Top

കെ. അമ്മിണി, ഒരു 'മനിതി'; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

കെ. അമ്മിണി, ഒരു
ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളുടെ സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങി മടങ്ങുകയാണ്. ദര്‍ശനത്തിനായി ഇന്ന് എരുമേലിയിലെത്തിയ ആദിവാസി-ദലിത് അവകാശ പ്രവര്‍ത്തക അമ്മിണിയും മടങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായി മല കയറാന്‍ പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ പമ്പയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അമ്മിണി നേരത്തേ പറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മനിതി കൂട്ടായ്മയിലെ യുവതികള്‍ക്കൊപ്പം മല ചവിട്ടാന്‍ കാത്തിരിക്കുന്ന അമ്മിണി എന്ന ദളിത് ആക്ടിവിസ്റ്റ് ആരാണ്?

വയനാട്ടിലെ ആദിവാസി അവകാശ പ്രവര്‍ത്തകരുടെ ഇടയില്‍ ഈയടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പേരാണ് കെ. അമ്മിണി. ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും, കൂട്ടായ്മകള്‍ രൂപീകരിച്ചും വയനാട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ആദിവാസി ഐക്യസമിതിയുടെ സെക്രട്ടറി, ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അമ്മിണി, പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത് ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, വയനാട്ടിലെ വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെയാണ് അമ്മിണി അവകാശ പ്രശ്‌നങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യാനാരംഭിക്കുന്നത്. കെ. അജിത, ഏലിയാമ്മ വിജയന്‍, സോണിയ ജോര്‍ജ്, മേഴ്‌സി അലക്‌സാണ്ടര്‍, സുലോചന എന്നിവര്‍ക്കൊപ്പം കേരള സ്ത്രീവേദിയുടെ വയനാട്ടിലെ ഘടകത്തിന്റെ ഭാഗമായാണ് തുടക്കം. പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന നായ്ക്ക സമുദായത്തില്‍ നിന്നും, സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമങ്ങളിലൂടെയാണ് അമ്മിണി സ്ത്രീവേദിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാരംഭിക്കുന്നത്.

നായ്ക്ക സമുദായാംഗമായ ഒരു പെണ്‍കുട്ടിയെ ജോലിക്കു നിന്നിരുന്ന വീട്ടിലെയാളുകള്‍ ഉപദ്രവിച്ചതിനു പരിഹാരം തേടി ആദിവാസി അവകാശ പ്രസ്ഥാനങ്ങളെ സമീപിച്ച അമ്മിണി പിന്നീട് അവരിലൊരാളായി പ്രവര്‍ത്തിക്കാനാരംഭിച്ചത് വിമന്‍സ് വോയ്‌സ് എന്ന സംഘടനയുടെ മുതിര്‍ന്ന പ്രവര്‍ത്തകയായ സുലോചന ഓര്‍ക്കുന്നുണ്ട. 'വോയ്‌സ്' പോലുള്ള എന്‍ജിഓകളുടെ ഭാഗമായായിരുന്നു അമ്മിണിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. പിന്നീട് ആദിവാസി സമരങ്ങളില്‍ പങ്കെടുത്തും, ഭൂമി പ്രശ്‌നം, വനാവകാശ നിയമം പോലുള്ള വിഷയങ്ങളിലും ശക്തമായ നിലപാടെടുത്തുമാണ് അമ്മിണി എന്ന പേര് വയനാട്ടിലെ ആദിവാസി-ദളിത് വിഭാഗക്കാര്‍ക്കിടയില്‍ സുപരിചിതമാകുന്നത്. വലിയ പ്രസ്ഥാനങ്ങളുടെ പിന്‍ബലമില്ലെങ്കില്‍പ്പോലും സ്വന്തം രീതിയിലുള്ള പ്രവര്‍ത്തനത്തിലൂടെ ആ പേരുറപ്പിക്കാന്‍ അമ്മിണിക്ക് സാധിച്ചിട്ടുമുണ്ട്.

https://www.azhimukham.com/trending-manithi-members-returns-police-delayed-action-for-more-than-six-hours/

വോയ്‌സിന്റെ ഭാഗമായും, ആദിവാസി ഉന്നമനത്തിനായുള്ള അനവധി പ്രോജക്ടുകളുടെ ഭാഗമായും പ്രവര്‍ത്തിച്ചുവരികയാണ് അമ്മിണിയിപ്പോള്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഏകോപിപ്പിക്കാനും പ്രാതിനിധ്യപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും, സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കാനും വയനാട്ടില്‍ നിന്നുയരുന്ന ഉറച്ച ശബ്ദങ്ങളിലൊന്നായാണ് അമ്മിണിയെ ജില്ലയിലെ അവകാശ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. സി.കെ ജാനുവിനോടൊപ്പവും അനവധി വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് അമ്മിണി. അതേസമയം, തീവ്ര ഇടത് സംഘടനകളുമായി പുലര്‍ത്തിയിരുന്ന ബന്ധത്തേയും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശബരിമലയിലേക്ക് അമ്മിണി പോകുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കില്‍ ഒപ്പം പോകാന്‍ തയ്യാറുള്ളവര്‍ ഇനിയും ധാരാളമുണ്ടായിരുന്നെന്നും വിവിധ സംഘടനകളില്‍ അമ്മിണിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു. എത്ര വലിയ പ്രതിസന്ധികളുണ്ടായാലും പൊലീസ് സംരക്ഷണം നേടിയെടുത്ത് അമ്മിണി മല ചവിട്ടുക തന്നെ ചെയ്യുമെന്നും, അതിനു പോന്ന നിശ്ചയദാര്‍ഢ്യമുള്ളയാളാണ് അമ്മിണിയെന്നുമാണ് അടുത്തറിയുന്നവര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും പറയാനുള്ളത്.

https://www.azhimukham.com/blog-sabarimala-women-entry-manithi-organisation-must-be-supported-by-kerala-government-gireesh-writes/

https://www.azhimukham.com/kerala-young-swaminis-tried-to-enter-sabarimala-temple/

Next Story

Related Stories