TopTop
Begin typing your search above and press return to search.

ഭക്ഷണപ്പൊതി തുറക്കാനാവാതെ കുട്ടികള്‍, മുടങ്ങുന്ന വിവാഹങ്ങള്‍; കാപ്പിത്തോട് എന്ന ദുര്‍ഗന്ധ തോട് ചെയ്യുന്ന ദ്രോഹങ്ങള്‍

ഭക്ഷണപ്പൊതി തുറക്കാനാവാതെ കുട്ടികള്‍, മുടങ്ങുന്ന വിവാഹങ്ങള്‍; കാപ്പിത്തോട് എന്ന ദുര്‍ഗന്ധ തോട് ചെയ്യുന്ന ദ്രോഹങ്ങള്‍

കാല്‍ നൂറ്റാണ്ടിലേറെയായി ദിനപത്രങ്ങളില്‍ ആലപ്പുഴ പ്രാദേശിക പേജിലെ സ്ഥിരം വാര്‍ത്തയാണ് കാപ്പിത്തോട്. കാപ്പിത്തോടിന് സമീപത്തെ സ്‌കൂളുകളിലെ കുട്ടികള്‍ തലചുറ്റി വീഴുന്നു, വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും ശ്വാസകോശ രോഗങ്ങളും, സമീപവാസികളുടെ ദുരിതം... ഇതെല്ലാമാണ് വാര്‍ത്തകള്‍. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാക്കാഴം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചതും ഇതേ വിഷയത്തിലാണ്. അന്ന് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനായി ഹൈക്കോടതി വിധി വരെ ആ കുട്ടികള്‍ക്ക് സമ്പാദിക്കാനായി.

പക്ഷേ 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇക്കാര്യങ്ങളിലൊന്നും മാറ്റമുണ്ടായിട്ടില്ല. കാപ്പിത്തോട് പഴയത് പോലെ തന്നെ മാലിന്യത്തോടായി ഒഴുകുന്നു. കാപ്പിത്തോടിന് സമീപത്തെ സ്‌കൂളുകളിലെ കുട്ടികള്‍ ഇപ്പോഴും തലചുറ്റിവീഴുന്നു, ഭക്ഷണപ്പൊതി തുറക്കാന്‍ പോലുമാവാത്ത ദുര്‍ഗന്ധം സഹിച്ച് അവര്‍ സ്‌കൂള്‍ ജീവിതം തള്ളി നീക്കുന്നു. കാപ്പിത്തോടിന്റെ പേര് പറഞ്ഞ് വിവാഹം നടക്കാതെ പോവുന്ന ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. വര്‍ഷങ്ങളോളം വാര്‍ത്തയായിട്ടും, നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ഇതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല.

ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രിയായ രമേശ് ചന്ദ്ര ജിന ജനേഗി കേരള സന്ദര്‍ശന വേളയില്‍ കാപ്പിത്തോട് സന്ദര്‍ശിക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു.

ആലപ്പുഴ പട്ടണത്തില്‍ നിന്നാരംഭിച്ച് 14 കിലോമീറ്ററുകള്‍ പിന്നിട്ട് പൂക്കൈതയാറില്‍ അവസാനിക്കുന്നതാണ് കാപ്പിത്തോട്. ആലപ്പുഴ പട്ടണം, പുന്നപ്ര, അമ്പലപ്പുഴ, അതിനപ്പുറമുള്ള കാര്‍ഷിക മേഖല വഴി പൂക്കൈതയാറിലെത്തും. മുമ്പ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ ആലപ്പുഴ പട്ടണത്തില്‍ എത്തിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു കാപ്പിത്തോട്. എന്നാല്‍ കാപ്പിത്തോടിന്റെ പല ഭാഗങ്ങളും ഇന്ന് തോടല്ല. കയ്യേറ്റക്കാര്‍ കയ്യടക്കി വച്ചിരിക്കുന്ന ഭൂമിയാണ്. പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ മലിനജലക്കെട്ടുകളായി ഇതിന്റെ പല ഭാഗവും അവശേഷിക്കുകയാണ്.

പുന്നപ്ര മുതല്‍ പൂക്കൈതയാറ് വരെയുള്ള ഒമ്പത് കിലോമീറ്ററോളം നീളത്തില്‍ തോടിന് ഒഴുകാനുള്ള സൗകര്യം ഉണ്ടെങ്കിലും മഴക്കാലമെത്തുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുക. മറ്റ് സമയങ്ങളില്‍ ഈ പ്രദേശത്തുള്ള നൂറിലധികം ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളിലെ മാലിന്യത്തെ വഹിക്കാനുള്ള ഒരു ഇടം മാത്രമായി തോട് മാറുന്നു. ഈ സമയങ്ങളില്‍ തോട്ടില്‍ നിന്ന് ഉയരുന്ന രൂക്ഷ ഗന്ധമാണ് മുപ്പത് വര്‍ഷക്കാലമായി തോടിന് ഇരുകരകളിലും താമസിക്കുന്നവരുടെ ദുരിതമായി മാറിയിരിക്കുന്നത്.

മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ സംസ്‌കരണ ശാലകള്‍ അടച്ചുപൂട്ടി കാപ്പിത്തോടിനേയും നാട്ടുകാരെയും രക്ഷിക്കണമെന്ന ആവശ്യം കാലങ്ങളായി നാട്ടുകാരും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നയിക്കുന്നതാണ്. മൂന്ന് പതിറ്റാണ്ടിനിടെ മാറിമാറി വന്ന സര്‍ക്കാരുകളും പഞ്ചായത്ത് ഭരണസമിതികളും ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കാപ്പിത്തോടിന്റെ ഒഴുക്ക് ഇല്ലാതാക്കുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും വേണ്ടത്ര മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളില്ലാത്ത ചെമ്മീന്‍ സംസ്‌കരണ ശാലകള്‍ പൂട്ടിക്കാനും ആറ് തവണ ജില്ലാ ഭരണകൂടം തീരുമാനമെടുത്തതാണ്. എന്നാല്‍ ഇതും നടപ്പായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

'മന്ത്രി ജി.സുധാകരന്റെ മണ്ഡലത്തിലാണ് കാപ്പിത്തോട്. യു.ഡി.എഫ്. ഭരണം വരുമ്പോള്‍ കാപ്പിത്തോടിന്റെ വിഷയം ഉന്നയിക്കുന്ന അദ്ദേഹം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. അദ്ദേഹം പല തവണ ഇവിടെ എം.എല്‍.എ ആയിട്ടുണ്ട്. പക്ഷെ ഈ വിഷയം പഠിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെയോ, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം പ്രശ്‌നമല്ല ഇത്. ജില്ലാ പഞ്ചായത്തിലും, പഞ്ചായത്തുകളിലുമുള്‍പ്പെടെ മാറി മാറി ഭരണം നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഈ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഓരോ തവണയും തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇനി കാപ്പിത്തോട് വിഷയം പരിഹരിച്ചിട്ട് തന്നെ കാര്യം എന്നു പറഞ്ഞുകൊണ്ടാണ് ഞങ്ങളുടെ അടുത്ത് എല്ലാവരും വരുന്നത്. പക്ഷെ അതിന് ശ്രമിക്കുന്നതിന് പകരം പരസ്പരം ചെളിവാരിയെറിഞ്ഞ് കാര്യം നടത്തുകയാണ് എല്ലാവരും. ഈ പ്രദേശത്തുള്ളവര്‍ക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വാസം നശിച്ചിരിക്കുകയാണ്.

ഇവിടെയുള്ള ചെമ്മീന്‍ സംസ്‌കരണ ശാലകളെല്ലാം ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും അറിയാം. ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ചട്ടങ്ങള്‍ പാലിക്കാതെ നടത്തുന്ന ശാലകള്‍ ഒഴിപ്പിക്കണമെന്ന് പല തവണ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ പീലിങ് ഷെഡ്ഡ് മുതലാളിമാരെ എല്ലാവര്‍ക്കും ഭയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ കൊണ്ടാണ് ഒഴിപ്പിക്കല്‍ നടക്കാതെ പോവുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ മുതലാളിമാര്‍ ഒരു കുറവും വരുത്താറില്ല എന്നതാണ് സത്യം. ന്യൂനപക്ഷ വോട്ടുകള്‍ തിരിയുമെന്ന ഭയവും രാഷ്ട്രീയക്കാര്‍ക്കുണ്ട്.' കക്കാഴം സ്വദേശിയായ നസറുദ്ദീന്‍ പറഞ്ഞു.

തോടിന് അരികില്‍ പ്രവര്‍ത്തിക്കുന്ന കക്കാഴം ഗവ. ഹൈസ്‌കൂളിലേയും യു.പി. സ്‌കൂളിലേയും വിദ്യാര്‍ഥികളാണ് കാപ്പിത്തോടിന്റെ യഥാര്‍ഥ ഇരകള്‍. 'ഒരു കുട്ടിയെ എങ്കിലും തലചുറ്റലോ ഛര്‍ദ്ദിയോ ആയി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാത്ത ഒരു ആഴ്ച പോലും 15 വര്‍ഷത്തെ എന്റെ സര്‍വീസില്‍ കടന്നു പോയിട്ടില്ല. കുട്ടികള്‍ പലരും ഭക്ഷണം കഴിക്കാറ് തന്നെയില്ല. മൂക്കുപൊത്തിയാണ് ഞങ്ങള്‍ ക്ലാസ്സുകളെടുക്കുന്നത്. വേനല്‍ക്കാലമടുക്കുന്തോറും സ്ഥിതി കൂടുതല്‍ വഷളാവും. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ യു.പി. സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് കാപ്പിത്തോട്ടിലെ മാലിന്യം നീക്കി തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി ദേശീയപാത ഉപരോധിച്ചിരുന്നു. അന്ന് ആ ഉപരോധത്തില്‍ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി റോഡില്‍ പെട്ടു. കാര്യമന്വേഷിച്ച് അദ്ദേഹം കുട്ടികളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെമ്മീന്‍ സംസ്‌കരണ ശാലകള്‍ അടച്ചുപൂട്ടി കാപ്പിത്തോടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പക്ഷെ ഇത്രയും കാലമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനുള്ള അവകാശം കൂടിയാണ് നഷ്ടപ്പെടുന്നതെന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കണം.' കക്കാഴം ഗവ. യു.പി.സ്‌കൂളിലെ അധ്യാപികയുടെ പ്രതികരണം.

ആയിരത്തിലധികം കുടുംബങ്ങളാണ് തോടിന്റെ കരകളില്‍ താമസിക്കുന്നത്. 'തോടിന്റെ കാര്യം പറഞ്ഞ് ഇവിടെ വിവാഹങ്ങള്‍ മുടങ്ങിപ്പോവുന്നത് പതിവാണ്. ഇനി വിവാഹം നടത്തണമെങ്കില്‍ വീടിന് മുന്നിലുള്ള് തോടിന്റെ ഭാഗങ്ങളില്‍ മണ്ണെണ്ണയും മറ്റും ഒഴിച്ച് ദുര്‍ഗന്ധം മാറ്റിയാണ് വിവാഹസല്‍ക്കാരങ്ങള്‍ പോലും നടത്തുന്നത്. കക്കാഴം, വളഞ്ഞവഴി പ്രദേശങ്ങളിലെ ആയിരത്തിലധികം സ്ത്രീകളാണ് തോടിനോട് കെട്ടിയുണ്ടാക്കിയ ചെമ്മീന്‍ സംസ്‌കരണ ശാലകലില്‍ ജോലി നോക്കുന്നത്. മാലിന്യ നിര്‍മാര്‍ജന സംവിധാനം ഒരുക്കണമെന്ന താക്കീത് നല്‍കുമ്പോള്‍ സംസ്‌കരണ ശാലകള്‍ അടച്ചുപൂട്ടുമെന്ന് തിരികെ ഭീഷണിപ്പെടുത്തിയാണ് മുതലാളിമാര്‍ വിജയം നേടുന്നത്. കുടിക്കാന്‍ ശുദ്ധമായ വെള്ളം കിട്ടിയിട്ട് വര്‍ഷങ്ങളായി. ചെമ്മീന്‍ സംസ്‌കരണ ശാലകളില്‍ നിന്ന് ഒഴുക്കുന്ന മാലിന്യത്തിലെ രാസപദാര്‍ഥങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുന്ന വിഷവസ്തുക്കളാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായിരുന്ന ഡോ. എസ്. ഗോപാലകൃഷ്ണനും, ഡോ. ഷിബു ജയരാജും മുമ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടതുകൂടിയില്ല.' വളഞ്ഞവഴി സ്വദേശി സുഗുണേശന്‍ പറയുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories