TopTop
Begin typing your search above and press return to search.

കേരളം സ്വന്തം ജനതയോട് ചെയ്യുന്ന നെറികേടുകള്‍; ഇനി വിട്ടുകൊടുക്കില്ല ആലപ്പാടിനെ

കേരളം സ്വന്തം ജനതയോട് ചെയ്യുന്ന നെറികേടുകള്‍; ഇനി വിട്ടുകൊടുക്കില്ല ആലപ്പാടിനെ

"ഈ വീട് അഞ്ചാമത്തെ വീടാണ്. കടലുകേറികേറി വന്നപ്പോ അമ്മയുടെ വീടും കയറിപ്പോന്നു. അതിനുംവേണ്ടി സ്ഥലമാ പടിഞ്ഞാറുണ്ടായിരുന്നത്. തെങ്ങുംപുരയിടവും തേങ്ങയും എല്ലാം ഉണ്ടായിരുന്നു. അതെല്ലാം കടലെടുത്തുകൊണ്ടുപോയി. ഇവിടെ വന്നിട്ട് എഴുപത്തി മൂന്ന് കൊല്ലമായി. എന്നെ തെക്കുന്ന് കൊണ്ടുവന്നതാ ഇങ്ങോട്ട്. നാല് വീട് പോയതിന് ശേഷം ഇത് അഞ്ചാമത് കെട്ടിയതാണ്. ഈ വീടും സ്ഥായിയായി നില്‍ക്കുന്നതല്ല. കടല് കേറി കക്കൂസൊക്കെ പോയി. ഇനിയത്തെ കടലടിക്ക് ഇതെല്ലാം നഷ്ടപ്പെടും. 60 സെന്റ് സ്ഥലമുണ്ടായിരുന്നതാണ്. ഇപ്പോ ഇത് രണ്ട് സെന്റ് പോലും ഇല്ല. കഴിയുന്നതും ഇവിടത്തന്നെ എന്റെ അവസാനമുണ്ടാവണം. എന്റെ മക്കള്‍ക്ക് ഇത് പ്രയോജനപ്പെടണം. കടല് ഇനിയും വരും. ഇതെല്ലാം കൊണ്ടുപോവാന്‍. കടല് വരും എന്ന് മുന്നറിയിപ്പുകള്‍ മൊബൈലിലും ഒക്കെ വന്നോണ്ടിരിക്കുവാണ്. അതും കൊല്ലം ജില്ല എന്ന് എടുത്തെടുത്ത് പറയുന്നുണ്ട്. ജക്കാര്‍ത്തയിലുണ്ടായ എന്തോന്നിനാണ് ഇവിടെ സുനാമി വന്നത്. പിന്നെ ഓഖി വന്നു. ഇഷ്ടംപോലെ കടല്‍ക്ഷോഭം പിന്നെ വന്നു. സീവാളും പുലിമുട്ടും എന്ന് പറഞ്ഞ് പറഞ്ഞ് ആഗ്രഹിപ്പിക്കുന്നതല്ലാതെ ഇതൊന്നും നടന്നിട്ടില്ല. കടലടിച്ചോണ്ടേയിരിക്കുന്നു. കടലിനോട് ആര്‍ക്കെങ്കിലും പിണങ്ങാനൊക്കുവോ?", അമ്മക്കുഞ്ഞിന് 91 വയസ്സായി. രണ്ട് സെന്റ് ഭൂമിയും ഒരു കുഞ്ഞുവീടും ഒഴികെ ബാക്കിയെല്ലാം കടല്‍ കൊണ്ടുപോയി. കടലും ഇവരുടെ വീടും തമ്മിലുള്ള ദൂരം അഞ്ച് മീറ്റര്‍ പോലുമില്ല. ഇനി ഒരു കടല്‍കയറ്റമുണ്ടായാല്‍ അവശേഷിക്കുന്നത് കൂടി പോവും. "നാല് വീട് പോയപ്പോള്‍ ഒരു വീട് കൂടി വയ്ക്കാന്‍ ഇച്ചിരി സ്ഥലമെങ്കിലും ഉണ്ടായിരുന്നു. ഇതും കൂടി പോയാല്‍? എല്ലാത്തിനും കാരണം ഈ കരിമണല്‍ വാരലാണ്. അവര് വാരിക്കൊണ്ട് പോവുന്നത് അമ്മേടെയൊക്കെ ജീവിതം കൂടിയാണ്...", പറയുന്നത് കരിമണല്‍ ഖനനം തര്‍ത്തെറിഞ്ഞ ആലപ്പാടിനെക്കുറിച്ചാവുമ്പോള്‍ അമ്മക്കുഞ്ഞിനെപ്പോലുള്ളവരെ കേള്‍ക്കാതിരിക്കാനോ കാണാതിരിക്കാനോ ആവില്ല.

അമ്മക്കുഞ്ഞ്

ആലപ്പാടിനെക്കുറിച്ച് പറയും മുമ്പ്, കരിമണല്‍ ഖനനത്തെക്കുറിച്ച് പറയും മുമ്പ് ചില മുഖങ്ങളെ പരിചയപ്പെടുത്താതെ തരമില്ല. ഏത് സമയവും ഇടിഞ്ഞ് വീഴാവുന്ന ആ തിട്ട സ്മിതയുടെ വീട്ടുമുറ്റം ആയിരുന്നു. അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ രണ്ട് വയസ്സുള്ള ചെറുമകന് കടല് ചൂണ്ടിക്കാട്ടി ഭക്ഷണം കൊടുക്കുകയായിരുന്നു സ്മിത. വീടിനടുത്ത് വരെയെത്തിയ കടല്‍ എന്നു വേണമെങ്കിലും തങ്ങളെ എടുത്തുകൊണ്ട് പോവാമെന്ന ഭീതിയിലും കടലിനെക്കുറിച്ചുള്ള അത്ഭുതകഥകള്‍ പറഞ്ഞ് കുഞ്ഞിനെ ഊട്ടിയ ശേഷം സ്മിത സംസാരിച്ചു. "സത്യം പറഞ്ഞാല്‍ ഇന്നലെയും രാത്രി കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു, ദൈവമേ രാത്രീലെങ്ങാനും കടല് പൊങ്ങി വന്ന് വലിച്ചോണ്ട് പോവുമായിരിക്കും... രണ്ട് വയസ്സുള്ള കൊച്ച് കുഞ്ഞുണ്ട്... ആ കുഞ്ഞിനെയും കൊണ്ട് പോയാല്‍ എങ്ങനെ രക്ഷപെടും, എങ്ങനെ രക്ഷപെടും എന്ന ചിന്തയിലാ ഇപ്പോ കുറേ കാലങ്ങള് കൊണ്ട് കെടക്കുന്നത്... സുനാമിക്ക് മുമ്പ് കടലടിക്കുമെങ്കിലും വലിയ ഭയമൊന്നും ഉണ്ടായിരുന്നില്ല. സുനാമിക്ക് ശേഷം മൊത്തം പ്രകൃതിക്ക് തന്നെ വ്യത്യാസമുണ്ട്. ഇപ്പോള്‍ ഭീതിയാണ്. ഏത് സമയവും എന്തും സംഭവിക്കാമെന്നുള്ള ഒരു വിഷമമുണ്ട്. സീവാള്‍ നല്ല പൊക്കത്തിലുണ്ടായിരുന്നു. അതെല്ലാം ഇപ്പോ മാറി. ഐആര്‍ഇയില്‍ മണ്ണെടുക്കുന്നതാ കൂടുതല്‍ പ്രശ്‌നമെന്നാണ് പറയുന്നത്. ഓഖി കാറ്റ് വന്നപ്പഴും പ്രളയം വന്നപ്പഴുമെല്ലാം ഈ കടല്‍ത്തീരത്ത് താമസിക്കുന്ന ഞങ്ങളെയാണ് ബാധിച്ചത്. എന്റെ ഓര്‍മ്മയിലൊന്നും ഇത്രയും കര പോയിട്ടില്ല. ഇപ്പോ, ഇങ്ങായില്ലേ...

സ്മിത

എന്റെ വീടിന്റെ പടിഞ്ഞാറ് വശത്ത് രണ്ട് മൂന്ന് വീടുണ്ടായിരുന്നതായിരുന്നു. ഇപ്പോ ഓരു വീട് പോലുമില്ല. ഇനിയത്തെ ഊഴം എന്റെ വീടാണ്... നമ്മള് ഇത്രയും കഷ്ടപ്പെട്ട് നമ്മുടെ ജീവിതത്തിലുണ്ടാക്കിയ സ്വത്തായാലും, ഒരുപാടൊന്നും ഇല്ലെങ്കില്‍ പോലും നമ്മുടെ കിടപ്പാടവും ഭൂമിയും ഒള്ളത് നഷ്ടപ്പെടുമ്പോഴുള്ള വേദനയെന്ന് പറയുന്നത് വലിയ സങ്കടമാണ്. ഞങ്ങക്ക് ഞങ്ങടെ ഈ മണ്ണില്‍ തന്നെ ജീവിക്കണമെന്നും മരിക്കണമെന്നുമുള്ള ആഗ്രഹമാണ്. അത് സാധിച്ച് ഞങ്ങക്ക് കിട്ടണം. അതിന് സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കണം. ഈ കല്ലെങ്കിലും നല്ല ഉയരത്തിലിട്ട് ഞങ്ങടെ തീരമൊന്ന് സംരക്ഷിച്ച് കിട്ടിയാ മതിയാരുന്നു. ഒരു രാത്രിയെങ്കിലും സന്തോഷത്തോടെ കിടന്ന് ഉറങ്ങാനുള്ള ആഗ്രഹമില്ലേ? കടല് വരുമ്പോ... ശ്ശോ... ഓര്‍ക്കാനേ പറ്റത്തില്ല. ഓഖി വന്നപ്പോള്‍ പോയതാണ് ഈ തിട്ട. ഞങ്ങടെ ഭൂമി ഒത്തിരിയുണ്ടായിരുന്നു പടിഞ്ഞാറോട്ട്. ഇനി ഈ വീട് മാത്രമേയുള്ളൂ. സുനാമിക്ക് പൊളിഞ്ഞ് വീണതാണ് ഈ മതില്‍... തീരദേശത്ത് അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്നും അതിന് അഞ്ച് ലക്ഷമോ പത്ത് ലക്ഷമോ ഒക്കെ തന്ന് മാറ്റാമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ നമുക്ക് അതിനൊന്നും പറ്റത്തില്ല. ഞങ്ങള് ഈ കടല് കൊണ്ട് ജീവിക്കുന്നവരാണ്. ഈ കടല് കളഞ്ഞേച്ച് ദൂരെയൊന്നും പോവാന്‍ കഴിയില്ല. സുനാമി വന്നിട്ട് പോയവര്‍ തന്നെ കടലില്‍ പണിക്ക് വരാന്‍ എന്തോരം കഷ്ടപ്പെടുന്നുണ്ട്. പക്ഷെ ജീവിതം എപ്പോള്‍ തീരുമെന്ന് അറിയാന്‍ പോലും പാടില്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. അതുകൊണ്ട് സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കണ്ടേ പറ്റത്തൊള്ളൂ. അല്ലെങ്കില്‍ ആലപ്പാട് എന്ന് പറയുന്ന ഗ്രാമം ഇനി ഇല്ല."

എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ള വീട്ടില്‍ തങ്കമ്മയും മരുമകളും രണ്ട് കൊച്ചുമക്കളും കഴിയുന്നതും ആര്‍ത്തലച്ച് ഏത് നിമിഷവും എത്തുന്ന കടലിനെ ഭയന്നുകൊണ്ടാണ്. തങ്കമ്മയുടെ ഭര്‍ത്താവും മക്കളും മത്സ്യത്തൊഴിലാളികളായിരുന്നു. അവരിന്ന് ജീവിച്ചിരിപ്പില്ല. കടലിനെ പേടിച്ച് കഴിയേണ്ട, തീരദേശത്ത് നിന്ന് മാറിത്താമസിച്ചുകൊള്ളാന്‍ അധികൃതര്‍ പറയുമ്പോള്‍ മരുമകളേയും രണ്ട് പെണ്‍കുട്ടികളേയും വിളിച്ച് എവിടേക്ക് പോവുമെന്ന് ചോദിച്ച് തങ്കമ്മ കൈമലര്‍ത്തുന്നു, "എന്റെ രണ്ടാമത്തെ മകന്‍ കടലില്‍ പണിക്ക് പോയപ്പോള്‍ ബോട്ടില്‍ കപ്പലിടിച്ചു. രണ്ട് പേരുടെ മൃതദേഹവും ബോട്ടും കിട്ടിയില്ല. ആ രണ്ട് പേരില്‍ ഒരാളായിരുന്നു എന്റെ മകന്‍. അന്ന് അവന് ഒന്നരവയസ്സും രണ്ടര വയസ്സും ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളായിരുന്നു. ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തന്നിട്ടില്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് പതിനാലും പതിനഞ്ചും വയസ്സുണ്ട്. രണ്ട് ലക്ഷം രൂപ തന്ന് അന്ന് ഞങ്ങളെ ഒഴിവാക്കി. അതുങ്ങളെ പഠിപ്പിക്കാനുള്ള നിര്‍വ്വാഹം പോലും ഞങ്ങക്കില്ല. ഒരു മോന്‍ കടലില്‍ പണിക്ക് പോവുന്നതുകൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്റെ മരുമകള്‍ ഒരു ചെറിയ കടയില്‍ പണിക്ക് പോവുന്നുണ്ട്. ഞാനൊരു അമ്പലത്തിലും ജോലിക്ക് പോവുന്നുണ്ട്. പക്ഷെ അതുകൊണ്ട് പോലും ഞങ്ങക്ക് ജീവിക്കാന്‍ പറ്റുന്നില്ല. ഈ കടല്‍ത്തീരത്ത് കിടക്കുമ്പോള്‍, എന്നാണ് ഞങ്ങളും നഷ്ടപ്പെടുകയെന്ന് അറിയത്തില്ല. ഈ കടല്‍ത്തീരത്ത് ഞങ്ങള്‍ക്ക് സംരക്ഷണം വേണം. അല്ലാതെ എങ്ങും പോയി വസ്തുമേടിക്കാനോ വീട് വക്കാനോ ഉള്ള ഗതിയില്ല. ഈ തീരം സംരക്ഷിച്ചെങ്കി മാത്രമേ ഞങ്ങക്കിനി തുടര്‍ന്ന് ജീവിക്കാനൊക്കത്തുള്ളൂ."

തങ്കമ്മ

"ആറ് മാസമായിട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പണിയുമില്ല. ഞങ്ങള്‍ ഇവിടെ പട്ടിണി കിടന്ന് കഷ്ടപ്പെടുന്നു. അവിടെ മണ്ണ് മാന്തി മാന്തി എടുത്തോണ്ടിരിക്കുന്നു. അവര്‍ കോടികള്‍ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ പട്ടിണികിടിക്കുകയാണ്", വിശ്വമ്മയ്ക്ക് സങ്കടവും രോഷവും അടക്കാന്‍ കഴിയുന്നില്ല. "അവിടെ മണ്ണ് മാന്ത് മാന്തി എടുത്തോണ്ടിരിക്കുമ്പോള്‍, ഇവിടെ തീരം ഇടിഞ്ഞിടിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. പിന്നെ ഞങ്ങള്‍ ഇവിടെ എങ്ങനെ താമസിക്കും. ഓരോ രാത്രിയും പേടിച്ച് പേടിച്ചാ ഇവിടെ കഴിഞ്ഞ് പോവുന്നത്. ഇനി വരാന്‍ പോവുന്ന കടല്‍കയറ്റമുണ്ടല്ലോ, അപ്പോ എന്തുവാ സംഭവിക്കാന്‍ പോവുന്നതെന്ന് ഞങ്ങക്ക് അറിയാന്‍ വയ്യ. സുനാമി വന്നപ്പോള്‍ കടല് പൊങ്ങി താന്ന് പോയി. ഓഖി വന്നപ്പഴാണ് ദേ ഇവിടം വരെ ഒലിച്ച് പോയത്. ഇനിയിപ്പോ കടല് വരാനുള്ള സമയമായി വരുവാണല്ലോ. അപ്പോ, ഞങ്ങള്‍ ഒണ്ടെങ്കില്‍ ഒണ്ട്... ഇല്ലെങ്കില്‍ ഇല്ല. മണ്ണ് മാന്തലൊന്ന് നിര്‍ത്തി, ഞങ്ങടെ തീരം സുരക്ഷിതമാക്കി തരണം. അല്ലാതെ ഞങ്ങക്കൊന്നും വേണ്ട. ഈ മണ്ണ് മാന്തല്‍ ഒന്നു മാറ്റാത്തതെന്താണ്? ഇച്ചിരി നേരം പോലും നിര്‍ത്തലില്ലാതെ അവര്‍ മണ്ണ് വലിച്ചോണ്ടിരിക്കുവാണ്. നമ്മള് അങ്ങോട്ട് പോവുന്ന സമയത്ത് ആ മാന്തല് കാണണമൊന്ന്. നമ്മള് ആ കുഴിയില്‍ വീഴുന്നത് പോലെയാണ് തോന്നുക. നാല് സെന്റ് വസ്തുവിനകത്താണ് എന്റെ വീട് നിക്കുന്നത്. ഞങ്ങളങ്ങനെയാണ് ഇവിടെ... രണ്ട് സെന്റ്, മൂന്ന് സെന്റ്, നാല് സെന്റ് വസ്തുവിനകത്താണ് ജീവിതം. കടലില്‍ നിന്ന് ഒരു സുരക്ഷയില്ലെങ്കില്‍ കൊച്ചുങ്ങളുമായിട്ട് ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങക്ക് ജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. ഇവിടെ നിന്ന് പോവാന്‍ ഞങ്ങക്ക് വേറെ ഇടമില്ല.. ഞങ്ങളും ഞങ്ങടെ കടലമ്മയും അങ്ങനെയാണ് ഞങ്ങടെ കിടപ്പ്... ഞങ്ങക്കതേയൊള്ളൂ."

വിശ്വമ്മ

തങ്കമ്മയുടെ വീട് കടലോരത്താണ്. പാതി ഇപ്പഴേ തകര്‍ന്നു. 71 വയസ്സുള്ള തങ്കമ്മയുടെ വാക്കുകളിങ്ങനെ, "പ്രളയം വന്നപ്പോ, പുത്തന്‍വേലിക്കര എന്ന സ്ഥലത്ത് പോയിച്ചെന്ന് പലരേയും സഹായിക്കാന്‍ ഒന്നരയാഴ്ചയോളം നിന്നതാണ് എന്റെ മകന്‍. സര്‍ട്ടിഫിക്കറ്റ് സഹിതം കൊടുത്താണ് സര്‍ക്കാര്‍ എന്റെ മകനെ വിട്ടത്. ഞങ്ങള്‍ ഇനി അങ്ങനെ കടലെടുത്തുപോവുമ്പോള്‍ ആരും രക്ഷിക്കാന്‍ വരുമെന്ന് തോന്നുന്നില്ല. ഒരു സാരി വിരിച്ച് പിടിച്ചാല്‍ എത്ര നീളമുണ്ടോ, അത്ര ദൂരം പോലും കടലും ഞങ്ങടെ വീടും തമ്മിലില്ല. ഇത് ഞങ്ങള്‍ ജനിച്ച് വളര്‍ന്ന നാടാണ്. ഈ നാട് ഒരു കാരണവശാലും നഷ്ടപ്പെടുത്തി കളഞ്ഞിട്ട് പോവാന്‍ ഞങ്ങള് തയ്യാറല്ല. ഐആര്‍ഇ ഞങ്ങളോട് ചെയ്ത ദ്രോഹത്തിന്റെ ഫലംകൊണ്ടാണ് ഈ തീരം മുഴുവന്‍ നഷ്ടപ്പെട്ടത്. ഇനി ഒള്ളതെങ്കിലും, ഞങ്ങടെ സ്വര്‍ണ്ണം ഞങ്ങടെ കയ്യില്‍ തന്നെ നിക്കണം. അതിന് മറ്റാരും വന്ന് പിടിച്ചുപറിച്ച് കൊണ്ടുപോവരുത്. കിലോമീറ്ററുകള്‍ക്കപ്പുറത്തുണ്ടായിരുന്ന കടലുകള് ഇന്ന് ഞങ്ങടെ തീരം വലിച്ചോണ്ടിരിക്കുവാണ്. ഇവിടെ വിട്ട് കഴിഞ്ഞാല്‍ ഒരു സ്ഥലങ്ങളും കേറി പോവാനില്ല. പത്ത്, ഇരുപത് വീടുകള്‍ക്ക് അകത്തിരുന്ന വീടുകള്‍ ഇന്ന് കടലിന്റെ മറ്റത്തിലാണ്. അതുകൊണ്ട് നിങ്ങള്‍ കടലിന്റെ മക്കളായ ഞങ്ങളെ ഈ ദുരിതത്തില്‍ നിന്ന് കരപിടിച്ച് തരണം."

തങ്കമ്മ

ഇപ്പോഴുള്ള കടലിന്റെ അരകിലോമീറ്ററോളം അകത്തേക്കായിരുന്നു സത്യരാജിന്റെ വീട്. നഷ്ടപ്പെട്ട ഭൂമിയുടെ സര്‍വേ നമ്പറും ആധാരവും മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. കടലിനൊപ്പം തീരത്തേക്ക് വന്ന സത്യരാജ് ഇപ്പോഴത്തെ വീട്ടിലിരുന്ന് ആ ആധാരവും കയ്യില്‍ പിടിച്ച് കടലിലേക്ക്, ഒരിക്കല്‍ തന്നെ സ്വത്തായിരുന്ന സ്ഥലത്തേക്ക് നോക്കി കണ്ണുംനട്ടിരിക്കും ഇടക്ക്. "അതല്ലാതെ എന്ത് വഴി. പോവാനുള്ളതൊക്കെ പോയി. ഇനി ഇത്, എപ്പോള്‍ വേണമെങ്കിലും തീരാം. പഴയ പ്രമാണമിരിപ്പുണ്ട്. അതുകൊണ്ട് എന്ത് കാര്യം. കടല് പോന്നതിനനുസരിച്ച് കിഴക്കോട്ട് കിഴക്കോട്ട് ഇങ്ങോട്ട് പോന്നു. ഇതിപ്പോ വേറെ വസ്തു വാങ്ങി താമസിക്കുന്നതാണ്. എനിക്കിപ്പോ എഴുപത്തിയൊന്ന് വയസ്സുണ്ട്. എന്റെ ഓര്‍മ്മകളാണ് എനിക്ക് പറയാനുള്ളത്. ഇപ്പോ ഈ കാണുന്ന സീവാളിന്റെ പടിഞ്ഞാറ് വശം കണ്ടമാനം കരിമണല്‍ ഉണ്ടായിരുന്നു. കരിമണല്‍ കുന്നുകള്‍. ആ കരിമണല്‍ കൂനകളുടെ പുറത്തുകൂടി വേണം അപ്പുറത്ത് കടലിലേക്ക് പോവാന്‍. അതിന് പടിഞ്ഞാറായിരുന്നു വള്ളം അടുക്കുകയും തെള്ളുകയും പണിയെടുക്കുകയുമൊക്കെ ചെയ്തിരുന്നത്. അങ്ങനെ കിടന്ന കടലാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നത്. കാലക്രമേണ ഖനനം തുടങ്ങി. സീവാഷിങ് തുടങ്ങിയതോടെ കര പോവാന്‍ തുടങ്ങി. പിന്നെ സീവാള്‍ വന്നു. സീവാള്‍ വന്നതിന് ശേഷം ഇവിടെയുള്ള മണ്ണ് പോലും പടിഞ്ഞാറോട്ട് വലിച്ചോണ്ട് പോവുകയാണ്. ഇങ്ങനെ പോയാല്‍ ഈ കടല് കിഴക്കോട്ട് കിഴക്കോട്ട് പോവും. എന്റെ ഇത്രയും പ്രായത്തിലുള്ള അനുഭവം വച്ചാണ് പറയുന്നത്."

സത്യരാജ്

വീടുകള്‍ക്കും പുരയിടങ്ങള്‍ക്കും തെങ്ങിന്‍ കൂട്ടങ്ങള്‍ക്കും കരിമണല്‍ കുന്നുകള്‍ക്കും അപ്പുറമുള്ള കടല്‍... നിര്‍ത്തിയിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും. വല നെയ്യാനും, കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാനും ആവോളം തീരം... ഇത് ഇവരുടെ സ്വപ്‌നമല്ല. അവര്‍ കണ്ടിരുന്ന യാഥാര്‍ഥ്യമായിരുന്നു. അവരുടെ ജീവിതമായിരുന്നു. എന്നാല്‍ അതെല്ലാം പോയി ഇന്നിവര്‍ കടലിന്റെ കരയില്‍ ജീവിക്കുന്നവരായി. കടല്‍ ഒന്ന് ആഞ്ഞടിച്ചാല്‍ ഇവരുടെ ജീവിതങ്ങളും ജീവിതത്തിലെ അധ്വാനം മുഴുവന്‍ കൂട്ടിച്ചേര്‍ത്ത് പടുത്തുയര്‍ത്തിയ കൊച്ച് പുരകളും തകരും. ഈ അവസ്ഥയിലേക്ക് തങ്ങളെയെത്തിച്ച കാരണത്തിലേക്കാണ് ഏവരും വിരല്‍ ചൂണ്ടിയത്. അതിന് കാരണക്കാരായവര്‍ക്കെതിരെയുള്ള, അതിജീവനത്തിനായുള്ള അന്തിമ സമരത്തിലാണ് ആലപ്പാട് ഗ്രാമം.

ആലപ്പാടും പൊന്മനയും കരിമണല്‍ ഖനനവും സമരവും

ഇപ്പോള്‍ ആലപ്പാട്ട് ഒരു സമരം നടക്കുകയാണ്. 75 ദിനങ്ങള്‍ പിന്നിട്ട സമരം. ആലപ്പാട് ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുകയാണ് എന്നതാണ് സമരത്തിന്റെ കാരണം. തീരം ശോഷിച്ച് ഇല്ലാതാവുന്ന ആലപ്പാടിനെ ആ അവസ്ഥയിലേക്ക് നയിക്കുന്നത് ഈ നാട്ടിലെ 'പൊന്നാ'യ കരിമണലിന് വേണ്ടി നടത്തുന്ന ഖനനമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കണക്കുകളും കാര്യങ്ങളും നിരത്തിയുള്ള ഇവരുടെ ആരോപണങ്ങള്‍ക്കും, സമരത്തിനുമെതിരായി ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ആലപ്പാട് ചെന്നുകാണുന്ന ഏവര്‍ക്കും ഒരു കാര്യം വ്യക്തമാവും, ആലപ്പാട് ഇല്ലാതാവുകയാണ്. കടല്‍ ആലപ്പാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ജനിച്ച മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാനുള്ള ഒരു തരി മണ്ണിന് വേണ്ടിയുള്ള സമരം കൂടിയാണ് ഇവിടുത്തെ ജനങ്ങള്‍ നയിക്കുന്നത്.

Also Read: ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടക്ക് തെക്ക് വെള്ളനാതുരുത്ത് മുതല്‍ വടക്ക് അഴീക്കല്‍ വരെ 17 കിലോമീറ്റര്‍ നീളത്തില്‍ അറബിക്കടലിനും ഉള്‍നാടന്‍ ജലപാതയ്ക്കും നടുവില്‍ വെള്ളി അരപ്പട്ട പോലൊരു പ്രദേശമാണ് ആലപ്പാട്. ശരാശരി മൂന്ന് കിലോമീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കരപ്രദേശം. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നിറഞ്ഞ ജനസാന്ദ്രതയേറിയ പ്രദേശമായിരുന്നു ഇത്. കായലിനും കടലിനും നടുവില്‍ മണല്‍ ബണ്ട് തീര്‍ത്തത് പോലെയൊരു നാട്. മത്സ്യസമ്പത്തുകൊണ്ടും കാര്‍ഷിക സമൃദ്ധികൊണ്ടും സമ്പന്നമായ നാടായിരുന്നു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്. ഇവിടെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഉണ്ടായിരുന്നു. 1955-ലെ രേഖകള്‍ പ്രകാരം ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ലിത്തോമാപ്പില്‍ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമായിരുന്നു ആലപ്പാട്. ഇന്നത് 7.4 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു. അയ്യായിരത്തോളം കുടുംബങ്ങള്‍ നാട്ടില്‍ നിന്ന് പലായനം ചെയ്തു. കടലിനും കായലിനുമിടയില്‍ ഒരു റിബണ്‍ വലുപ്പത്തില്‍ ചുരുങ്ങിപ്പോയ ഈ പ്രദേശത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് ആറായിരത്തോളം കുടുംബങ്ങള്‍. കരിമണല്‍ ഖനനം നടക്കുന്ന വെള്ളനാതുരുത്തില്‍ കടലും കായലും ഒന്നിക്കാന്‍ ഇനി 20 മീറ്റര്‍ മാത്രം മതി. അതോടെ ഈ പ്രദേശം തന്നെ ഇല്ലാതാവും എന്ന യാഥാര്‍ഥ്യമാണ് പ്രദേശവാസികള്‍ സമൂഹത്തോട് വിളിച്ചുപറയുന്നത്. 1962-ല്‍ ഇന്ന് ഖനനം നടക്കുന്ന വെള്ളനാതുരുത്തില്‍ വിക്രം സാരാഭായിയും, എപിജെ അബ്ദുള്‍ കലാമുമടക്കമുള്ള ശാസ്ത്രജ്ഞരുടെ സംഘം സന്ദര്‍ശിച്ചിരുന്നു. റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ പറ്റിയ സ്ഥലമാണ് വെള്ളനാതുരുത്തെന്ന് പറഞ്ഞുകൊണ്ട് അവര്‍ സംപ്തംബര്‍ 22ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനവും നടത്തി. ജനവാസ കേന്ദ്രവും തെങ്ങിന്‍ പുരയിടങ്ങളും കഴിഞ്ഞ് മൂന്നര കിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള പ്രദേശമാണെന്നും അത് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ഉചിതമാണെന്നുമായിരുന്നു പത്രസമ്മേളനത്തിന്റെ ചുരുക്കം. വെള്ളനാതുരുത്തിന്റെ ഭൂവിസ്തൃതിയെ സംബന്ധിച്ച ഒരു കണക്കുകൂടിയായി പ്രദേശവാസികള്‍ ഇതിനെ അവതരിപ്പിക്കുന്നു. എന്നാല്‍ ആ വെള്ളനാതുരുത്തില്‍ ഇന്ന് കര അവശേഷിക്കുന്നില്ല. കടല്‍ മൂടിക്കഴിഞ്ഞിരിക്കുന്നു.

ഇതുപോലെയാണ് ആലപ്പാടിന് സമീപത്തെ പന്‍മന പഞ്ചായത്തിലെ പൊന്‍മനയും. കാര്‍ഷിക സമൃദ്ധിയും കയര്‍ വ്യവസായവും സമ്പദ് സമൃദ്ധിയുണ്ടാക്കിയ ഗ്രാമം. 800-ഓളം കുടുംബങ്ങള്‍ പൊന്മന വാര്‍ഡില്‍ താമസിച്ചിരുന്നു എന്നാണ് കണക്കുകള്‍. ഇന്ന് ഈ പ്രദേശത്ത് അവസാനിക്കുന്നത് രണ്ട് കുടുംബങ്ങള്‍ മാത്രം. സ്ഥലം വിട്ടുനല്‍കില്ല എന്ന് ഉറപ്പിച്ച് ഇവിടെ കഴിയുന്ന അനിരുദ്ധന്റേയും പ്രശാന്തിന്റേയും കുടുംബങ്ങള്‍ മാത്രം. നൂറു കണക്കിന് കുട്ടികള്‍ പഠിച്ച സ്‌കൂള്‍ ഇന്ന് കാടുപിടിച്ച് മരങ്ങളുടെ വേരുകളിറങ്ങി പ്രേതാലയം പോലെ ശേഷിക്കുന്നു. 'കേരളത്തിന്റെ പൊന്നെടുക്കാന്‍ അനുവദിച്ചാല്‍ കേരളം ഗള്‍ഫ്' ആകും എന്ന മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളാണ് പൊന്മന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. സാമ്പത്തിക വശങ്ങളെക്കുറിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് രൂപത്തിലാണ് പൊന്മന ഗള്‍ഫ് ആയിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം നീളത്തില്‍ കൂമ്പാരങ്ങളായി കിടക്കുന്ന വെള്ളമണലും കടലും... അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളില്‍ ചെന്ന് പെട്ടത് പോലെ തോന്നിക്കുന്ന പൊന്മന... ഇടയ്ക്കിടെ, വലിയ ഗര്‍ത്തങ്ങളുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും. [ആലപ്പാടിന്റെ തൊട്ടടുത്താണ് പൊന്മന; ഇന്ന് കടലെടുത്ത വീടുകള്‍, സ്കൂളുകള്‍; ഈ ഗ്രാമത്തെ ഖനനം തകര്‍ത്തതിങ്ങനെ]

പൊന്മനയിലെ മണല്‍ക്കൂമ്പാരങ്ങള്‍

ഉപേക്ഷിക്കപ്പെട്ട സ്കൂള്‍

കേരളത്തിലെ കരിമണല്‍

മോണോസൈറ്റ്, ഇല്‍മനൈറ്റ്, ഗാര്‍നൈറ്റ്, റൂട്ടൈല്‍, ലുക്കോസിന്‍, സിലിമനൈറ്റ്, സിര്‍ക്കോണ്‍ തുടങ്ങിയ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാനാണ് കരിമണല്‍ ഖനനം ചെയ്യുന്നത്. അപൂര്‍വ്വമായി ലഭിക്കുന്ന ധാതുക്കളാണ് ഇവയില്‍ പലതും. സാനിറ്ററി വസ്തുക്കള്‍, കളിമണ്‍ പാത്രങ്ങള്‍, ടൈല്‍, സീലുകള്‍, ലോഹവെല്‍ഡിങ്, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് സിര്‍ക്കോണ്‍. മോണോസൈറ്റില്‍ 17 അപൂര്‍വ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് റേഡിയോ ആക്ടീവ് തോറിയം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. സിലിമിനൈറ്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അലുമിനയാണ് അലുമിനിയം പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായത്. വളരെയധികം വ്യാവസായിക പ്രാധാന്യമുള്ള ടൈറ്റാനിയം വേര്‍തിരിച്ചെടുക്കുന്നത് ഇല്‍മനൈറ്റ്, റൂട്ടൈല്‍, ലുക്കോസിന്‍ എന്നിവയില്‍ നിന്നാണ്. ഉപഗ്രഹപേടകങ്ങള്‍, മിസൈല്‍, പേസ്‌മേക്കര്‍, അന്തര്‍വാഹിനികള്‍, ബുള്ളറ്റ് പ്രൂഫ്, ഗാര്‍നെറ്റ് ടൈല്‍, പോളിഷിങ് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അവശ്യം വേണ്ടതാണ് ടൈറ്റാനിയം.

800 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടങ്ങിയ 1270 ലക്ഷം ടണ്‍ ഖനധാതുക്കള്‍ കേരളത്തിലുണ്ടെന്നതായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ലോകത്തെ ഏറ്റവും മികച്ച കരിമണല്‍ കേരളത്തിലേതെന്നാണ് കണ്ടെത്തിയിരുന്നത്. ടൈറ്റാനിയത്തിന്റെ സാന്ദ്രത അറുപത് ശതമാനത്തിലേറെ എന്നതാണ് ഇവിടുത്തെ കരിമണലിന്റെ ഏറ്റവും വലിയ സവിശേഷത. നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെ 42 കിലോമീറ്ററിലാണ് കരിമണലിന്റെ അംശം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ നീണ്ടകര മുതല്‍ കായംകുളം പൊഴിവരെയുള്ള 22 കിലോമീറ്ററിലാണ് ഇപ്പോള്‍ ഖനനം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സും, കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡുമാണ് കരിമണല്‍ ഖനനം ചെയ്യുന്നത്.

പൊന്ന്‌ കൊയ്യുന്നവര്‍

തീരദേശത്തെ കോടികളുടെ സമ്പത്തിന് വേണ്ടിയുള്ള ഖനനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1922-ല്‍ കരിമണല്‍ കപ്പലില്‍ കയറ്റി വിദേശത്തേക്ക് കൊണ്ടുപോയതായി വിവരമുണ്ടെങ്കിലും അന്ന് അതാരുടെ നേതൃത്വത്തിലായിരുന്നു എന്ന കാര്യങ്ങള്‍ രേഖകളില്‍ വ്യക്തമല്ല. 1931 ല്‍ പരേര ആന്‍ഡ് സണ്‍സ് എന്ന കമ്പനി ഖനനം നടത്തി കരിമണല്‍ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. തുടര്‍ന്ന് 1951-ല്‍ ട്രാവന്‍കൂര്‍ മിനറല്‍സ് കോര്‍പ്പറേഷന്‍ ഖനനം ഏറ്റെടുത്തു. അമേരിക്കന്‍ കമ്പനിയായ ഹോക്കിന്‍സ് സാന്‍ഡ് മില്ലിലേക്കായിരുന്നു മണല്‍ കയറ്റിയയച്ചിരുന്നത്. പിന്നീട് ട്രാവന്‍കൂര്‍ മിനറല്‍സ് കോര്‍പ്പറേഷന്‍ വിലയ്‌ക്കെടുത്താണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ആലപ്പാട് ഖനനം ആരംഭിക്കുന്നത്. ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തില്‍ ഐആര്‍ഇയും പൊന്മനയില്‍ കെഎംഎംഎല്ലും ഖനനം തുടങ്ങുന്നത് 1965-ലാണ്. ഓരോ കാലയളവില്‍ ഖനനാനുമതി നീട്ടി നല്‍കി ഇപ്പോഴും അത് തുടരുന്നു. വെള്ളനാതുരുത്ത് വാര്‍ഡിലെ 82 ഏക്കറിലാണ് ഐആര്‍ഇ ഖനനം നടത്തുന്നത്. മറ്റ് വാര്‍ഡുകളിലും ഇവര്‍ സ്ഥലം വിലകൊടുത്തും പാട്ടത്തിനും വാങ്ങിയിട്ടുണ്ട്. കെഎംഎംഎല്‍ പൊന്മന വാര്‍ഡിലുണ്ടായിരുന്നവില്‍ നിന്ന് 'പൊന്നുംവില' കൊടുത്താണ് ഖനനത്തിനായി സ്ഥമെടുത്തത്.

സമരസമിതി പറയുന്നത്

സമരസമിതി നേതാവ് കെ.സി ശ്രീകുമാര്‍ പറയുന്നത്, "ആലപ്പാട് പഞ്ചായത്ത് കാര്‍ഷിക സമൃദ്ധമായ, മത്സ്യസമ്പുഷ്ടമായ ഒരു ഭൂപ്രദേശമായിരുന്നു എന്നാണ് മുന്‍ തലമുറ പറഞ്ഞിരുന്നത്. മധ്യതിരുവിതാംകൂറിനെ ഊട്ടാനുള്ള നെല്ല് ഇവിടുത്തെ പ്രധാന രണ്ട് പാടശേഖരങ്ങളില്‍ നിന്ന് ലഭ്യമാവുമായിരുന്നു. കൊഞ്ച് ധാരാളമായി ലഭിക്കുമായിരുന്നു. അതൊക്കെ പുഴുങ്ങി തട്ടിയിട്ട് ഒണക്കുന്നത് എന്റെ ചെറുപ്പകാലത്തെ ഓര്‍മ്മയാണ്. ചെമ്മീന്‍ പരിപ്പും തോടും വേറെയാക്കിയിട്ട് അത് ചാക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ കേവുവള്ളങ്ങള്‍ വന്ന് കിടക്കുന്നത് എന്റെ ഓര്‍മ്മയിലുള്ളതാണ്. പാടങ്ങള്‍ കിഴക്ക് വശവും അതിന് പടിഞ്ഞാറ് വശം ജനവാസ മേഖലയും അതിന് പടിഞ്ഞാറ് വശം കരിമണല്‍ കുന്നുകളും അതിനും പടിഞ്ഞാറ് വശത്ത് മത്സ്യബന്ധനം നടക്കുന്ന മേഖലയും എന്നതായിരുന്നു ഇവിടുത്തെ അവസ്ഥ. കരിമണല്‍ കുന്നുകളിലൂടെ പോവുമ്പോള്‍ കാലൊന്ന് തണുക്കാന്‍ മണല് മാറ്റിയിട്ട് നില്‍ക്കുന്നതും പിന്നീട് ഓടുന്നതുമെല്ലാം ഓര്‍മ്മയുണ്ട്. അത്രയും വിജനമായ സ്ഥലമുണ്ടായിരുന്നു. തെങ്ങിന്‍തോപ്പുകള്‍ വേറെ. അങ്ങനെയുണ്ടായിരുന്ന ഭൂപ്രദേശത്ത് മെക്കനൈസേഷന്‍ ഉപയോഗിച്ച് തീരം കുത്തി കവര്‍ന്നെടുക്കുന്ന ഖനനം തുടങ്ങിയ ശേഷമാണ് കടലാക്രമണം കൂടുന്നത്. ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് ഖനനം നടത്തുന്നതെങ്കിലും മറ്റിടങ്ങളില്‍ നിന്നും മണല്‍ അവിടേക്ക് ഒഴികിച്ചെല്ലുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി 1955-ലെ ലിത്തേമാപ്പില്‍ 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ഭൂമി 2015-ലെ കണക്കനുസരിച്ച് 3.6 ആയി ചുരുങ്ങി. ഇപ്പോള്‍ അതിലും ശോഷിച്ചിട്ടുണ്ട്.

1996ലെ റീസര്‍വേ പ്രകാരം 7200 ഹെക്ടര്‍ ഭൂമിയില്‍ ഇനി കരമടക്കേണ്ടതില്ലെന്ന് വില്ലേജ് ഓഫീസില്‍ നിന്ന് അറിയിച്ചു, കരമടയ്ക്കാന്‍ ചെന്നപ്പോഴാണ് ഇത് പറയുന്നത്. കയ്യില്‍ പ്രമാണങ്ങളുണ്ട്. പക്ഷെ സ്ഥലമെല്ലാം കടലിലായി. മനുഷ്യര്‍ ഭൂരഹിതരായി. ചിലരെല്ലാം പിന്നീട് റോഡിന്റെ സൈഡിലുമെല്ലാം താമസിച്ചിരുന്നു. പലര്‍ക്കും പലായനം ചെയ്യേണ്ടി വന്നു. തൊഴിലുപേക്ഷിക്കേണ്ടി വന്നു. ഇതൊക്കെ ഇവിടെ നടന്നതാണ്. അപ്പോള്‍ തന്നെ ഭൂമിയുടെ വിസ്തൃതി കുറഞ്ഞിരിക്കുകയാണ്. കടലാക്രമണം എല്ലാ വര്‍ഷവും ഉണ്ടാവുമ്പോള്‍ കുറച്ച് കല്ല് ഇവിടെ കൊണ്ടുവന്ന് തട്ടും. ഈ കല്ല് കടലിലേക്ക് ഒഴുകിപ്പോവും. ഇപ്പോള്‍ സംഭവിച്ചത്, 20 മീറ്റര്‍, 50 മീറ്റര്‍, കൂടിയാല്‍ 200 മീറ്റര്‍ ആയി തീരം ചുരുങ്ങി. ആലാപ്പാട്ട് പഞ്ചായത്തിന്റേയും ആറാട്ടുപുഴയുടേയും തൃക്കുന്നപ്പുഴയുടേയും സ്ഥിതിയാണ്. ഈ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഈ ഭൂപ്രദേശം കടലിന്നടിയിലേക്ക് പോവുകയും സമുദ്രജലനിരപ്പിന് താഴെയുള്ള ഓണാട്ടുകര, കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ ഇതിന്റെ ദുരന്തത്തിന് ഇരയാവുകയും ചെയ്യും. ശാസ്താംകോട്ട തടാകം ഇല്ലാതാവും.

കെ.സി ശ്രീകുമാര്‍

സമരങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അതിന് ഒരു പരമ്പര തന്നെയുണ്ട്. പാടങ്ങള്‍ പോയി, ഔഷധസസ്യങ്ങളുടെ കാട് പോയി, തീരം പോയി... എല്ലാം പോയി. ഇതെല്ലാം കഴിഞ്ഞ് കേവലം ഒരു വരമ്പ് മാത്രമായി ഈ പ്രദേശം ചുരുങ്ങി. ഈ ഭൂമിയെ സംരക്ഷിക്കാനുള്ള എല്ലാ ശബ്ദങ്ങളേയും, ഇന്ന് സമരത്തെ നേരിടാന്‍ ഉപയോഗിക്കുന്ന അതേ വാക്കുകള്‍ ഉപയോഗിച്ച് തന്നെയാണ് ഭരണനേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും നേരിട്ടിട്ടുള്ളത്.

ഒന്ന് വ്യക്തമാണ്. ധാതുമണല്‍ വ്യവസായം പൊതുമേഖലയില്‍ നടക്കുന്നില്ല. ഇത് വാരി വേര്‍തിരിച്ച് വേറെ ചില പേരുകളിലാക്കി മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നു. ഇതിന്റെ ലാഭം എവിടെയാണ് കണക്കാക്കപ്പെട്ടിട്ടുള്ളതെന്ന് ഞങ്ങള്‍ക്ക് ഇതേവരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. അടുത്ത കാലത്ത് ശാസ്ത്രീയ ഖനനത്തെക്കുറിച്ച് പറയുമ്പോള്‍, ഖനനം ചെയ്യുന്ന ഭൂമി റീഫില്‍ ചെയ്ത് തിരിച്ചുകൊടുക്കുന്നതിനെക്കുറിച്ച് പറയുന്നു. 1965 മുതല്‍ എടുത്തിരിക്കുന്ന മണലിന്റെ വെയ്സ്റ്റ് എവിടെയാണ് ഇട്ടിരിക്കുന്നത്, അല്ലെങ്കില്‍ ആ മണല്‍ എന്ത് ചെയ്തു എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. സിലിക്ക കയറ്റിയയച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യത്തോട് ചെയ്ത ദ്രോഹമാണ്. പശ്ചിമഘട്ട മലനിരകള്‍ പൊട്ടിച്ച് തീരം സംരക്ഷിക്കാന്‍ ശ്രമിക്കുകയും, ഇവിടെ നിന്ന് മണല്‍ വാരിക്കൊണ്ട് പോയി സിലിക്ക വില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ നാടിനോട് ഭരണാധികാരികള്‍ക്ക് എന്താണ് ഉത്തരവാദിത്തം. മറ്റ് പൊതുമേഖലകളോട് കാണിക്കാത്ത ഒരു താത്പര്യം ഈ മേഖലയോട് എന്തിന് കാണിക്കുന്നു? ഇതൊക്കെയാണ് ഞങ്ങളുടെ സംശയം. അതിനെല്ലാം ഉത്തരം ഞങ്ങള്‍ക്ക് മുന്നിലുണ്ട്. 1994-ല്‍ റെന്നിസണ്‍ ഗോള്‍ഡ്ഫീല്‍ഡ്‌സ് കണ്‍സോളിഡേറ്റഡ് ലിമിറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയേയും വെസ്‌ട്രേലിയന്‍ സാന്‍ഡ്‌സ് എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയേയും കൂട്ടിക്കൊണ്ട് വന്നത് ഐആര്‍ഇയും കെഎംഎംഎല്ലും കേരളത്തിലെ വ്യവസായ വകുപ്പും അതുപോലെ പല ഭരണാധികാരികളും ചേര്‍ന്നാണ്. അന്ന് അതിനെ ചെറുത്ത് തോല്‍പ്പിച്ചത് ഇവിടുത്തെ മത്സ്യത്തൊഴിലാളികളാണ്. ഇവിടെ പലവട്ടം സ്വകാര്യ കമ്പനികളും പ്രദേശത്തുള്ളവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഐആര്‍ഇയില്‍ നിന്ന് വിരമിച്ചവര്‍ പോലും ഇവിടെ കമ്പനികള്‍ക്ക് കൊടുക്കാന്‍ ഭൂമി ആവശ്യപ്പെട്ട് നടന്നിട്ടുണ്ട്. അന്ന് അത് ചെറുത്തതും തീരദേശവാസികളാണ്. ഇപ്പോള്‍ സ്വകാര്യമേഖലയായാലും പൊതുമേഖലയായാലും ഖനനം വേണ്ട എന്ന് പറയുന്നത് തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. ഇിന് വേറൊരു മുഖം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തികച്ചും ജനങ്ങളോടുള്ള നിരുത്തരവാദിത്തമാണ്. പിന്നെ, ഇനി ബാക്കിയുള്ള ഭൂമികൊണ്ട് നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന സമ്പത്തുപയോഗിച്ച് ഇനി നഷ്ടമാവുന്ന സമ്പത്തൊന്നും തിരിച്ച് പിടിക്കാനാവില്ല."

പഠനങ്ങള്‍

തീരമേഖലയുമായും കരിമണല്‍ ഖനനമേഖലയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ ഇക്കാലയളവിനുള്ളില്‍ നടന്നു.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്‌മെന്റ് നടത്തിയ കേരള തീര വ്യതിയാന പഠനത്തില്‍ കേരളതീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണല്‍ ഖനന മേഖലയിലാണെന്ന് പറയുന്നു. ആലപ്പാട് പ്രദേശത്ത് കരിമണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കമ്പനികള്‍ തന്നെ നിയോഗിച്ച പഠന ഏജന്‍സികളായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടുകളില്‍ പാരിസ്ഥിതികാഘാതവും തീരശോഷണവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ന്ന് വ്യക്തിപരമായി പലരും നടത്തിയ പഠനങ്ങളിലും സര്‍ക്കാര്‍ നിയോഗിച്ച ടി.എം മഹാദേവന്‍ കമ്മറ്റിയും പ്രൊഫ. ത്രിവിക്രംജി കമ്മറ്റിയും വച്ച റിപ്പോര്‍ട്ടുകളിലും കരിമണല്‍ ഖനനം മൂലമുണ്ടാവുന്ന പാരിസ്ഥിതികാഘാതം തീരദേശത്തേയും അവിടുത്തെ ജനങ്ങളേയും മറ്റ് ജീവജാലങ്ങളേയും ആവാസകേന്ദ്രത്തേയും മറ്റ് ജീവിതാവസ്ഥകളേയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്നു. കരിമണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കപ്പെട്ടില്ല എന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

Also Read: ആലപ്പാടിനെ പൊക്കിയെടുക്കുന്ന ട്രോള്‍ ഗറില്ലാ പോരാളികള്‍; ഇവരാണ് പിന്നില്‍

ആരോപിക്കപ്പെടുന്ന നിയമലംഘനങ്ങളും മറുപടിയും

ഡീപ് മൈനിങ് നടത്തിയാണ് കരിമണല്‍ ഖനനം വേണ്ടതെന്നും സീവാഷിങ് നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ സീവാഷിങ് നിരോധിച്ചതാണ്. ഇത് മന്ത്രി മേഴ്‌സുക്കുട്ടിയമ്മയും ഈയിടെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും സീവാഷിങ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അത് നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് പ്രമേയം പാസ്സാക്കിയതായി ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന പറയുന്നു. എന്നാല്‍ സീവാഷിങ് ചെറിയ തോതില്‍ ചെയ്യുന്നുണ്ടെന്നാണ് ഇരു കമ്പനികളുടേയും ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരം. ശാസ്ത്രീയമായി മാത്രമാണ് ഖനനം നടത്തുന്നതെന്ന് ഇരു കമ്പനികളുടേയും അധികൃതരും വ്യക്തമാക്കുന്നു. ഖനനം നിര്‍ത്താനാവില്ലെന്നും, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കടല്‍ കയറിയതും ഖനനവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ഖനനം നടത്തി കരിമണല്‍ വേര്‍തിരിച്ചതിന് ശേഷം ഖനനം നടത്തിയ പ്രദേശം എങ്ങനെയായിരുന്നോ അത് പോലെ പുന:സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയാല്‍ കരിമണല്‍ വേര്‍തിരിച്ചതിന് ശേഷം മണല്‍ ഇട്ട് ആ സ്ഥലം റീഫില്‍ ചെയ്യണം. എന്നാല്‍ ചെറുതും വലുതുമായ കുഴികളും, ഖനനത്തെ തുടര്‍ന്ന് ജലാശയത്തോട് സമാനമായ ഭൂപ്രദേശങ്ങളുമാണ് ആലപ്പാട്ടും പൊന്മനയിലും കാണാനാവുക. മണല്‍ തിരിച്ചിട്ടിരുന്നെങ്കില്‍ കടല്‍ ഇതുപോലെ കയറില്ലായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ റീഫില്‍ ചെയ്യുന്നുണ്ടെന്നും, ചെയ്യുമെന്നുമുള്ള മറുപടിയാണ് കമ്പനിയുടെ ഭാഗത്തു നിന്ന് ലഭിച്ചത്. തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങി പല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഖനനം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ ശാസ്ത്രീയമായി മാത്രമാണ് ഖനനം തുടരുന്നതെന്ന് കമ്പനി അധികൃതരും ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റും വാദിക്കുന്നു.

പാലിക്കാത്ത വാഗ്ദാനങ്ങള്‍- പൊന്മനയിലേത്

ജോലി നല്‍കും, പണം നല്‍കി വാങ്ങുന്ന ഭൂമി ഖനനത്തിന് ശേഷം നാല് സെന്റ് വീതം എല്ലാവര്‍ക്കും തിരികെ നല്‍കും- ഇതായിരുന്നു പൊന്മന പഞ്ചായത്തുകാര്‍ക്ക് ലഭിച്ചിരുന്ന വാഗ്ദാനം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും ചുളുവിലയ്ക്ക് തങ്ങളില്‍ നിന്ന് ഭൂമി സ്വന്തമാക്കി കമ്പനി ഖനനം തുടങ്ങുകയായിരുന്നുവെന്നും പൊന്മനയില്‍ നിന്ന് ഭൂമി വിട്ടുനല്‍കിയവര്‍ പറയുന്നു: "ഞാന്‍ താമസിച്ചുകൊണ്ടിരുന്നത് ദാ.. ലവിടായിരുന്നു", ഖനനം ചെയ്ത മണ്ണും കുഴിയുമായി കിടക്കുന്ന സ്ഥലത്തേക്ക് ചൂണ്ടി രമേശന്‍ പറഞ്ഞുതുടങ്ങി, "ഭാര്യയും മക്കളുമായി അവിടെ താമസിക്കുന്ന സമയത്ത് ഇവിടെല്ലാം കമ്പനി എടുക്കുന്നെന്ന് ഞങ്ങള്‍ അറിഞ്ഞു. ഞങ്ങളും കൊടുത്തു. വസ്തു തിരിച്ച് തരാമെന്ന് പറഞ്ഞെങ്കിലും അതൊന്നും കിട്ടിയിട്ടില്ല. വല്ലപ്പോഴും ചെറിയ ജോലികളൊക്കെ കൊടുത്തിട്ടുണ്ട്. ഞങ്ങക്ക് സെന്റിന് 14,000 രൂപയാണ് കിട്ടിയത്. രണ്ട് സെന്റ് ഭൂമിക്കും കൊച്ചുവീടിനും കൂടി 28,000 രൂപ കിട്ടി. എല്ലാവരും കൊടുത്തു. അപ്പോ, ഞാനെന്റെ പൊടിപ്പിള്ളാരേം വച്ച് ഇവിടെ എങ്ങനെ ജീവിക്കും? അതുകൊണ്ട് ഞാനും കൊടുത്തു. പിന്നെ, ജീവിക്കാന്‍ തൊഴിലല്ലേ ആവശ്യം? അത് കൊടുക്കാമെന്ന് പറഞ്ഞപ്പോ പലരും സ്ഥലം കൊടുത്തു."

രമേശന്‍

വാക്കുപാലിക്കാതെ വഞ്ചിച്ച കമ്പനിയെക്കുറിച്ചാണ് രാജമണി പറഞ്ഞത്. കിഴക്കന്‍ പ്രദേശത്തേക്ക് പോയെങ്കിലും ഇടയ്ക്ക് പൊന്മനയിലെ ക്ഷേത്രത്തില്‍ എത്തുന്നതാണ് രാജമണി. "ഞങ്ങളിപ്പോ ഇവിടെ നിന്ന് പോയിട്ട് 15 വര്‍ഷം കഴിഞ്ഞു. കെഎംഎംഎല്‍ സ്ഥലമെടുത്തപ്പഴാണ് പോയത്. വീട്ടില്‍ ഒരാളിന് ജോലി, പുനരധിവാസം എല്ലാം തരാമെന്ന് പറഞ്ഞു. പക്ഷെ കമ്പനി വാക്കുപാലിച്ചിട്ടില്ല. ഖനനം കഴിഞ്ഞ് നാല് സെന്റ് ഭൂമി നമുക്ക് തിരിച്ച് തരാമെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ ഖനനം തീര്‍ന്നിട്ടില്ല എന്നാണ് പറയുന്നത്. ഇനിയും കൊടുക്കാത്ത രണ്ട് വീട്ടുകാരുണ്ട്. പക്ഷെ കൊടുക്കാത്ത സ്ഥലങ്ങളും അവര്‍ കുഴിക്കുന്നുണ്ട്. ഞങ്ങള്‍ അക്കരെ പണ്ടേ സ്ഥലം വാങ്ങിച്ചിട്ടിരുന്നത് കൊണ്ട് കിട്ടി. അല്ലാതെ കമ്പനിക്കാര് തന്ന വിലയ്ക്ക് വാങ്ങിക്കാനാണെങ്കില്‍ കിട്ടത്തില്ലായിരുന്നു. ഒരു സെന്റിന് അവര്‍ 17,000 രൂപയാണ് തന്നത്. ഓഫറുകളുള്ളതുകൊണ്ടാണ് സ്ഥലം വിട്ടുകൊടുത്തത്. അത് പക്ഷേ ഇപ്പോള്‍ അബദ്ധമായി എന്ന് തോന്നുന്നുണ്ട്. ഇതുപോലൊരു സ്ഥലം നമുക്ക് വേറെങ്ങും കിട്ടത്തില്ല. കമ്പനിക്കാര് സ്ഥലം തന്നാല്‍ എല്ലാവരും തിരിച്ചുവരാന്‍ നില്‍ക്കുവാണ്. പക്ഷെ ഇതുവരെ സ്ഥലം മുഴുവന്‍ എടുത്ത് തീര്‍ന്നില്ലെന്നാ അവര് പറയുന്നത്. എടുത്തയാളുകളെ സംരക്ഷിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ജോലികൊടുക്കും എന്ന് പറഞ്ഞെങ്കിലും ആറ് മാസം ജോലി ചെയ്ത് കഴിഞ്ഞാല്‍ പിന്നെ രണ്ട് വര്‍ഷം പിള്ളേര് വെറുതെ നില്‍ക്കും. കരാറ് പിടിക്കുന്നവര് കൊടുത്താല്‍ കൊടുത്തു. സ്ഥിരമായി പതിനഞ്ച് ദിവസമെങ്കിലും ജോലി കൊടുത്താ മതിയായിരുന്നു. ഈ ജോലിയും കാത്തിരുന്ന പിള്ളേരുടെയൊക്കെ ഭാവി പോയി."

രാജമണി

ചെറുത്ത് നില്‍ക്കുന്നവരുണ്ട്. സമ്മര്‍ദ്ദങ്ങളില്‍ വീഴാതെ, തുരുത്തില്‍ ഒറ്റപ്പെട്ടിട്ടും പിടിച്ച് നില്‍ക്കുന്നവര്‍. അവരിലൊരാളാണ് അനിരുദ്ധന്‍. പൊന്മനയില്‍ അവശേഷിക്കുന്നവരെ അന്വേഷിച്ച് ചെന്നപ്പോള്‍ മടലില്‍ നിന്ന് വേര്‍തിരിച്ച ചകിരി കൂട്ടിക്കെട്ടി ഒരു ദിവസത്തെ അധ്വാനം അവസാനിപ്പിക്കുകയായിരുന്നു അനിരുദ്ധന്‍. പൊന്മനയില്‍ ബാക്കിയായവരുടെ വീടുകള്‍ അന്വേഷിച്ച് നടക്കുന്നതിനിടെ അനിരുദ്ധന്‍ തന്നെയാണ് തന്നെ പരിചയപ്പെടുത്തിയത്. "ഞാനാണ് അതില്‍ ഒരു വീട്ടുകാരന്‍. രണ്ടാമത്തത് എന്റെ ബന്ധു തന്നെയാണ്, പ്രശാന്ത്. മുപ്പത് വര്‍ഷത്തില്‍ കൂടുതലായിരുന്നു ഇവിടെ താമസം തുടങ്ങിയിട്ട്. അന്ന് ഞങ്ങളുടെ വസ്തുവിന് വിലക്കുറവായിരുന്നു. 17,500 രൂപയായിരുന്നു വിലയിട്ടത്. അവരതേ തരത്തൊള്ളൂ എന്ന് പറഞ്ഞു. അക്കരെ പോയി വസ്തു വാങ്ങണമെങ്കില്‍ ഒന്നര രണ്ട് ലക്ഷം രൂപ കൊടുക്കണം. അതുകൊണ്ട് ഞങ്ങള്‍ വസ്തു കൊടുത്തില്ല. ബാക്കിയുള്ളവരൊക്കെ നേരത്തെ കൊടുത്തിരുന്നു. പക്ഷെ വെറും പറ്റിപ്പല്‍ ആയിരുന്നു. ജോലി കൊടുക്കാമെന്ന് പറഞ്ഞിട്ടാണ് വസ്തുകൊടുത്തത്. ഞങ്ങള്‍ രണ്ട് വീട്ടുകാരുടെ പ്രമാണം അവരുടെ കയ്യിലായിരുന്നു. അത് ഞങ്ങള്‍ വാങ്ങിച്ചോണ്ട് പോന്നു. പിന്നെ ഒറ്റയ്ക്ക് താമസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടോന്ന് ചോദിച്ചാല്‍, അസുഖമൊക്കെ വരുമ്പഴാണ് പാട്. ആരും സഹായത്തിനില്ല. എന്റെ വീട്ടില്‍ ഞാനും ഭാര്യ പ്രസന്നയുമാണ് താമസിക്കുന്നത്. ഞങ്ങക്ക് അസുഖം വന്നാലോ, എന്തെങ്കിലും ആവശ്യം വന്നാലോ അപ്പറത്തെ ചെറുക്കന്‍, അവന്‍ ഞങ്ങടെ ബന്ധുവും കൂടിയാണ്, ഓടിവരും. അവര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ ഞങ്ങളും ചെല്ലും. ഇപ്പഴും വസ്തുവിന് ആവശ്യമായ വില തരാന്‍ അവര്‍ തയ്യാറല്ല. ഞങ്ങള് പറഞ്ഞു, പൈസ വേണ്ട, കാശ് തരുന്നതിന് പകരം സ്ഥലം വാങ്ങിച്ച് തരാന്‍. അപ്പോ അത് പിന്നെ പരിഹരിക്കാമെന്നാണ് പറയുന്നത്. പിന്നെ അമ്പലമുള്ളപ്പോള്‍ നമ്മളെങ്ങനെ പോവാനാ?"

അനിരുദ്ധന്‍

സര്‍ക്കാര്‍ നിലപാട്

പൊതുമേഖലയില്‍ നടക്കുന്ന ഖനനത്തെ ഇല്ലാതാക്കാന്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന സമരമാണ് നടക്കുന്നതെന്നും സ്വകാര്യലോബിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമരവും പ്രചരണങ്ങളുമെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആദ്യ നിലപാട്. എന്നാല്‍ പിന്നീട് സമരക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ഖനനം താത്ക്കാലികമായി നിര്‍ത്തി വച്ചതിന് ശേഷമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് സമരസമിതി. ആലപ്പാട്ടെ വിഷയങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗം ആലപ്പാടിന് നിര്‍ണായകമാവും. എന്നാല്‍ ഇതിനിടെ വ്യവസായ മന്ത്രി ഇ.പി ജയരാന്‍ സമരക്കാരെ തള്ളിപ്പറയുകയും സമരം അനാവശ്യമാണെന്നും സമരക്കാര്‍ പൊതുമേഖലയെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടത്തുന്നതെന്നും ഖനനം അവസാനിപ്പിക്കാനാവില്ലെന്നുമാണ് നിലപാട് അറിയിച്ചിരിക്കുന്നത്.

https://www.azhimukham.com/offbeat-save-alappad-campaign-and-black-sand-mining-in-kollam-district-the-realities-report-kr-dhanya/

https://www.azhimukham.com/kerala-how-black-sand-mining-causing-damages-in-kollam-district-report-by-sandhya/

https://www.azhimukham.com/kerala-ponmana-blacksand-mining-ponmana-kmml-sea-report-by-sandhya/


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories