UPDATES

ട്രെന്‍ഡിങ്ങ്

അഗസ്ത്യാര്‍കൂടത്തെ മറ്റൊരു ശബരിമലയാക്കുമോ? 100 സ്ത്രീകള്‍ പ്രവേശിക്കും, നേരിടുമെന്ന് ആദിവാസി സംഘടനകള്‍

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള പ്രവേശനം ഇന്ന് (14-01-2019) മുതല്‍ ആരംഭിക്കുമ്പോള്‍ വിവാദങ്ങളും മല കയറുകയാണ്

മണ്ഡലകാലം അവസാനിക്കുകയാണ്. ജനുവരി 20നു നടയടക്കുന്നതോടെ ശബരിമല വിവാദങ്ങള്‍ക്ക് ചെറിയൊരു അവധി കൊടുക്കാം. എന്നാല്‍ വിവാദങ്ങള്‍ക്ക് വിശ്രമമില്ല. ഇനി മറ്റൊരു ‘മണ്ഡല കാല’ത്തിന് (41 ദിവസം) മുകളില്‍ അടുത്ത വിവാദങ്ങള്‍ക്ക് കളം ഒരുങ്ങുകയാണ്. വിഷയം സ്ത്രീ പ്രവേശനം തന്നെ. പക്ഷെ മല ശബരിമലയല്ല, അഗസ്ത്യാര്‍കൂടമാണെന്ന് മാത്രം. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്ന് വരെ 4700 പേര്‍ക്കാണ് അഗസ്ത്യാര്‍കൂട മലകയറ്റത്തിനായി പാസ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 100 സ്ത്രീകള്‍ക്കും പാസ് ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ സത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തിനായിട്ടുള്ള ട്രെക്കിങ്ങിന് കോടതി ഉത്തരവ് ലഭിച്ചിരിക്കുന്നത്.

അഗസ്ത്യാര്‍കൂടത്തിലേക്കുള്ള പ്രവേശനം ഇന്ന് (14-01-2019) മുതല്‍ ആരംഭിക്കുമ്പോള്‍ വിവാദങ്ങളും മല കയറുകയാണ്. സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കുന്നതിനെതിരെ ആദിവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സംഘടനകളും ആദിവാസി സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇവരുടെ എതിര്‍പ്പമൂലമാണ് മുന്‍ വര്‍ഷങ്ങളില്‍ ട്രക്കിങ് അനുമതിയ്ക്കായി ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കില്ല എന്ന നിലപാടുകള്‍ വനം വകുപ്പ് കൈകൊണ്ടിരുന്നത്. കോടതി ഉത്തരവനുസരിച്ചു സ്ത്രീകള്‍ക്കും ട്രക്കിങ് നടത്താന്‍ സാധിക്കുന്ന ആദ്യ സീസണ്‍ ആണ് ഇത്തവണത്തേത്.

സ്ത്രീകള്‍ ഇവിടെ പ്രവേശിക്കാന്‍ അനുമതി ഉത്തരവ് വന്നതിന് ശേഷം ഇതിനെതിരെ പ്രധാന പ്രതിഷേധം ഉണ്ടായിരിക്കുന്നത് അഗസ്ത്യാര്‍ കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ്. നിലവില്‍ ഇവരുടെ നേതൃത്വത്തിലാണ് അഗസ്ത്യാര്‍ കൂടത്തിലെ ആചാരങ്ങളും പൂജകളുമൊക്കെ നടക്കുന്നത്. ആദിവാസി ആചാരങ്ങള്‍ക്ക് വിരുദ്ധമാണ് സ്ത്രീ പ്രവേശനം എന്നാണ് ഇവരുടെ നിലപാട്. ശബരിമല പോലെയുള്ള ഒരു വിശ്വാസ സങ്കല്പമല്ല അഗസത്യാര്‍കൂടമെന്നും അവിടെ വിഗ്രഹാരാധനയില്ലായിരുന്നുവെന്നുമൊക്കെയുള്ള പലതരത്തിലുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. ഇത്തവണ പാസ് ലഭിച്ച് അഗസ്ത്യാര്‍ മല കയറുന്നവര്‍ക്ക് പൂജ ചെയ്യാനോ പൊങ്കാല പാറയില്‍ പൊങ്കാലയിടാനോ അനുവാദമില്ല. മാത്രമല്ല ആദിവാസകളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് ഇവര്‍ക്ക് പ്രവേശനവുമില്ല.

പെണ്ണുങ്ങളേ ഗെറ്റ് റെഡി, അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് ട്രക്കിംഗ് വിലക്ക് നീക്കി ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമുള്ള ആദ്യ മലകയറ്റം ജനു.14 മുതല്‍

അഗസ്ത്യാര്‍കൂടത്തിലെയും അതിരുമല ദേവസ്ഥാനത്തിന്റെയും ഗോത്ര ആചാര പൂജകള്‍ നാളെയാണ് (ജനു. 15) ആരംഭിക്കുന്നത്. ഇതിനായി മുഖ്യ പൂജാരി ഭഗവാന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു തന്നെ അതിരുമലയിലെത്തും. തുടര്‍ന്ന് ചാറ്റുപാട്ടുകളോടെ ചടങ്ങുകള്‍ ആരംഭിക്കും. ജനുവരി 15നാണ് അഗസ്ത്യാര്‍കൂടത്തിലെ പൂജകള്‍ക്ക് തുടക്കം കുറിക്കും. മാര്‍ച്ച് ഒന്നിന് ട്രക്കിംഗ് അവസാനിക്കുന്നതോട് കൂടി അടുത്ത ഘട്ട പൂജകള്‍ ആരംഭിക്കും. മാര്‍ച്ച് രണ്ട് മുതല്‍ നാലു വരെ ഗോത്രാചാരമുള്ള ശിവരാത്രി പൂജയും കൊടുതിയും ഉണ്ടാവും. ഈ സീസണില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന ദിവസം മുതല്‍, പ്രതിഷേധത്തിന്റെ ഭാഗമായി ബേസ് ക്യാമ്പും കൂടിയായ അതിരുമലയില്‍ ഗോത്രാചാര സംരക്ഷണ യജ്ഞം നടത്താനിരിക്കുകയാണ് അഗസ്ത്യാര്‍ കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റ്.

ആദിവാസികളുടെ ആചാരങ്ങളുടെ ഭാഗമായ ചാറ്റുപാട്ടുകള്‍ രചിക്കുകയും പാടുകയും ഒക്കെ ചെയ്യുന്ന ഞാറുനീലി സ്വദേശി ഈശ്വരന്‍ വൈദ്യന്‍ (രവികുമാര്‍) സ്ത്രീകളും പുറത്ത് നിന്നുള്ളവരുമൊക്കെ അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിക്കുന്നതിനെതിരാണ്. അദ്ദേഹം പറയുന്നത്, ‘മരങ്ങളെയും വനത്തെയും പ്രകൃതിയെയുമൊക്കെ ദൈവ സമാനമായും കണ്ട് പൂജിച്ചിരുന്നവരാണ് ആദിവാസികള്‍. അവിടെയൊക്കെ മാടനും മറുതയുടെ സാന്നിധ്യമുണ്ടെന്ന ഒരു ഭയപ്പാടോട് കൂടി നിന്നത് കൊണ്ടാണ് ഈ വനങ്ങളും പ്രകൃതിയുമൊക്കെ നശിപ്പിക്കപ്പെടാതെയിരുന്നത്. മരങ്ങള്‍ മുറിച്ചാല്‍ മാടന്‍ ഉപദ്രവിക്കുമെന്ന ഒരു മിഥ്യഭയം പ്രകൃതിയെ സംരക്ഷിക്കുകയായിരുന്നു. ഭക്തിയെ അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കികൊണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും അവിടേക്ക് പ്രവേശനം അനുവദിക്കുന്നത്, പ്രകൃതിയെ നശിപ്പിക്കാനുള്ള വഴിയിടുകയാണ്. മുമ്പ് അവിടെ പാറകളെയും മറ്റും പൂജിച്ചിരുന്നയിടത്ത് അഗസ്ത്യന്റെ ശില സ്ഥാപിച്ച് പരമ്പരാഗത പൂജകള്‍ ഇപ്പോള്‍ നടത്തി വരാറുണ്ട്. പൊങ്കാല പാറയില്‍ പൊങ്കാലയിട്ട് എല്ലാ ദൈവങ്ങള്‍ക്കും അര്‍പ്പിച്ചാണ് അസ്ത്യര്‍കൂടത്തിലേക്ക് പ്രവേശിക്കേണ്ടത്.

ആദിവാസി സ്ത്രീകളൊന്നും അവിടേക്ക് പോകാറില്ല. ആധുനികതയുടെ കടന്നുവരവോട് കൂടി വനനശീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. ജൈവവൈവിധ്യത്തിന്റെ കലവറയായ അഗസ്ത്യാര്‍കൂടത്തിലേക്ക് പുറത്തുള്ള ആളുകളുടെ പ്രവേശനത്തോട് കൂടി അതിന്റെ നശീകരണം സംഭവിക്കുകയാണ്. വനത്തിലേക്ക് ആളുകളുടെ തള്ളികയറ്റമുണ്ടാകുമ്പോള്‍ അവിടെയുള്ള മൃഗങ്ങളുടെ സന്തുലിനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും മാറ്റം വരുകയും അവര്‍ക്ക് നാട്ടുറമ്പങ്ങളിലേക്ക് ഇറങ്ങേണ്ടി വരുകയും ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അതുകൊണ്ട് വനപാലകരും ആദിവാസികളുമൊഴിച്ചുള്ള മറ്റുള്ള ആളുകളുടെ തള്ളികയറ്റം വേണ്ടന്നാണ് അഭിപ്രായം.’

‘വര്‍ഷം തോറും 4700 പുരുഷന്മാര്‍ കയറിയിട്ട് നശിക്കാത്ത അഗസ്ത്യാര്‍ കൂടം ഞങ്ങള്‍ സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് നശിക്കുക?’

അഗസ്ത്യാര്‍ കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് കാരണങ്ങളായി ഇപ്പോള്‍ പറയുന്നത് പൂജയുടെയും വിശ്വാസങ്ങളുടെയുമൊക്കെ കാര്യങ്ങളാണ്. ഇവിടുത്തെ ഇപ്പോഴത്തെ രീതിയിലുള്ള വിഗ്രഹാരാധനയും അതിനോട് അനുബന്ധിച്ചുള്ള പൂജയുമൊക്കെ അടുത്ത കാലത്ത് തുടങ്ങിയതാണെന്നാണ് പ്രാദേശിക ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്റെ അഭിപ്രായം. അഗസ്ത്യാര്‍കൂടം ബുദ്ധസങ്കേതമായിരുന്നുവെന്നും അവിടുത്തെ ആദിവാസികള്‍ക്ക് വിഗ്രഹാരാധന ഉള്‍പ്പടെയുള്ള ഇപ്പോഴത്തെ ആചാരങ്ങളില്ലെന്നും വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു. ‘ചിലപ്പതിക്കാരത്തിന്റെ രണ്ടാം ഭാഗമായ മണിമേഖല എന്ന കൃതിയില്‍ പൊതിയില്‍ മലയെക്കുറിച്ചും (അഗസത്യാര്‍കൂടം) അതിന്റെ അടിവാരത്തിലുണ്ടായിരുന്ന ബുദ്ധസന്യാസികളെക്കുറിച്ചും പറയുന്നുണ്ട്. പത്താം നൂറ്റാണ്ടില്‍ ബുദ്ധമിത്രന്‍ എഴുതിയ വീരചോരീയത്തില്‍ അഗസ്ത്യാര്‍കൂടം എന്ന പേരോട് കൂടിയാണ് അത് ആരംഭിക്കുന്നത്. അതിലാണ് അഗസ്ത്യാര്‍കൂടം എന്ന പേര് ആദ്യമായി ചരിത്രത്തില്‍ പരാമര്‍ശിച്ച് എത്തുന്നത്. പൊതിയില്‍ മലയെ അഗസ്ത്യാറുമായി ബന്ധപ്പെടുത്തി വന്ന ഐതിഹ്യത്തില്‍ നിന്നാണ് ആഗസ്ത്യാര്‍കൂടം എന്ന പേര് രൂപപ്പെടുന്നത്. ആഗസ്ത്യാര്‍കൂടത്തില്‍ ബിംബമുണ്ടായിരുന്നു, ആരാധനയുണ്ടായിരുന്നു എന്ന് പറഞ്ഞ് തര്‍ക്കമുയരുന്നുണ്ട് ഇപ്പോള്‍. കാണിക്കാരുടെ ഗോത്രസംസ്‌കൃതിയില്‍ ബിംബാരധനയില്ല. അവര്‍ക്കുള്ളത് തറയും (ആല്‍ത്തറ) ദൈവപ്പുരകളുമാണ് (തെക്കത്). അത്തരം തറകളും മറ്റും അവിടെ പലയിടത്തും ഉണ്ട്. ഇതില്‍ പ്രതിഷ്ഠകളില്ല. അഗസ്ത്യാര്‍കൂടത്തില്‍ വിഗ്രഹം എത്തിയത് നെയ്യാറിലെ വിഷ്ണുദേവാനന്ദ സ്വാമികള്‍ പ്രതിഷ്ഠിച്ച അഗസ്ത്യ മുനിയുടെ ശിലയോടു കൂടിയാണ്. അതിന് തന്നെ രണ്ടോ മൂന്നോ പതിറ്റാണ്ടിന്റെ ചരിത്രമെയുള്ളൂ. വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം അവിടെ പിന്‍കാലത്ത് ആരാധനയും പൂജയുമൊക്കെയുണ്ടാവുകയായിരുന്നു.’ എന്നാണ് വെള്ളനാട് രാമചന്ദ്രന്‍ വ്യക്തമാക്കുന്നത്.

ഇത്തവണ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് പാസ് ലഭിച്ചത് പത്ത് സ്ത്രീകള്‍ക്കാണ്. പാസ് ലഭിച്ച സ്ത്രികളില്‍ ഒരാളായ എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സുല്‍ഫത്ത് പറയുന്നത്, ‘വനത്തെ അറിയാനും ആസ്വദിക്കാനും പുരുഷന്മാരെപ്പോലെ തന്നെ തുല്യമായ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങളുടെ ലംഘനമാണ് അതിനെയാണ് ഞങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഞങ്ങളെയും അഗസ്ത്യാര്‍ കൂടത്തില്‍ പ്രവേശിപ്പിക്കാമെന്ന് സമ്മതിച്ചെങ്കിലും കാണി വിഭാഗത്തിലെ ആദിവാസികള്‍ ചിലര്‍ അതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ മതപരമായ ആരാധനകള്‍ അവിടെ വച്ച് നടത്താറുണ്ടെന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു വാദം. ഞങ്ങള്‍ അവിടെ പൂജ നടത്താനോ തീര്‍ത്ഥാടനത്തിനോ പോകുന്നവരല്ല, മറിച്ചു വനം വകുപ്പ് നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുക്കാന്‍ മാത്രം പോകുന്നവരാണെന്ന് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ഞങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാവുകയും അതനുസരിച്ചു വനം വകുപ്പ് സ്ത്രീകളെക്കൂടി ഉള്‍ക്കൊള്ളുന്ന ബുക്കിങ് സംവിധാനം ആവിഷ്‌കരിക്കുകയും ചെയ്തു.’ എന്നാണ്.

‘ഞങ്ങള്‍ അഗസ്ത്യാര്‍കൂടം കയറിയാല്‍ എന്താണ് കുഴപ്പം?’: പാസ് ലഭിച്ച ആ മൂന്ന് സ്ത്രീകള്‍ പറയുന്നു/ വീഡിയോ

പാസ് ലഭിച്ച തിരുവനന്തപുരം സ്വദേശിനിയും ബൈക്ക് റൈഡറുമായ ഷൈനി രാജ്കുമാര്‍ പ്രതികരിച്ചത്, ‘അഞ്ചു വര്‍ഷം മുന്‍പ് ആദ്യം ട്രക്കിങ്ങിനായി അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്ത്രീയായതു മൂലം എനിക്ക് അവിടേയ്ക്ക് പോവാന്‍ സാധിക്കില്ല എന്നും ഇത്തരത്തിലുള്ള ഒരു ലിംഗ വിവേചനം നിലനില്‍ക്കുന്നതായും അറിയാന്‍ കഴിഞ്ഞത്. പിന്നീട് എന്നെപ്പോലെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടായിട്ടും അവസരം കിട്ടാത്ത വേറെ കുറച്ചു സ്ത്രീകളെക്കൂടെ പരിചയപ്പെട്ടു. 2017 ല്‍ ഞങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു ഒരു സമരം നടത്തിയിരുന്നു. എന്നാല്‍ ആ വര്‍ഷവും അതിന്റെ പിറ്റേ വര്‍ഷവും പല കാരണങ്ങള്‍ പറഞ്ഞു ട്രക്കിങ് ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ 2019 ലാണ് ആദ്യമായിട്ട് ഞങ്ങള്‍ക്കവിടെ പ്രവേശിക്കാന്‍ സാധിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ അവസരം ലഭിക്കാതെപോയ ഗ്രൂപ്പിലെ മറ്റു സ്ത്രീകള്‍ക്കും കൂടെ വേണ്ടിയാണ് ഞങ്ങളുടെ ഈ യാത്ര.’

ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ ഇടയില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിനുണ്ടാകുന്നത്. ഇടിഞ്ഞാറിലെ ആദിവാസി വിഭാഗത്തിലെ ശരണ്യ എന്ന യുവതി പറയുന്നത്, ‘ഞങ്ങളാരും അങ്ങോട്ടേക്ക് (അഗസ്ത്യാര്‍കൂടം) പോകാറില്ല. ആണുങ്ങള്‍ മാത്രമെ പോകാറുള്ളൂ. അവിടെ പൂജയൊക്കെയുണ്ട്. അന്നേരം ഞങ്ങള്‍ വീട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കും. അവിടെ പെണ്ണുങ്ങള്‍ ഒക്കെ കയറാന്‍ വരുന്നുണ്ട്. ഇവിടെ എല്ലാവരും പറയുന്നത് അവിടെ പ്രതിഷേധ യജ്ഞം നടത്തുന്നുണ്ടെന്നാണ്. അതിന് ഞങ്ങള് പോകും.’ എന്നാണ്.

ട്രക്കിംങിന് എത്തുന്ന സ്ത്രീകള്‍ക്ക് പ്ര്‌ത്യേക സുരക്ഷ ഒരിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. യാത്രികര്‍ രാവിലെ 7 മണിയോടെ ബോണക്കാട് എസ്റ്റേറ്റിനടുത്തുള്ള പിക് അപ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍പാസ്സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടേയും മറ്റ് പരിശോധനകള്‍ക്കും ശേഷം 20 പേരടങ്ങുന്ന 5 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാനുമതി നല്‍കുക. 8.30-ഓടെ ആദ്യ സംഘം യാത്രതിരിക്കും. ഒരോ സംഘങ്ങളിലും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഗൈഡുമാര്‍ ഉണ്ടാവും. 12 മണിക്ക് ശേഷം യാത്ര അനുവദിക്കുകയില്ല. ബോണക്കാട്ടും അതിരുമല ബേസ് സ്റ്റേഷനിലും ക്യാന്റീന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വനിത ഗാര്‍ഡുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മലകയറുന്നവര്‍ക്കായി അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മണ്ഡലക്കാലം മുഴുവന്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളായിരുന്നു കേരളം മുഴുവന്‍ അലയടിച്ചിരുന്നത്. ഇനി അഗസത്യാര്‍ കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശന വിഷയം കേരളം ഏത് തരത്തിലാണ് ചര്‍ച്ച ചെയ്യുക എന്നു കണ്ടറിയാം.

(ചിത്രങ്ങള്‍- ഹരീഷ് എന്‍പിജി)

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍