Top

സര്‍ക്കാര്‍ കോളേജിനെ എയ്ഡഡ് കോളേജാക്കി മാറ്റാനുള്ള തന്ത്രം; പിവി അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പെന്ന് ആരോപണം

സര്‍ക്കാര്‍ കോളേജിനെ എയ്ഡഡ് കോളേജാക്കി മാറ്റാനുള്ള തന്ത്രം; പിവി അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പെന്ന് ആരോപണം
ശതകോടീശ്വരന്‍മാരായ ജനപ്രതിനിധികളെക്കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ തലവേദനകള്‍ തീരുന്നില്ല. വാട്ടര്‍ തീംപാര്‍ക്ക് നിയമലംഘന വിവാദങ്ങള്‍ ഒഴിയാതെ പിന്തുടരുന്നതിനു പിന്നാലെ പി.വി അന്‍വല്‍ എംഎല്‍എയ്‌ക്കെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍. നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജ് മുമ്പ് നിശ്ചയിച്ചിരുന്ന സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് പിന്നില്‍ അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢലക്ഷ്യങ്ങളാണെന്ന ആരോപണമാണ് നാട്ടുകാര്‍ മുന്നോട്ട് വെക്കുന്നത്.

സര്‍ക്കാര്‍ 2016ല്‍ അനുവദിച്ച നിലമ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പൂക്കോട്ടുംപാടത്തേക്ക് മാറ്റാന്‍ സ്‌പെഷല്‍ ഓഫീസര്‍ ശ്രമിക്കുന്നതായും ഇതിന് പിന്നില്‍ എംഎല്‍എയുടെ കരങ്ങള്‍ ഉണ്ടെന്നുമാണ് ആരോപണം. സര്‍ക്കാര്‍ കോളേജിനെ എയ്ഡഡ് കോളേജാക്കി മാറ്റാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെന്നുമാണ് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

2016 ഫെബ്രുവരി ഒമ്പതിനാണ് നിലമ്പൂരില്‍ സര്‍ക്കാര്‍ കോളേജും മറ്റ് മൂന്നിടങ്ങളില്‍ എയ്ഡഡ് കോളേജുകളും അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഫെബ്രുവരി 27ന് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വന്നു. മാനവേദന്‍ ഹൈസ്‌കൂളിലെ 17.84 ഏക്കര്‍ ഭൂമിയിലെ അഞ്ച് ഏക്കര്‍ ഭൂമി കോളേജിനായി ഏറ്റെടുക്കാനും തീരുമാനമായി. കോളേജ് തുടങ്ങുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും കോളേജ്, വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറണമെന്ന അപേക്ഷ പ്രകാരം അത് അനുവദിക്കുകയും ചെയ്തു. മാര്‍ച്ച് 15ന് നിലമ്പൂര്‍ ഗവ.മാനവേദന്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌പെഷല്‍ ഓഫീസര്‍ കോളേജിന്റെ ഓഫീസ് തുറക്കുകയും ചെയ്തു. കൊണ്ടോട്ടി കോളേജിലെ ക്ലര്‍ക്കിനെ സേവന ക്രമീകരണ വ്യവസ്ഥ പ്രകാരം മാനവേദന്‍ സ്‌കൂളില്‍ നിലമ്പൂര്‍ കോളേജിനായി തുറന്ന ഓഫീസിലേക്ക് നിയമിച്ചു. കോളേജിനുവേണ്ട ബാങ്ക് അക്കൗണ്ട്, സ്‌റ്റേഷനറി അനുമതി തുടങ്ങി കോളേജുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും വാങ്ങി. കോഴ്‌സ് അനുമതിക്കായി 2016 മാര്‍ച്ചില്‍ സമര്‍പ്പിച്ച അപേക്ഷ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. ഇതിനിടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വരികയും കോളേജ് സ്‌കൂള്‍ കോമ്പൗണ്ടില്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ അങ്ങനെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ എടുത്ത തീരുമാനങ്ങള്‍ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. അതില്‍ നിലമ്പൂര്‍ കോളേജ് തുടങ്ങുന്നതിനുള്ള അനുമതിയുമുള്‍പ്പെട്ടിരുന്നു.

എന്നാല്‍, ഒക്ടോബര്‍ മാസമായിട്ടും ക്ലാസ് തുടങ്ങാന്‍ കഴിയാതെ വന്നതോടെ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. കോളേജ് തുടങ്ങുന്നതിന് എന്താണ് തടസ്സമെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ കോളേജ് മുന്‍നിശ്ചയിച്ച സ്ഥലത്ത് ആരംഭിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പിന്നീട് കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കോളേജ് തുടങ്ങാന്‍ നിശ്ചയിച്ച സ്ഥലം പരിശോധിക്കുകയും തങ്ങള്‍ തൃപ്തരാണെന്നും നിലവിലുളള കെട്ടിടത്തില്‍ ക്ലാസ് തുടങ്ങാമെന്ന് അറിയിക്കുകയും ചെയ്തു.

പിന്നീടാണ് കാര്യങ്ങളില്‍ മാറ്റം വന്നത്. തുടക്കത്തില്‍ നിലമ്പൂരില്‍ അനുവദിച്ച സര്‍ക്കാര്‍ കോളേജ് എന്ന് സര്‍ക്കാര്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നത് പിന്നീട് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച കോളേജ് എന്നായി മാറി. അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിന്റെ കെട്ടിടത്തില്‍ കോളേജിനായി ഓഫീസ് തുറക്കുകയും കോളേജിന്റെ ബോര്‍ഡ് വച്ച് ഓഫീസ് ഉദ്ഘാടനം ചെയ്യുകയും കോളേജിന് അനുമതി ലഭിക്കുന്നതിനായി അപേക്ഷ നല്‍കുകയും ചെയ്തു. ഇതിന് പിന്നില്‍ പി.വി അന്‍വര്‍ എംഎല്‍എയാണ് പ്രവര്‍ത്തിച്ചതെന്നാണ് നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് സംരക്ഷണ സമിതിയുടേയും നാട്ടുകാരുടേയും ആരോപണം.

സംരക്ഷണ സമിതി പ്രസിഡന്റ് ജോസ് കെ. അഗസ്റ്റിന്‍ പറയുന്നതിങ്ങനെ: "നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പി.പി മുഹമ്മദലി എന്നയാള്‍ നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നിരവധി കത്തിടപാടുകളും സര്‍ക്കാര്‍ ഇടപെടലുകളുമുണ്ടായി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥലമുള്ളപ്പോള്‍ കോളേജിനായി മറ്റ് സ്ഥമേറ്റെടുക്കുന്ന ബാധ്യത സര്‍ക്കാരിനുണ്ടാവില്ലെന്നും ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും അഞ്ച് ഏക്കര്‍ ഭൂമി കോളേജിനായി ഏറ്റെടുക്കാമെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്തുകൊണ്ടാണ് 2016ല്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കുന്നത്. കോളേജ് തുടങ്ങുന്നതിനായി നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥലം കോളേജ് വിദ്യാഭ്യാസ വകുപ്പിന് വിട്ടുകിട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അതിന് അനുമതി നല്‍കുകയും ചെയ്തു. തുടക്കത്തില്‍ മുന്‍സിപ്പാലിറ്റിയും സ്‌പെഷല്‍ ഓഫീസറും തമ്മില്‍ ചെറിയ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. ഓഫീസ് തല്‍ക്കാലം മുന്‍സിപ്പാലിറ്റിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കണമെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി ഹയര്‍ സെക്കന്‍ഡറി ക്ലാസ് ആരംഭിക്കുമ്പോള്‍ ആവശ്യമുണ്ടെന്നുമായിരുന്നു മുന്‍സിപ്പാലിറ്റി അധികൃതരുടെ വാദഗതി. തുടര്‍ന്ന് ഓഫീസ് അവിടെ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ സ്‌പെഷല്‍ ഓഫീസര്‍ സ്‌കൂളിലെ മറ്റൊരു മുറി ഓഫീസായി ഉപയോഗിക്കുകയും മുമ്പ് ഉപയോഗിച്ചിരുന്ന മുറി ക്ലാസ് നടത്തുന്നതിനായി വിട്ടുനല്‍കുകയും ചെയ്തു. ഈ പ്രശ്‌നം ഉണ്ടാവുമ്പോഴാണ് നാട്ടുകാര്‍ ഇടപെടുന്നതും സംരക്ഷണ സമിതി ഉണ്ടാവുന്നതും. ആ സമയത്തെല്ലാം എല്‍ഡിഎഫ് പദ്ധതിയെ പിന്തുണയ്ക്കുകയും കോളേജ് സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ തുടങ്ങണമെന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു.


എന്നാല്‍, ഒക്ടോബര്‍ മാസമായിട്ടും ക്ലാസ് തുടങ്ങുന്നതിനുള്ള നടപടികളൊന്നുമായില്ല. കോഴ്‌സ് അനുവദിച്ചുകിട്ടിയതുമില്ല. ഞങ്ങളന്വേഷിച്ചപ്പോള്‍ നിലമ്പൂര്‍ സര്‍ക്കാര്‍ കോളേജിനൊപ്പം സര്‍ക്കാര്‍ അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകളിലും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നല്‍കി. എന്നാല്‍ കോളേജ് അനുവദിച്ചുകൊണ്ടുള്ള തീരുമാനങ്ങളടക്കം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. മെമ്മോറാണ്ടം നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ 2016 നവംബറില്‍ കോടതിയെ സമീപിച്ചു. 2017 ഫെബ്രുവരിയില്‍ കോളേജ് ആരംഭിക്കുന്നതിന് എന്താണ് തടസ്സമെന്ന കാര്യത്തില്‍ സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം എണ്‍പത്തിയഞ്ചാം അജണ്ടയായി ചര്‍ച്ച ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച എയ്ഡഡ് സര്‍ക്കാര്‍ കോളേജുകളുടെ കാര്യത്തില്‍ ഉപസമിതിയുടെ മേല്‍നപടികള്‍ വേണ്ടെന്നും നിലമ്പൂര്‍ കോളേജ് തുടങ്ങാമെന്നും അന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് മാര്‍ച്ച് 28ന് ഇക്കാര്യം സത്യവാങ്മൂലമായി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോളേജ് തുടങ്ങാമെന്നും കോടതി ഉത്തരവിട്ടു
.

പിന്നീട് കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ കോളേജ് ആ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ നല്‍കി. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സ്‌പെഷല്‍ ഓഫീസറോട് കോളേജ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ സ്‌പെഷല്‍ ഓഫീസറുടെ കാലാവധി ജനവരിയില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് അക്കാര്യത്തില്‍ ഇടപെടാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ മറ്റാരെയും ആ സ്ഥാനത്ത് നിയമിച്ചിരുന്നുമില്ല. താന്‍ ഇക്കാര്യത്തില്‍ ഇടപെടാമെന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ രേഖകള്‍ പോലും വാങ്ങില്ല എന്ന നിലപാട് സ്‌പെഷല്‍ ഓഫീസറെടുത്തപ്പോള്‍ അവരെ അതിന് അനുവദിച്ചുകൊണ്ട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മെയില്‍ അയച്ചു. പിന്നീട് ഉപഡയറക്ടുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ ഈ പരിശോധനാ സമയത്ത് എംഎല്‍എയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹമോ അദ്ദേഹവുമായി ബന്ധപ്പെട്ടയാളുകളോ സ്ഥലത്തെത്തിയില്ല. സ്ഥലം പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ ഉപഡയറക്ടറടങ്ങുന്ന സംഘത്തോട് തല്‍ക്കാലം ഉള്ള കെട്ടിടത്തില്‍ ക്ലാസ് തുടങ്ങാമെന്നും ആവശ്യം വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നഗരസഭ സൗജന്യമായി ചെയ്ത് കൊടുക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുകയും അത് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ക്ലാസ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും ശുപാര്‍ശകള്‍ വരുന്ന സാഹചര്യത്തില്‍ കോഴ്‌സ് അനുവദിക്കുമെന്നും പരിശോധനാ സംഘം മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.


http://www.azhimukham.com/kerala-actions-starts-against-pv-anvar-mla-illegal-business-sooraj-karivelloor/

എന്നാല്‍, ഇതിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ പി.വി അന്‍വര്‍ എംഎല്‍എ അടക്കം പങ്കെടുത്ത യോഗം ചേര്‍ന്നു. അതിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ കോളേജിന്റെ സ്‌പെഷല്‍ ഓഫീസറായി പുതിയ ആളെ നിയമിച്ചതായി സര്‍ക്കാര്‍ ഉത്തരവ് വരുന്നു. മുന്‍ ഉത്തരവിന്റെ നമ്പറില്‍ മാറ്റം വന്നില്ലെങ്കിലും നിലമ്പൂര്‍ കോളേജ് എന്നത് മാറ്റി നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ച കോളേജ് എന്നാണ് പിന്നീടുള്ള ഉത്തരവുകള്‍ വന്നത്. പൂക്കോട്ടുംപാടത്തേക്ക് ഓഫീസും മാറ്റി. പൂക്കോട്ടുംപാടത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസില്‍ ഒരു മുറിയെടുത്ത് ആ മുറിയുടെ മുന്‍വശത്ത് ഗവ. കോളേജ്, നിലമ്പൂര്‍, പൂക്കോട്ടുംപാടം എന്ന ബോര്‍ഡും വച്ച് ഓഫീസിന്റെ ഉദ്ഘാടനവും നടത്തി. ഇത് സംബന്ധിച്ച് ഞങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കി. കാരണം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോലും മാനവേദന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കോളേജ് തുടങ്ങാമെന്നായിരുന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഈ വിഷയങ്ങളും വസ്തുതകളുമെല്ലാമറിയാം, പക്ഷെ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്, ഇനി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനേ കഴിയൂ എന്നാണ് പറഞ്ഞത്. ഇതിനിടെ മൂന്ന് കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചു. അതോടെ യൂണിവേഴ്സിറ്റിയില്‍ അംഗീകാരത്തിന് അപേക്ഷിക്കുകയും ചെയ്തു. പൂക്കോട്ടുംപാടത്ത് ഒരു കെട്ടിടത്തില്‍ താല്‍ക്കാലികമായി ക്ലാസ് തുടങ്ങാനുള്ള അനുമതിയാണ് ചോദിച്ചത്. അത്രയുമായപ്പോള്‍ ഞങ്ങള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതികള്‍ നല്‍കി. പൂക്കോട്ടുംപാടത്ത് ക്ലാസ് തുടങ്ങുന്നത് ക്രമവിരുദ്ധമാണെന്നായിരുന്നു ഞങ്ങള്‍ ഉന്നയിച്ച പ്രധാന കാര്യം. സര്‍ക്കാര്‍ കോളേജിന്റെ കാര്യത്തില്‍ തര്‍ക്കമായിട്ട് പോവുന്നത് നല്ല കാര്യമല്ലാത്തതിനാല്‍ താന്‍ ഇടപെട്ട് തര്‍ക്കം സംസാരിച്ച് തീര്‍ക്കാം എന്നായിരുന്നു വി.സിയുടെ നിലപാട്. ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. കാരണം ആരുടെയെങ്കിലും ഒരു വാശിപ്പുറത്ത് ഒരു കോളേജ് എവിടെയെങ്കിലും കൊണ്ടുപോയി തുടങ്ങുന്നതിനേ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നുള്ളൂ. കോളേജ് ഇല്ലാതായിപ്പോവുന്നതിനായിരുന്നില്ല ഞങ്ങളുടെ ശ്രമങ്ങള്‍."


പിന്നീട് ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യൂണിവേഴ്‌സിറ്റി രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഉപസമിതിയെ നിയമിച്ചു. എന്നാല്‍ ഇത് ഒരു പ്രഹസനമായിരുന്നു എന്ന നിലപാടാണ് നാട്ടുകാര്‍ക്കുള്ളത്. ജോയ് തുടരുന്നു- ''യൂണിവേഴ്‌സിറ്റി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, ഭൂമി സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന മുറക്ക് ഹാജരാക്കാമെന്ന് സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞതായുണ്ട്. എന്നാല്‍ പൂക്കോട്ടുംപാടത്ത് സര്‍ക്കാര്‍ സ്ഥലമനുവദിക്കാമെന്ന് നാളിത് വരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഒരിടത്ത് സര്‍ക്കാര്‍ സ്ഥലം നിലനില്‍ക്കുമ്പോള്‍ അവിടെ കോളേജ് തുടങ്ങാതെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് പോലും ഉറപ്പില്ലാത്ത ഒരിടത്തേക്ക് കോളേജ് മാറ്റുന്നതില്‍ ദുരൂഹതകളുണ്ട്. അവിടെയാണ് അന്‍വര്‍ എംഎല്‍എ സംശയത്തിന്റെ നിഴലിലാവുന്നത്."


മുമ്പ് വേങ്ങരയില്‍ സര്‍ക്കാര്‍ കോളേജ് അനുവദിച്ചപ്പോള്‍ സ്ഥലം ഏറ്റെടുക്കാനാവാതെ വന്നതോടെ കോളേജ് ആരംഭിക്കാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഒടുവില്‍ യുഡിഎഫിലെ പ്രമുഖനുള്‍പ്പെടുന്ന ഒരു ട്രസ്റ്റ് കോളേജിന് സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരികയും അങ്ങനെ സര്‍ക്കാര്‍ കോളേജ് എയ്ഡഡ് കോളേജായി മാറ്റപ്പെടുകയും ചെയ്തിരുന്നു. ഈ അനുഭവം നിലമ്പൂര്‍ ഗവ. കോളേജിനും ഉണ്ടാവുമെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. പൊതുപ്രവര്‍ത്തകനായ അശോകന്‍ പറയുന്നു- "
കോളേജ് പൂക്കോട്ടുംപാടത്ത് ആരംഭിക്കാനായി സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. എന്നിരിക്കെ നിലവിലുള്ള അഞ്ചേക്കര്‍ സ്ഥലത്തുനിന്ന് കോളേജ് മാറ്റി സര്‍ക്കാര്‍ ഭൂമിയില്ലാത്ത പൂക്കോട്ടുംപാടത്തേക്കാ കോളേജ് കൊണ്ടുപോവുന്നതിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ടെന്നാണ് ഞങ്ങള്‍ക്ക് വ്യക്തമാവുന്നത്. ഇത് ആരോപിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കാവൂ. തെളിവുകളില്ല. പക്ഷെ വേങ്ങരയില്‍ സംഭവിച്ചത് നിലമ്പൂരിലും ആവര്‍ത്തിക്കാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. സ്ഥലം ലഭിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം വിട്ടുകൊടുത്താല്‍ ഇവിടെയും സര്‍ക്കാര്‍ കോളേജ് എയ്ഡഡ് കോളേജാവും. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പി.വി അന്‍വര്‍ എംഎല്‍എയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സംരക്ഷണ സമിതി ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍."


http://www.azhimukham.com/keralam-millionaires-in-kerala-politics-faces-eviction-threat/

Next Story

Related Stories