TopTop
Begin typing your search above and press return to search.

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ തീരുമാനവും അദാനിയെ സഹായിക്കാനാണെന്ന് ആരോപണം

ക്വാറികള്‍ക്ക് ഇളവ് നല്‍കിയ തീരുമാനവും അദാനിയെ സഹായിക്കാനാണെന്ന് ആരോപണം

ക്വാറികള്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം അദാനി ഗ്രൂപ്പിനെ സഹായിക്കാനോ? ഇത്തരത്തിലൊരു സംശയമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കായി സ്വന്തം ക്വാറികള്‍ എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് അഞ്ച് ജില്ലകളില്‍ സ്ഥലം വാങ്ങിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. നിലവില്‍ വിഴിഞ്ഞം പദ്ധതിക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിഭാഗവും കല്ല് കൊണ്ടുവരുന്നത്. ഇതുവഴിയുള്ള നഷ്ടം ഇല്ലാതാക്കാന്‍ ബിനാമി പേരുകളില്‍ രണ്ടായിരം ഏക്കറിലധികം ഭൂമി വിവിധ ജില്ലകളിലായി വാങ്ങിയ അദാനി ഗ്രൂപ്പ് ക്വാറി വ്യവസായവും കേരളത്തില്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം ജോണ്‍ പെരുവന്താനം ആരോപിക്കുന്നു: "അദാനിയും ക്വാറി വ്യവസായരംഗത്തേക്കിറങ്ങാന്‍ പോവുകയാണ്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലായി രണ്ടായിരം ഏക്കറിലധികം ഭൂമി വാങ്ങിക്കഴിഞ്ഞിരിക്കുന്നതായാണ് അറിവ്. ബിനാമി പേരുകളിലാണ് എല്ലാം. പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂര്‍ മേഖലയിലെ പ്രധാനപ്പെട്ട പല സ്ഥലങ്ങളും ഇവരുടെ പേരിലായി കഴിഞ്ഞു. മൂക്കുന്നിമലയുള്‍പ്പെടെയുള്ള പ്രദേശത്തെ കല്ലുകള്‍ ഇപ്പോള്‍ പോവുന്നത് അദാനിക്ക് വേണ്ടിയാണ്.

വെള്ളമുണ്ട, മൂക്കുന്നിമല എന്നിവിടങ്ങളിലെ ക്വാറികള്‍ മുമ്പേ വിവാദമായതായിരുന്നു. മൂക്കുന്നിമല വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട് അവിടുത്തെ ക്വാറികള്‍ നിന്ന് പോയതായിരുന്നു. എന്നാല്‍ അവിടെ വീണ്ടും ക്വാറികളുടെ പ്രവര്‍ത്തനം പുന:സ്ഥാപിച്ചിരിക്കുന്നു. ഇതെല്ലാം അദാനിയുടെ താത്പര്യത്തിനായാണ്. അദാനിക്ക് ഇവിടെ നിന്ന് കല്ലെടുക്കാനായില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കല്ലുകള്‍ കൊണ്ടുവരേണ്ടത്. ദൂരക്കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനാല്‍ വെള്ളമുണ്ടയില്‍ നിന്നും മൂക്കുന്നിമലയില്‍ നിന്നും തന്നെ കല്ലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് അമ്പത് മീറ്ററാക്കി ചുരുക്കുമ്പോള്‍ ഇത്തരം താത്പര്യങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്".

പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പത് മീറ്ററായി സര്‍ക്കാര്‍ പുന:സ്ഥാപിച്ചു. ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച ചട്ടങ്ങളിലാണ് ഭേദഗതി. വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിട നല്‍കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനത്തൊട്ടാകെയുള്ള പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്വാറി മാഫിയയും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള കൂട്ടുകെട്ടിന്റേയും അവിശുദ്ധബന്ധങ്ങളുടേയും തെളിവായാണ് നിയമ ഭേദഗതിയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകനും ക്വാറികളെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്ന നബീല്‍ പറയുന്നതിങ്ങനെ: "ക്വാറികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങളെല്ലാം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമാണ്. 2008ന് ശേഷം കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ വന്നിട്ടുള്ള ഒരു ഭേദഗതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്ത് കൊണ്ടുവന്നിട്ടുള്ള ഭേദഗതികളല്ല എന്ന കാര്യമാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാവുന്നത്. അത്രയും ആഴത്തിലുള്ള ഒരു ബന്ധം ഭരണകൂടവും ക്വാറിമാഫിയയുമായി നിലനില്‍ക്കുന്നുണ്ട്. അമ്പത് മീറ്റര്‍ ദൂരപരിധി എന്നത് കുറേക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോഴും നൂറ് മീറ്റര്‍ ദുരപരിധിയാണ് അനുശാസിക്കുന്നതെങ്കിലും ഇത് 50 മീറ്ററാക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ബോര്‍ഡ് നടത്തിയിരുന്നു. 2015ല്‍ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടം ഭേദഗതി ചെയ്തപ്പോഴും ഇത് സംബന്ധിച്ച് വ്യക്തത അതിലുണ്ടായിരുന്നില്ല. കേരളത്തില്‍ നിലവിലുള്ള കെട്ടിട മാഫിയകളും കണ്‍സ്ട്രക്ഷന്‍ മാഫിയകളുമായി ബന്ധപ്പെട്ട് അവരെ നിലനിര്‍ത്തിക്കൊണ്ട് പോവാനും അതുവഴിയുണ്ടാവുന്ന ലാഭം ലാക്കാക്കിക്കൊണ്ടുള്ള നിലപാടുകളുമാണ് ക്വാറി വിഷയത്തില്‍ എല്ലാ ഭരണകൂടങ്ങളും എടുത്തിട്ടുള്ളത്.

മലബാര്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഊരാളുങ്കല്‍ ആണ്. കേരളത്തിലെ മറ്റ നിര്‍മ്മാണ കമ്പനികള്‍ ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും എന്നതാണ് ഊരാളുങ്കലിന്റെ പ്രത്യേകത. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോയപ്പോള്‍ മനസ്സിലായ പ്രധാന കാര്യം, ഊരാളുങ്കലിലാണ് കേരളത്തിലെ നിര്‍മ്മാണ ഗ്രൂപ്പുകളില്‍ സ്വന്തമായി ക്വാറികളുള്ളതെന്നതാണ്. ആ ക്വാറികളുള്ള പ്രദേശങ്ങളിലെല്ലാം ഗുണ്ടായിസവും നടപ്പാക്കുന്നു. ഏറ്റവും പരസ്യവും രഹസ്യവുമായ കാര്യം ഊരാളുങ്കലില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചിരിക്കുന്നത് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാണെന്നതാണ്. അപ്പോള്‍ ക്വാറികളെ നിലനിര്‍ത്തിക്കൊണ്ട് പോവേണ്ടത് അവരുടെ കൂടെ കടമയായി മാറുന്ന സാഹചര്യമുണ്ട്. കൊല്ലം ജില്ലയിലെ സിപിഎം നേതാവിന്റെ സഹോദരനാണ് പത്തനംതിട്ട കലഞ്ഞൂരില്‍ ഏറ്റവും കൂടുതല്‍ ക്വാറികളുള്ളത്. അതിന് സംരക്ഷണം നല്‍കിക്കൊണ്ടിരുന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ വരുമാനത്തിലുണ്ടായിട്ടുള്ള വര്‍ധനവ് വ്യക്തമായിരുന്നു. ഇതെല്ലാം പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നത് ഇവര്‍ക്ക് ക്വാറികളുമായുള്ള ബന്ധത്തെയാണ്.

അദാനിയുടെ മകന്‍ മൂന്ന് തവണ കേരളത്തില്‍ വന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് എവിടെ നിന്ന് കല്ല് കണ്ടെത്തുമെന്ന പ്രശ്‌നമായിരുന്നു അന്നൊക്കെ അദ്ദേഹം ഉന്നയിച്ചത്. ക്വാറികളെക്കുറിച്ചെഴുതിയ 'മുറിവേറ്റ മലയാള'ത്തിന്റെ പഠനത്തിനായി ഇടുക്കി മേഖലകളിലേക്ക് പോവാന്‍ തന്നെ സാധിച്ചിരുന്നില്ല. അന്ന് അവിടെ നിന്ന് ലഭിച്ച വിവരങ്ങളിലൊന്ന്, ഇടുക്കി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ക്വാറികളുടേയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നതായിരുന്നു. വരും കാലങ്ങളില്‍ അദാനിയുടെ ബിനാമികളുടെ പേരില്‍ ആ മേഖലയിലെ ക്വാറികളെല്ലാം പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ താത്ക്കാലികമായി അവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് അതിന് കാരണമായി പലരും പറഞ്ഞിരുന്നത്.

കേരളത്തിലെ ക്വാറികളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രബലമായ കോടതി വിധി വന്നിട്ടുള്ളത് വയനാട്ടിലെ അമ്പലവയലിലാണ്. ദുരന്തനിവാരണ നിയമങ്ങളെ കൃത്യമായി ക്വാറി സമരത്തില്‍ ഉപയോഗിച്ച ഒരു സമരസമിതി അവിടെയുണ്ടായിരുന്നു. ഒരു കാലയളവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്വാറികളുണ്ടായിരുന്ന സ്ഥലമാണ് അമ്പലവയല്‍. അവിടെ ഒരു ക്വാറിക്ക് മാത്രമേ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉണ്ടായിരുന്നുള്ളൂ. അതുപയോഗിച്ചാണ് അവിടുത്തെ മറ്റ് ക്വാറികളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് അമ്പലവയലിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള മൈനിങ് ആന്‍ഡ് പൊതുമരാമത്ത് എന്ന സൊസൈറ്റി സമ്പാദിച്ചതായിരുന്നു. ആ ലൈസന്‍സ് ഉപയോഗിച്ചാണ് മറ്റുള്ളവ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നത്. അത്തരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ള ക്രൈം ആണ് കേരളത്തിലെ പാറമടകള്‍. അപ്പോള്‍ വരുന്ന നിയമങ്ങളും മാറ്റുന്ന ചട്ടങ്ങളുമെല്ലാം ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കും"- നബീല്‍ ആരോപിക്കുന്നു.

നബീലിന്റെ അഭിപ്രായങ്ങളോട് കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ് പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം ജോണ്‍ പെരുവന്താനത്തിന്റെ ആരോപണങ്ങള്‍. ജോണ്‍ തുടരുന്നു: "ക്വാറികളുടെ പ്രവര്‍ത്തനം നിലയ്ക്കുക എന്ന് പറഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം നിലയ്ക്കുക എന്നാണ് അര്‍ഥം. സൗമ്യ വധക്കേസിലെ പ്രതി സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം 200 മുതല്‍ 500 മീറ്റര്‍ വരെയാണ് ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരപരിധി. അതിനേക്കാള്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ 50 മീറ്ററായി അത് ചുരുക്കി കൂടുതല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ട് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചിട്ടെന്ത് കാര്യം? ക്വാറികളുടെ ചുറ്റുപാടും താമസിക്കുന്ന ജനങ്ങളുടെ ജീവിതം സര്‍ക്കാരിന് പ്രശ്‌നമല്ല. ക്വാറി അസോസിയേഷനുകള്‍ എന്ന് പറഞ്ഞ് അഞ്ച് സംഘടനകളുണ്ട്. ഇതിന്റെയെല്ലാം തലപ്പത്തിരിക്കുന്നത് സിപിഎമ്മിന്റെ എംഎല്‍എമാരാണ്. ഇത് പ്രത്യക്ഷമായ കാര്യമാണ്. അപ്പോള്‍ ഇവരൊക്കെ ആരുടെ താത്പര്യമാണ് സംരക്ഷിക്കുക എന്നത് സംശയമില്ലാത്ത കാര്യമല്ലേ?"

വ്യവസായവകുപ്പിന്റെ പുതിയ നിയമ ഭേദഗതിയെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങള്‍ ഉപയോഗിച്ച് നേരിടാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലരുടെ വിശ്വാസം. "മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോട് കൂടിയേ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ബോര്‍ഡിന്റെ ചട്ടങ്ങള്‍ പ്രകാരം പൊതുസ്ഥലങ്ങളും ക്വാറികളും തമ്മില്‍ ഉണ്ടാവേണ്ട ദൂരപരിധി ഇപ്പോഴും 100 മീറ്റര്‍ തന്നെയാണ്. അതിനാല്‍ വ്യവസായ വകുപ്പിന്റെ നിയമ ഭേദഗതി നിലവില്‍ ഭീഷണിയുയര്‍ത്തുന്നില്ല. ദൂരപരിധി വ്യവസ്ഥകള്‍ പ്രകാരം പൂട്ടിപ്പോയ ചെറുകിട ക്വാറികള്‍ ഈ ചട്ട ഭേദഗതിയുടെ ബലത്തില്‍ തുറക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനെ നിയമപരമായി നേരിടാനാവും": വയനാട്ടിലെ ക്വാറി വിരുദ്ധ സമിതി പ്രവര്‍ത്തകനായ ധര്‍മ്മരാജ് പറയുന്നു.

എന്നാല്‍ കൂടുകള്‍ ക്വാറികള്‍ പ്രവര്‍ത്തന സജ്ജമാക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ നിയമഭേദഗതിയെ തടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമങ്ങള്‍ അപര്യാപ്തമാണെന്ന അഭിപ്രായമാണ് മറ്റുചിലക്ക് ഉള്ളത്. "എല്ലാ വകുപ്പുകളും കേരള സര്‍ക്കാരിന് കീഴിലുള്ളതാണെന്നതാണ് മനസ്സിലാക്കേണ്ട കാര്യം. സര്‍ക്കാര്‍ പുരയ്ക്കകത്ത് പൊട്ടിച്ചുകൊള്ളാന്‍ അനുവാദം കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉണ്ടായിട്ടൊന്നും യാതൊരു കാര്യവുമില്ല. അടുക്കള വരെ പൊട്ടിക്കാം, കിടപ്പ് മുറിയില്‍ പൊട്ടിക്കരുതെന്ന രീതിയിലുള്ള തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും ഒന്നിച്ച് പ്രകൃതിയേയും മനുഷ്യനേയും കൊള്ളയടിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റ് നിയമങ്ങള്‍ക്കൊന്നും പ്രസക്തി തന്നെയുണ്ടാവില്ല. നിലവില്‍ ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവുമെല്ലാം നിലനില്‍ക്കുന്ന ക്വാറി മുതലാളിമാരെ ആശ്രയിച്ചാണ്. 100 മീറ്റര്‍ ദൂരപരിധിയുണ്ടായിരിക്കുമ്പോള്‍ തന്നെ ജനവാസ കേന്ദ്രത്തില്‍ നിന്ന് 30 മീറ്റര്‍ മാത്രം ദൂരെ ക്വാറികള്‍ പ്രവര്‍ത്തിച്ച സംഭവം വയനാട്ടിലും പത്തനംതിട്ടയിലുമെല്ലാം ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരോ ഭരണകൂടമോ കണ്ണടച്ചാല്‍ മാറാവുന്ന നിയമങ്ങളേ നമ്മുടെ നാട്ടിലുള്ളൂ": പത്തനംതിട്ടയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ സജിത്ത് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനം തുടങ്ങുന്നത് 2100 ക്വാറികള്‍; യഥാര്‍ഥ കണക്കില്‍ അവ്യക്തത

ചട്ടം ഭേദഗതി ചെയ്തതോടെ 2100 ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ദൂരപരിധി കൂട്ടിയപ്പോള്‍ പൂട്ടിപ്പോയ ചെറുകിട ക്വാറികളാണ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നും മന്ത്രി എസി മൊയ്തീന്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ കൃത്യതയില്ലെന്നാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരോപണം. കേരളത്തില്‍ ചെറുതും വലുതുമായ 4100 ക്വാറികളാണുള്ളതെന്നാണ് റവന്യൂ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. 2016 ജൂലൈ 14ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇപി ജയരാജനോട് സംസ്ഥാനത്ത് നിലവില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യം നിയമസഭയില്‍ പിസി ജോര്‍ജ് ഉന്നയിച്ചിരുന്നു. അന്ന് 3493 പാറമടകളും 1316 ക്രഷര്‍ യൂണിറ്റുകളും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതായി മന്ത്രി മറുപടി നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ചോദ്യത്തിന് മറുപടിയായി വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞത് 2800-നടുത്ത് ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു.

'കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്വാറികളും പൊതുസ്ഥലങ്ങളും തമ്മിലുള്ള ദൂരം 100 മീറ്ററായി നിജപ്പെടുത്തിയതിന് ശേഷമുള്ള കണക്കുകളാണ് ഇവ രണ്ടും. ഈ രണ്ട് മറുപടികളും കണക്കിലെടുത്താല്‍ ദൂരപരിധി മാത്രമല്ല ക്വാറികളുടെ പ്രവര്‍ത്തനം ഇല്ലാതാക്കിയതെന്ന് കാണാം.

പാരിസ്ഥിതികാനുമതിയുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധി കേരള സര്‍ക്കാര്‍ വേണ്ടവിധം നടപ്പാക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് പോലും റവന്യൂ വകുപ്പിന് തിട്ടമില്ലാത്തതാണ്. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്ള ക്വാറികള്‍ മാത്രമേ റവന്യൂ വകുപ്പിന്റെ കണക്കില്‍ ക്വാറികളായുള്ളൂ. എന്നാല്‍ ലൈസന്‍സ് ഉള്ളവര്‍ നാലും അഞ്ചും ക്വാറികള്‍ വരെ പ്രവര്‍ത്തിപ്പിക്കുന്നയിടങ്ങളുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതും താത്കാലികമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നതുമായ ക്വാറികളെ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നതിനായി പശ്ചിമഘട്ട സംരക്ഷണ സമിതി കേരളത്തില്‍ എല്ലാ ജില്ലകളിലും യാത്ര ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്വാറികളും അതിനോടനുബന്ധിച്ചുള്ള ക്രഷര്‍, എം-സാന്‍ഡ് യൂണിറ്റുകളുമുള്‍പ്പെടെ പന്ത്രണ്ടായിരത്തിലധികമുണ്ടെന്ന് അന്നത്തെ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ രേഖകളിലില്ല. ഇതില്‍ അറുന്നൂറോളം ക്വാറികള്‍ക്ക് മാത്രമേ പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളൂ എന്നതും അന്ന് വ്യക്തമായ കാര്യമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന പല ക്വാറികളില്‍ ഭൂരിഭാഗത്തിനും പാരിസ്ഥിതികാനുമതി ലഭിച്ചിട്ടില്ല.

"പാരിസ്ഥിതികാനുമതി ലഭിക്കാത്ത ചില ക്വാറികള്‍ പ്രാദേശിക ജനകീയ പ്രക്ഷോഭങ്ങള്‍ മൂലം അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായതാണ്. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് പൊതുസ്ഥലവുമായുള്ള ക്വാറികളുടെ ദൂരപരിധിയും ഒരു വിഷയമാണ്. ദൂരപരിധി പാലിക്കാത്ത പലതും അത്തരത്തിലും അടച്ചുപൂട്ടേണ്ടതായി വന്നു. സര്‍ക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ ഇതില്‍ ചിലത് വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങാനുള്ള സാധ്യത ഉണ്ടായിരിക്കുകയാണ്. യഥാര്‍ഥത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ക്വാറികളും പൊതുസ്ഥലങ്ങളും തമ്മില്‍ ഉണ്ടായിരിക്കേണ്ട ദൂരപരിധി ചുരുങ്ങിയത് 360 മീറ്റര്‍ ആണ്. എന്നാല്‍ വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായി പരിഗണിക്കപ്പെടുക": പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം റെജി മലയാലപ്പുഴ പറഞ്ഞു.

ഉമ്മന്‍ വി ഉമ്മന്‍ നല്‍കിയ സൗജന്യം ക്വാറികള്‍ക്കും

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പാരിസ്ഥിതിക ദുര്‍ബല മേഖലകളിലാണ് കേരളത്തിലെ ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംഘടിത ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ഈ മേഖലകളിലെ 40 മുതല്‍ 45 ശതമാനം വരെ പ്രദേശങ്ങളെ കാര്‍ഷിക മേഖലകളായി കണക്കാക്കി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ജനവാസമേഖലകളെന്നും കാര്‍ഷിക മേഖലകളെന്നും കണക്കാക്കപ്പെട്ട ഈ പ്രദേശങ്ങളില്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനും അനുമതി നല്‍കാമെന്നായി. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി നല്‍കിയ ഈ 'സൗജന്യം' വലിയ തോതില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പല തവണ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു എന്ന് മാത്രമല്ല, നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി കൂടുതല്‍ പാറമടകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനം എന്ന പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യാന്‍ കൂട്ടു നില്‍ക്കുന്നതിന്റെ തെളിവായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

"ഞങ്ങളിനി എങ്ങനെ ജീവിക്കുമെന്ന് കൂടി സര്‍ക്കാര്‍ പറഞ്ഞു തരണം"

"ഞങ്ങളിനി എങ്ങനെ ജീവിക്കുമെന്ന് കൂടി സര്‍ക്കാര്‍ പറഞ്ഞ് തരണം. ഇവരീ പൊട്ടിച്ചെടുക്കുന്ന പാറകള്‍ക്കോ ആരും ഒരു വിലയും കണക്കാക്കുന്നില്ല. മനുഷ്യ ജീവിതങ്ങളും കൂടി അതില്‍ പൊട്ടിത്തീര്‍ന്നോട്ടേ എന്നാണോ?' ഇത് ചോദിക്കുന്നത് പത്തനംതിട്ടയിലെ കലഞ്ഞൂരിലെ ക്വാറികള്‍ക്ക് സമീപം താമസിക്കുന്ന ഗീതയാണ്. 'വര്‍ഷങ്ങളായി ചെവി പൊട്ടിക്കുന്ന സ്‌ഫോടന ശബ്ദം കേട്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഉണരുന്നത്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ പൊട്ടിക്കല്‍ തന്നെയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ പ്രായമായവരുണ്ട്, ഹൃദ്രോഗികളുണ്ട്, ആസ്മ രോഗികളുണ്ട്. ആര്‍ക്കും ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ക്വാറിയില്‍ നിന്നും ക്രഷര്‍ യൂണിറ്റുകളിലും നിന്നും വരുന്ന പൊടി എത്രയാണെന്നുവച്ചിട്ടാ? ഇപ്പോള്‍ ഇവിടടുത്തുള്ള ഒരെണ്ണം പൂട്ടിക്കിടക്കുവാണ്. 600 മീറ്റര്‍ ദൂരെയുള്ള ഒരു ക്വാറിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ട് തന്നെ ഇതൊന്നും സഹിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ മുറ്റത്ത് കൊണ്ടെയിട്ട് പൊട്ടിച്ചാലുള്ള അവസ്ഥയെന്താവും. ലോകത്തൊരിടത്തും ഇല്ലാത്ത നിയമമാണ് ഇവിടെ. ഈ സര്‍ക്കാര്‍ എന്തിനാ പാവങ്ങളായ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്?" - ഗീത ചോദിക്കുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories