UPDATES

21-ാം നൂറ്റാണ്ടിലും ജന്മിവാഴ്ചയോ? കേരളം കാണാതെ പോയ ദളിതരുടെ ജാതിസമരം

കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട ദളിത് സമരമായിത്തന്നെ കണക്കാക്കപ്പെടേണ്ടതാണ് പൊസൊളിഗെ റോഡ് സമരം- ഭാഗം 1

ശ്രീഷ്മ

ശ്രീഷ്മ

ഭാഗം 1

“അയാള്‍ കരുതിയില്ല ഇവിടെ റോഡു വരുമെന്ന്. അയാള്‍ മാത്രമല്ല, ഈ നാട്ടുകാര്‍ ആരും കരുതിയില്ല. ഇതിനു പുറകേ പോയി സമയം കളയാമെന്നല്ലാതെ വേറെ ഗുണമുണ്ടാകില്ലെന്ന് ഞങ്ങളെയെല്ലാം ഉപദേശിച്ചവരുണ്ട്. പുറകേ പോകാതെ വേറെന്തു ചെയ്യാനാണ്? ജീവിക്കണ്ടേ ഞങ്ങള്‍ക്ക്?” കേരള ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു ജാതി സമരത്തെക്കുറിച്ചാണ് തിമ്മപ്പ തുളു കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്നത്. ഫലവത്താകുമെന്ന് ആരും കരുതാതിരുന്ന ഒരു ബഹുജന മുന്നേറ്റത്തെ വിജയത്തിലെത്തിച്ചതിന്റെ കൃതാര്‍ത്ഥത മാത്രമല്ല, തലമുറകളായി ആചാരമെന്നോണം അംഗീകരിച്ചുപോന്ന അടിമത്തത്തില്‍ നിന്നും ഒരു ജനത മോചിതരായതിന്റെ എല്ലാ ഉത്സാഹവും തിമ്മപ്പ സംസാരിക്കുമ്പോള്‍ തിരിച്ചറിയാനാകുന്നുണ്ട്. ഒരുപക്ഷേ വൈക്കം സത്യാഗ്രഹത്തിനു ശേഷം, കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട ദളിത് സമരമായിത്തന്നെ കണക്കാക്കപ്പെടേണ്ട പൊസൊളിഗെ റോഡ് സമരം, യഥാര്‍ത്ഥത്തില്‍ വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമായിരുന്നില്ലെന്നും മറിച്ച് അതിലുമേറെ പ്രസക്തമായ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നെന്നും തിമ്മപ്പയടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്.

കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും അറുപതു കിലോമീറ്ററോളം അകലെയാണ് നട്ടാക്കല്‍. ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ നട്ടാക്കലിലും, അവിടെ നിന്നും അല്പം മാറിയുള്ള പൊസൊളിഗെ കോളനിയുടെ പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളൊഴിച്ചാല്‍, ഒരു ചരിത്ര സമര ഭൂമികയുടേതായ ഒരടയാളവും ഇവിടെയില്ല. ഏറെക്കാലമായി തങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഒരു പ്രശ്‌നം പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസമാണ് കോളനിക്കാര്‍ക്കുള്ളത്. തൊട്ടടുത്ത കാലം വരെ ഇവിടെ നിലനിന്നിരുന്ന അടിമയുടമ സമ്പ്രദായത്തിന്റെയും ജാതീയമായ അധികാരസ്ഥാപനത്തിന്റെയും കടയ്ക്കലാണ് തങ്ങള്‍ വെട്ടിയതെന്ന ചിന്തയേക്കാള്‍, ഇനി കോളനികളിലെ രോഗികളെയും ഗര്‍ഭിണികളെയും ആശുപത്രിയിലെത്തിക്കാന്‍ കിലോമീറ്ററുകളോളം താങ്ങിയെടുത്തു നടക്കേണ്ടതില്ലെന്നതാണ് ഇവരെ സന്തോഷിപ്പിക്കുന്നത്. കോളനിക്കാര്‍ക്കു പറയാന്‍ കാലാകാലങ്ങളായി അനുഭവിച്ചു പോന്ന അയിത്തത്തെക്കുറിച്ചും അടിമത്തത്തെക്കുറിച്ചുമുള്ള കഥകള്‍ ഏറെയാണ്.

പൊസൊളിഗെ കോളനിയും ജന്മി അടച്ച വഴിയും

ബെള്ളൂര്‍ പഞ്ചായത്തില്‍ ഏറ്റവുമധികം ഭൂമി കൈവശം വച്ചിരിക്കുന്നത് പൊസൊളിഗെ പട്ടര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ കുടുംബമാണ്. കാലങ്ങളായി ഇവിടത്തുകാരുടെ മേല്‍ അധികാരം സ്ഥാപിച്ചിരിക്കുന്ന ഒരു സവര്‍ണ കുടുംബമാണ് പട്ടരുടേത്. ഗൃഹനാഥനായ ജന്മിയുടെ പല തലമുറകള്‍ ജാതി വ്യവസ്ഥ എന്ന തുറുപ്പുചീട്ട് ഉപയോഗിച്ച് ഈ പ്രദേശത്തെ രാജാക്കന്മാരെപ്പോലെ ജീവിച്ചിരുന്ന കഥ ലിംഗപ്പ പറഞ്ഞു തുടങ്ങി.

എത്രയോ തലമുറകളായി ഞങ്ങളെല്ലാം പണിക്കു പോയിരുന്നത് പട്ടരുടെ പറമ്പിലാണ്. നൂറേക്കറോളം സ്ഥലമുണ്ട് ആ കുടുംബത്തിന്. കോളനിയിലെ ആണുങ്ങളും പെണ്ണുങ്ങളും അവര്‍ക്കു വേണ്ടി പണിയെടുത്തു. പറമ്പില്‍ അടയ്ക്ക പെറുക്കുന്നതു മുതല്‍ കിളയ്ക്കുന്നതു വരെയുള്ള ജോലികള്‍. രാവിലെ തുടങ്ങിയാല്‍ നേരമിരുട്ടുന്ന വരെ നിര്‍ത്താതെ ജോലിയാണ്. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താലും കിട്ടുക ഇരുപതു രൂപയൊക്കെയാണ്. ഉച്ചയ്ക്ക് പറമ്പില്‍ തന്നെ പാള നിരത്തി കഞ്ഞിവെള്ളം തരും. വീടിനടുത്തേക്കൊന്നും ഞങ്ങളെ അടുപ്പിക്കില്ല”,  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടര്‍ന്നു പോന്നിരുന്ന തൊട്ടുകൂടായ്മയുടെ പൊള്ളുന്ന ഓര്‍മകളാണ് ലിംഗപ്പയ്ക്കുള്ളത്.

ബെള്ളൂര്‍ പഞ്ചായത്തിന്റെ നാല്‍പതു ശതമാനം ഭൂമിയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈയിലാണ്. ബാക്കിയുള്ള സ്ഥലങ്ങളില്‍ അധികവും ഹവിയത്ത് വിഭാഗത്തില്‍പ്പെട്ട സവര്‍ണ കുടുംബത്തിന്റെ കീഴിലും. ദളിത് കോളനികളില്‍ താമസിക്കുന്നവരുടെ പക്കലുമുണ്ടായിരുന്നു അല്പം ഭൂമി. പക്ഷേ, സ്ഥലത്തിന്റെ ആധാരവും റേഷന്‍ കാര്‍ഡുമടക്കമുള്ള പ്രധാന രേഖകളെല്ലാം ദളിതര്‍ സൂക്ഷിച്ചിരുന്നത് ജന്മിയുടെ വീട്ടിലായിരുന്നു. കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന ഒരാചാരം പോലെ ഈയടുത്തകാലം വരെ റേഷന്‍ കാര്‍ഡടക്കമുള്ള രേഖകള്‍ തങ്ങള്‍ പട്ടരുടെ വീട്ടില്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നതായി പൊസൊളിഗെയിലെ വയോധികരിലൊരാളായ നീല ഓര്‍ക്കുന്നു.

നീല

നീലയുടെ പിതാവായ നല്ല മനിച്ചന്റെ പേരിലായിരുന്നു ഇപ്പോള്‍ റോഡു തര്‍ക്കത്തില്‍പ്പെട്ട സ്ഥലം ആദ്യം ഉണ്ടായിരുന്നത്. മറ്റെല്ലാ കോളനിക്കാരെയും പോലെ നല്ല മനിച്ചനും സ്ഥലത്തിന്റെ രേഖകള്‍ അന്നത്തെ പട്ടരുടെ വീട്ടില്‍ സൂക്ഷിക്കാനേല്‍പ്പിച്ചു. അക്കാലത്ത് എല്ലാ കോളനിക്കാരും സ്വന്തമായി ഉപയോഗിച്ചു പോന്നിരുന്ന ആ വഴി പട്ടരുടെ വീടിനോടു ചേര്‍ന്നാണ് കടന്നു പോയിരുന്നത്. എന്നാല്‍, നല്ല മനിച്ചന്റെ സ്ഥലം മക്കള്‍ക്ക് വീതം വയ്ക്കാന്‍ സഹായിക്കാമെന്ന പേരില്‍ ഈ വഴിയടങ്ങുന്ന സ്ഥലം ജന്മി കുടുംബം കൈവശപ്പെടുത്തുകയും കോളനിയോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ചിലത് മക്കള്‍ക്കായി പതിച്ചു നല്‍കുകയുമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചതി മനസ്സിലായ കോളനിക്കാര്‍, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തിരികെ തന്നാലേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന പട്ടരുടെ ഭാര്യക്ക് വോട്ടു നല്‍കുകയുള്ളൂ എന്ന തീരുമാനമെടുത്തു. അന്നത്തെ ആ കടുംപിടിത്തത്തെ തുടര്‍ന്ന് ജന്മികുടുംബം വഴിയടങ്ങുന്ന സ്ഥലം പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും കോളനിയിലെ പ്രായം ചെന്നവര്‍ പറയുന്നു.

വാഹനസൗകര്യമില്ലാതിരുന്ന കാലമായിരുന്നെങ്കിലും സ്വതന്ത്രമായി വഴി നടക്കാനും സ്വന്തമെന്ന പോലെത്തന്നെ വഴി ഉപയോഗിക്കാനും കോളനിയിലെ ദളിതര്‍ക്ക് അന്നു സാധിച്ചിരുന്നു. നിലവില്‍ ജന്മിയായ നവീന്‍ കുമാര്‍ എന്നയാളുടെ കാലം വന്നപ്പോഴാണ് പൊസൊളിഗെയിലെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. വീടിനോടു ചേര്‍ന്ന് വീടിനേക്കാള്‍ ഉയരത്തില്‍ പോകുന്ന റോഡില്‍, ‘ഹീനജാതിക്കാര്‍’ സഞ്ചരിക്കുന്നതായും മത്സ്യ, മാംസാദികള്‍ കൊണ്ടുപോകുന്നതായുമുള്ള ജന്മിയുടെ ആരോപണം പെട്ടന്ന് ഒരുദിവസമാണ് ഉയര്‍ന്നു വന്നത്. തന്റെ വീട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇതാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതായി അവകാശപ്പെട്ട് ഒരുദിനം അപ്രതീക്ഷിതമായി നവീന്‍ കുമാര്‍ വഴി വേലികെട്ടിയടയ്ക്കുകയായിരുന്നു.

2005-ല്‍ നടന്ന സംഭവത്തെ ലിംഗപ്പ ഓര്‍ക്കുന്നത് ഇങ്ങനെ: “കുട്ടികള്‍ സ്‌കൂളില്‍ പോകാനിറങ്ങിയപ്പോഴാണ് വഴി അടച്ചതു കാണുന്നത്. അത്രയും കാലം ഒരു പ്രശ്‌നവുമില്ലാതെ ഞങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വഴിയാണ് പട്ടര്‍ അയാളുടേതാണെന്നു പറയുന്നത്. അപ്പോള്‍ത്തന്നെ എല്ലാവരും ചേര്‍ന്ന് വേലിയെല്ലാം പറിച്ചു കളഞ്ഞു. ഈ പ്രശ്‌നം വന്നപ്പോള്‍ അയാളുടെ സ്ഥലത്തൂടെ ഞങ്ങള്‍ നടക്കുന്നതിനെതിരെ അയാള്‍ കേസിനു പോയി. അന്നൊക്കെ സ്ഥലം അയാളുടേതാണെന്നാണ് ഞങ്ങളും കരുതിയിരുന്നത്. വഴി തരാത്തതായിരുന്നു ഞങ്ങളുടെ പ്രശ്‌നം. കേസു നടക്കുമ്പോഴും ഞങ്ങള്‍ വഴി നടന്നിരുന്നു. വീട്ടിലേക്കു വരാന്‍ മറ്റു വഴികളില്ലല്ലോ. പക്ഷേ വാഹനങ്ങളൊന്നും വരില്ലായിരുന്നു”

വാഹനങ്ങള്‍ വരാതെ അടച്ചു കെട്ടിയ വഴി കാരണം പതിമൂന്നു വര്‍ഷത്തോളം പൊസൊളിഗെ, തോട്ടത്തിന്മൂല എന്നീ രണ്ടു ദളിത് കോളനിക്കാര്‍ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്.

സീതുവിനെ ആംബുലന്‍സില്‍ നിന്നിറക്കി കോളനിയിലേക്ക് ചുമക്കാന്‍ തുടങ്ങുന്നു

മത്താടി, രവി, സീതു

വാഹനങ്ങള്‍ കടന്നു വരാതായതോടെ കോളനിയിലെ രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം ചുമന്നു നടക്കേണ്ട അവസ്ഥയായി. പ്രായം ചെന്നവര്‍ക്കും നവജാതശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം സമയത്ത് വൈദ്യസഹായമെത്തിക്കാന്‍ സാധിക്കാതെ ഇവിടത്തുകാര്‍ വലഞ്ഞു. താന്‍ ചാര്‍ജ്ജെടുക്കുന്നതിനു മുന്‍പ് പ്രദേശത്ത് കുട്ടികളടക്കം അനവധി പേര്‍ വാഹനസൗകര്യമെത്താതെ മരിച്ചതായി അറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് ബെള്ളൂരിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം റാവുത്തര്‍ പറയുന്നു. മൂന്നു മരണങ്ങളാണ് പൊസൊളിഗെയില്‍ നിസാം വന്ന ശേഷം ഉണ്ടായിട്ടുള്ളത്. മൂന്നും ഒരര്‍ത്ഥത്തില്‍ പട്ടരുടെ പിടിവാശിയുടെ ഇരകള്‍.

വഴിയുടെ യഥാര്‍ത്ഥ ഉടമയായിരുന്ന നല്ല മനിച്ചന്റെ മകന്‍ മത്താടിയാണ് അവരിലൊരാള്‍. കൃത്യമായ വൈദ്യസഹായം ലഭിക്കാതെയാണ് മത്താടി മരിച്ചതെന്ന് നിസാം പറയുന്നു. വഴി കടന്ന് വാഹനങ്ങള്‍ വരില്ല എന്നതിനാല്‍ രോഗം മൂര്‍ച്ഛിച്ച മത്താടിയെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസം നേരിടുകയായിരുന്നു. അല്പം നേരത്തെ ആശുപത്രിയിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ മത്താടി ഇന്നു ജീവിച്ചിരുന്നേനെ എന്ന് സഹോദരി നീല ഉറച്ചു വിശ്വസിക്കുന്നു. മരണശേഷം മത്താടിയുടെ മൃതശരീരം വീട്ടിലെത്തിക്കാനായി ആംബുലന്‍സ് കടക്കാന്‍ പോലും ജന്മിയുടെ അനുവാദമുണ്ടായിരുന്നില്ല. കോളനിക്കാര്‍ തോളിലേറ്റി നടന്നാണ് ചടങ്ങുകള്‍ക്കായി മൃതദേഹം അന്ന് വീട്ടിലെത്തിച്ചത്.

നീല സംസാരിക്കുന്നതിനിടയില്‍ കയറി ബാലകൃഷ്ണന്‍ പറഞ്ഞത് അതിലും ക്രൂരമായ ഒരു നീതിനിഷേധത്തിന്റെ കഥയാണ്. പട്ടരുടെ പറമ്പുകളില്‍ ജോലി നോക്കിയിരുന്ന ദളിതരിലൊരാളായ രവി എന്ന ഇരുപത്തിയാറുകാരന്‍ മരിച്ചത് പട്ടരുടെ നിസ്സംഗത ഒന്നു കൊണ്ടുമാത്രമാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. റോഡിനോടു ചേര്‍ന്ന പറമ്പില്‍ ജന്മിയാവശ്യപ്പെട്ട പ്രകാരം തേനെടുക്കാന്‍ കയറിയ രവിക്ക് അവിടെവച്ച് പാമ്പുകടി ഏല്‍ക്കുകയായിരുന്നു. അവശനായ രവിയേയും കൊണ്ട് പട്ടരുടെ വീട്ടിലെത്തിയ ഇവിടത്തുകാര്‍ ആശുപത്രിയിലെത്താന്‍ സഹായിക്കണമെന്ന് താണു കേണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. വീട്ടില്‍ കാറുകളുള്ള ജന്മി, തനിക്കു വേണ്ടി ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ രവിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിട്ടു കൊടുത്തില്ലെന്നു മാത്രമല്ല, മറ്റു വാഹനങ്ങള്‍ ആ പ്രദേശത്തേക്ക് എത്താത്തതു പോലും കണക്കിലെടുത്തില്ല. വൈകാതെ രവി മരിക്കുകയും ചെയ്തു.

നാട്ടാക്കലില്‍ നിന്നോ മറ്റു സമീപപ്രദേശങ്ങളില്‍ നിന്നോ വാഹനങ്ങള്‍ പൊസൊളിഗെയില്‍ എത്തില്ലായിരുന്നു. ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് പട്ടരും കുടുംബവും നടത്തിയ പ്രചാരണത്തില്‍ നാട്ടുകാര്‍ പോലും അത്രയേറെ കബളിപ്പിക്കപ്പെട്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ വീട്ടില്‍ ദേവസാന്നിധ്യമുണ്ടെന്നും, അതു നിന്ദിച്ച് വഴിയില്‍ പ്രവേശിച്ചാല്‍ കൊടിയ വിപത്തുണ്ടാകുമെന്നുമുള്ള കഥകള്‍ ഇതിനോടകം പട്ടര്‍ പറഞ്ഞു പരത്തിയിരുന്നു. വീടിനേക്കാള്‍ ഉയരത്തില്‍ പോകുന്ന വഴിയില്‍ വാഹനമോടിക്കുമ്പോള്‍, പ്രതിഷ്ഠയുടെ മേലെ സഞ്ചരിക്കേണ്ടി വരുമെന്നും ഇത് ദൈവകോപം വരുത്തിവയ്ക്കുമെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ വിശ്വസിച്ചു. ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ വഴിയില്‍ കുങ്കുമം വിതറുന്നത് പട്ടരുടെ സ്ഥിരം പരിപാടിയായിരുന്നുവെന്ന് കോളനിക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ, എത്ര അത്യാവശ്യമായാലും ബെള്ളൂരില്‍ നിന്നും ഒരൊറ്റ വാഹനവും പൊസൊളിഗെയില്‍ എത്തിയില്ല.

കോളനിയിലെ രോഗികളിലൊരാളായ സീതുവിന്റേതാണ് മറ്റൊരു കഥ. വൃക്ക രോഗിയായ സീതുവിനെ എല്ലാ ആഴ്ചയും ഡയാലിസിസ് ചെയ്യാനായി പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ സീതുവിനെയും ചുമന്ന് റോഡിനു താഴെ കാത്തു നില്‍ക്കുന്ന വണ്ടിയിലെത്തിക്കാന്‍ നടന്നു നീങ്ങുന്ന മകന്‍ തിമ്മപ്പ പൊസൊളിഗെക്കാര്‍ക്ക് പരിചിതമായ കാഴ്ചയായിരുന്നു. വഴിയില്ലാത്ത പ്രശ്‌നവും രോഗികളെ ചുമന്ന് താഴെയെത്തിക്കേണ്ട കോളനിക്കാരുടെ കഷ്ടതയെയും കുറിച്ചോര്‍ത്ത് സീതു രോഗാവസ്ഥയിലും ദുഃഖിച്ചിരുന്നതായി മരുമകള്‍ രേവതി പറയുന്നു. ഒടുവില്‍ മരണത്തിനു കീഴടങ്ങിയ സീതുവിന്റെ മൃതദേഹം നാട്ടിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ചുമന്ന് വീട്ടിലെത്തിച്ച സംഭവമാണ് യഥാര്‍ത്ഥത്തില്‍ പൊസൊളിഗെയിലെ സമരങ്ങളുടെ ആരംഭം എന്നു പറയാം.

(തുടരും: തൊട്ടുകൂടായ്മക്കെതിരെ ദളിതര്‍ നയിച്ച ആ സമരം നടന്നതും വിജയിച്ചതും കേരളത്തിലാണ്, ഈ 21-ആം നൂറ്റാണ്ടില്‍)

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍