Top

നെഹ്‌റു കോളേജിന് ഇനിയും വേണോ ജിഷ്ണു പ്രണോയിമാരെ? ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യക്ക് ശ്രമിച്ചു

നെഹ്‌റു കോളേജിന് ഇനിയും വേണോ ജിഷ്ണു പ്രണോയിമാരെ? ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യക്ക് ശ്രമിച്ചു
അനിശ്ചിതകാല സസ്‌പെൻഷനിൽ മനംനൊന്ത് കേരളത്തിൽ മറ്റൊരു വിദ്യാർത്ഥി കൂടി ആത്മഹത്യാ ശ്രമം നടത്തിയിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ അലയൊലികൾ അണയുന്നതിന് മുൻപാണ് നെഹ്റു കോളേജിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമായ ഒറ്റപ്പാലം ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ കഴിഞ്ഞ ദിവസം വീണ്ടുമൊരു ആത്മഹത്യാ ശ്രമം കൂടി നടന്നിരിക്കുന്നത്. കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അർഷാദ് അഷ്റഫാണ് വിദ്യാർത്ഥികൾക്ക് മുൻപിൽ വച്ചുതന്നെ വിഷം കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. അടിയന്തിരമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചെങ്കിലും, വാണിയംകുളം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അർഷാദ് ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് എസ്എഫ്ഐ, വൈസ് പ്രിൻസിപ്പാളിനെ ഉപരോധിക്കുകയും കോളേജിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു.

മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് കോളേജ് മാനേജ്മെൻറ് അർഷാദിനെയും മറ്റ് രണ്ട് വിദ്യാർഥികളെയും സസ്‌പെൻഡ് ചെയ്യുന്നത്. തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മനഃപൂർവം കുറ്റവാളിയാക്കിയെന്ന് അർഷാദ് പറയുകയും, തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് തെളിയിക്കാൻ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അറിയിയിക്കുകയും ചെയ്തതായി സഹപാഠികൾ പറയുന്നു.

എന്നാൽ, അർഷാദ് മദ്യപിച്ചെന്ന് തെളിയിക്കാൻ കഴിയാതിരുന്ന കോളേജ് മാനേജ്മെൻറ്, പ്രിൻസിപ്പാളിനെ അപമാനിച്ചെന്നു പറഞ്ഞുകൊണ്ട് പിറ്റേ ദിവസം തന്നെ മറ്റൊരു സസ്‌പെൻഷൻ ഓർഡർ പുറപ്പെടുവിക്കുകയായിരുന്നെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ മാസം നടന്ന ജിഷ്ണു പ്രണോയ് അനുസ്മരണ ചടങ്ങിൽ, വിദ്യാർഥികള്‍ക്കിടയില്‍ ക്യാമ്പയിൻ ചെയ്യുകയും എല്ലാവരെയും ഏകോപിക്കാനുളള ഉത്തരവാദിത്തം ഏറ്റെടുത്തവരിൽ ഒരാൾ ആയതിനാലും, എസ്എഫ്ഐ പാലക്കാട് ഏരിയാ കമ്മറ്റി അംഗമായതിനാലും, ജിഷ്ണുവിന് ശേഷം അധ്യാപകരും മാനേജ്മെന്റും നടത്തിയ പക പോക്കലിന്റെ അടുത്ത ഇരയാണ് അർഷാദെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

http://www.azhimukham.com/kerala-one-year-after-death-of-nehru-college-student-jishnu-pranoy/

ആത്മഹത്യാ ശ്രമം നടത്തുന്നതിന് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് അർഷാദ് അപ്ഡേറ്റ് ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റും മാനേജ്‌മെന്റിനെതിരായി വിദ്യാർത്ഥികൾ ഉയർത്തുന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. ജിഷ്ണു പ്രണോയിയുടെ ഫോട്ടോ ഉൾപ്പെടുത്തിയ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം: "ചിലപ്പോഴൊക്കെയും നീയായി പുനർജനിച്ചത് പോലെ തോന്നപ്പെടുന്നു. നീതിയും നിയമവുമൊക്കെ തമ്പുരാക്കന്മാരുടെ കിടപ്പറയിൽ വ്യഭിചരിക്കുമ്പോ, നമ്മളെ പോലെയുമുള്ളവർക്ക് പ്രതിഷേധിക്കാൻ കഴിയുന്നത് മരണം കൊണ്ട് മാത്രമാണല്ലോ സഖാവേ..."

കോളേജിലെ എസ്എഫ്ഐ യൂണിറ്റ്‌ സെക്രെട്ടറി അഭിനേഷ് സംസാരിക്കുന്നു; "കഴിഞ്ഞ മാസം മദ്യപിച്ച കുറ്റത്തിന് മാനേജ്മെൻറ് രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുന്നതിനൊപ്പമാണ് അർഷാദിന്റെ പേരുകൂടി സസ്‌പെൻഷൻ ഓർഡറിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതിനെതിരെ അർഷാദ് ശക്തമായി പ്രതികരിക്കുകയും, തന്റെ നിരപരാധിത്വം തെളിയിക്കാൻ രക്തപരിശോധനയ്ക്ക് തയ്യാറാണെന്ന് മാനെജ്മെന്റിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടർന്ന്, അർഷാദ് മദ്യപിച്ചെന്ന് അധ്യാപകർക്ക് തെളിയിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ, പ്രിൻസിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചുകൊണ്ട് മറ്റൊരു സസ്പെൻഷൻ ഓർഡർ പുറപ്പെടുവിക്കുകയുമായിരുന്നു. എൻക്വയറി സസ്‌പെൻഷൻ എന്നുപറഞ്ഞു വന്ന ഓർഡർ അനിശ്ചിതകാലത്തേക്കുള്ളതായിരുന്നു. ശേഷം, ഒരുമാസം കഴിഞ്ഞും അറിയിപ്പോ നടപടിയോ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ്, സസ്‌പെൻഷൻ നിലനിൽക്കത്തന്നെ കഴിഞ്ഞ ദിവസം അർഷാദ് കോളേജിലേക്ക് വരുന്നത്. ക്ലാസ്സിൽ കയറ്റില്ല എന്നുമാത്രമല്ല, പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് അധ്യാപകർ അവനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അർഷാദ് വിവരമറിയിച്ചതിനെത്തുടർന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്ന നിലയ്ക്ക് അധ്യാപകരോട് ഞാൻ വിവരങ്ങൾ തിരക്കിയപ്പോൾ നിങ്ങളുടെ പാർട്ടിയോട് സംസാരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് എന്നെ ഇറക്കിവിട്ടു. ഇന്നലെ വീണ്ടും അർഷാദ് ക്ലാസിൽ കയറുകയും, അധ്യാപകർ പഴയപ്രകാരം ഭീഷണിയുയർത്തി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു മാസമായി നീളുന്ന സസ്‌പെൻഷൻ പിൻവലിക്കാത്തതും മറ്റു കുട്ടികളുടെ മുൻപിൽ ഇപ്പോഴും അപമാനിക്കപ്പെടുന്നതും ഭീഷണി നേരിടേണ്ടി വരുന്നതും അവനെ മാനസികമായി തളർത്തിയിരുന്നു. വിഷമം സഹിക്കവയ്യാതെയാണ് ഇന്നലെ ഉച്ചയ്ക്ക് സഹപാഠികളുടെ മുൻപിൽ, ക്‌ളാസ്റൂമിൽ വച്ചുതന്നെ അർഷാദ് വിഷം കഴിക്കുന്നതും ആത്മഹത്യക്ക് ശ്രമിക്കുന്നതും. ഇതിനിടെ, വൈസ് പ്രിൻസിപ്പാളും ലീഗൽ അഡ്വൈസറും ഒരധ്യാപികയും ചേർന്ന് നടത്തിയ മാനസിക പീഡനങ്ങളും അവനെ പതിന്മടങ്ങ്‌ തളർത്തിയിരുന്നു. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കോളേജ് മാനേജ്മെൻറ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഷ്ണു പ്രണോയ് അനുസ്മരണത്തിൽ സജീവ പങ്കാളിയായതും മറ്റും മാനേജ്‌മെന്റിന് പ്രകോപിപ്പിച്ചു എന്നുവേണം മനസ്സിലാക്കാൻ". അഭിനേഷ് പറയുന്നു.

സംഭവത്തെക്കുറിച്ച് കോളേജ് അധികൃതരുടെ അഭിപ്രായങ്ങൾക്കായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

http://www.azhimukham.com/kerala-chief-minister-pinarayi-vijayan-should-understand-peoples-sentiments-shahina/

http://www.azhimukham.com/keralam-jishnupranoy-mother-mahija-speaks-safiya/

http://www.azhimukham.com/jishnu-suicide-nehru-collage-rakesh/

Next Story

Related Stories