Top

പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ശരവേഗത്തില്‍ പാഞ്ഞ മണിക്കൂറുകള്‍; ഫേസ്ബുക്ക് ലൈവ് ചെയ്ത ബദറുദ്ദീനും ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനും സംസാരിക്കുന്നു

പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ശരവേഗത്തില്‍ പാഞ്ഞ മണിക്കൂറുകള്‍; ഫേസ്ബുക്ക് ലൈവ് ചെയ്ത ബദറുദ്ദീനും ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനും സംസാരിക്കുന്നു
'പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ പറഞ്ഞ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് മാത്രമായിരുന്നു മനസ്സില്‍. ഇവിടെ എത്തി ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിനെ കൈമാറിയപ്പഴാണ് ശ്വാസം നേരെ വീണത്. എത്തിക്കുന്നത് വരെ കുഞ്ഞിന് ഒരു അപകടവും സംഭവിച്ചില്ല. ഇപ്പഴാണ് സമാധാനായത്. ഇവിടെ എത്തിയിട്ടാണ് ഇത്തിരി വെള്ളം കുടിക്കുന്നത്. എല്ലാവരും ഞങ്ങളോട് സഹകരിച്ചു. അതിന് എല്ലാവര്‍ക്കും നന്ദി. നിര്‍ത്താതെ ഓട്ടമായിരുന്നു. മലപ്പുറത്ത് പെട്രോള്‍ അടിക്കാന്‍ മാത്രമേ നിര്‍ത്തിയുള്ളൂ. രാവിലെ 11 മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടതാണ്.'
ബദറുദ്ദീന്‍ മുഹമ്മദ് വലിയ ഒരു ദൗത്യം കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ പറഞ്ഞു. കേരളം കൂടെ നിന്ന ദൗത്യത്തില്‍, കേരളത്തെ കൂടെ നിര്‍ത്തിയവരില്‍ പ്രധാനിയാണ് ബദറുദ്ദീന്‍. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയുടെ കാസര്‍കോഡ് ജില്ലാ ട്രഷറര്‍. ബദറുദ്ദീനാണ് മണിക്കൂറുകള്‍ ഇടവിട്ട് ആംബുലന്‍സ് ദൗത്യം ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരുന്നത്. ഇയാളിലൂടെയാണ് കേരളം അത് അറിഞ്ഞുകൊണ്ടിരുന്നത്.

കാസര്‍കോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളം മുഴുവന്‍ വോളന്റിയര്‍മാരുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം (സി പി ടി) കേരളയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയായിരുന്നു ഇന്നലെ കേരളം കണ്ടത്. ഒരാഴ്ച മുമ്പാണ് കുട്ടിയുടെ അച്ഛനും അമ്മയും സിപിടിയുടെ കാഞ്ഞങ്ങാട് ഓഫീസുമായി ബന്ധപ്പെടുന്നത്. സിപിടി മുമ്പ് ആംബലന്‍സ് മിഷനിലൂടെ തിരവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞാണ് സാനിയ-മിത്താഹ് ദമ്പദികള്‍ സിപിടിയെ സമീപിക്കുന്നത്. പിന്നീട് ആംബുലന്‍സ് സംഘടിപ്പിക്കുന്നതിനായായിരുന്നു ശ്രമം. അത് കുഞ്ഞിന്റെ ബന്ധുക്കള്‍ തന്നെ ചെയ്തു. എടപ്പാളില്‍ നിന്ന് വെന്റിലേറ്റര്‍ ഉള്ള ആംബുലന്‍സ് 35,000 രൂപയ്ക്ക് തിരുവനന്തപുരത്തെത്തിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അതിനിടെയാണ് ഉദുമ സി എച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ 22,000 രൂപയ്ക്ക് ആംബുലന്‍സ് നല്‍കാമെന്ന് സമ്മതിക്കുന്നത്. പിന്നീട് എല്ലാം വളരെ വേഗത്തിലായി. ആംബുലന്‍സ് മിഷന്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചയുടന്‍ സിപിടി തങ്ങളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും അത് സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്തു. 'വഴി മാറണേ..പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞുമായാണ് ആംബുലന്‍സ് വരുന്നത്' എന്ന് തുടങ്ങി നിരവധി കാര്‍ഡുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയവഴി സിപിടി ഷെയര്‍ ചെയ്തു. 74 വാട്‌സ് ആപ് ഗ്രൂപ്പുകളും കേരളത്തിലും വിദേശത്തുമായി മുപ്പതിനായിരത്തിലധികം അംഗങ്ങളുമുള്ള സിപിടിയുടെ അറിയിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ടീമിന്റെ ഫേസ്ബുക്ക് പേജ് വഴി നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു. ഇത് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു.

ഫേസ്ബുക്കില്‍ ലൈവ് ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുമെന്ന് കണ്ട് സിപിടിയുടെ വോളന്റിയറായി ആംബുലന്‍സ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബദറുദ്ദീന്‍ ലൈവ് കൂടി ചെയ്തതോടെ ആളുകളെല്ലാം കുഞ്ഞുമായി വരുന്ന ആംബുലന്‍സിനെ അതിവേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളായി നിരത്തിലിറങ്ങി. സിപിടി വോളന്റിയര്‍മാരും ഓള്‍ കേരള ആംബുലന്‍സ് അസോസിയേഷനും വിവരമറിഞ്ഞെത്തിയ ആളുകളും പോലീസും സംഘത്തിനൊപ്പം നിന്നു.
'സിപിടിയില്‍ നിന്ന് കൊടുക്കുന്ന വിവരങ്ങള്‍ ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയ ഞങ്ങള്‍ക്കൊപ്പം നിന്നു. റോഡ് ക്ലിയര്‍ ആയിരുന്നു എല്ലായിടത്തും. കണ്ണൂരില്‍ മാത്രം കുറച്ച് തിരക്കുണ്ടായിരുന്നു. ഓരോ പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളിലും വിവരം പാസ് ചെയ്തു. ചാനലും റേഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങളുമെല്ലാം ഞങ്ങളുടെ ദൗത്യത്തില്‍ കൂടെ നിന്നു. ഞങ്ങളുടെ വോളന്റിയര്‍മാര്‍ എല്ലായിടത്തും റോഡ് ക്ലിയര്‍ ചെയ്യാന്‍ സഹായിച്ചു.'
ബദറുദ്ദീന്‍ പറയുന്നു.

സിപിടിയുടെ ആദ്യ ദൗത്യമല്ല ഇത്. 2017ല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന ഇതിനകം പത്തിലധികം ആംബുലന്‍സ് ദൗത്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കി. കുഞ്ഞുങ്ങളുമായി ഇത് മൂന്നാമത്തെ ദൗത്യമായിരുന്നു. 2017ല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അടിയന്തിര ശസ്ത്രക്രിയക്കായി ശ്രീചിത്രയില്‍ എത്തിക്കേണ്ടി വന്ന ലൈബ ഫാത്തിമയുടെ ആംബുലന്‍സ് മിഷനാണ് സിപിടി ആദ്യം ഏറ്റെടുത്തത്. അന്ന് രാത്രിയിലായിരുന്നു യാത്ര. സിപിടി വോളന്റിയര്‍മാര്‍ തന്നെ വഴിയൊരുക്കി നല്‍കി. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തായിരുന്നു ആ ദൗത്യം. ട്രാഫിക് സിനിമ മോഡലില്‍ കുഞ്ഞിനെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചത് അന്ന് വലിയ വാര്‍ത്തായായി ചാനലുകളും പത്രങ്ങളും നല്‍കി. പിന്നീട് പലയിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ആംബുലന്‍സ് മിഷന്‍ ഏറ്റെടുത്ത സിപിടി കഴിഞ്ഞ മൂന്ന് മാസം മുമ്പ് ഇരട്ടക്കുട്ടികളില്‍ ഒരാളുടെ ഹൃദയ ശസ്ത്രക്രിയക്കായി കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തെത്തിച്ച് വീണ്ടും ശ്രദ്ധ നേടി. എന്നാല്‍ അന്ന് തിരികെ വരുമ്പോള്‍ ഓച്ചിറയില്‍ വച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഒന്ന് ഓച്ചിറ സ്വദേശിയും മറ്റൊന്ന് രാജസ്ഥാന്‍ സ്വദേശിയും. സിപിടിയുടെ കയ്യില്‍ നിന്നുണ്ടായ പിഴവല്ലെങ്കിലും ആംബുലന്‍സ് മിഷനിലൂടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതിലുള്ള നല്ല വാക്കിനേക്കാള്‍ പഴിയാണ് കേള്‍ക്കേണ്ടി വന്നതെന്ന് സിപിടി സ്ഥാപകനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമായ സി കെ നാസര്‍ കാഞ്ഞങ്ങാട് പറയുന്നു.
'അന്ന് തിരുവനന്തപുരത്തെ ഞങ്ങളുടെ വോളന്റിയര്‍മാര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും സംഘത്തിനും താമസ സൗകര്യവും ഭക്ഷണവും എല്ലാം തയ്യാറാക്കിയിരുന്നു. ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോള്‍ ഡോക്ടര്‍മാരുടെ വണ്ടിയിടുന്ന സ്ഥലത്ത് ആംബുലന്‍സിന് പാര്‍ക്കിങ്ങും അനുവദിച്ചു. പക്ഷെ അവര്‍ സിപിടി വോളന്റിയര്‍മാരെ നിഷേധിച്ച് തിരികെ പോന്നു. അപകടം പറ്റിയതോടെ ധാരാളം പഴി കേട്ടു. ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെല്ലാം അതില്‍ മുങ്ങിപ്പോയി. അതിന് ശേഷം ഞങ്ങള്‍ ആംബുലന്‍സ് മിഷന്‍ എടുക്കുന്നതില്‍ നിന്ന് അല്‍പ്പം പിന്നോട്ടാണ്. പക്ഷെ ഇത് കുഞ്ഞിന്റെ രക്ഷിതാക്കള്‍ നേരിട്ട് വന്ന് പറഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ പറ്റിയില്ല. അവരുടെ കയ്യില്‍ പണവും വളരെ കുറവായിരുന്നു.'


ശ്രീചിത്രയിലേക്ക് എത്തിക്കാനുള്ള തീരുമാനം മാറ്റണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിന് താനൊരിക്കലും എതിരായിരുന്നില്ല എന്ന് നാസര്‍ പറയുന്നു. കുഞ്ഞിന്റെ ജീവനാണ് തങ്ങള്‍ക്ക് വലുതെന്നും അതിനായി കുട്ടിയുടെ രക്ഷിതാക്കളുടെ കൂടി അഭിപ്രായം അനുസരിച്ചാണ് ശ്രീചിത്ര തിരഞ്ഞെടുത്തതെന്നും നാസര്‍ പറഞ്ഞു. 'ഇതിന് മുമ്പ് സിപിടി കുട്ടികളെ കൊണ്ടുപോയത് ശ്രീചിത്രയിലേക്കായിരുന്നു. മുമ്പ് കൊണ്ട് പോയ കുട്ടിയുടെ റിസള്‍ട്ട് മംഗലാപുരത്തും കൊച്ചി അമൃതയിലും കാണിച്ചപ്പോള്‍ രക്ഷപെടാനുള്ള പത്ത് ശതമാനം ചാന്‍സ് മാത്രമാണ് പറഞ്ഞത്. പക്ഷെ ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ ആത്മവിശ്വാസം തന്നു. അവിടെ കൊണ്ട് പോയി ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടികള്‍ രക്ഷപെടുകയും ചെയ്തു. അവരാണ് ഞങ്ങളെക്കുറിച്ച് ഈ കുട്ടിയുടെ മാതാപിതാക്കളോട് പറയുന്നത്. അവരും ഞങ്ങളും ആലോചിച്ചാണ് ശ്രീചിത്ര തിരഞ്ഞെടുത്തത്. മംഗലാപുരം ആശുപത്രിയിലെ ഡോക്ടര്‍മാരും ശ്രീചിത്രയിലെ ഡോക്ടര്‍മാരും പരസ്പരം കുട്ടിയുടെ കാര്യം ഡീറ്റെയില്‍ ആയി സംസാരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച എത്തിച്ചാല്‍ ചൊവ്വാഴ്ച തന്നെ ഓപ്പറേഷന്‍ നടത്താനുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഏര്‍പ്പാടാക്കിയിരുന്നു. അതാണ് ഞങ്ങള്‍ ആദ്യം തടസ്സം പറഞ്ഞത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളും, ഓഫീസില്‍ നിന്നും മന്ത്രിയും ഒക്കെ വിളിച്ചു. മന്ത്രി വിളിച്ച് ഓര്‍ഡര്‍ പോലെ തീരുമാനം പറയുകയായിരുന്നു. ഞങ്ങള്‍ക്ക് കോഴിക്കോട് മിംമ്‌സിലോ, അമൃതയിലോ കാണിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷെ മുന്‍ അനുഭവം വച്ച് ശ്രീചിത്രയിലെ ഡോക്ടര്‍മാരെ വിശ്വസിച്ചാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. എന്തായാലും കുട്ടിയുടെ ജീവന്‍ രക്ഷപെട്ടാല്‍ മതി.'


കാണാതാവുന്ന കുട്ടികളെക്കുറിച്ചുള്ള ഒരു വീഡിയോ ഷെയര്‍ ചെയ്ത് കിട്ടിയപ്പോളുണ്ടായ മനോ വിഷമത്തില്‍ നിന്നാണ് കുട്ടികളുടെ രക്ഷക്കായി ചൈല്‍ പ്രൊട്ടക്ഷന്‍ ചീം എന്ന വാട്‌സ്ആപ് കൂട്ടായ്മ നാസര്‍ തുടങ്ങുന്നത്. ആദ്യം ജോയിന്‍ ലിങ്കുകള്‍ അയച്ച് ആളെക്കൂട്ടുമായിരുന്നു. എന്നാല്‍ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തു. ഇതോടെ കൂടുതല്‍ കൂടുതല്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ തുടങ്ങി. ജോയിന്‍ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു. ഫേസ്ബുക്ക് പേജും തുടങ്ങി. കേരളത്തിലും വിദേശ രാജ്യങ്ങളിലും വരെയുള്ളവര്‍ സിപിടിയില്‍ അംഗങ്ങളാണെന്ന് നാസര്‍ പറയുന്നു. വീട്ടില്‍ നിന്ന് പല കാരണത്താല്‍ ഇറങ്ങിപ്പോവുകയോ, കാണാതാവുകയോ ചെയ്ത 310 കുട്ടികളെ തിരികെ കണ്ടെത്താന്‍ സിപിടി വോളന്റിയര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ഇതിന് പുറമെ ലഹരി,ലൈംഗികചൂഷണം, എന്നിവയില്‍ ബോധവല്‍ക്കരണ ക്ലാസുകളും, മോട്ടിവേഷന്‍ ക്ലാസ്സുകളുമെല്ലാം സംഘിപ്പിക്കാറുണ്ടെന്നും നാസര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് നാസര്‍.

ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സനിത് രണ്ടാം ദൗത്യം

'സഹകരിച്ച എല്ലാവര്‍ക്കും നന്ദി' ഇത്രയും പറഞ്ഞ് കയ്യില്‍ കരുതിയിരുന്ന കുപ്പിയിലെ വെള്ളം കുടിക്കുമ്പോള്‍ ഹസന്‍ ദേളിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ഹസനിലാണ്. അഞ്ചര മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന്‍ പറന്നത് നാനൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. KL-60 - J 7739 എന്ന ആ ആംബുലന്‍സിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്റെ മനസ്സില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. പ്രതിബന്ധങ്ങളെല്ലാം അതിന് മുന്നില്‍ വഴിമാറി. ഹസന്റെ നിശ്ചയദാര്‍ഢ്യത്തെ ഇപ്പോള്‍ കേരള ജനത ഒന്നാകെ വാഴ്ത്തുകയാണ്. ഉദുമ മുക്കുന്നോത്ത് സ്വദേശിയായ, സിഎച്ച് മുഹമ്മദ്‌കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സ് ഓടിക്കുന്ന ഹസന്‍ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വെന്റിലേറ്ററില്ലാത്ത ആംബുലന്‍സില്‍ എങ്ങനെ കുഞ്ഞിനെ കൊണ്ടുപോവും എന്നത് വെല്ലുവിളിയായി. വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ച് തിരുവനന്തപുരത്തെത്തിക്കുന്നതിന് 22,000 രൂപ പ്രതിഫലമാണ് ബസന്‍ ആവശ്യപ്പെട്ടത്. വലിയ തുകകള്‍ പറഞ്ഞ മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരെ ഒഴിവാക്കി ഹസനെ തന്നെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു സാനിയ-മിത്താഹ് ദമ്പതികള്‍. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആംബുലന്‍സ് മംഗലാപുരത്തുനിന്ന് പുറപ്പെടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വെന്‌റിലേറ്റര്‍ പ്രവര്‍ത്തന സജ്ജമാവാന്‍ പിന്നെയും സമയമെടുത്തു. പിന്നീട് 11 മണിയോടെ ആംബുലന്‍സ് സ്റ്റാര്‍ട്ട് ചെയ്ത ഹസന്‍ ദൗത്യം കൃത്യമായി നിര്‍വ്വഹിച്ചു. KL-60-J-7739 എന്ന ആംബുലന്‍സ് ശരവേഗത്തില്‍ കൊച്ചിയിലെത്തി. സിപിടിയ്‌ക്കൊപ്പം ഹസനും ചേര്‍ന്നപ്പോള്‍ ആംബുലന്‍സ് ദൗത്യം വിജയമായി.

ഹസന്‍ ഇതാദ്യമായല്ല ആംബുലന്‍സ് മിഷന്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബറില്‍ മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് അടിയന്തിര ശസ്ത്രക്രിയക്കായി മറ്റൊരാളെ ഹസന്‍ എത്തിച്ചിട്ടുണ്ട്. എട്ട് മണിക്കൂറും 45 മിനിറ്റും എടുത്താണ് അന്ന് ഹസന്‍ മംഗലാപുരം-തിരുവനന്തപുരം ആംബുലന്‍സ് മിഷന്‍ പൂര്‍ത്തിയാക്കിയത്. എല്ലാവരും നല്ല രീതിയില്‍ പിന്തുണ നല്‍കിയതുകൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനായതെന്ന് ഹസ്സന്‍ പറഞ്ഞു.

Next Story

Related Stories