലക്കാടും വയനാടും കൃഷി ഭൂമി ഉള്‍പ്പെടെ വരണ്ടുണങ്ങി. വേനലില്‍ പോലും വറ്റാത്ത കിണറുകളും നീര്‍ച്ചാലുകളും വറ്റി. നിറഞ്ഞുകവിഞ്ഞൊഴുകിയ ഭാരതപ്പുഴ ഇപ്പോള്‍ മണല്‍പ്പരപ്പ് മാത്രമാണ്. ചിലയിടങ്ങളില്‍ മാത്രം നൂല്‌പോലെ വെള്ളം അവശേഷിക്കുന്നു. വേനല്‍ക്കാലത്തും വെള്ളത്തില്‍ വലിയ കുറവ് വരാത്ത വേമ്പനാട് കായലും ചാലക്കുടിപ്പുഴയും വേനലില്‍ സംഭവിക്കുന്നതിനേക്കാള്‍ വെള്ളം കുറഞ്ഞു. വേമ്പനാട് കായലില്‍ വെള്ളം കുറഞ്ഞതോടെ ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് ബോട്ട് പോലും അടുപ്പിക്കാന്‍ പറ്റാതെയായി. "
വേനല്‍ കടുക്കുന്ന ഒന്നോ രണ്ടോ ആഴ്ചകളില്‍ മാത്രമാണ് ബോട്ട് ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ വരുന്നത്. ഇത്തവണ അത് സെപ്തംബറിലേ ആയി. ഇനി എന്താകുവോ എന്തോ?",
 ആലപ്പുഴ സ്വദേശിയായ സജിനി അമ്പരപ്പോടെ ചോദിക്കുന്നു.

പതിനഞ്ച് മുതല്‍ 30 അടി വരെ ജലം പുഴകളില്‍ കുറഞ്ഞതായാണ് പ്രാഥമിക കണക്ക്. പെരിയാറും മൂവാറ്റുപുഴയും കണക്കിലുമധികം മെലിഞ്ഞു. പെരിയാര്‍ പലയിടങ്ങളിലും കൈത്തോടുകളുടെ വീതി പോലുമില്ല. പമ്പ നദിയിലും അച്ചന്‍കോവിലിലും മണിമലയാറ്റിലും 30 അടിവരെ വെള്ളം കുറഞ്ഞിട്ടുണ്ട്. പ്രളയത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയ ഒട്ടുമിക്ക പുഴകളുടേയും കായലുകളുടേയും അവസ്ഥ ഇതാണ്. നടന്ന്, നീന്തിക്കടക്കാന്‍ പറ്റുന്ന തരത്തിലേക്ക് പുഴകളുടെ പല ഭാഗങ്ങളും മാറി. ഈ പ്രദേശങ്ങളിലെയെല്ലാം കിണറുകളും കുളങ്ങളും ചെറുതോടുകളുമടക്കം ജലനിരപ്പ് ക്രമാതീതമായി കുറയുകയും പലയിടങ്ങളിലും വെള്ളം കിട്ടാനേ ഇല്ലാത്ത സ്ഥിതിയുമാണ്. പുഴകളിലെ വെള്ളം കുറഞ്ഞതിന് കാരണം വിശദമായി പഠിച്ചാല്‍ മാത്രമേ പറയാനാവൂ എന്ന് സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ ഡോ. അനിത പറയുന്നു,
"പല നദികളിലും അസാധാരണായ വിധം വെള്ളം കുറഞ്ഞിട്ടുണ്ട്. ഓരോ നദീതടത്തില്‍ പോയി പ്രത്യേകം പഠിച്ചാലേ കാര്യങ്ങള്‍ മനസ്സിലാക്കാനാവൂ. വലിയതോതില്‍ വെള്ളം കുറഞ്ഞിട്ടുണ്ടെന്നത് യഥാര്‍ത്ഥ്യമാണ്. നദികളുടെ നിലയും ജലനിരപ്പും അതത് പ്രദേശത്തെ പ്രത്യേകതകളും വിശദമായി പഠിക്കണം. കിണറുകളുടെ അവസ്ഥയും പഠിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലത്തിന്റെ സാന്നിധ്യവും പരിശോധിക്കണം. വെള്ളം തടസ്സമില്ലാതെ ഒഴുക്കിപ്പോയി എന്നതാണ് പ്രാഥമികമായി കണക്കാക്കുന്ന കാരണം."


തൂതപ്പുഴ

കാരണമെന്ത്?

കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ പെയ്യുന്ന അതിതീവ്രമഴ ഭൂമിയുടെ ഉള്‍ഭാഗത്തേക്ക് ഇറങ്ങാതെ ഒലിച്ചിറങ്ങിപ്പോവും. നിന്നുപെയ്യുന്ന മഴകളാണ് കൂടുതലും ഭൂഗര്‍ഭത്തിലേക്ക് ശേഖരിക്കപ്പെടുക. മലമുകളില്‍ പെയ്യുന്ന മഴ 48 മണിക്കൂറിനുള്ളില്‍ പുഴകളിലൂടെ, കായലുകളിലൂടെ അറബിക്കടലില്‍ ചേരുമെന്നാണ് കണക്ക്. അളവില്‍ കൂടുതലാണെങ്കിലും പെയ്ത്തുവെള്ളം ഭൂഗര്‍ഭത്തിലേക്ക് എത്തിച്ചേര്‍ന്നില്ല. പകരം പുഴകളിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. അതിതീവ്രമഴയോടൊപ്പം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ശക്തമായത് ഇതിന് ആക്കം കൂട്ടി. വെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ മാത്രം വനമില്ലാത്തതും വെള്ളമൊഴുകിപ്പോവാന്‍ കാരണമായി. ഒലിച്ചിറങ്ങുന്ന വെള്ളത്തെ വഹിക്കാന്‍ ശേഷിയുള്ളത് തണ്ണീര്‍ത്തടങ്ങള്‍ക്കും വയലുകള്‍ക്കുമാണ്. വയലുകളില്‍ താങ്ങി നിര്‍ത്തുന്ന വെള്ളം ഭൂമിക്കടിയിലേക്ക് ക്രമേണ ഇറങ്ങുകയും ചെയ്യും. എന്നാല്‍ കേരളത്തിലെ നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയിം വിസ്തൃതി മുമ്പുണ്ടായിരുന്നതിലും 58 ശതമാനം കുറഞ്ഞതായാണ് കണക്ക്. ഇതോടെ വെള്ളത്തെ വഹിക്കാന്‍ സംവിധാനവും ഇല്ലാതായി. പുഴകളില്‍ മണല്‍ ഇല്ലാതായതോടെ വെള്ളത്തെ താങ്ങിനിര്‍ത്താന്‍ കഴിയാതെയും വന്നു. പുഴകളിലെ വെള്ളമെല്ലാം കടലില്‍ ചേര്‍ന്നതോടെ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതാണ് മറ്റ ജലസ്രോതസ്സുകള്‍ വറ്റാന്‍ കാരണമായത്.

പ്രളയവും ഒഴുക്കിന്റെ ശക്തിയും മൂലം നദികളിലെ ഉപരിതലമണ്ണും കളിമണ്ണുമുള്‍പ്പെടെ ഒഴുകിപ്പോയതായാണ് വ്യക്തമാവുന്നതെന്ന് ഭൗമശാസ്ത്രജ്ഞനായ ഡോ. എസ്. ശ്രീകുമാര്‍ പറയുന്നു; "ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നത് ഭൂഗര്‍ഭ ജലത്തില്‍ വന്ന വലിയ കുറവിനെയാണ്. വരള്‍ച്ചയുടെ മുന്നോടിയായി തന്നെ ഈ സാഹചര്യത്തെ നമ്മള്‍ കാണേണ്ടതുമുണ്ട്. എന്താണ് കാരണമെന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ പറ്റില്ലെങ്കിലും പുഴയുടെ അടിഭാഗം താഴ്ന്നു പോയി എന്നത് യാഥാര്‍ഥ്യമാണ്. മണലും മണ്ണുമെല്ലാം ഒഴുകിപ്പോയി. ഹാര്‍ഡ് റോക്ക് ആണ് ഇപ്പോള്‍ പുഴകളില്‍ തെളിഞ്ഞിരിക്കുന്നത്. അതിലൂടെ വെള്ളത്തിന് താഴാനാവില്ല. ഒഴുകിപ്പോവുക എന്നത് മാത്രമേ നടക്കൂ. മഴയൊഴുക്കില്‍ പുഴയുടെ അടിത്തട്ട് മുഴുവന്‍ ഒഴുകിപ്പോയതോടെ വെള്ളം സംഭരിച്ച് നിര്‍ത്താനാവാത്ത സ്ഥിതിയുണ്ടായി. ഇല്ലെങ്കില്‍ ആ ജോലി അല്‍പ്പമെങ്കിലും ചെയ്യേണ്ടിയിരുന്നത് വയലുകളാണ്. അതും ഇല്ലാതെ പോയി. ഏതായാലും വെള്ളം മുഴുവന്‍ ഒഴുകിപ്പോയി. എല്ലാ ഡാമുകളില്‍ നിന്നും വെള്ളമൊഴുക്കിക്കളഞ്ഞു. ഉച്ചക്ക് പുറത്ത് നില്‍ക്കാന്‍ പോലും കഴിയാത്തത്ര ചൂടും വന്നു. ഇത് വരള്‍ച്ചയിലേക്കുള്ള പോക്ക് തന്നെയാണ്."


തുലാവര്‍ഷം വന്നാല്‍

തുലാവര്‍ഷം നന്നായി പെയ്താല്‍ ഈ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ചിലര്‍ പങ്കുവച്ചത്. എന്നാല്‍ തുലാവര്‍ഷം കൊണ്ട് വെള്ളമില്ലായ്മയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. തുലാവര്‍ഷം ആഴ്ചകളോളം, മാസങ്ങളോളം നിന്ന് പെയ്താല്‍ മാത്രമേ വന്ന നഷ്ടത്തിന്റെ ഇരുപത് ശതമാനമെങ്കിലും തിരിച്ചുപിടിക്കാന്‍ പറ്റൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്താലും പലയിടങ്ങളിലേയും മേല്‍മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. മേല്‍മണ്ണുണ്ടെങ്കിലേ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴുകയുള്ളൂ. പുഴകളിലേയും മേല്‍മണ്ണ് ഇല്ലാത്ത അവസ്ഥയില്‍ തുലാവര്‍ഷത്തിലെ വെള്ളം ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ നല്ലരീതിയില്‍ മഴ ലഭിച്ചാല്‍ അവയെ സംഭരിക്കാനുള്ള താത്ക്കാലിക സംഭരണ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് നിലവില്‍ ഈ പ്രതിസന്ധിയില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷപെടാനുള്ള വഴിയെന്നും അവര്‍ പറയുന്നു. മുളയോ വൈക്കോലോ മണ്ണോ ഉപയോഗിച്ച് ചെറിയ സംഭരണ സംവിധാനങ്ങള്‍ ഉണ്ടാക്കി പെയ്ത്തുവെള്ളത്തെ സംഭരിക്കുക മാത്രമാണ് വെള്ളം മുഴുവന്‍ വറ്റിപ്പോയ നാട്ടില്‍ ആകെ ചെയ്യാനുള്ള വഴിയെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.

https://www.azhimukham.com/kerala-rain-havoc-changed-structure-of-earth-in-thrisoor-reports-dhanya/

https://www.azhimukham.com/keralam-severe-environmental-change-in-wayanadu-reports-shijith/

https://www.azhimukham.com/kerala-encroachment-mainly-affected-idukki-in-flood-time-report-by-rakesh/

Next Story

Related Stories