Top

ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍: പ്രതിഷേധം ശക്തമാകുന്നു

ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍: പ്രതിഷേധം ശക്തമാകുന്നു
2019 ഡിസംബര്‍ മാസത്തിനു മുമ്പെ ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പദ്ധതിക്കുവേണ്ട അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് -മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവിനടുത്ത് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. പൊലീസ് ലാത്തി വീശി. ഇതേ തുടര്‍ന്ന് ഇന്ന് കോഴിക്കോട്ട് സിവില്‍ സറ്റേഷന്‍ ആസ്ഥാനത്തേക്ക് സംയുക്തസമരസിതി മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഗെയിൽ സമരത്തിനെതിരായ പൊ​ലീ​സ്​ മ​ർ​ദ്ദനത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തിരുവമ്പാടിയില്‍ യുഡിഎഫ് ഇന്ന് ഹ​ർ​ത്താ​ലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊച്ചി മുതല്‍ മംഗലാപ്പുരം വരെയുളള വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുളള പദ്ധതി മലപ്പുറം-കോഴിക്കോട് ജില്ലയികളില്‍ വഴിമുട്ടിനില്‍ക്കുകയാണ്. ഗെയ്ല്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇപ്പോഴും ചര്‍ച്ചകള്‍ നടത്തിയിട്ടും ജനവാസകേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. തൃശൂര്‍ ജില്ല വരെ പൈപ്പ്‌ലൈന്‍ നിര്‍മ്മിക്കാനായി സ്ഥലം ഏറ്റെടുത്തത് കോള്‍പ്പാടങ്ങളാണ്. എന്നാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജനവാസസ്ഥലത്താണ് സര്‍വ്വെ നടത്തിയതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്.

അതേസമയം തങ്ങള്‍ ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലാണ് പദ്ധതിക്കുവേണ്ടി സര്‍വ്വെ നടത്തിയിരുന്നത് എന്നും എന്നാല്‍ പിന്നീട് ആളുകള്‍ സ്ഥലം വില്‍ക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് സര്‍വ്വെ നടത്തിയ സ്ഥലങ്ങള്‍ ക്രയവിക്രയം നടത്തുകയും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വില്ലേജ് അധികാരികള്‍ തടയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ജനങ്ങളെ സംഘടിപ്പിക്കാന്‍ വേണ്ടി ഗെയ്‌ലിനെ പ്രയോജനപ്പെടുത്തുകയാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഇടതുപാര്‍ട്ടികള്‍ ഗെയ്ല്‍ വിരുദ്ധ സമരം പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് രംഗത്തിറങ്ങാത്ത മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സമരരംഗത്ത് സജീവമായിരിക്കുകയാണ്. സംയുക്ത സമരസമിതിയില്‍ ഇപ്പോള്‍ യൂത്ത് ലീഗും പങ്ക് ചേര്‍ന്നതായി സമരസമിതി കണ്‍വീനര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ എന്തുവിലകൊടുത്തും പദ്ധതി തടയാനുളള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം, പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയും ഭയം അകറ്റിയും മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന നിലപാടിലാണ് ഇടതുപാര്‍ട്ടികള്‍. ജനങ്ങളുടെ ആശങ്ക അകറ്റി പൂര്‍ണ്ണ സുരക്ഷിതത്വത്തോടു കൂടി പദ്ധതി നടപ്പിലാക്കാനുളള ജനപിന്തുണയ്ക്കുളള ശ്രമമാണ് ഇടതുപാര്‍ട്ടികള്‍ നടത്തിവരുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി മാന്യമായ പുനരധിവാസ പദ്ധതികള്‍ മുന്നോട്ട് വെച്ചുളള ഒരു ഒത്തുതീര്‍പ്പ്‌ സാധ്യമാണോയെന്നാണ് ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

എന്താണ് പദ്ധതി 

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ൽ-GAIL) കേരള വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല് പൈപ്പ് ലൈൻ പദ്ധതി. 2007-ലാണ് ഇത് സംബന്ധിച്ച കറാർ ഒപ്പ് വെക്കപ്പെട്ടത്. കൊച്ചി - കൂറ്റനാട് - മംഗലാപുരം - ബംഗളൂരു പൈപ്പ് ലൈൻ (KKNB) പദ്ധതിയാണ് കേരളത്തിലൂടെ കടന്ന് പോവുന്നത്.

വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള LNG (പാചകവാതകമല്ല) കൊച്ചിയിലെ LNG ടെർമിനലില് നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുകയാണ് ചെയ്യുക.

Next Story

Related Stories