UPDATES

അലിന്‍ഡ് പ്രതിസന്ധി: സൊമാനി ഗ്രൂപ്പിന്റെ കണ്ണ് കോടികളുടെ സ്വത്തിലെന്ന് ആരോപണം; സര്‍ക്കാര്‍ കബളിപ്പിക്കപ്പെട്ടോ?

സൊമാനി ഗ്രൂപ്പ്, കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍, അലിന്‍ഡ് സൊമാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചത്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഏറെ കൊട്ടിഘോഷിച്ച് കുണ്ടറയിലെ അലിന്‍ഡ് കമ്പനിയുടെ പുനഃപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടുപിന്നാലെ തന്നെ കമ്പനി സൊമാനി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരെ വിമര്‍ശനം ഉയരുകയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജിയിലേക്ക് പോലും നയിച്ചേക്കാവുന്ന വിധത്തില്‍ വിവാദമാകുകയും ചെയ്തിരിക്കുകയാണ്.

1946 ജനുവരി രണ്ടിനാണ് അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) കുണ്ടറയില്‍ ആരംഭിക്കുന്നത്. മദ്രാസിലെ ശേഷസായീ ബ്രദേഴ്‌സ് ഗ്രൂപ്പ്, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ അല്‍കാന്‍ കമ്പനികളും അലുമിനിയം ഡെവലപ്പ്‌മെന്റ് ലബോറട്ടറി യുകെ എന്നിവയുമായി സഹകരിച്ച് കണ്ടക്ടറുകള്‍, കേബിളുകള്‍, സ്വിച്ച് ഗിയറുകള്‍, സെമി കണ്ടക്ടറുകള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിച്ചുവന്നത്. സംസ്ഥാന വൈദ്യുത ബോര്‍ഡ്, ഐഎസ്ആര്‍ഒ, ഇന്ത്യന്‍ റെയില്‍വേ എന്നിവര്‍ക്ക് യന്ത്രങ്ങളും കേബിളുകളും വിതരണം ചെയ്തിരുന്നത് ഒരു കാലത്ത് അലിന്‍ഡ് കമ്പനിയായിരുന്നു. 1997 മുതല്‍ ഈ കമ്പനി പ്രവര്‍ത്തനരഹിതമാണ്.

സാമ്പത്തികദുര്‍വ്യയവും അമിതമായ ചെലവും ധൂര്‍ത്തും അതിനോടൊപ്പം തൊണ്ണൂറുകളില്‍ ഇലക്ട്രിക്കല്‍ രംഗത്തുണ്ടായ പ്രതിസന്ധിയുമാണ് അലിന്‍ഡിന്റെ പൂട്ടിപ്പോകലിന് കാരണമായതെന്ന് മാന്നാര്‍ അലിന്‍ഡ് സിഐടിയു പ്രസിഡന്റും ചെങ്ങന്നൂര്‍ എംഎല്‍എയുമായ അഡ്വ കെ കെ രാമചന്ദ്രന്‍ നായര്‍ പറയുന്നു. തൊണ്ണൂറുകളില്‍ മാത്രമാണ് ഈ പ്രതിസന്ധിയുണ്ടായിരുന്നത്. ബാങ്കിന്റെ കണ്‍സോര്‍ഷ്യമാണ് ഈ കമ്പനി നടത്തിക്കൊണ്ട് പോയിരുന്നത്. പ്രതിസന്ധി വന്നപ്പോള്‍ സ്വിച്ച് ഇന്‍ഡസ്ട്രിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റികണ്‍സ്ട്രക്ഷന് (ബിഐഎഫ്ആര്‍) അപേക്ഷ നല്‍കി. അങ്ങനെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് രാമചന്ദ്രന്‍ നായര്‍ പറയുന്നു. കമ്പനിയുടെ പുനരുദ്ധാരണത്തിനായി സൊമാനി ഗ്രൂപ്പിനെ സ്ഥാപനത്തിന്റെ പ്രമോട്ടറായി നിശ്ചയിക്കുന്നത് ഈ ഘട്ടത്തിലാണ്. നാല് കൊല്ലത്തോളം ഇവര്‍ക്കായിരുന്നു കമ്പനിയുടെ നടത്തിപ്പ്.

ബിലിമോറി ആന്‍ഡ് കമ്പനി എന്ന ഓഡിറ്റ് സ്ഥാപനം ഇവര്‍ നടത്തിയ ചില അഴിമതികള്‍ കണ്ടെത്തിയതും അതനുസരിച്ച് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതും ഈ ഘട്ടത്തിലാണ്. അതിനായി ബാങ്കുകള്‍ മുന്നോട്ട് വന്നതോടെ 1997ല്‍ തങ്ങള്‍ക്ക് കമ്പനി വേണ്ടെന്ന് പ്രഖ്യാപിച്ച് സൊമാനി ഗ്രൂപ്പ് കമ്പനി ഉപേക്ഷിച്ച് പോകുകയായിരുന്നു. ബിഐഎഫ്ആറിന്റെ അനുമതിയോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിപക്ഷം അംഗങ്ങളും രാജിവച്ചാണ് ഇവര്‍ കമ്പനി ഉപേക്ഷിച്ച് പോയത്. ഭൂമിക്ക് വളരെ തുച്ഛമായ വിലയുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാല്‍ 2002ന് ശേഷം കേരളത്തിലും ഭൂമിയുടെ വില ഉയര്‍ന്നു. ഇതോടെയാണ് കമ്പനിയുടെ അവകാശമുന്നയിച്ച് സൊമാനി വീണ്ടുമെത്തിയതെന്ന് രാമചന്ദ്രന്‍ നായര്‍ പറയുന്നു. അതോടെ അലിന്‍ഡ് കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതായി. ഈ സാഹചര്യത്തില്‍ മാന്നാര്‍ അലിന്‍ഡിന്റെ മാനേജര്‍ ആയിരുന്ന കെ എസ് നായരും കുറെ തൊഴിലാളികളും ചേര്‍ന്ന് കമ്പനി നടത്തിക്കൊണ്ട് പോവുകയായിരുന്നു.

2006ല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തുടരാനും മറ്റുള്ളവ അടച്ചുപൂട്ടാനും ബിഐഎഫ്ആറിന്റെ ഉത്തരവ് വന്നു. ഈ ഉത്തരവിന്റെ നടപടികള്‍ പോയ സമയത്ത് ആന്ധ്രയിലെ നൂറ് ഏക്കര്‍ ഭൂമിക്ക് കോടികളുടെ വിലയായി. അതോടെ സൊമാനി ഗ്രൂപ്പ് വീണ്ടും രംഗത്തെത്തുകയും അലിന്‍ഡിന്റെ എല്ലാ കമ്പനികളും പുനരുദ്ധാരണം ചെയ്യുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ബിഐഎഫ്ആറിനെ സമീപിക്കുകയായിരുന്നുവെന്ന് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. 2006ല്‍ ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗപ്രവേശം ചെയ്തത് തന്നെ അലിന്‍ഡിന്റെ ഭൂമിയില്‍ കണ്ണുവച്ചാണ്. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനോട് തങ്ങള്‍ ഇവരുടെ കള്ളത്തരം ചൂണ്ടിക്കാട്ടിയെങ്കിലും ബിഐഎഫ്ആറിന്റെ ഉത്തരവുള്ളതിനാല്‍ അദ്ദേഹം നിസ്സഹായനായിരുന്നു.

‘സര്‍ക്കാരിന് 30 ശതമാനം ഓഹരി നല്‍കി കമ്പനി പുനരുദ്ധാരണം ചെയ്യാമെന്നായിരുന്നു സൊമാനി ഗ്രൂപ്പിന്റെ വാക്ക്. 2006 മുതല്‍ 2009 വരെയുള്ള മൂന്ന് വര്‍ഷത്തെ കാലത്തില്‍ വിഎസ് സര്‍ക്കാര്‍ കുണ്ടറയിലെ അലിന്‍ഡ് കമ്പനി തുറക്കുന്നത് സംബന്ധിച്ച് സൊമാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ ഇതില്‍ പങ്കെടുക്കുകയോ വാക്ക് പാലിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ല. ഇതോടെ ഇവര്‍ കമ്പനി തുറക്കില്ലെന്ന് മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടു. 2010ല്‍ കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഓഡിനന്‍സ് പുറപ്പെടുവിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ കേരളത്തിന് പുറത്തും കമ്പനിക്ക് ധാരാളം ആസ്തിയുണ്ടായിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഡിനന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഈ ഓഡിനന്‍സിന് അനുമതി നല്‍കുന്നത് തടയുകയാണ് സൊമാനി ഗ്രൂപ്പ് ചെയ്തത്‘ എന്നും രാമചന്ദ്രന്‍ നായര്‍ പറയുന്നു. ഒടുവില്‍ ഓഡിനന്‍സ് അല്ലാതെ ബില്ല് ആക്കി അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും മറുപടി വന്നപ്പോഴേക്കും കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആയി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരം നഷ്ടമാകുകയും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തതോടെ കമ്പനി ഏറ്റെടുക്കാനുള്ള നീക്കം സൊമാനി ഗ്രൂപ്പ് വീണ്ടും സജീവമാക്കിയതായും രാമചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്നും കമ്പനി സൊമാനി ഗ്രൂപ്പിന് തന്നെ നല്‍കാമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതോടെ ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തൊഴിലാളികളുടെ ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ലെന്നും വിഎസ് അന്ന് ആരോപിച്ചിരുന്നു. സൊമാനി ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി തുറക്കാനല്ലെന്നുമാണ് വിഎസും ഉന്നയിച്ചത്. അന്നത്തെ സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍ അനുസരിച്ച് ആന്ധ്രയിലെ 100 ഏക്കര്‍ ഭൂമിയ്ക്ക് മാത്രം 3500 കോടി രൂപയാണ് വിലമതിക്കുന്നത്. ഹൈദ്രാബാദ് കേന്ദ്രസര്‍വകലാശാല, ഹൈടെക് സിറ്റി എന്നിവയുടെ അടുത്താണ് ഈ സ്ഥലമുള്ളത്. ഇന്ന് അതിന് 5000 കോടി രൂപയിലേറെ വില വരും. എന്നാല്‍ സൊമാനി ഗ്രൂപ്പിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെല്ലാം ഈ ഭൂമിയ്ക്ക് 15 കോടി രൂപ മാത്രമാണ് വിലയെന്നും രാമചന്ദ്രന്‍ നായര്‍ പറയുന്നു. അലിന്‍ഡിന്റെ ആസ്തി കൃത്യമായി കണക്കാക്കിയിട്ടില്ല. അതുവേണമെന്നും കുണ്ടറയില്‍ സ്ഥിതിചെയ്യുന്ന അലിന്‍ഡിന്റെ പ്രധാന ഫാക്ടറി പുനരുദ്ധാരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കിയത് അതിനാലാണ്. ഇവര്‍ കോടതിയിലും സെന്‍ട്രല്‍ വിജിലന്‍സിനും സിബിഐയ്ക്കും പരാതി കൊടുത്തതിനാല്‍ സൊമാനി ഗ്രൂപ്പോ കഴിഞ്ഞ സര്‍ക്കാരോ കമ്പനിക്കായി സജീവമായി മുന്നോട്ട് വന്നില്ല. ഇരുപത് വര്‍ഷം മുമ്പ് തങ്ങള്‍ക്ക് നടത്താനാകില്ലെന്ന് വ്യക്തമാക്കി ഉപേക്ഷിച്ച് പോയ കമ്പനി ഭൂമിയുടെ കുതിച്ചുയര്‍ന്ന വിലയില്‍ കണ്ണുനട്ട് ഇപ്പോള്‍ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് എന്നാണ് ആരോപണം.

മാന്നാര്‍ അലിന്‍ഡും തിരുവനന്തപുരം അലിന്‍ഡും പ്രവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ 17 വര്‍ഷമായി അടഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയാണ് കുണ്ടറയിലേത്. അത് തുറന്ന് പ്രവര്‍ത്തിക്കണമെന്നത് അവിടുത്തെ ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ്. മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള ആ കാലം അവര്‍ തിരുച്ചുവരാന്‍ ആഗ്രഹിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സ്ഥലം എംഎല്‍എയെന്ന നിലയില്‍ മേഴ്‌സിക്കുട്ടിയമ്മയും അത് തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടഞ്ഞു കിടക്കുന്ന ഫാക്ടറി തുറക്കണമെന്ന് ജനപ്രതിനിധി നിര്‍ദ്ദേശം വച്ചാല്‍ ഒരു സര്‍ക്കാരിനും അതിനെ എതിര്‍ക്കാനാകില്ല. കേസുകളുടെ കാര്യം ഇക്കുറിയും ഉയര്‍ന്നെങ്കിലും ശരിയായ രീതിയില്‍ തന്നെയാണ് ഇവര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ പതിനേഴ് കൊല്ലമായി അടഞ്ഞ് കിടക്കുന്ന ഫാക്ടറി തുറക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. പാട്ടക്കുടിശിക അടച്ചുതീര്‍ത്ത് നിയമാനുസൃതമായി പ്രവര്‍ത്തനം തുടങ്ങാനാണ് സര്‍ക്കാര്‍ അവരോട് പറഞ്ഞത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെയാണ് പഴയതുപോലെ കള്ളത്തരം കാണിച്ച് തന്നെയാണ് ഉദ്ഘാടനം നടത്തിയതെന്ന് വ്യക്തമായത്. സര്‍ക്കാര്‍ ഇന്നുവരെയും ഒരു ഇളവും അവര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന വ്യാജ പ്രചരണമാണ് സൊമാനി ഗ്രൂപ്പ് ഇവിടെ നടത്തുന്നത്. എന്നാല്‍ ഇത് തുറക്കാനല്ല സൊമാനി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ കാലങ്ങളിലെ അനുഭവത്തില്‍ നിന്നും തങ്ങള്‍ക്കറിയാമെന്നും രാമചന്ദ്രന്‍ നായര്‍ പറയുന്നു.

ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇനിയും ഈ കമ്പനി തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. തുരുമ്പെടുത്ത യന്ത്രങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. സൊമാനി ഗ്രൂപ്പ്, കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍, അലിന്‍ഡ് സൊമാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചത്. ആന്ധ്രയില്‍ നൂറ് ഏക്കര്‍, മാന്നാറില്‍ 47 ഏക്കര്‍, കുണ്ടറയില്‍ കമ്പനിയുടെ ആറ് ഏക്കര്‍ (ബാക്കി സര്‍ക്കാരിന്റെ അറുപതോളം ഏക്കറാണ്) തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം, എറണാകുളം രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് അടുത്ത് കുറച്ച് സ്ഥലം, മുംബൈയില്‍ നരിമാന്‍ പോയിന്റിലും ഹിരാക്കുണ്ടിലുമുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെയാണ് കമ്പനിയുടെ ആസ്തി. എന്നാല്‍ കമ്പനിയുടെ ബാലന്‍സ്ഷീറ്റ് അനുസരിച്ച് കോടികള്‍ ആസ്തിയുള്ള അലിന്‍ഡിന്റെ പ്രവര്‍ത്തനാനുമതി 16 ലക്ഷം രൂപയ്ക്ക് കമ്പനിക്ക് കൈമാറുകയായിരുന്നു. തുച്ഛമായ രൂപ മുടക്കി കോടികള്‍ കൈക്കലാക്കാനാണ് സൊമാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍