TopTop
Begin typing your search above and press return to search.

വീട്ടുമുറ്റത്ത് ഓയില്‍ റിഫൈനറി; "കുഞ്ഞുങ്ങള്‍ നല്ല വായു ശ്വസിച്ചിട്ട് നാളുകളായി"; ഇങ്ങനെയാണോ നമ്പര്‍ വണ്‍ കേരളം വികസിക്കേണ്ടത്?

വീട്ടുമുറ്റത്ത് ഓയില്‍ റിഫൈനറി; കുഞ്ഞുങ്ങള്‍ നല്ല വായു ശ്വസിച്ചിട്ട് നാളുകളായി; ഇങ്ങനെയാണോ നമ്പര്‍ വണ്‍ കേരളം വികസിക്കേണ്ടത്?

"ദേ,ഇങ്ങനെ നോക്കിയിരിക്കുമ്പോ വലിയ തീഗോളങ്ങള്‍ നമ്മുടെ തൊട്ടുമുന്നില്‍ കാണാം. കാണുമ്പോ തന്നെ പേടിയാവും. പിള്ളാരൊക്കെ വലിയ വായില്‍ കരയും. അതുകഴിമ്പഴത്തേനും കുറേ പുക ഇങ്ങോട്ട് വരും. പിന്നെ ഒന്നും കാണാനും കൂടി പറ്റാതാവും. ഇവിടെ മുഴുവന്‍ പുകകൊണ്ട് നിറയും. അപ്പോ തുടങ്ങും ശ്വാസംമുട്ടലും ബോധക്കേടും. ഇത് പറഞ്ഞ് അവരെ വിളിക്കുമ്പോള്‍ പറയണത് ഞങ്ങള്‍ ആംബുലന്‍സ് വിട്ട് തരാന്ന്"- അമ്പലമുകള്‍ സ്വദേശിനിയായ ശൈലജ ഈ ദുരിതമനുഭവിക്കുന്നവരില്‍ ഒരാള്‍ മാത്രമാണ്.

എറണാകുളം അമ്പലമുകളിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് പറയാനുള്ളതാണ് ശൈലജ പറഞ്ഞത്. പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ റിഫൈനറിയാണ് ഇന്ന് ഇവരുടെ പേടി സ്വപ്നം. ജനവാസകേന്ദ്രവുമായി ഒരു പഞ്ചായത്ത് റോഡിന്റെ മാത്രം വ്യത്യാസത്തിലാണ് റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്. ഏത് സമയവും തീയും പുകയും തുപ്പുന്ന പുകക്കുഴലുകള്‍ തന്നെ വരും നൂറിലധികം. പ്രദേശത്ത് ആകെ എപ്പോഴും വിഷപ്പുക മൂടി നില്‍ക്കും. സള്‍ഫര്‍ ടാങ്കില്‍ നിന്നുള്ള പൊടിയും ദുര്‍ഗന്ധവും വേറെ. കാതടപ്പിക്കുന്ന ശബ്ദം. "ഇവിടെ ഒരു നിമിഷം പോലും താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏത് സമയവും ആശുപത്രി കയറിയിറങ്ങാനേ സമയമുള്ളൂ. കുഞ്ഞുങ്ങള്‍ നല്ല വായു ശ്വസിച്ചിട്ട് കാലങ്ങളായി. റിഫൈനറി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കമ്മീഷന്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നതേയുള്ളൂ. ഇപ്പോള്‍ ടെസ്റ്റ് റണ്‍ ആണ്. എല്ലാ പ്ലാന്റുകളും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ഇപ്പോള്‍ തന്നെ ഇങ്ങനെ. അപ്പോള്‍ ഇനി കമ്മീഷന്‍ ചെയ്താലുള്ള അവസ്ഥയെന്തായിരിക്കും?" പ്രദേശവാസിനിയായ ടെസ്സി ചോദിക്കുന്നു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചി അമ്പലമുകള്‍ റിഫൈനറിയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള പ്ലാന്റുകളാണ് അമ്പലമുകളില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നത്. 28,000 കോടി രൂപ ചെലവഴിച്ച് ചെയ്യുന്നതാണ് പദ്ധതി. സള്‍ഫര്‍, ഹൈഡ്രജന്‍ പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ റിഫൈനറിയുടെ ഭാഗമായിരുന്ന സ്ഥലം ഉപയോഗിക്കുന്നത് കൂടാതെ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. "സ്ഥലമേറ്റെടുത്ത് വന്നപ്പോള്‍ പരാതിക്കാരുടെ പലരുടേയും വീടിന്റെ മുറ്റത്താണ് അവസാനിച്ചത്. സള്‍ഫര്‍ റിക്കവറിങ് പ്ലാന്റ്, സ്‌ഫോടനശേഷിയുള്ള ഇന്ധനടാങ്കുകളുമെല്ലാം വീടുകളില്‍ നിന്ന് നിസ്സാര ദൂരത്താണ് ഇപ്പോള്‍ ഉള്ളത്. അന്തരീക്ഷത്തില്‍ നിന്ന് നൈട്രജന്‍ പോലുള്ള വാതകങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസിനായി എടുക്കുന്ന എയര്‍ പ്രൊഡക്ട്‌സ് കമ്പനിയും ചുറ്റുമതിലിനോട് ചേര്‍ന്നാണ്'- പ്രദേശവാസിയായ നെല്‍സണ്‍ പറയുന്നു.

2012-13 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ ഉന്നയിക്കാറുള്ളത് പോലെ പദ്ധതി തന്നെ ഇല്ലാതാവണമെന്നല്ല അമ്പലമുകള്‍ നിവാസികള്‍ ആവശ്യപ്പെട്ടത്. കമ്പനി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ക്ക് വിരോധവുമില്ല. എന്നാല്‍ അവരെ ഈ ദുരിതത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്ന് മാത്രമാണ് പ്രദേശവാസികളുടെ വാദം. അഞ്ഞൂറ് മീറ്ററെങ്കിലും ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നും ഗ്രീന്‍ബെല്‍റ്റ് നിര്‍മ്മിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ന്യായമായ വില നല്‍കിയാല്‍ ഭൂമി വിട്ടുനല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറുമാണ്. എന്നാല്‍ ഇക്കാര്യം കമ്പനി അധികൃതര്‍ ഇതേവരെ പരിഗണിച്ചിട്ടില്ല. അതാണ് നാട്ടുകാരെ ആശങ്കാകുലരാക്കുന്നത്. "നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും ബഫര്‍ സോണ്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനം വേണമെന്ന് കരുതിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ഏത് കമ്പനി തുടങ്ങണമെങ്കിലും അതിന് ചുറ്റിലും മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഗ്രീന്‍ബെല്‍റ്റ് നിര്‍മ്മിക്കുകയും ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്നുമുണ്ട്. ജനങ്ങള്‍ താമസിക്കുന്ന സ്ഥലവും കമ്പനിയുടെ പ്രവര്‍ത്തനവും തമ്മില്‍ ഒരു പ്രത്യേക ദൂരപരിധി നിശ്ചയിക്കണം, അതാണ് ബഫര്‍ സോണ്‍. നിലവിലുണ്ടായിരുന്ന കമ്പനിയുടെ ഉത്പാദനക്ഷമത ഇരട്ടിയാക്കിയപ്പോള്‍ ഏതാണ്ട് അമ്പത് ലോഡ് സള്‍ഫറാണ് ഞങ്ങളുടെ വീടുകളുടെ സമീപമുള്ള സ്ഥലത്തു നിന്ന് കയറ്റിപ്പോവുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സള്‍ഫര്‍ പൊടി ലോറികളിലേക്ക് വന്നു വീഴുകയാണ്. ആ സമയത്ത് അന്തരീക്ഷത്തില്‍ മുഴുവന്‍ സള്‍ഫര്‍ പൊടിയായിരിക്കും. കുഞ്ഞുങ്ങള്‍ ഒന്നൊഴിയാതെ അസുഖങ്ങളായപ്പോള്‍, പലരും വീടുപേക്ഷിച്ച് പോയി. ഇതിന് പുറമെയാണ് പുകയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും. എയര്‍ പ്രൊഡക്ട്‌സ് കമ്പനി അവര്‍ക്കാവശ്യമുള്ള വാതകങ്ങള്‍ മാത്രം അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം ചേര്‍ന്ന് പ്രദേശത്തുണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ഗ്രീന്‍ ബെല്‍റ്റ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ബെല്‍റ്റിനോ, ബഫര്‍ സോണ്‍ ഉണ്ടാക്കുന്നതിനോ കോര്‍പ്പറേഷന്‍ ഇതേവരെ ഒരു പൈസ പോലും നീക്കിവച്ചിട്ടില്ല. ബഫര്‍സോമിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള തുക കൂടി പ്രോജക്ടില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു"- നെല്‍സണ്‍ തുടര്‍ന്നു.

മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ.യും, മലിനീകരണ നിയന്ത്രണ ബോര്‍ഡും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇരുകൂട്ടരും പ്രദേശവാസികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഗ്രീന്‍ബെല്‍റ്റിന്റേയും ബഫര്‍സോണിന്റേയും കാര്യത്തില്‍ തീരുമാനം വേണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2016ല്‍ ഇതേ കാര്യം നിര്‍ദ്ദേശിച്ചുകൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവും വന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ നാളിതുവരെയായിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കുകയോ, പ്രദേശവാസികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഉത്തരവ് നടപ്പാക്കത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് സ്ഥലം സന്ദര്‍ശിച്ചു. കമ്പനി അധികൃതരമായും പ്രദേശവാസികളുമായും സംസാരിച്ച കമ്മീഷന്‍ പരാതി ഗൗരവമേറിയതാണെന്ന് പറഞ്ഞു. "പരാതി സത്യസന്ധമാണ്. ഇവിടെ കാണുമ്പോള്‍ തന്നെ ഭയാനകമായ ഒരവസ്ഥയായി തോന്നുന്നു. എന്നാല്‍ കമ്പനി പൂട്ടിയിടണമെന്ന് പറയാനാവില്ല, ആളുകള്‍ ഇവിടെ നിന്ന് മാറിപ്പോണമെന്നും പറയാനാവില്ല. ആളുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി മാറ്റിത്താമസിപ്പിക്കാനുള്ള വഴിയെന്താണെന്നാണ് ആലോചിക്കേണ്ടത്. ബഫര്‍സോണും ഗ്രീന്‍ബെല്‍റ്റുമെന്ന് പ്രദേശവാസികളുടെ ആവശ്യം ന്യായമാണ്." കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹന്‍ദാന്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനരീതിയ്‌ക്കെതിരെ വായ്മൂടിക്കെട്ടിയും മറ്റും പ്രതിഷേധിച്ചിരുന്ന പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷന്റെ അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. കമ്പനിയുടെ തീരുമാനവും കമ്മീഷന്‍ വിധിയും അനുകൂലമല്ലെങ്കില്‍ വലിയ പ്രതിഷേധ സമരങ്ങളിലേക്ക് തങ്ങള്‍ കടക്കുമെന്ന മുന്നറിയിപ്പ് ഇവര്‍ നല്‍കുന്നു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories