TopTop

കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമനം; അഴിമതി അവതാരങ്ങള്‍ അവസാനിക്കുന്നില്ല

കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമനം; അഴിമതി അവതാരങ്ങള്‍ അവസാനിക്കുന്നില്ല

അഴിമുഖം പ്രതിനിധി

അഴിമതിക്കെതിരെ പോരാടും എന്നതായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പ്രധാന പ്രചാരണ ആയുധം. ചുമതലയേറ്റ സര്‍ക്കാര്‍ ഉന്നതതലത്തിലുള്ള അഴിച്ചുപണികളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ തലപ്പത്ത് നടത്തിയ ഒരു സ്ഥാനമാറ്റത്തിലൂടെ അതിനാകെ കളങ്കമേറ്റിരിക്കുകയാണ്.

അഴിമതി കേസില്‍ വിജിലന്‍സ്‌ കോടതിയില്‍ വിചാരണ നേരിടാനിരിക്കുന്ന ഡോക്ടര്‍ കെ അരവിന്ദാക്ഷനെ കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ആയി നിയമിച്ചതിലൂടെ എല്‍ഡിഎഫ് അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചിരിക്കുകയാണ്. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയും അഴിമതി നടന്നു എന്ന് തെളിഞ്ഞതുമാണ്.

2000-01, 2008-09, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ കാര്‍ഷിക സര്‍വ്വകലാശാല അധികൃതരുടെ കെടുകാര്യസ്ഥത മൂലം 1,37,00,000രൂപ സര്‍വ്വകലാശാലക്ക് നഷ്ടമുണ്ടായതായി എജി ഓഡിറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല 1971 ല്‍ ഏറ്റെടുത്ത ചരിത്രപ്രസിദ്ധമായ തട്ടില്‍ എസ്റ്റേറ്റില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ടി ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്കു വെളിപ്പെട്ടത്. ഡോ കെ അരവിന്ദാക്ഷനാണ് കൂടുതലും ഈ കാലയളവില്‍ എസ്റ്റേറ്റ് ഭരണം നടത്തിയിരുന്നത്. കേസിലെ ഒന്നാം പ്രതി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രാജേന്ദ്രനും രണ്ടാം പ്രതി ഇപ്പോഴത്തെ എസ്റ്റേറ്റ് മേധാവി ഡോ കെ അരവിന്ദാക്ഷനും മൂന്നാം പ്രതി വിരമിച്ച സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ ഇ കെ മാത്യുവുമാണ്. കേസ് നിലനില്‍ക്കുന്ന സമയത്ത് മുഴുവന്‍ ആനുകൂല്യങ്ങളും നേടിയാണ്‌ ഇ കെ മാത്യു വിരമിക്കുന്നത്.

എന്നാല്‍ 15 വര്‍ഷം കഴിഞ്ഞിട്ടും ഈ തുക തിരിച്ചുപിടിക്കാന്‍ യാതൊരു നടപടിയും സര്‍വ്വകലാശാല സ്വീകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കണമെന്ന നിര്‍ദ്ദേശം വിജിലന്‍സിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. തൃശൂര്‍ വിജിലന്‍സ് അന്വേഷണ വിഭാഗം തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരത്തെ കൈമാറിയിരുന്നു. സര്‍വ്വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ ഒ കെ പോള്‍ കേസില്‍ സുപ്രധാന മൊഴി നല്‍കിയിട്ടുമുണ്ട്. ഈ കേസില്‍ 2016 ജൂണ്‍ 7ന് വിധി വരാനിരിക്കെയാണ് ഡോ കെ അരവിന്ദാക്ഷനെ രജിസ്ട്രാര്‍ ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നത്.

എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ വിജിലന്‍സും ഒരു മധ്യസ്ഥന്റെ വേഷം അണിഞ്ഞതായി കേസിലെ പരാതിക്കാരനായ ടി ചന്ദ്രശേഖരന്‍ ആരോപിക്കുന്നു.

പ്രതികള്‍ ആരൊക്കെയെന്നു കണ്ടെത്തുന്നതില്‍ വിജയിച്ചുവെങ്കിലും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ വിജിലന്‍സ് അലംഭാവം കാട്ടുകയായിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയിലെ അഴിമതികള്‍ക്കെതിരെ ഏഴോളം കേസുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് ഇത്. ഓരോ സര്‍ക്കാര്‍ മാറി വരുമ്പോഴും അഴിമതിയോടുള്ള സമീപനം മാറുന്നില്ല. അഴിമതിരഹിത സര്‍ക്കാര്‍ എന്ന വാദവുമായി എത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് ഇപ്പോള്‍ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥനെ ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍ ആക്കിയിരിക്കുന്നത്’-അദ്ദേഹം വ്യക്തമാക്കി.ഡോ കെ അരവിന്ദാക്ഷനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള മറ്റു കേസുകളും നിലവിലുണ്ട്.

സര്‍വ്വകലാശാലയിലെ അഴിമതി കേസില്‍ വിജിലന്‍സില്‍ മൊഴി നല്‍കിയ സെക്ഷന്‍ ഓഫീസര്‍ക്കെതിരെ എസ്റ്റേറ്റ് മേധാവിയായിരുന്ന ഇയാള്‍ വധഭീഷണി മുഴക്കിയതും സ്ത്രീപീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു. യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ശബ്ദരേഖകള്‍ അടക്കം തെളിവുകള്‍ ഉണ്ടായിട്ടും കേസുകള്‍ പലതും പോലീസിലും സര്‍വ്വകലാശാല ഭരണ കേന്ദ്രത്തിലും തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്.

കൂടാതെ വധഭീഷണിക്ക് വിധേയനായ സെക്ഷന്‍ ഓഫീസറേയും, അയാളെ സ്ത്രീ പീഡനക്കേസില്‍ കുരുക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖകള്‍ക്ക് കാരണക്കാരനായ സര്‍വ്വകലാശാല ബസ് ജീവനക്കാരനേയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും ടി ചന്ദ്രശേഖരന്‍ പറയുന്നു.

സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സെക്ഷന്‍ ഓഫീസര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇനിയും നല്‍കാതെയും ഫയലുകള്‍ പൂഴ്ത്തിവച്ചും അധികൃതര്‍ ഇവര്‍ക്കെതിരെ പ്രതികാരനടപടികള്‍ തുടര്‍ന്നു. സര്‍വ്വകലാശാലയിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ഇതേ ബസ് ജീവനക്കാരന്‍ ചോദ്യം ചെയ്യുകയുണ്ടായി. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഇയാളെ അനാരോഗ്യകരമായ ഇടത്തേക്ക് സ്ഥലം മാറ്റിയാണ് അധികൃതര്‍ പകരംവീട്ടിയത്. ഇതേത്തുടര്‍ന്ന് ബസ് ജീവനക്കാരന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തേക്ക് ഡോ കെ അരവിന്ദാക്ഷനെ നിയമിക്കുന്നതില്‍ സിപിഐ നേതൃത്വം തീരുമാനമെടുത്തത് എന്നും ഇത് സംബന്ധിച്ച ഫയല്‍ അതീവ രഹസ്യമായാണ് ഒപ്പിട്ടതെന്നും ആരോപണമുയരുന്നു.

രജിസ്ട്രാര്‍ ആയി ഡോ കെ അരവിന്ദാക്ഷന്‍ മേയ് 31 ന് ചാര്‍ജ്ജ് എടുത്തു കഴിഞ്ഞു. അഴിമതിക്ക് വേണ്ടി പോരാടുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ വകുപ്പില്‍ നിന്നാണ് ഈ നിയമനം നടന്നിരിക്കുന്നത്.

ടി ചന്ദ്രശേഖരന്‍ സര്‍വ്വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഫാക്‌സ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

വളരെ ഗുരുതരമായ കുറ്റം ചെയ്ത ഉദ്യോഗസ്ഥനെ രജിസ്ട്രാര്‍ ആയി നിയമിച്ചതിലൂടെ സര്‍ക്കാര്‍ തങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ മായം ചേര്‍ത്തിരിക്കുകയാണ് എന്നും നടപടിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അത് തകര്‍ക്കുക ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശാസം കൂടിയാകും എന്നും ടി ചന്ദ്രശേഖരന്‍ പറഞ്ഞു.Next Story

Related Stories