TopTop
Begin typing your search above and press return to search.

സര്‍ജന്‍ ശബരിമല ഡ്യൂട്ടിയില്‍, ഗൈനക്കോളജിസ്റ്റുകള്‍ ലീവിലും പരിശീലനത്തിലും; ചികിത്സ കിട്ടാതെ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

സര്‍ജന്‍ ശബരിമല ഡ്യൂട്ടിയില്‍, ഗൈനക്കോളജിസ്റ്റുകള്‍ ലീവിലും പരിശീലനത്തിലും; ചികിത്സ കിട്ടാതെ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. വെള്ളിയാഴ്ച രാത്രി ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ മരണം. നെല്ലിയാമ്പതി ഊരില്‍ പഴനി സ്വാമിയുടെ ഭാര്യ തങ്കമ്മ പ്രസവിച്ച കുട്ടിയാണ്‌ മരിച്ചത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 19 ആയി. ഇതില്‍ ആറ് ഗര്‍ഭസ്ഥ ശിശുക്കളും 13 നവജാത ശിശുക്കളുമാണ് ഉള്ളത്. വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് ഇന്നലെ ഗര്‍ഭസ്ഥ ശിശു മരിച്ചതന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

19ാം തീയതിയാണ് തങ്കമ്മയെ പ്രസവത്തിനായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ തങ്കമ്മക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്നാല്‍ കോട്ടത്തറ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു. ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയെയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ ഏറെയും ആശ്രയിക്കുന്നത്. രണ്ട് ഗൈനക്കോളജിസ്റ്റുമാരും ഒരു സര്‍ജനും ഉള്ള ആശുപത്രിയാണ് കോട്ടത്തറ. എന്നാല്‍ ഒരു ഗൈനക്കോളജിസ്റ്റ് പിജി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പില്‍ കഴിഞ്ഞ ഒന്നര മാസമായി അവധിയിലാണ്. മറ്റൊരു ഗൈനക്കോളജിസ്റ്റ് ആരോഗ്യവകുപ്പിന്റെ പരിശീലന പരിപാടിക്കായി പോയിരിക്കുകയാണ്. സര്‍ജന്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. ഗൈനോക്കളജിസ്റ്റുമാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ജന്റെ ശബരിമല ഡ്യൂട്ടി ഒഴിവാക്കണമെന്ന് മന്ത്രിയെ അറിയിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഭുദാസ് പറുന്നു. എന്നാല്‍ ശബരിമല ഡ്യൂട്ടി നീട്ടി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോട്ടത്തറ ആശുപത്രിയില്‍ ഗൈനക്കോളജിസ്‌റ്റോ സര്‍ജനോ ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നും പ്രഭുദാസ് അഴിമുഖത്തോട് പറഞ്ഞു. കഴുത്തില്‍ കോഡ് ചുറ്റിയ നിലയിലായിരുന്നു കുട്ടി. എന്നാല്‍ ശരിയായ സമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ കുട്ടിയെ ജീവനോടെ ലഭിക്കുമായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് പോവുന്ന വഴിയാവാം കുട്ടി മരിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

നിലവിൽ 105 ബെഡ് ഓട് കൂടിയ മൂന്നു നിലക്കെട്ടിടമാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രി. എന്നാൽ ഇവിടെ വരുന്ന കേസുകൾ തൃശൂർ, കോയമ്പത്തൂർ, മലപ്പുറം ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരുന്നുണ്ട്. മാത്രവുമല്ല, ബ്ലഡ് ബാങ്ക്, അൾട്രാ സൗണ്ട് സ്കാനിംഗ് എന്നിവയും നിലവിൽ ഇവിടെയില്ല. എല്ലാവിധ ആധുനികവും മെച്ചപ്പെട്ടതുമായ സൗകര്യങ്ങളൊരുക്കി ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഈ വര്‍ഷം തന്നെ അഞ്ച് ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. അഞ്ച് കുട്ടികള്‍ മുലപ്പാല് തൊണ്ടയില്‍ കുടുങ്ങിയും മരിച്ചു. പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങളല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കു്‌നനതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 14 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ആരോഗ്യവകുപ്പ അധികൃതര്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുക്കളും നവജാത ശിശുക്കളുമുള്‍പ്പെടെ 19 കുട്ടികള്‍ ഈവര്‍ഷം തന്നെ മരിച്ചിട്ടും ആരോഗ്യ വകുപ്പോ സര്‍ക്കാരോ വേണ്ടരീതിയില്‍ ഇടപെടല്‍ ുണ്ടായിട്ടില്ല എന്ന് അട്ടപ്പാടി സ്വദേശികള്‍ ആരോപിക്കുന്നു. ജനിതക വൈകല്യം മൂലവും മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയുമാണ് അടുത്തകാലത്തായി നവജാത ശിശുക്കള്‍ മരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ അട്ടപ്പാടിയില്‍ മാത്രം എങ്ങനെയാണ് ഇത്രയധികം കുട്ടികള്‍ ഇത്തരത്തില്‍ മരിക്കുന്നതെന്ന ചോദ്യമാണ് അട്ടപ്പാടിക്കാര്‍ ഉന്നയിക്കുന്നത്.

ഒക്ടോബറിലും രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ചിണ്ടക്കി സെക്കന്റ് സൈറ്റില്‍ പാര്‍വതിയുടെയും വിജയകുമാറിന്റെയും 15 ദിവസം പ്രായമായ പെണ്‍കുഞ്ഞും കള്ളക്കര ഊരിലെ മുരുകന്റെയും രേവതിയുടെയും 17 ദിവസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്. മരിച്ച രണ്ടു കുട്ടികള്‍ക്കും തൂക്കക്കുറവ് ഉണ്ടായിരുന്നു. പാര്‍വതിയുടെ കുട്ടിക്ക് 1.12 കിലോഗ്രാമും രേവതിയുടെ കുട്ടിക്ക് 1.85 കിലോഗ്രാം വീതമാണ് തൂക്കമുണ്ടായിരുന്നത്. പാര്‍വ്വതിയുടേത് ഇരട്ടക്കുട്ടികളായിരുന്നു. പോഷകാഹാരക്കുറവുകൊണ്ടുള്ള മരണമില്ല എന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മരിച്ച കുഞ്ഞുങ്ങളുടെ തൂക്കം ഇത്രമാത്രം കുറയാനുള്ള കാരണത്തെക്കുറിച്ച് അധികൃതര്‍ മിണ്ടുന്നില്ല.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories