Top

"ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?" ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

"ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?" ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍
ഭാരമേറിയ ചാക്ക് കെട്ട് തലിയില്‍ നിന്നും താഴേക്ക് തള്ളിയിടുന്നതിനിടയിലും സത്യസുന്ദറിന്റെ കണ്ണുകള്‍ മുഴവന്‍ ഞങ്ങളുടെ നേര്‍ക്കായിരുന്നു. തലയിലേറ്റിയ ഭാരത്തിന്റെ വൈഷമ്യമല്ലായിരുന്നു, ഭയമായിരുന്നു ആ ബിഹാറിയുടെ കണ്ണുകളില്‍. കഴിയുമെങ്കില്‍ ഇവരുടെ കൈയില്‍പ്പെടാതെ രക്ഷപ്പെടണം എന്ന ചിന്ത സത്യസുന്ദറിന്റെ തിരക്കുപിടിച്ച ചലനങ്ങളില്‍ പ്രകടമായിരുന്നു. തോര്‍ത്തു പോലെ തോന്നിച്ച, നീളമേറിയതും കട്ടിയുള്ളതുമായ തുണികൊണ്ട് തീര്‍ത്ത ചുമടു താങ്ങി തലയില്‍ നിന്നും എടുത്ത് അഴിച്ചു മടക്കി വലത്തേ തോളിലേക്ക് ഇട്ട്, അവിടിവിടയായി കീറല്‍ വീണ ബനിയനില്‍ വിയര്‍പ്പ് തുടച്ച് അയാള്‍ ധൃതിയില്‍ ഏതോ മറവിലേക്ക് പോകാന്‍ തുടങ്ങവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മലയാളിയായ മറ്റൊരു തൊഴിലാളിയാണ് സത്യസുന്ദറിനെ അരികിലേക്ക് വിളിച്ചത്. തന്നെ വിളിച്ചയാളിന്മേലുള്ള വിശ്വാസത്തിന്റെ പുറത്തു മാത്രമായിരിക്കണം, ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കുന്ന ഏറ്റവും ഭീകരമായൊരു അന്തരീക്ഷത്തിന്റെ എല്ലാ ദൈന്യതകളും നിറഞ്ഞ ഭാവത്തോടെ സത്യസുന്ദര്‍ അരികിലേക്ക് വന്നത്; ശ്രമിച്ചിട്ടും പൂര്‍ണമായി വിജയിക്കാതെ പോയൊരു ചിരിയുമായി...

ബിഹാറിലെ ഭാഗര്‍ ആണ് സത്യസുന്ദറിന്റെ ഗ്രാമം. ഭാര്യയും കുട്ടികളും മാതാപിതാക്കളുമൊക്കെ അടങ്ങിയൊരു കുടുംബമുണ്ട് സത്യസുന്ദറിന്. തന്റെ ഗ്രാമത്തില്‍ ജോലികള്‍ കിട്ടാന്‍ സാഹചര്യമുണ്ടെങ്കിലും കൂലി തീരെ കുറവ്. അതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. ഇതേ സാഹചര്യത്തിലൂടെ പോകുന്ന ഏതൊരു ശരാശരിക്കാരനായ ഉത്തരേന്ത്യക്കാരനെ പോലെ ദേശം വിട്ട് പോയി ജോലി ചെയ്യാന്‍ തയ്യാറായി കേരളത്തില്‍ എത്തുകയായിരുന്നു സത്യസുന്ദറും. ഇപ്പോള്‍ പൂക്കാട്ടുപടി എംഇഎസ് ജംഗ്ഷനില്‍ ഉള്ള ഒരു ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളിയായി ജോലി നോക്കുന്നു. സത്യസുന്ദറെ കൂടാതെ ഇനിയുമുണ്ട് പലപേര്‍ ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമെല്ലാം എത്തി ഇവിടെ തൊഴിലെടുക്കുന്നവര്‍. അവരുമെല്ലാം തന്നെ ഈ ബിഹാറിയെ പോലെ ഭയന്ന് വിറച്ചിരിക്കുകയാണ്. ഏതു നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടുമെന്നോര്‍ത്ത്. പൊലീസ് പിടിച്ചു കൊണ്ടുപോകുമെന്നോര്‍ത്ത്, കൊല്ലപ്പെടുമെന്നോര്‍ത്ത്... ഭയം...അത് വല്ലാത്തൊരു ആന്തലോടെ ഈ മനുഷ്യരുടെ ഉള്ളില്‍ നിറഞ്ഞിട്ടുണ്ട്. ഇവരിലോരുരുത്തരുടെയും കണ്ണുകളില്‍ നോക്കിയാല്‍ അത് മനസിലാകും.പെരുമ്പാവൂര്‍ പൂക്കാട്ടുപടിയില്‍ ബിരുദ വിദ്യാര്‍ഥി നിമിഷയെ പശ്ചിമ ബംഗാള്‍ സ്വദേശി കൊല ചെയ്ത സംഭവത്തിന് ശേഷം അന്നാട്ടുകാരില്‍ പൊതുവെ ഇതര സംസ്ഥാന തൊഴിലാളികളോട് ഉണ്ടായിരിക്കുന്ന വിദ്വേഷമാണ് സത്യസുന്ദറെ പോലെ പൂക്കാട്ടുപടിയിലും പരിസരപ്രദേശത്തും തൊഴിലെടുത്ത് ജീവിക്കുന്നവരെ പിടികൂടിയിരിക്കുന്ന ഭയത്തിനു കാരണം. കൊലപാതകം നടന്ന ദിവസത്തിനുശേഷം ഈ പ്രദേശങ്ങളില്‍ താമസിച്ച് തൊഴിലെടുത്തിരുന്ന ഇതരസംസ്ഥാനക്കാര്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ താമസസ്ഥലങ്ങളില്‍ തന്നെയോ അതല്ലെങ്കില്‍ പരിചയമുള്ള മറ്റിടങ്ങളിലേക്കോ മാറിയിരിക്കുകയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒളിവു ജീവിതം. വളരെ കുറച്ച് പേര്‍ മാത്രമാണ് പുറത്തിറങ്ങുന്നതും ജോലിക്കു പോകുന്നതും. നാട്ടുകാര്‍ ഇവരെയെല്ലാം അടിച്ചോടിച്ചെന്നതും ഇതരസംസ്ഥാനക്കാര്‍ കൂട്ടത്തോടെ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോയെന്നതിലും യാഥാര്‍ത്ഥ്യമല്ല, പക്ഷേ, അവരാരും തന്നെ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തവമാണ്; അതിനു കാരണം ഭയവും.

തങ്ങള്‍ക്ക് നേരെ വരുന്ന മലയാളികളെയും സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന പോലീസുകാരെയും ഭയത്തോടെയും സംശയത്തോടെയുമാണ് ഇവര്‍ നോക്കുന്നത്. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെയെന്തിനാണ് ഞങ്ങളെ ഇവിടെ നിന്ന് ഓടിക്കുന്നതെന്നാണ് സത്യസുന്ദറും കൂട്ടരും ചോദിക്കുന്നത്. പക്ഷേ, നാട്ടുകാരില്‍ പലര്‍ക്കും ബിജു മുഹമ്മദ് (നിമിഷയുടെ കൊലപാതകി) ആയിട്ടു തന്നെയാണ് ബാക്കിയെല്ലാ ഇതര സംസ്ഥാനക്കാരും എന്ന തോന്നല്‍ വന്നിരിക്കുന്നത് ഇവരുടെ സങ്കടങ്ങള്‍ കേള്‍ക്കാതെ പോകുന്നതിന് കാരണമാവാം.

ഇപ്പോഴുള്ള പ്രതികരണങ്ങള്‍ തികച്ചും സ്വഭാവികമാണ്. ഇത്തരമൊരു നിഷ്ഠൂര സംഭവം ഇന്നാട്ടില്‍ ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ എല്ലാവരും ഭീതിയിലാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. അതിന്റെ തിരിച്ചടിയാണ് ഇതരസംസ്ഥാനക്കാര്‍ക്കു നേരെ ഉണ്ടായിരിക്കുന്നത്. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്ത് ജീവിക്കുന്ന ഇതര സംസ്ഥാനക്കാരുണ്ട്. കുടുംബമായി, സ്ഥലം വാങ്ങി വീടുവച്ച് ജീവിക്കുന്നവരുമുണ്ട്. യാതൊരു രേഖകളുമില്ലാതെ വന്നിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഈ സംഭവത്തിനുശേഷം എല്ലാ ഇതര സംസ്ഥാനക്കാരെയും സംശയത്തോടെയും ഭയത്തോടെയും നോക്കാന്‍ ആളുകള്‍ തയ്യാറായതോടെ കൃത്യമായ രേഖകള്‍ ഉള്ളവരും രജിസ്‌ട്രേഡ് തൊഴിലാളികളായവരും ഉള്‍പ്പെടെ വിഷമത്തിലായിരിക്കുകയാണ്. യാഥാര്‍ത്ഥ്യബോധത്തിലേക്ക് നാട്ടുകാര്‍ വരുന്നതുവരെ ഇവരെല്ലാവരും തന്നെ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വരും
; നാട്ടുകാരനായ അബ്ബാസിന്റേതാണ് ഈ വാക്കുകള്‍. ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ അനുഭവിച്ചു വരുന്ന ഒറ്റപ്പെടലിന്റെയും ഭീഷണിയുടെയും കാരണം അബ്ബാസ് പറഞ്ഞതുപോലെ നാട്ടുകാരില്‍ ഉണ്ടായിരിക്കുന്ന അമിതമായ വികാരവിക്ഷോഭങ്ങള്‍ തന്നെയാണ്. അത് തണുത്തു കഴിഞ്ഞാല്‍ പൂക്കാട്ടുപടിയും പെരുമ്പാവൂരുമൊക്കെ ഇതരസംസ്ഥാനക്കാര്‍ക്ക് പ്രശ്‌നരഹിത ഇടങ്ങളായി മാറും. പക്ഷേ, അതിന് എത്ര സമയം എടുക്കുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

മനോജ് റാമും സുദര്‍ശന്‍ റാമും ബിഹാറിലെ മൊംഗെര്‍ ജില്ലക്കാരാണ്. രണ്ടുപേര്‍ക്കും ഇരുപതിനു മുകളില്‍ പ്രായം. കുറച്ചു മാസങ്ങളെയായിട്ടുള്ളു കേരളത്തില്‍ എത്തിയിട്ട്. പെരുമ്പാവൂരിലേക്കാണ് ആദ്യം എത്തുന്നതും. രണ്ടുപേരും നിറഞ്ഞ ചിരിയോടെയാണ് മുന്നിലിരുന്നത്. നാട്ടിലേക്കാള്‍ സുഖമാണ് ഇവിടെയെന്നാണ് മനോജും സുദര്‍ശനും പറയുന്നത്. ഇങ്ങനെയൊരു സംഭവം നടക്കുന്നതിനു മുമ്പു വരെ നാട്ടുകാരില്‍ നിന്ന് ഒരുതരത്തിലുമുള്ള പ്രശ്‌നവും ഉണ്ടായിട്ടില്ല, നല്ല ആളുകള്‍, നല്ല നാട് എന്നൊക്കെയാണ് ഇരുവരും പറഞ്ഞത്. കൊലപാതകം നടന്നതിനു ശേഷം ആരും തങ്ങളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും പേടിയുണ്ടെന്ന് സമ്മതിക്കുന്നു. ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്ന പേടി. ഇവരുടെ കൂട്ടത്തിലുള്ള ഗുഡ്ഡുറാമിന്റെ ചോദ്യം ഒരു പകപ്പ് ഉണ്ടാക്കുന്നതായിരുന്നു; 
ഞങ്ങളെ ആരെങ്കിലും കൊന്നു കളയുമോ?
ഒപ്പം ഉണ്ടായിരുന്ന അബ്ബാസ് ആ ചോദ്യം പക്ഷേ ഒരു ചിരിയോടെ സ്വീകരിക്കുന്നതു കണ്ടു. അതവരുടെ നാട്ടിലെ രീതിയാണ്. എനിക്ക് പരിചയമുള്ള ഒരു ബംഗാളിയുണ്ട്. ഇവിടൊരു ഹോട്ടലില്‍ ജോലിക്കാരനാണ്. ഈ സംഭവം നടന്നു കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ അയാള്‍ പേടിയോടെ യാചിച്ചത് തല്ലരുതെന്നായിരുന്നു. നിന്നെ തല്ലുകയോ കൊല്ലുകയോ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന് ആശ്വാസമായി. പക്ഷേ, മറ്റാരെങ്കിലും, നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ പോലും തല്ലില്ല, കൊല്ലില്ല എന്നു പറഞ്ഞാലും അവര്‍ വിശ്വസിക്കണമെന്നില്ല. ഒരുപക്ഷേ ഓടിക്കളയും. അവന്‍ എന്നോട് ചോദിച്ചത്, ആ കൊന്നവനെ നിങ്ങള്‍ക്ക് പിടിച്ചു കൊന്നു കളഞ്ഞാല്‍ പോരായിരുന്നോ, അതോടെ എല്ലാം തീര്‍ന്നില്ലേ, ഞങ്ങള്‍ക്കും പേടിക്കണ്ടല്ലോ എന്നായിരുന്നു. അവന്റെ നാട്ടില്‍ ഇങ്ങനെയൊരു കൊലപാതകം ആരെങ്കിലും നടത്തിയാല്‍ എന്തു ചെയ്യുമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അവന്റെ മറുപടി ഇതായിരുന്നു; ആദ്യം അവനെ പിടികൂടും, പിന്നെ എവിടെയെങ്കിലും കെട്ടിയിട്ട് പൊതിരെ തല്ലും ഒടുവില്‍ കൊന്നു കളയും, ചിലപ്പോള്‍ തീവച്ചു കൊല്ലും അല്ലെങ്കില്‍ അടിച്ചടിച്ച് കൊല്ലും...കുറ്റം ചെയ്താല്‍ പൊലീസ്, നിയമം ഇതൊന്നും അവര്‍ കാത്തിരിക്കുന്നില്ല, നാട്ടുകാര്‍ തന്നെ ശിക്ഷ വിധിക്കുകയാണ്. ആ രീതിയിവിടെ ഇല്ലാത്തതെന്തെന്ന ചോദ്യത്തില്‍ എനിക്കവനെ കുറ്റം പറയാനൊന്നും തോന്നിയില്ല. അവന്‍ ജീവിച്ചു വളര്‍ന്ന സാഹചര്യത്തില്‍ നിന്നാണ് അതുപറയുന്നത്.
ആദ്യ ദിവസം പ്രദേശവാസികള്‍ കുറച്ച് അക്രമാസക്തരായിരുന്നെങ്കിലും പിന്നീട് ഒരു ഇതര സംസ്ഥാനക്കാരോടു പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് അന്വേഷണത്തില്‍ നിന്നും ബോധ്യമായി. ഒരു വിഭാഗം സ്ത്രീകള്‍ ഇതര സംസ്ഥാനക്കാരെ മുഴുവന്‍ ഇവിടെ നിന്നും ഓടിക്കണമെന്നു പറയുന്നുണ്ടെങ്കിലും ഭൂരിഭാഗവും മുന്നോട്ടു വയ്ക്കുന്ന ആവശ്യം കൃത്യമായ രേഖകള്‍ ഉള്ളവരും രജിസ്‌ട്രേഡ് ആയിട്ടുള്ളവരും മാത്രം ഇവിടെ തൊഴിലെടുത്താലും താമസിച്ചാലും മതിയെന്നതാണ്. ഈ നിര്‍ദേശാനുസരണം ജീവിക്കാനും തൊഴിലെടുക്കാനും അവകാശമുള്ളവര്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന അവസ്ഥ എത്രയും വേഗം മാറ്റിയെടുക്കേണ്ടതാണ്.

ഈ നിമിഷം വരെ ഞങ്ങളെ ആരും മര്‍ദിക്കുകയോ ചീത്തവിളിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്ഥലത്തെ ഇതരസംസ്ഥാനക്കാരെ നാട്ടിലേക്ക് പറഞ്ഞയക്കുകയും പുറത്തേക്കിറങ്ങിയാല്‍ നാട്ടുകാര്‍ തങ്ങളെ ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറയുന്നതായാണ് തോന്നുന്നതെന്നും അത് ഞങ്ങളെ ആക്രമിക്കാനാണോ എന്ന ഭയമാണ് ഉണ്ടാക്കുന്നതെന്നും ഗുഡ്ഡുറാമിനെ പോലെ ആശങ്കപ്പെടുന്നവരാണ് ഇവരെല്ലാവരും തന്നെ.

ഞങ്ങളുടെ നാട്ടില്‍ എത്ര പണി ചെയ്താലും കൂലി കുറവാണ്. അതുകൊണ്ടാണ് നാടും വീടും വിട്ട് ഇവിടെ വരുന്നത്. ഇവിടെയും കൂലി കുറച്ച് തന്നെയാണ് കിട്ടുന്നത്. പക്ഷേ, ജോലിയുണ്ട്. ഞാന്‍ ദിവസവും അമ്പതു കിലോയ്ക്ക് മീതെ ഭാരമുള്ള ചുമടുകളാണ് എടുക്കുന്നത്. ആ കഷ്ടപ്പാടിനുള്ള കൂലി എനിക്ക് കിട്ടുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ, കേരളം എനിക്ക് ഇഷ്ടമാണ്. ഇവിടെ ജീവിക്കാനും. ഇന്നാട്ടിലെ ആളുകളുടെ ജോലി ഇല്ലാതാക്കാനോ ഇവരെ ദ്രോഹിക്കാനോ തന്നെ പോലുള്ള സാധാരണ തൊഴിലാളികള്‍ ശ്രമിക്കുകയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ക്രിമിനലുകള്‍ ഉണ്ടായിരിക്കാം, എന്നാല്‍ എല്ലാവരേയും അങ്ങനെ കാണരുതേ...
സത്യസുന്ദറിന്റെ അപേക്ഷ എല്ലാ മലയാളികളോടുമാണ്. ആ കൊലപാതകത്തിനു ശേഷം തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ്. ചിലരൊക്കെ പോകുന്നുണ്ട്. ഉപജീവനം ഇട്ടെറിഞ്ഞ് പോകാന്‍ മനസനുവദിക്കാതെ ഇവിടെ തങ്ങുന്നവരാകട്ടെ പേടിയോടെയാണ് കഴിയുന്നതെന്നും ഇവര്‍ പറയുന്നു. തൊഴിലിടങ്ങളില്‍ വെച്ച് മലയാളികളില്‍ നിന്ന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തങ്ങളുടെ നാടിനെ അപേക്ഷിച്ച് കേരളത്തെ ഒത്തിരിയേറെ ഇഷ്ടമാണെന്നും ഭാഷ അറിയില്ലെങ്കിലും ഞങ്ങളെ കൂട്ടത്തില്‍ കൂട്ടുന്നവരാണ് ഇവിടെയുള്ളവരെന്നും സത്യസുന്ദറെ പോലെ, സുദര്‍ശന്‍ റാമിനെ പോലെ ഗുഡ്ഡുവിനെ പോലെ ആ ഇതരസംസ്ഥാനക്കാര്‍ പറയുന്നത് തികച്ചും ആത്മാര്‍ത്ഥമായിട്ട് തന്നെയാണെന്ന് തോന്നി.
എവിടെക്കൂടിയും സ്വതന്ത്രമായി നടക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് ഇവിടെയുണ്ട്. അത് ഇല്ലാതാക്കുന്ന അവനെ പോലുള്ള (നിമിഷയുടെ കൊലയാളിയെ ഉദ്ദേശിച്ച്) ഞങ്ങള്‍ക്കും വെറുപ്പാണ്
; യുപിക്കാരനായ അയേസ് ഖാന്റെ വാക്കുകളിലും അതേ ആത്മാര്‍ത്ഥ പ്രതിഫലിച്ചു.നിമിഷയുടെ കൊലപാതകിയെ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ എന്ന് ഇതര സംസ്ഥാനക്കാരായ ചില തൊഴിലാളികളോട് തിരക്കിയപ്പോള്‍ 'അറിയില്ല' എന്ന ഒരേ വാക്കാണ് എല്ലാവരും പറഞ്ഞത്. തങ്ങള്‍ താമസിക്കുന്ന സ്ഥലമല്ലാതെ അടുത്തുള്ള സ്ഥലങ്ങളുടെ പേര് പോലും അറിയില്ലെന്നു കൂടി അവര്‍ പറഞ്ഞു. ഒരുപക്ഷേ, ഭയം കൊണ്ടായിരിക്കാം ഒന്നും ആരേയും അറിയില്ലെന്ന് അവര്‍ പറയുന്നത്. അറിയുമെന്ന് പറഞ്ഞാല്‍ തങ്ങളും പൊലീസിന്റെ പിടിയിലാകുമോ അല്ലെങ്കില്‍ നാട്ടുകാര്‍ ഉപദ്രവിക്കുമോ എന്നെല്ലാമുള്ള ഭയം. അതല്ലെങ്കില്‍ അവര്‍ പറഞ്ഞത് സത്യം. അതെന്തുമാകട്ടെ, തങ്ങളുടെ ഉപജീവനം അവസാനിപ്പിക്കരുതെന്നും തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നും ഒരേ സ്വരത്തില്‍ ഇവര്‍-സര്‍ക്കാരിന്റെ ഭാഷയിലെ അതിഥി തൊഴിലാളികള്‍- അപേക്ഷിക്കുമ്പോള്‍ അവജ്ഞയോടും വെറുപ്പോടും കൂടി അവരെ നോക്കാതിരിക്കാം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളില്‍ നല്ലൊരു ശതമാനം മര്യാദക്കാരാണെന്നും അവര്‍ക്കിടയിലുള്ള കുറ്റവാളികളെ അവര്‍ തന്നെ ചൂണ്ടി കാണിക്കാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് തൊഴിലെടുത്തു ജീവിക്കുകയും ചെയ്യുന്ന ഒരാളോടും പോലും തങ്ങള്‍ക്കാര്‍ക്കും യാതൊരു ശത്രുതയും ഇല്ലെന്ന് നിമിഷയുടെ നാട്ടുകാര്‍ തന്നെ പറയുന്നതുകൊണ്ട് കേരളത്തിന് ആശ്വസിക്കാം.

https://www.azhimukham.com/kerala-nimisha-murder-native-women-expressing-anger-against-migrant-labors-perumbavoor-amaljoy/

Next Story

Related Stories