TopTop
Begin typing your search above and press return to search.

കെ.സി വേണുഗോപാലിനെ അട്ടിമറിക്കാന്‍ ആരിഫിന് കഴിയുമോ? ആലപ്പുഴ എല്ലാവര്‍ക്കും നിര്‍ണായകം; ഇതാണ് സാധ്യതകള്‍

കെ.സി വേണുഗോപാലിനെ അട്ടിമറിക്കാന്‍ ആരിഫിന് കഴിയുമോ? ആലപ്പുഴ എല്ലാവര്‍ക്കും നിര്‍ണായകം; ഇതാണ് സാധ്യതകള്‍

ഇടതുപക്ഷത്തിന്റെ കോട്ട, വിപ്ലവച്ചൂരുള്ള മണ്ണ് എന്നെല്ലാം അറിയപ്പെടുന്ന എന്നാല്‍ ഇടതു, വലതുമുന്നണികളെ ഒരു പോലെ തള്ളുകയും കൊള്ളുകയും ചെയ്തിട്ടുള്ള മണ്ഡലമാണ് ആലപ്പുഴ. പ്രമുഖരുടെ കാലിടറിയിട്ടുള്ള ആലപ്പുഴയില്‍ രാഷ്ട്രീയ കാലാവസ്ഥയ്‌ക്കൊപ്പം സാമുദായിക ധ്രുവീകരണവും വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകാറുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോട്ട പൊളിഞ്ഞ് വീഴുന്നതും തിരികെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തി തെളിയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഈ മണ്ഡലത്തിലെ കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് ചിത്രം. ജാതി സമവാക്യങ്ങളും, ന്യൂനപക്ഷ സമുദായ വോട്ടുകളും, തീരദേശ ജനങ്ങളുമെല്ലാം ആലപ്പുഴയുടെ തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിക്കുമ്പോള്‍ ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തന്നെയാണ് മണ്ഡലത്തിലെ വിജയം തീരുമാനിക്കുക.

ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയസഭാ മണ്ഡലങ്ങളില്‍ നിന്നായുള്ള 12,61,739 വോട്ടര്‍മാരാണ് നിലവില്‍ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇതില്‍ ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമായിരുന്നപ്പോഴും 19,271 വോട്ടുകള്‍ക്കാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സി ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാല്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകാതിരുന്നിട്ടും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളിലും വിജയം നിലനിര്‍ത്തിയ ഇടതുപക്ഷം ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ഭൂരിപക്ഷം 94,9963 വോട്ടായി ഉയര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ഏക നിയമസഭാ മണ്ഡലമായിരുന്നു കായംകുളം. എന്നാല്‍ അന്നത്തെ പരാജയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു എന്നും ഇടതുപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല എന്നതും തിരിച്ചടിക്ക് കാരണമായി ഇടതുപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടുകയെന്നത് ഇടതുപക്ഷ മുന്നണിക്ക് മുന്നിലുള്ള കടുത്ത വെല്ലുവിളി തന്നെയാണ്.

സ്ഥാനാര്‍ഥി സാധ്യാതാ ലിസ്റ്റില്‍ ഇവരൊക്കെ

ഡല്‍ഹി രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേടിയ ഞെട്ടിക്കുന്ന വളര്‍ച്ചയുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമതുള്ള കെ.സി വേണുഗോപാല്‍ ഈ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സജീവമാകുന്നത്. കര്‍ണാടക, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ വക്താവായി നിന്ന് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ.സി വേണുഗോപാല്‍ അവിടെ നേടിയ കോണ്‍ഗ്രസിന്റെ വിജയത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാവാനുള്ള പ്രഥമപട്ടികയില്‍ തന്നെ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാധ്യത വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടി കെ.സിയെ വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷ തന്നെയാണ് നിലവില്‍ യുഡിഎഫ് കേന്ദ്രത്തിലുള്ളത്. ഇതേസമയം തന്നെ ജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ ആലപ്പുഴയില്‍ കണ്ടെത്തി, രാജ്യസഭയിലൂടെ കെസിയെ കേന്ദ്രത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനകളുണ്ട്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി അവരോധിക്കപ്പെട്ടതോടെ പൊതുതിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടി വന്നാല്‍ വി.എം സുധീരനെ ആലപ്പുഴയില്‍ വീണ്ടുമെത്തിച്ച് സീറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങളിലുള്ളത്. എന്നാല്‍ അത്തരത്തിലുള്ള ചര്‍ച്ചയൊന്നും ഉയര്‍ന്നിട്ടില്ലെന്നും കെ.സി തന്നെയാവും സ്ഥാനാര്‍ഥി എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെസി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനാര്‍ഥിയാവണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ താത്പര്യം എന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഡിസിസി പ്രസിഡന്റ് എം. ലിജു പറയുന്നത്: "കെ.സി തന്നെ ഇത്തവണയും ആലപ്പുഴയില്‍ മത്സരിക്കും എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന വിവരം. സംഘടനാ ചുമതല ലഭിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ വിജയസാധ്യതയും കൂടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആലപ്പുഴയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറില്ല. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം തന്നെയാവും അതില്‍ പ്രധാനമായ സംഗതിയായി വരിക. ഞങ്ങള്‍ ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കാണുന്നില്ലെങ്കിലും ആ വിഷയം ആത്യന്തികമായി യുഡിഎഫിന് ഗുണം ചെയ്യും. പിണറായി വിജയനോടുള്ള എതിര്‍പ്പ് യുഡിഎഫിന് വോട്ടായി ലഭിക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ ഹീനമായ വ്യക്തിഹത്യയുണ്ടായിട്ടു കൂടി കെസി വേണുഗോപാല്‍ അതിനെ അതിജീവിച്ച് ജയിച്ചു. ഇത്തവണ അതിലും വലിയ വിജയം നേടാനാവുമെന്നാണ് പ്രതീക്ഷ."

തുടര്‍ച്ചയായി മൂന്ന് തവണ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ള കെ.സി പിന്നീട് രണ്ട് തവണ ലോക്‌സഭയിലും വിജയിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ്ജ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള കെ.സി സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായതോടെ കടുത്ത മത്സരം തന്നെയാണ് കഴിഞ്ഞ തവണ നേരിട്ടത്. കെ.എസ് മനോജിനെതിരെ അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടി വിജയിച്ച് കെ.സി കേന്ദ്രമന്ത്രി പദത്തിലെ തിളക്കത്തോടെ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടുകളുടെ കുറവുണ്ടാവാന്‍ സോളാര്‍ വിവാദം പ്രധാന കാരണമായതായാണ് വിലയിരുത്തപ്പെട്ടത്. ദേശീയ രാഷ്ട്രീയത്തില്‍ കെസിക്ക് വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പ്രതിഫലനം മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സമദൂരത്തില്‍ നിന്ന് എന്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യതിചലിക്കപ്പെട്ട കേരളത്തിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ എന്‍എസ്എസ് വോട്ടുകള്‍ ഇടതുപക്ഷത്തിന് പ്രതികൂലമാവാനുള്ള സാധ്യത കൂടി പരിഗണിച്ചാവും ആലപ്പുഴയിലും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ഒപ്പം നിന്നിരുന്നത് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്. ഇതിനെ മറികടക്കുക എന്നതും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ സജീവമായി പ്രതിപാദിക്കപ്പെടുന്നു. എല്‍ഡിഎഫ് പട്ടികയില്‍ അരൂര്‍ എംഎല്‍എയായ എ എം ആരിഫ്, പിബി അംഗം എംഎ ബേബി, സിഎസ് സുജാത, ചലച്ചിത്ര പിന്നണിഗായികയും ജില്ലാ പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷയുമായ ദലീമ ജോജോ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.

സംസ്ഥാനത്ത് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്താണ് എ എം ആരിഫിന്റെ പേരുള്ളത്. ആരിഫ് സ്ഥാനാര്‍ഥിയാവാനുള്ള സാധ്യത ഏറെയെന്ന സൂചനയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണത്തില്‍ നിന്ന് ലഭിക്കുന്നത്. ആര്‍ നാസറിന്റെ പ്രതികരണം ഇങ്ങനെ: "ആലപ്പുഴയില്‍ വിജയിക്കാനുള്ള സാധ്യതകളുണ്ട്. അത് മുന്നില്‍ കണ്ടുകൊണ്ടുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയം ഉറപ്പിക്കാനാവും എല്‍ഡിഎഫ് ശ്രമിക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് ഞങ്ങള്‍ക്ക് തിരിച്ചടിയുണ്ടായത്. ഹരിപ്പാടും ചേര്‍ത്തലയും. സംഘടനാ ദൗര്‍ബല്യം ആയിരുന്നു വിഷയം. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ഇവിടങ്ങളില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്. ആ പോരായ്മ പരിഹരിക്കുന്നതിലൂടെ വന്‍ വിജയം നേടാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വോട്ടര്‍മാര്‍ മാറിപ്പോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിന്നോക്ക, പട്ടികജാതി വിഭാഗങ്ങള്‍ ഞങ്ങളില്‍ നിന്ന് വിട്ടുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ ക്രിസ്ത്യന്‍-മുസ്ലീം സമുദായ വോട്ടുകള്‍ നേടാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് തീരുമാനം. അതോടെ വിജയം ഉറപ്പാക്കാം."

ഇതേ സമവാക്യം തന്നെയാണ് ദലീമ ജോജോയ്ക്കും അനുകൂലമായുള്ളത്. സി എസ് സുജാതയുടേയും എം എ ബേബിയുടേയും പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത കുറവാണ് കല്‍പ്പിക്കപ്പെടുന്നത്. ഇതിനിടെ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെ നിര്‍ത്തിയുള്ള പരീക്ഷണവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അത്തരമൊരു നീക്കം അപകടകരമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഫെബ്രുവരി രണ്ടിന് നടക്കുന്ന സിപിഎം ജില്ലാ കമ്മറ്റി യോഗത്തിലാവും സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചയുണ്ടാവുക. ജില്ലാ കമ്മിറ്റി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.

ആലപ്പുഴ മണ്ഡലം ബിഡിജെഎസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവുന്നില്ലെങ്കില്‍ ആലപ്പുഴയില്‍ ബിജെപി തന്നെ മത്സരിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് ഇന്നലെ തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നത്. ജില്ലാ അധ്യക്ഷന്‍ കെ.സോമന്റെ പേരാണ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഒന്നാമതായുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൃഷ്ണകുമാര്‍ മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലമെന്ന നിലയില്‍ പുറത്ത് നിന്ന് പ്രബലരായ ഏതെങ്കിലും സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന അഭിപ്രായവും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.

പ്രഗത്ഭരെ പോലും വീഴ്ത്തുന്ന സമുദായ ധ്രുവീകരണം

കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഭൂമിശാസ്ത്രപരമായും സാമുദായികമായും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സാമുദായിക ധ്രുവീകരണത്തിലൂടെ ഏത് പ്രഗത്ഭരേയും അടിതെറ്റിക്കുന്ന വോട്ടര്‍മാരാണ് ആലപ്പുഴയിലേതെന്നത് എടുത്തുപറയേണ്ടതാണ്. സിഐടിയുവിന്റെ പ്രമുഖ നേതാവായിരുന്ന ഇ ബാലാനന്ദനെ പരാജയപ്പടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ തൃശൂരില്‍ നിന്നെത്തിയ യുവനേതാവായ വിഎം സുധീരന്‍ 1977ല്‍ ആലപ്പുഴയില്‍ കാലുറപ്പിച്ചത്. എണ്‍പതില്‍ സുശീല ഗോപാലനിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന 84-ലെ തിരഞ്ഞെടുപ്പില്‍ സുശീല ഗോപാലനെ തോല്‍പ്പിച്ച് വക്കം പുരുഷോത്തമന്‍ വീ്ണ്ടും ആലപ്പുഴയെ യുഡിഎഫിന്റെ വരുതിയിലാക്കി. ഏഴ് വര്‍ഷത്തിന് ശേഷം നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ യുനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ രംഗത്തിറക്കിക്കൊണ്ട് ഇടതുമുന്നണി അട്ടിമറി വിജയത്തിലൂടെ വീണ്ടും ആലപ്പുഴയില്‍ ചെങ്കൊടി പാറിച്ചു. അന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന വക്കം പുരുഷോത്തമനാണ് ആഞ്ചലോസിനോട് തോറ്റത്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പായിരുന്നിട്ടുകൂടി വലതുമുന്നണി ഉറപ്പിച്ചിരുന്ന വക്കം പുരുഷോത്തമന്റെ വിജയം തട്ടിത്തെറിപ്പിക്കാന്‍, സാമുദായിക ധ്രുവീകരണമാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തിനിടയില്‍ അന്ന് ആഞ്ചലോസിന് സൃഷ്ടിക്കാനായത്. തുടര്‍ന്ന് ആലപ്പുഴയില്‍ തട്ടകം ഉറപ്പിച്ച വിഎം സുധീരന്‍ ആഞ്ചലോസിനേയും ഇടതുപക്ഷത്തിന്റെ യുവ വനിതാ സ്ഥാനാര്‍ഥിയായിരുന്ന സി എസ് സുജാതയേയും ചലച്ചിത്ര താരമായിരുന്ന മുരളിയേയും പരാജയപ്പെടുത്തി തുടര്‍ച്ചയായി വിജയം കൊയ്തു. എന്നാല്‍ 2004ലെ തിരഞ്ഞെടുപ്പില്‍ സുധീരനെ നിലംപറ്റിച്ചതും മണ്ഡലത്തില്‍ തീര്‍ത്തും അപരിചിതനായിരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നെത്തിയ ഡോ. കെ എസ് മനോജ് ആയിരുന്നു. 91-ല്‍ ആഞ്ചലോസിന് വിജയം സമ്മാനിച്ചതിന് സമാനമായ സമുദായ ധ്രുവീകരണവും യുഡിഎഫ് മുന്നണിയിലെ പടലപ്പിണക്കങ്ങളും അപരസ്ഥാനാര്‍ഥിയുടെ രംഗപ്രവേശവുമെല്ലാം സുധീരന്റെ പരാജയത്തില്‍ നിര്‍ണായകമായിരുന്നു.

ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ പ്രബല മുന്നണിയില്‍ നിന്ന് ഒരു മുസ്ലീം സമുദായാംഗത്തെ സ്ഥാനാര്‍ഥിയാക്കി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യമാവാം ഇടതുമുന്നണി മുന്നോട്ട് വയ്ക്കുക.


Next Story

Related Stories