Top

വഴി വെട്ടിയത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്; പൊസൊളിഗെയിലെ പാളത്തൊപ്പി സമരം

വഴി വെട്ടിയത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്; പൊസൊളിഗെയിലെ പാളത്തൊപ്പി സമരം
കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും അറുപതു കിലോമീറ്ററോളം അകലെയുള്ള  ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൊസൊളിഗെ കോളനിക്കാര്‍ ഐതിഹാസികമായ ഒരു സമരത്തിലൂടെ ഉണ്ടാക്കിയത് ഒരു റോഡ്‌ മാത്രമല്ല, തലമുറകളായി ചെയ്തുവന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു. പൊതുവഴി സ്വന്തമാക്കി, 'താഴ്ന്ന' ജാതിക്കാര്‍ വഴി നടന്നാല്‍ അശുദ്ധമാകുമെന്ന് പ്രചരിപ്പിച്ച് ഒരു ജനതയെ മുഴുവന്‍ അകറ്റി നിര്‍ത്തിയിരുന്ന സവര്‍ണ ജാതിക്കാരനായ ജന്മിയെ ഇന്നവര്‍ക്ക് പേടിയില്ല. 21-ആം നൂറ്റാണ്ടിലും ഇങ്ങനെയൊരു നാടോ എന്നാലോചിക്കുന്നവര്‍ക്ക് പഠിക്കാനുള്ള ഒന്ന് കൂടിയാണ് കേരള ചരിത്രത്തില്‍ എഴുതി വയ്ക്കേണ്ട പൊസൊളിഗെയിലെ പാളത്തൊപ്പി സമരം. ഇതിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം:
 21-ാം നൂറ്റാണ്ടിലും ജന്മിവാഴ്ചയോ? കേരളം കാണാതെ പോയ ദളിതരുടെ ജാതിസമരം

ഭാഗം 2

രോഗാവസ്ഥയിലായ സീതുവിനെ ഡിസ്ചാര്‍ജ് ചെയ്ത് ചുമന്നു കൊണ്ടുവന്ന കാഴ്ചയും അതിനോടനുബന്ധിച്ച കഥകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാമിനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ജാതിപരമായ വിവേചനവും തൊട്ടുകൂടായ്മയും കാരണം പൊസൊളിഗെ-തോട്ടത്തിന്മൂല കോളനികളിലെ അന്‍പതോളം വരുന്ന ദളിത്‌ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പുറംലോകം അറിയാന്‍ പോകുന്നില്ലെന്ന് നിസാമിനുറപ്പായിരുന്നു. കാസര്‍കോട്ടെ ഒരു അതിര്‍ത്തി ഗ്രാമത്തിലെ തുളു സംസാരിക്കുന്ന ഒരു ജനതയുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലെത്താന്‍ കടമ്പകള്‍ ധാരാളം കടക്കേണ്ടതുണ്ട്. ഈ തിരിച്ചറിവില്‍ നിസാം ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് യഥാര്‍ത്ഥത്തില്‍ പൊസൊളിഗെക്കാര്‍ക്ക് രക്ഷയായത്.

സീതുവിനെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്ന ചിത്രങ്ങള്‍ സഹിതമുള്ള നിസാമിന്റെ പോസ്റ്റ് കാസര്‍കോട്ടെ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ജോലിയുടെ ഭാഗമായുള്ള ഗ്രാമസന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ച വളരെയധികം വിഷമിപ്പിച്ചതിനാലാണ് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് നിസാം പറയുന്നു. വിഷയം അറിഞ്ഞതോടെ സിപിഎം കാറടുക്ക ഏരിയ കമ്മറ്റി ഇടപെടുകയും സമരമുറകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. കോളനി നിവാസികളെ സംഘടിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. തങ്ങള്‍ അനുഭവിക്കുന്ന നീതി നിഷേധത്തെക്കുറിച്ച് അറിവും, അതില്‍ അമര്‍ഷവുമുണ്ടെങ്കിലും, വഴിയുടെ ഉടമസ്ഥാവകാശം ജന്മിയുടേതാണെന്ന് വിശ്വാസത്തിലായിരുന്നു അന്ന് കോളനിക്കാര്‍.

സീതുവിനെ ആംബുലന്‍സില്‍ നിന്നിറക്കി കോളനിയിലേക്ക് ചുമന്നുകൊണ്ട് വരുന്നു 

സമരത്തിലേക്ക് നീങ്ങിയ പ്രതിഷേധങ്ങളെക്കുറിച്ച് സമരസമിതി നേതാവായ പൊസൊളിഗെക്കാരന്‍ സീതാരാമന്‍ പറയുന്നതിങ്ങനെയാണ്: "ഞങ്ങളെയെല്ലാം നുണകള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. വഴി അയാളുടേതാണെന്നു തന്നെയാണ് എല്ലാവരും ധരിച്ചിരുന്നത്. അതിനിടെ ഞങ്ങള്‍ വേലി പൊളിച്ചു കളഞ്ഞപ്പോള്‍ അയാള്‍ കേസും കൊടുത്തിരുന്നല്ലോ. ആ കേസ് ഞങ്ങളെല്ലാം കോടതിയില്‍ നടത്തുന്നുണ്ടായിരുന്നു. അതിന്റെ വിധി വന്നപ്പോഴും അയാള്‍ പറഞ്ഞത് അത് അയാള്‍ക്ക് അനുകൂലമായ വിധിയാണെന്നായിരുന്നു. യഥാര്‍ത്ഥത്തില്‍ കോളനിക്കാര്‍ക്ക് വഴിയുടെ മേല്‍ അവകാശമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. പക്ഷേ അയാള്‍ ഞങ്ങളെയും മറ്റെല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചത് നേരെ മറിച്ചാണ്".


വര്‍ഷങ്ങളായി ജന്മിയെ രാജാവിനെപ്പോലെ കാണുന്ന കോളനിക്കാരെ പറഞ്ഞു പറ്റിക്കാന്‍ എളുപ്പമായിരുന്നു. പക്ഷേ, സിപിഎം സമരമേറ്റെടുത്തതോടെ വിഷയത്തില്‍ ഇടപെട്ട മുന്‍ ജില്ലാ കലക്ടര്‍ പോലും ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നത് സ്ഥലം ജന്മിയുടേതാണെന്നായിരുന്നു എന്നറിയുമ്പോഴേ കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാനാകൂ. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജില്ലാ കലക്ടര്‍ ആദ്യം കോളനിക്കാരോടു ചോദിച്ചത് നിങ്ങള്‍ക്കെന്തിനാണ് സ്വകാര്യവ്യക്തിയുടെ സ്ഥലം എന്നായിരുന്നു. അത്രമേല്‍ അടിയുറച്ചു പോയ വിശ്വാസത്തേയും നുണപ്രചരണത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ ഈ ദളിതര്‍ അല്‍പ്പമൊന്നുമല്ല പാടുപെട്ടത്.

പഞ്ചായത്ത് അധികൃതരില്‍ നിന്നും പൊസൊളിഗെക്കാര്‍ക്ക് നല്ല അനുഭവമല്ല ഉണ്ടായിട്ടുള്ളത്. ബ്രാഹ്മണ്യത്തില്‍ ഊറ്റം കൊള്ളുന്ന പട്ടരുടെ കുടുംബം പഞ്ചായത്ത് ഭരിക്കുന്ന ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരുന്നു. പല തവണ പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പൊസൊളിഗെക്കാര്‍ക്ക് അര്‍ഹിക്കുന്ന സഹായം ലഭിച്ചതേയില്ല. മാത്രമല്ല, കേസിന്റെ ആവശ്യത്തിനായി പഞ്ചായത്തില്‍ നിന്നും ഹാജരാക്കാനാവശ്യപ്പെട്ട രേഖകള്‍ എത്തിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ല.

സിപിഎം കാറടുക്ക ഏരിയ സെക്രട്ടറി സിജി മാത്യു, സമരസമിതി കണ്‍വീനര്‍ ഉഷ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ട്രേറ്റിലേക്കു നടത്തിയ ബഹുജന മാര്‍ച്ചോടെയാണ് കാര്യങ്ങള്‍ ധ്രുതഗതിയില്‍ മാറിമറിയുന്നത്. അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനായി നേരത്തേ പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനെ ഇവര്‍ വിളിച്ചത് 'പാളത്തൊപ്പി മാര്‍ച്ച്' എന്നായിരുന്നു. തുളു സംസ്‌കാരത്തില്‍ ജീവിക്കുന്ന ദളിത് തൊഴിലാളികളുടെ പരമ്പരാഗത പാളത്തൊപ്പിയണിഞ്ഞുകൊണ്ടാണ് കോളനിക്കാര്‍ അന്ന് ഒത്തു കൂടിയത്. അതേ മാതൃകയില്‍ കഴിഞ്ഞ ജൂലൈയില്‍ പൊസൊളിഗെക്കാര്‍ കലക്ട്രേറ്റിലേക്കു നടത്തിയ പാളത്തൊപ്പി മാര്‍ച്ച് ഫലം കണ്ടു.

പാളത്തൊപ്പി സമരം- കളക്ടറെറ്റ് മാര്‍ച്ച്

രണ്ടു കോളനികളിലായി താമസിക്കുന്ന അമ്പതോളം ദളിതരടക്കം നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇനിയും തീരുമാനമെടുക്കാതിരിക്കാനാവില്ല എന്ന ഘട്ടത്തോളമെത്തി. കലക്ടറുടെ ചുമതല വഹിച്ചിരുന്ന എ.ഡി.എം വിഷയത്തില്‍ നേരിട്ട് ഇടപെടാമെന്ന ഉറപ്പടക്കം നല്‍കിയതോടെ പൊസൊളിഗെക്കാരുടെ പാളത്തൊപ്പി സമരം ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. ഈ ഘട്ടത്തില്‍പ്പോലും 'റോഡൊന്നും വരാന്‍ പോകുന്നില്ലെ'ന്നും പറഞ്ഞവരുണ്ടെന്ന് തിമ്മപ്പ പറയുന്നു.

എന്നാല്‍, അതിനിടെ നടന്ന പരിശോധനയില്‍ സ്ഥലം ജന്മിയുടേതല്ലെന്നു തെളിഞ്ഞിരുന്നു. 1962 മുതല്‍ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ റോഡുണ്ട് എന്ന രേഖകളും പുറത്തുവന്നു. ഈ തെളിവ് വെളിച്ചത്തായതോടെ അധികൃതരും പൊസൊളിഗെയുടെ പക്ഷത്തേക്കു വരികയായിരുന്നു. പഞ്ചായത്തിനും അനുകൂല റിപ്പോര്‍ട്ട് കൊടുക്കേണ്ടതായി വന്നു. അന്നത്തെ എ.ഡി.എം വിളിച്ച മൂന്നു ചര്‍ച്ചകള്‍ക്കും നവീന്‍ കുമാര്‍ ഹാജരായില്ല. "താന്‍ ഈ പ്രദേശത്തെ രാജാവാണെന്നും, ബാക്കിയെല്ലാവരും അയാളുടെ കീഴിലാണെന്നും വിശ്വസിക്കുന്ന പോലെയാണ് പട്ടരുടെ പെരുമാറ്റം. ചര്‍ച്ചകള്‍ക്കു വന്നില്ലെന്നു മാത്രമല്ല, വിവരമന്വേഷിക്കാനെത്തിയ എ.ഡി.എമ്മിനോട് സഹകരിക്കുകയും ചെയ്തില്ല. 'ഞാന്‍ വിളിച്ചിട്ടല്ലല്ലോ നിങ്ങള്‍ വന്നത്' എന്നാണയാള്‍ എ.ഡി.എമ്മിനോട് ചോദിച്ചത്"
, പൊട്ടിച്ചിരിച്ചുകൊണ്ട് തിമ്മപ്പ പറയുന്നു.

ഞങ്ങളുടെ വഴി ഞങ്ങള്‍ വെട്ടും

അത്രയും നാള്‍ വഴി നടന്നിരുന്നെങ്കിലും, സ്വസ്ഥമായി റോഡുപയോഗിക്കാന്‍ ജന്മി കോളനിക്കാരെ അനുവദിച്ചിരുന്നില്ല. ജന്മിയുടെ സ്ഥലം ഔദാര്യത്തിന്റെ പുറത്ത് ജനങ്ങള്‍ ഉപയോഗിക്കുന്നു എന്ന മട്ടിലായിരുന്നു പെരുമാറ്റമെല്ലാം. "ചില ദിവസങ്ങളില്‍ അയാള്‍ പെട്ടന്ന് വഴിയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാക്കും. ചില ദിവസം നോക്കിയാല്‍ വഴിയോടു ചേര്‍ന്ന് മണ്ണു നീക്കിയതും കിളച്ചിട്ടതുമെല്ലാം കാണാം. അയാളുടെ സ്വന്തം സ്ഥലം പോലെതന്നെ. വീട്ടില്‍പ്പോലും കയറ്റാന്‍ കൊള്ളാത്ത താഴ്ന്ന ജാതിക്കാര്‍ അതിലേ നടക്കുന്നത് അയാള്‍ക്കു വലിയ ബുദ്ധിമുട്ടായിരുന്നു",
സീതാരാമന്റെ വാക്കുകള്‍.

പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍, പൊസൊളിഗെയിലേക്ക് റോഡു പണിയാന്‍ പുതിയ കലക്ടര്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. താരതമ്യേന സാമ്പത്തിക ശേഷി കുറഞ്ഞ പഞ്ചായത്തില്‍ പുതിയ റോഡു നിര്‍മാണത്തിന് ഫണ്ടുകളില്ലെന്ന് അധികൃതര്‍ അറിയിച്ചു. പിന്നാക്ക പഞ്ചായത്തായ ബെള്ളൂരിന് പെട്ടന്നൊരു റോഡു നിര്‍മാണത്തിന്റെ ചെലവുകള്‍ വകയിരുത്താനാകുമായിരുന്നില്ല. എന്നാല്‍, ഇത്തരം വാദപ്രതിവാദങ്ങള്‍ തുടര്‍ന്നു പോയാല്‍ റോഡു നിര്‍മാണം നീണ്ടു പോകുമെന്ന തിരിച്ചറിവില്‍, സിപിഎം പ്രവര്‍ത്തകര്‍ കോളനിക്കാര്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തമായി റോഡു വെട്ടുകയായിരുന്നു.

റോഡ്‌ നിര്‍മാണം

"ഇക്കാര്യം ആരും പുറത്തുവിട്ടിരുന്നില്ല. ജന്മി ഇക്കാര്യം മുമ്പേ അറിയേണ്ട എന്ന് എല്ലാവരും തീരുമാനിച്ചു. സെപ്തംബര്‍ മുപ്പതാം തീയതി രാവിലെ അഞ്ചു മണിക്കൊക്കെ എല്ലാവരും തയ്യാറായെത്തി. ഡിവൈഎഫ്ഐക്കാര്‍, ഞങ്ങളുടെ കോളനിക്കാര്‍, ബാക്കി പ്രദേശവാസികള്‍ എല്ലാവരുമുണ്ടായിരുന്നു. മണ്ണിട്ട് നിരപ്പാക്കി, ജെ.സി.ബി എത്തി റോഡുറപ്പിച്ചു. മൂന്നു കിലോമീറ്ററിന്റെയടുത്ത് വരുന്ന റോഡിന്റെ തുടക്കത്തിലെ ഭാഗമാണ് പട്ടര്‍ അടച്ചിരുന്നത്. പ്രശ്‌നമുള്ള ഈ ഭാഗം മുഴുവന്‍ കോണ്‍ക്രീറ്റ് ഇട്ടു. രാത്രി വരെ ഞങ്ങള്‍ ഇവിടെത്തന്നെയായിരുന്നു. ഭക്ഷണമൊക്കെ ഒരുമിച്ച് കഴിച്ച്, ആഘോഷമായിട്ട്. ഒറ്റ ദിവസം കൊണ്ടാണ് അന്നുവരെയുള്ള ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നത്. അന്നു രാവിലെ പട്ടര്‍ എഴുന്നേറ്റുവന്നപ്പോള്‍ ജോലി ചെയ്യുന്ന ഞങ്ങളെ കണ്ട് ഞെട്ടിപ്പോയത് മറക്കാന്‍ പറ്റില്ല",
തീണ്ടാപ്പാടകലെ നിര്‍ത്തിയവരുടെ കണ്‍മുന്നില്‍ വച്ച് അവകാശങ്ങള്‍ തിരിച്ചു പിടിച്ചതിന്റെ എല്ലാ സന്തോഷത്തോടെയും ലിംഗപ്പ പൊട്ടിച്ചിരിച്ചു. "അയാള്‍ പെട്ടന്ന് പോലീസിനെയൊക്കെ വിളിച്ചു വരുത്തി. പോലീസിനൊക്കെ എല്ലാ കാര്യവുമറിയാം. ഞങ്ങളുടെ വഴി ഞങ്ങള്‍ തന്നെ വെട്ടി."ഒക്ടോബര്‍ 17-ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി റോഡ് ഉദ്ഘാടനം ചെയ്തു. നീലയും സുന്ദരിയും തങ്ങളുടെ സമരമുറയോടു ചേര്‍ന്നു നിന്ന പാളത്തൊപ്പി ധരിച്ചു നിന്നാണ് കോടിയേരിയെ സ്വീകരിച്ചത്. റോഡുവെട്ടിത്തന്ന പാര്‍ട്ടിക്കാരോടുള്ള സ്‌നേഹവും കൃതജ്ഞതയുമറിയിക്കാന്‍ ആകെയുള്ള സ്ഥലത്തില്‍ നിന്നും മൂന്നു സെന്റ് ഭൂമി, സ്വന്തം ഇഷ്ടപ്രകാരം പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ വിട്ടുകൊടുത്ത കഥയും അഭിമാനത്തോടെ പറയുന്നുണ്ട് നീല.

കോടിയേരി ബാലകൃഷ്ണന്‍ റോഡ്‌ ഉദ്ഘാടന ചടങ്ങില്‍

ചെങ്കല്ലു വച്ചു കെട്ടിപ്പൊക്കിയ പൊസൊളിഗെക്കാരുടെ നന്നേ സൗകര്യം കുറഞ്ഞ കൊച്ചു വീടുകള്‍ ഇതുവരെ ചെത്തിത്തേച്ചിട്ടില്ല. വണ്ടിയെത്താത്ത റോഡു വഴി തലച്ചുമടായി കല്ലും സിമന്റും കൊണ്ടുവന്ന് വീടുകള്‍ സ്വയം കെട്ടിപ്പൊക്കിയവരാണ് ഇവിടത്തുകാര്‍. ഇനി ആ കാലമെല്ലാം പഴങ്കഥയാണ് പൊസൊളിഗെക്കാര്‍ക്ക്.

വഴി വെട്ടിയത് അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്, ഇല്ലാതായത് വിധേയത്വം


"എത്ര പറഞ്ഞാലും മനസ്സിലാകാത്തവര്‍ ഉണ്ടിവിടെ. ചിലര്‍ക്കൊക്കെ നല്ല രീതിയില്‍ ഭക്ഷണം വിളമ്പിക്കൊടുത്താലും ചിരട്ടയും പാളയും മതി എന്നു പറഞ്ഞുകളയും", മലയാളത്തേക്കാള്‍ തുളുവിനോടു ചേര്‍ന്നു നില്‍ക്കുന്ന ഭാഷയില്‍ പൊസൊളിഗെക്കാരുടെ ശീലങ്ങള്‍ വിശദീകരിക്കുന്നത് എണ്‍പതു പിന്നിട്ട നീലയാണ്. പട്ടരുടെ പറമ്പില്‍ തങ്ങള്‍ ചെയ്തിരുന്നത് തൊഴിലല്ലെന്നും അടിമവേലയാണെന്നും നീലയ്ക്കറിയാം. പുതിയ റോഡ് എന്ന ചിന്തയോടൊപ്പം ഇവിടേക്കു വന്നുകയറിയത് തലമുറകള്‍ പഴകിയ അനാചാരങ്ങള്‍ക്കെതിരയുള്ള ചെറുത്തു നില്‍പ്പു കൂടിയാണ്. റോഡിന്റെ വിശേഷങ്ങളും ജന്മിത്വ വ്യവസ്ഥയുടെ അധികാരസ്ഥാപനം നല്‍കിയ വേദനകളും പങ്കുവയ്ക്കാനായി, വിളിക്കാതെ തന്നെ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തേക്ക് വന്നെത്തിയ കോളനിക്കാര്‍ക്കെല്ലാവര്‍ക്കും ഈ ചെറുത്തു നില്‍പ്പിന്റെ ഒരു അനുഭവസാക്ഷ്യമെങ്കിലും നല്‍കാണ്ടായിരുന്നു.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഭൂവുടമകളായി ഇത്തരമൊരു പട്ടര്‍ കുടുംബമുണ്ടായിരിക്കും. പ്രദേശത്തെ ദളിത് വിഭാഗക്കാരെയെല്ലാം ഇവര്‍ അടിമകളെപ്പോലെയാവും നോക്കിക്കാണുക. മറ്റു ജാതിവിഭാഗങ്ങളില്‍പ്പെട്ടവരും ജന്മിമാരോട് ഭയഭക്തിബഹുമാനത്തോടെ മാത്രം ഇടപെടും. അവകാശങ്ങളും അസ്തിത്വവും തിരിച്ചറിയാതെ ദളിതര്‍ ജനനം മുതല്‍ മരണം വരെ ജന്മികള്‍ക്കായി പരാതിയില്ലാതെ ജോലി ചെയ്യും. പറമ്പുകളിലല്ലാതെ ജന്മിമാര്‍ താമസിക്കുന്നയിടങ്ങളില്‍ ഒരിക്കലും ദളിതര്‍ക്ക് പ്രവേശനമുണ്ടായില്ല. അവര്‍ക്കായി ചിരട്ടയില്‍ വെള്ളവും പാളയില്‍ കഞ്ഞിയും നല്‍കുന്നത് ജന്മിമാര്‍ തങ്ങളുടെ ഉദാരമനസ്‌കതയായി വിശ്വസിച്ചു പോന്നു.

ഈയടുത്ത കാലം വരെ, അതായത് തൊഴിലുറപ്പു പദ്ധതി കാസര്‍കോടന്‍ ഗ്രാമങ്ങളിലെത്തുന്നതു വരെ, ബെള്ളൂരിന്റെ സാമൂഹിക വ്യവസ്ഥിതി ഏറെക്കുറെ ഇങ്ങനെത്തന്നെയായിരുന്നു എന്നതാണ് വാസ്തവം. പട്ടര്‍ നല്‍കുന്ന തുകയെക്കാള്‍ എത്രയോ മെച്ചപ്പെട്ട തുക അതിലും എത്രയോ ആയാസം കുറഞ്ഞ ജോലികള്‍ക്ക് തൊഴിലുറപ്പു പദ്ധതി വഴി ലഭിക്കാനാരംഭിച്ചതോടെ, പതിയെ പറമ്പില്‍ പണിക്കു പോകുന്നവരുടെ എണ്ണത്തില്‍ കുറവു വന്നു. അതിനിടെ വഴിത്തര്‍ക്കവും രൂക്ഷമായി. സ്വാഭാവികമായും തങ്ങളുടെ വഴി കൊട്ടിയടച്ച പട്ടര്‍ക്കു വേണ്ടി ജോലി ചെയ്യാന്‍ ആരും പോകാതായി. "
വഴി പ്രശ്‌നം വന്ന സമയത്ത് എല്ലാവരും നിര്‍ത്തിയതാണ്. ഇപ്പോള്‍ ആരും പട്ടരുടെ പറമ്പില്‍ പോകാറില്ല. അയാള്‍ പുറത്തു നിന്ന് ആളെ എത്തിച്ചാണ് ജോലി ചെയ്യിക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ നേരേ നോക്കാറു പോലുമില്ല. ഇനിയാരും അങ്ങോട്ടു പോകാനും പോകുന്നില്ല",
ബാലകൃഷ്ണന്റെ സ്വരത്തില്‍ നിശ്ചയദാര്‍ഢ്യം.

ഒരു പാളത്തൊപ്പി സമരത്തിലൂടെ ഇവര്‍ നേടിയെടുത്തത് വഴി നടക്കാനുള്ള അവകാശം മാത്രമല്ല, മറിച്ച് ജന്മിത്ത വ്യവസ്ഥിതിയില്‍ നിന്നുള്ള അനിവാര്യമായ പുറത്തുകടക്കല്‍ കൂടിയായി മാറി അത്. അടുത്തുള്ള ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനായി കര്‍ണാടകയില്‍ നിന്നും എത്തിച്ച ബ്രാഹ്മണകുടുംബത്തിലെ കണ്ണികളാണ് നിലവില്‍ ബെള്ളൂരിലുള്ള പട്ടര്‍മാര്‍. കോളനികളിലുള്ളതാകട്ടെ, മുകേര്‍, വാണിയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട പട്ടികവിഭാഗക്കാരും. മറ്റെന്തിനേക്കാളും അവരെ വഴി തടയാന്‍ പ്രേരിപ്പിച്ചത് ജാതീയമായ അധികാരബോധം തന്നെയാണെന്ന് നിസാം പറയുന്ന അനുഭവ കഥയില്‍ നിന്നും വ്യക്തമാണ്.
"വീടുകളിലെത്തി കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ആരോഗ്യവകുപ്പിന്റെ സംഘത്തെ ഈ വീട്ടുകാര്‍ അകത്തു കയറ്റുന്നില്ല എന്ന പരാതി കേട്ട് സ്ഥലത്തെത്തിയ എന്നോട് അവര്‍ പറഞ്ഞ കാരണം അങ്ങേയറ്റം വിചിത്രമായിരുന്നു - സംഘത്തിലെ ഒരു അംഗം ദളിത് വിഭാഗക്കാരിയാണ്, അവരെയൊന്നും വീട്ടില്‍ കയറ്റാനാകില്ല എന്ന ന്യായം കേട്ട് ഞങ്ങളെല്ലാം അന്ധാളിച്ചു പോയി. ഒടുവില്‍ പറഞ്ഞ് അനുനയിപ്പിച്ച് ഞാന്‍ തന്നെ അവിടത്തെ കുഞ്ഞിന് തുള്ളിമരുന്നു നല്‍കുകയായിരുന്നു."


റോഡിനോടു ചേർന്ന് ജന്മി മണ്ണു മാറ്റിയ ഭാഗം

ബെള്ളൂരിലെ ഗ്രാമങ്ങളില്‍ പലതിലും ഇതിനോടൊപ്പമോ ഇതിനേക്കാള്‍ രൂക്ഷമോ ആയ അവസ്ഥയില്‍ ജാതി വിവേചനവും തൊട്ടുകൂടായ്മയും ഇന്നും നിലനില്‍ക്കുന്നുണ്ട്. പൊസൊളിഗെയിലെ ജനതയുടെ ഉറച്ച രാഷ്ട്രീയപ്രഖ്യാപനം അവിടങ്ങളിലെ ദളിത് ജനവിഭാഗങ്ങള്‍ക്കും തിരിച്ചറിവിലേക്കും പ്രതിഷേധത്തിലേക്കുമുള്ള വഴിയാകും എന്നുതന്നെ കരുതാം.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും എന്‍ഡോസള്‍ഫാന്റെയും ബെള്ളൂര്‍

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളുടെ ലിസ്റ്റില്‍പ്പെട്ട, ഏറ്റവുമധികം ദുരിത ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണ് ബെള്ളൂര്‍. പഞ്ചായത്തിന്റെ നാല്‍പതു ശതമാനത്തോളം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലാണുള്ളത്. എന്‍ഡോസള്‍ഫാന്റെ ബാക്കിയായ ബാരലുകള്‍ നിര്‍വീര്യമാക്കാനുള്ള ചെലവു ഭയന്ന് കമ്പനിയധികൃതര്‍ പൊട്ടക്കിണറ്റില്‍ തള്ളി എന്നു പറയപ്പെടുന്നതും ഈ പഞ്ചായത്തിലാണ്. പൊസൊളിഗെയിലെ പുതിയ തലമുറയിലുമുണ്ട് ദുരിത ബാധിതര്‍. ഇവര്‍ക്കെല്ലാം ആശുപത്രികളില്‍ സഹായം തേടാനുള്ള വലിയ പ്രതിബന്ധങ്ങളിലൊന്നാണ് പാളത്തൊപ്പി സമരത്തിലൂടെ ഇവര്‍ സംഘടിതമായി എടുത്തു നീക്കിയത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനു വേണ്ടി സ്ഥലം കൈയേറിയപ്പോള്‍ ഇറക്കിവിടപ്പെടുകയും അരികുവത്ക്കരിക്കപ്പെടുകയും ചെയ്തായിരിക്കാം സൗകര്യം കുറഞ്ഞ ദളിത് കോളനികള്‍ ഇവിടെ ഉണ്ടായിവന്നതെന്ന് നിസാമടക്കമുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. റോഡു സൗകര്യത്തോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തങ്ങളുടെ കോളനികളിലെത്തിക്കുക എന്നതാണ് ഇനി ഇവര്‍ക്കുള്ള ലക്ഷ്യം.

പൊസൊളിഗെയുടെ ചരിത്രവും ഇവിടുത്തെ ദളിതരുടെ സാമൂഹിക സ്ഥിതിയും അനുഭവകഥകളിലൂടെ ആദ്യം തൊട്ടേ വിശദീകരിച്ചു തന്ന നീല വീടിനു പുറത്തിറങ്ങുമ്പോഴെല്ലാം കൈയില്‍ ഒരു പ്ലാസ്റ്റിക് കവറും കാണും. പ്ലാന്റേഷനില്‍ ജോലി ചെയ്തതിന്റെ രേഖകള്‍ മുതല്‍ റേഷന്‍ കാര്‍ഡു വരെ നീലയുടെ പൊതിക്കെട്ടിലുണ്ട്. എന്തിനാണിത് എപ്പോഴും കൈയില്‍ കരുതുന്നതെന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് നീല പറയും:
"എപ്പോഴാണ്, ആരുടെ അടുക്കല്‍ നിന്നാണ് സഹായം ലഭിക്കുക എന്നറിയില്ലല്ലോ".


നീലയുടെ മകള്‍ കുസുമത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു 

പൊസൊളിഗെയുടെ പൊതുവിലെ അവസ്ഥയും ഇതു തന്നെയാണ്. ചരിത്ര സമരം വിജയിച്ചു നില്‍ക്കുന്നവരാണെങ്കില്‍ക്കൂടി, പൊസൊളിഗെക്കാര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായങ്ങള്‍ ഇനിയുമേറെ ആവശ്യമുണ്ട്. എം.പി ഫണ്ടില്‍ നിന്നും ലോക്‌സഭാംഗം പി. കരുണാകരന്‍ വാഗ്ദാനം ചെയ്ത പത്തു ലക്ഷം രൂപ ഉടന്‍ തന്നെ ചോദിച്ചു വാങ്ങണമെന്നും, ആ തുകയ്ക്ക് ഇപ്പോഴും മണ്ണിട്ട അവസ്ഥയിലുള്ള റോഡിന്റെ ഭാഗങ്ങള്‍ കോണ്‍ക്രീറ്റു ചെയ്ത് വൃത്തിയാക്കണമെന്നും ഇവര്‍ തമ്മില്‍ത്തമ്മില്‍ ചര്‍ച്ച ചെയ്യുന്നു. പൊസൊളിഗെ സമരം ആ അര്‍ത്ഥത്തില്‍ ഇനിയുമവസാനിക്കാത്ത ഒന്നാണ്.

പാളത്തൊപ്പി സമരം നടക്കുന്നതിനിടെയാണ് നീലയുടെ മകള്‍ കുസുമത്തെ പ്രസവത്തിനായി ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്നത്. കസേരയിലിരുത്തി കുസുമത്തെ താങ്ങിയെടുത്തു നടക്കുന്നവരുടെയും, ഒപ്പം ആശങ്കയോടെ നീങ്ങുന്ന നീലയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗര്‍ഭാവശതകളുമായി അങ്ങേയറ്റം ബുദ്ധിമുട്ടി ആശുപത്രിയിലെത്തിയ കുസുമം ഇനി കുഞ്ഞുമായി മടങ്ങിവരിക വാഹനത്തിലാണ്. തങ്ങള്‍ പടവെട്ടി നേരിയ റോഡില്‍, കോളനി വരെയെത്തുന്ന വാഹനത്തില്‍ നിന്നും ഇറങ്ങിവരുന്ന കുസുമത്തിന്റെ കുഞ്ഞ് നടന്നു കയറുക ചരിത്രത്തിലേക്കാണ്. ജാതിസമരങ്ങളുടെ പട്ടികയില്‍ അല്‍പ്പം വലുതായിത്തന്നെ എഴുതിവയ്‌ക്കേണ്ട പൊസൊളിഗെ എന്ന പേരിന്റെ ചരിത്രത്തിലേക്ക്.

https://www.azhimukham.com/kerala-anti-caste-protest-against-untouchability-by-dalits-in-kasargod-posolige-report-by-sreeshma/

Next Story

Related Stories