TopTop
Begin typing your search above and press return to search.

സിപിഐക്ക് പിന്നാലെ സിപിഎമ്മിന് നേര്‍ക്കും കൊടികുത്തല്‍ ഗുണ്ടായിസ ആരോപണം

സിപിഐക്ക് പിന്നാലെ സിപിഎമ്മിന് നേര്‍ക്കും കൊടികുത്തല്‍ ഗുണ്ടായിസ ആരോപണം
സിപിഐക്ക് പിന്നാലെ കൊടികുത്തല്‍ വിവാദം സിപിഎമ്മിലും. പുനലൂരില്‍ വര്‍ക് ഷോപ്പിനു മുന്നില്‍ സിപിഐ കൊടികുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ എന്നയാള്‍ ആത്മഹത്യ ചെയതതിന്റെ വിവാദം കെട്ടടങ്ങുന്നതിനുള്ളിലാണ് അടുത്ത വിവാദവും ഉയര്‍ന്നിരിക്കുന്നത്. കൊടിക്കുത്തുന്നത് ഏതു പാര്‍ട്ടിയാണെങ്കിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് കൊല്ലം നിലമേല്‍ പഞ്ചായത്തിലെ മുരുക്കുമണ്‍ ജംഗ്ഷനിലെ പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ എന്നയാളുടെ വര്‍ക് ഷോപ്പ് കെട്ടിടത്തിനുമുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികുത്തിയിരിക്കുന്നത്. വയല്‍ നികത്തിയതിനാലാണ് കൊടികുത്തിയതെന്നാണ് ലോക്കല്‍ സെക്രട്ടറിയുടെ വാദം. എന്നാല്‍ വര്‍ക് ഷോപ്പിലേക്കുള്ള സാധനസാമഗ്രഹികള്‍ എത്തിക്കുന്നതുമായുള്ള ചുമട്ടുകൂലി പ്രശ്‌നങ്ങളാണ് ഇത്തരത്തിലേക്ക് വഴിവച്ചതെന്ന് വാര്‍ഡ്‌മെമ്പറും മറ്റും അഭിപ്രായപ്പെടുന്നു.

നിലമേല്‍ എം.സി ജംഗ്ഷനിലാണ് പാര്‍ത്ഥന്‍ ഉണ്ണിത്താന്റെ വര്‍ക് ഷോപ്പ്. പത്തുവര്‍ഷത്തിലേറെയായി അവിടെ ഉണ്ടായിരുന്ന കുടുംബം വക കട റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചിരുന്നു. ശേഷമാണ് 55 വയസുകൊണ്ട് സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ വര്‍ക് ഷോപ്പ് തുടങ്ങുന്നത്. എന്നാല്‍ കടയുടെ പണി പൂര്‍ത്തിയാക്കാനോ, കട തുറക്കാനോ അനുവദിക്കതെയാണ് സിപിഎംകാര്‍ കടയ്ക്കുമുന്നില്‍ കൊടിനാട്ടിയിരിക്കുന്നത് എന്നാണ് ആരോപണം. സ്വന്തം സ്ഥലത്ത് പണിത കടയ്ക്ക് മുന്നിലെ പാര്‍ട്ടി കൊടി എടുക്കണമെന്ന ആവശ്യവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ തോറും കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് ഉണ്ണിത്താന്‍ പറയുന്നു. ആയൂരില്‍ സ്വന്തമായി വര്‍ക് ഷോപ്പ് നടത്തിയിരുന്ന പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ പ്രാരാബ്ദം മൂലമാണ് കട വിറ്റ്, സ്വന്തം നാടായ മുരുക്കുമണ്‍ എം.സി ജംഗ്ഷനില്‍ പുതിയ വര്‍ക് ഷോപ്പ് തുടങ്ങുന്നത്. വര്‍ക് ഷോപ്പിലേക്ക് സാധനസാമഗ്രഹികള്‍ കൊണ്ടുവന്നതിന്റെ ഭാഗമായി അന്യായമായ ചുമട്ടുകൂലി ആവശ്യപ്പെട്ട് സ്ഥലത്തെ നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. അതേ തുടര്‍ന്നാണ് കടയ്ക്കുമുന്നില്‍ കൊടി വച്ചതെന്നാണ് ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നത്.

"വല്ലത്ത ധര്‍മ്മസങ്കടത്തിലാണിപ്പോഴുള്ളത്. കൊടികുത്താന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്, അതുകാരണം കഷ്ടപ്പെടുന്നവനെ ആര്‍ക്കും അറിയേണ്ടതില്ലല്ലോ. ഇത്രയും കാലംകൊണ്ട് സമ്പാദിച്ചതുകൊണ്ടാണ് കട തുടങ്ങിയത്, അത് തുറക്കാന്‍ സമ്മതിക്കാതെ മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യുന്നത് ഗുണ്ടായിസം തന്നെയാണെന്നതില്‍ സംശയമില്ല. നമ്മുടെ നാട്ടിലുള്ളവരൊക്കെ തന്നെയാണ് ഇങ്ങനെ ചെയ്യുന്നതെന്നോര്‍ക്കണം. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞത് ലോക്കല്‍ സെക്രട്ടറിക്ക് ഒന്നും അറിയില്ലെന്നാണ്. അദ്ദേഹം അന്വേഷിച്ച് അടുത്ത ദിവസംതന്നെ കൊടി മാറ്റാനുള്ള നീക്കം നടത്താം എന്നും പറഞ്ഞു. പക്ഷെ രസം അതല്ല; ഇതേ വര്‍ത്താനം ലോക്കല്‍ സെക്രട്ടറി മൂന്നില്‍ കൂടുതല്‍ തവണ പറഞ്ഞെന്നതാണ്. ഓരോ തവണ പോകുമ്പോളും അദ്ദേഹം പറയും, നോക്കാം നോക്കാം എന്ന്. പക്ഷെ മൂന്നുമാസമായിട്ട് ഒരു നീക്കുപോക്കും ഇന്നേവരെ നടത്തിയിട്ടില്ല.


പഞ്ചായത്തില്‍ കടയ്ക്ക് നമ്പറിടാന്‍ പോയപ്പോള്‍ പറഞ്ഞത് കൊടി മാറ്റിയിട്ടു വരൂ... പുലിവാല് പിടിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ എന്നാണ്. വയല്‍നികത്തി എന്ന കാരണം പറഞ്ഞാണ് കൊടികുത്തിയിരിക്കുന്നത്. കാണുന്നവര്‍ക്കറിയാം ആ പ്രദേശത്ത് എന്റെ കട മാത്രമല്ല ഉള്ളത്, അപ്പുറത്തും ഇപ്പുറത്തുമായി ധാരാളം കടകളുണ്ട്. പക്ഷെ എന്റെ കടയ്ക്കുനേരെ മാത്രമാണ് അവരുടെ ഗുണ്ടായിസം. ഇതിന്റെ കാരണം എന്താണെന്നുവച്ചാല്‍ കട തുടങ്ങുന്നതിന് മുന്നോടിയായിട്ട് ധാരാളം സാധനം കടയിലേക്ക് എത്തിക്കേണ്ടതായിട്ടുണ്ടായിരുന്നു. കടയിലേക്ക് എന്തുസാധനം എത്തിച്ചാലും അന്യായമായ കൂലിയാണ് അവര്‍ ചോദിക്കാറുള്ളത്. പണമായും മദ്യമായും ഒത്തിരി അവരെന്റെ കയ്യീന്ന് വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ അവസാനം സാധനം വന്ന ഒരു ചാക്ക് എടുത്ത് വച്ചതിന് അവര് ചോദിച്ചത് 3000 രൂപയാണ്. അത് കൊടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞതാണ് പ്രശ്‌നം. നൂറുരൂപയുടെ പോലും പണി ഇല്ലാത്തതിന് 3000 രൂപ ചോദിച്ചാല്‍ എങ്ങനാണ് കൊടുക്കുക. അന്നവന്മാര്‍ പിടിച്ചുപറിച്ച് 2000 രൂപ വാങ്ങിക്കയും ചെയ്തു. പിറ്റേന്നു വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ വണ്ടിനിര്‍ത്തി പണിയാനുള്ള സ്ഥലം ശരിയാക്കാന്‍ മണ്ണ് കൊണ്ടുവന്നിട്ടപ്പോളാണ് കൊടി കൊണ്ടുവന്ന് കുത്തിയത്.


കടമുറി ഉണ്ടാക്കുമ്പോള്‍ ആരും പ്രശ്‌നവുമായി വന്നിട്ടില്ല. ഇപ്പോള്‍ ചുമട്ടുകാരുമായുള്ള പ്രശ്‌നം വന്നതിനാലാണ് അവരിത്തരത്തില്‍ ഇടപെടുന്നത്. പ്രതിപക്ഷനേതാവ് ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച്‌ കുറിപ്പ് ഇട്ടെന്നറിഞ്ഞിരുന്നു. പക്ഷെ അവരാരുംതന്നെ നേരിട്ട് വന്നിട്ട് ഒരു തീരുമാനമാക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാപാര്‍ട്ടിക്കാരും അവരവരുടെ കാര്യം നോക്കാനും, മറ്റുള്ള പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്താനും മാത്രമാണ് ഇത്തരത്തിലെ വാര്‍ത്തകള്‍ ഉപയോഗിക്കുന്നത്. അല്ലാതെ വേണമെന്ന് വച്ച് ആരും ഇടപെടുന്നില്ല എന്നുള്ളതാണ് സത്യം. പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. രാഷ്ട്രീയമായ കാര്യമായതുകൊണ്ട് പോലീസിനും ഒന്നും തന്നെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കൂടാതെ ഇവര് കൊടി ഇന്നുമാറ്റും, നാളെമാറ്റും എന്ന് സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്"
.

എന്നാല്‍ വയല്‍ഭൂമി നികത്തിയാണ് പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ കട പണിതതെന്നും, പുറകിലെ കുളവും നികത്തിയിട്ടുണ്ടെന്നുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രസന്നകുമാര്‍ പറയുന്നത്. ഉപദ്രവിക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശ്യമില്ലെന്നും പാര്‍ട്ടി കൊടി നാട്ടിയത് ന്യായമായ കാര്യത്തിനാണെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി കൊടി കുത്തരുതെന്ന് പറയുന്നതിന് മുമ്പേയുള്ള പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നത് അംഗീകരിക്കുന്നുവെങ്കിലും മൂന്നുമാസം മുന്നേയുള്ള പ്രശ്‌നമായതിനാല്‍ കമ്മിറ്റിക്കുള്ളില്‍ സംസാരിക്കണമെന്നുമാണ് ലോക്കല്‍ സെക്രട്ടറിയുടെ നിലപാട്.

"പ്രദേശികമായിട്ടുള്ള ആളുകളാണ് കൊടി കുത്തിയിരിക്കുന്നത്. പത്തുദിവസം മുമ്പും പുള്ളിക്കാരന്‍ എന്റടുത്തുവന്ന് കാര്യം പറഞ്ഞിരുന്നു. ശരിയാക്കാം എന്നുപറഞ്ഞാണ് ഞാനദ്ദേഹത്തെ പറഞ്ഞുവിട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് മറ്റു പാര്‍ട്ടിക്കാരുടെ കൂടെക്കൂടി അവസരം മുതലാക്കുകയാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതിപ്പെട്ടിട്ടുണ്ട്. മുന്‍പും ഇത്തരത്തില്‍ പ്രദേശത്ത് നടന്ന സമയത്ത് പാര്‍ട്ടി ഇടപെട്ട് നികത്തിയ സ്ഥലത്തെ മണ്ണ് തിരികെ കോരിച്ചിരുന്നു. അദ്ദേഹം കട നടത്തുന്നതില്‍ പാര്‍ട്ടിക്ക് യാതൊരുവിധ എതിരഭിപ്രായവും ഇല്ല. ആരെയും ഉപദ്രവിക്കണമെന്ന് വിചാരിക്കുന്നുമില്ല. സുഗതന്‍ എന്നയാളുടെ മരണത്തിന്റെ ഭാഗമായി ഇതൊരു വലിയ പ്രശ്‌നമാക്കുന്നു എന്നതിലുപരിയായി ഇതില്‍ മറ്റ് കാര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല. പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ എന്നുപറയുന്ന വ്യക്തി എന്റെ പക്കല്‍ കാര്യം ധരിപ്പിച്ച സമയത്ത് ഞാനിടപെട്ട് കാര്യത്തില്‍ ഓത്തുതീര്‍പ്പുണ്ടാക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ആസമയത്താണ് ഭാര്യയുമായി തിരുവനന്തപുരം ആശുപത്രിയിലാകുന്നത്. അതാണ് ഇത്രയും വൈകാന്‍ കാരണമായത്. ആളുകള്‍ നികത്തുന്ന ഭൂമി കാലങ്ങളായി വെറുതെ കിടക്കുന്ന ഭൂമി തന്നെയാണ്. പക്ഷെ ഇന്നത്തെ കാലത്ത് വെറുതെ കിടക്കുന്ന ഭൂമി ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി കൃഷി ചെയ്യാന്‍ തുടങ്ങുന്നുണ്ടല്ലോ. അത്തരത്തില്‍ വരുമ്പോള്‍ ഈ കാര്യം വലിയ പ്രശ്‌നം തന്നെയാണ്. ഇദ്ദേഹത്തിന്റെ കടയുടെ തൊട്ടുള്ള കടകള്‍ക്കും പഞ്ചായത്ത് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്നതാണ് സംശയം."


എന്നാല്‍ രാഷ്ട്രീയ വൈരാഗ്യവും ചുമട്ടുകൂലിയുടെ പ്രശ്‌നവും തന്നെയാണ് സിപിഎം ഇത്തരത്തില്‍ നിലപാടെടുക്കാന്‍ കാരണമെന്നു തന്നെയാണ് വാര്‍ഡ്‌മെമ്പര്‍ സുജിത്തിന്റെ അഭിപ്രായം. പഞ്ചായത്തില്‍ ഇത്തരത്തിലുള്ള അന്യായ നടപടികള്‍ തന്നെയാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്നും മെമ്പര്‍ കുറ്റപ്പെടുത്തി. "വയല്‍നികത്തിയ ഭൂമി തന്നെയാണ് കടയുടേത്, 2008നു മുന്‍പ് നികത്തിയ നിലമാണത്. പഞ്ചായത്ത് രേഖകളില്‍ അങ്ങനെയാണുള്ളത്. അതിന് കരഭൂമി എന്ന അംഗീകാരം കിട്ടാന്‍ ഈ മാസം കൂടിയേ ആവശ്യമായിട്ടുള്ളു. ഈ മാസം അവസാനംതന്നെ അദ്ദേഹത്തിന് അതിന്റെ കടലാസുകള്‍ കിട്ടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതെല്ലാം കൊടി വച്ചവര്‍ക്കുമറിയാവുന്നതാണ്. പക്ഷെ ഒരാളെ എങ്ങനെയൊക്കെ ഉപദ്രവിക്കാന്‍ പറ്റുമെന്ന് നോക്കിയാണ് അവര്‍ നടക്കുന്നത്. ചുമടിറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിത്താനുമായി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നു. എന്നാലതൊരു കുടുംബത്തിന്റെ കഞ്ഞിയില്‍ മണ്ണിടുന്നതുവരെ കൊണ്ടെത്തിക്കുമെന്ന് കരുതിയില്ല. പഞ്ചായത്തില്‍നിന്ന് കടനമ്പര്‍ കൊടുക്കാന്‍വരെ പറ്റാത്ത സ്ഥിതിയാണുള്ളത്. കട അദ്ദേഹം കൊടിവച്ചതിന്റെ തലേന്ന് ഉണ്ടാക്കിയതല്ല. പക്ഷെ പ്രശ്‌നം വന്നത് ചുമട്ടുകാരുമായുള്ള കൂലിപ്രശ്‌നത്തില്‍നിന്നാണ്. പഞ്ചായത്തില്‍ ഭരണം കോണ്‍ഗ്രസാണ് നടത്തുന്നത്. അതിനാല്‍ പാര്‍ട്ടി ഇതില്‍ കാര്യക്ഷമമായിത്തനെ ഇടപെടുന്നുണ്ട്. എത്രയും പെട്ടന്ന് തീരുമാനമാക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരത്തില്‍ കൊടികുത്തുന്ന വിഷയം ആദ്യമായൊന്നുമല്ല നടക്കുന്നത്. ഇതൊരു തരത്തില്‍ സിപിഎം ഗുണ്ടായിസം തന്നെയെന്നുവേണം പറയാന്‍.
"

പാര്‍ത്ഥന്‍ ഉണ്ണിത്താന്റെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം (07.03.2018) ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റുവഴിയാണ് ഈ വിഷയം പൊതു ചര്‍ച്ചയാവുന്നത്.  അന്യായമായ ഇറക്കുകൂലി നല്‍കാത്തതില്‍ വൈരാഗ്യം വച്ചാണ് സിപിഎമ്മുകാര്‍ വര്‍ക്ക് ഷോപ്പിനുമുന്നില്‍ കൊടികുത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബം ജീവിതത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണെന്നും സിപിഎമ്മിന്റെ കൊടി അവിടെ നിന്നും എടുത്തു മാറ്റണമെന്നുമാണ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Next Story

Related Stories