TopTop
Begin typing your search above and press return to search.

ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ല...

ഈ പാടം നികത്താന്‍ ആന്റണി പെരുമ്പാവൂരിനാകില്ല...
ആന്റണി പെരുമ്പാവൂര്‍ വലിയ സിനിമാക്കാരനായിരിക്കും, ധാരാളം പണവും സ്വാധീനവും ഉണ്ടായിരിക്കും, പക്ഷേ, ഇത് മണ്ണിനും വെള്ളത്തിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടമാണ്, ഇതിലയാള്‍ക്ക് ജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും; വേനലിന്റെ രൗദ്രത കൂസാതെ പാറുന്നൊരു ചെങ്കൊടി ചാരെ നിന്നുകൊണ്ട് സിപിഎം പട്ടാല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രൂപേഷ് കുമാര്‍ ഉറപ്പിച്ചു പറയുന്നു.

കൃഷിഭൂമിയില്‍ കൃഷി ചെയ്യുന്നതിനു പകരം ലാഭ കച്ചവടത്തിനുള്ള കോപ്പുകൂട്ടുകയാണ് ആന്റണി. അയാള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നയാളാണ്, വരത്തനല്ല. ഈ നാടും ഇതിന്റെ രീതിയും അറിയാവുന്നൊരാള്‍. അങ്ങനെയുള്ളൊരാള്‍ തന്നെ പണമെറിഞ്ഞ് മണ്ണിനെ ഒറ്റുകൊടുക്കാന്‍ നോക്കുകയാണ്. പക്ഷേ, ഞങ്ങളത് തടയും; മനയ്ക്കത്താഴം പാടശേഖരത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നെല്‍വിത്തിറക്കിയ പാടത്തിന്റെ വരമ്പില്‍ കുത്തിവച്ചിരിക്കുന്ന ചെങ്കൊടിക്കരികില്‍ നിന്നും രൂപേഷ് ആവര്‍ത്തിച്ചു.

എറണാകുളം ജില്ലയില്‍ കുന്നത്താട് താലൂക്കില്‍ പെരുമ്പാവൂര്‍ വില്ലേജില്‍ ഇരിങ്ങോള്‍ കരയില്‍ പോസ്റ്റ് ഓഫീസ്-അയമുറി റോഡില്‍ പെരുമ്പാവൂര്‍ നഗരസഭയുടെ 13-ആം വാര്‍ഡില്‍പ്പെട്ടതാണ് മനയ്ക്കത്താഴം പാടശേഖരം. പലരുടേതായി മൊത്തം രണ്ടരയേക്കറോളം ഉണ്ടായിരുന്ന പാടം, പിന്നീട് പല വ്യക്തികള്‍ക്കായി വിറ്റു. അതില്‍ 92 സെന്റ് സ്ഥലമാണ് ആന്റണി വാങ്ങിയത്.

"ആന്റണി ഇവിടം വാങ്ങുന്ന സമയം മൂന്നു പൂവ് നെല്‍ക്കൃഷി ചെയ്തുപോന്നിരുന്നിടമാണ്. പക്ഷേ, ആന്റണിയുടെ ഉദ്ദേശം കൃഷി അല്ലായിരുന്നു. കണ്ണായ സ്ഥലമാണിത്. പാടത്തിന്റെ ഇരു കരയിലൂടെയും ടാര്‍ റോഡാണ്. ഇപ്പോള്‍ ഇവിടെ സെന്റിന് നാലരലക്ഷമെങ്കിലും വില കിട്ടും. അങ്ങനെ നോക്കിയാല്‍ ആന്റണിക്കിത് നികത്തി മറിച്ചു വിറ്റാല്‍ കോടികള്‍ കിട്ടും. അതല്ലെങ്കില്‍ അയാള്‍ക്ക് ബില്‍ഡിംഗോ മറ്റോ പണിയാം. ഒരു ഗോഡൗണ്‍ നിര്‍മിക്കാന്‍ ഉദ്ദേശമുണ്ടെന്നൊക്കെ കേള്‍ക്കുന്നു. ഇത്തരം ലക്ഷ്യങ്ങള്‍ വച്ചാണ് ആന്റണി കരുക്കുകള്‍ നീക്കുന്നത്.


ആന്റണി ഈ വയല്‍ വാങ്ങിയശേഷം ആദ്യം ചെയ്തത് നാലുഭാഗത്തും ബണ്ട് കോരുകയാണ്. അത് ഡിവൈഎഫ്‌ഐ തടഞ്ഞു. പിന്നെയും പലവഴിയിലൂടെയും പാടം നികത്താന്‍ നോക്കി. ആന്റണിയുടെ സഹോദരിയുടെ വീട് പൊളിച്ചതിന്റെ ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്നു തള്ളാന്‍ നോക്കിയതാണ്. എന്നാല്‍ അതും ഡിവൈഎഫ്‌ഐ തടഞ്ഞു. അന്ന് മണ്ണും മറ്റും അടിക്കാന്‍ വന്ന വണ്ടി തടഞ്ഞ് കോടനാട് പൊലീസില്‍ ഏല്‍പ്പിച്ചതാണ്. പക്ഷേ, ആന്റണിയുടെ സ്വാധീനംകൊണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടിയെല്ലാം പുറത്തെത്തി. 2011 ല്‍ വീണ്ടും ആന്റണി ഇവിടെ മണ്ണടിക്കാന്‍ നോക്കി. അന്നും പാര്‍ട്ടി തടഞ്ഞു. അന്ന് പൊലീസ് കേസ് എടുത്തു. പക്ഷേ, ആന്റണിക്ക് വാശി പോലെയാണ്. ഈ പാടം നികത്തും എന്നു തന്നെയാണ് അയാള്‍ പറയുന്നത്"
- രൂപേഷ് പറയുന്നു.

"കഴിഞ്ഞ 11 വര്‍ഷമായിട്ട് ആന്റണി ഈ പാടം നികത്താന്‍ പലവഴികളും നോക്കുന്നുണ്ട്. അയാളപ്പോലൊരു സമ്പന്നനും സ്വാധീനക്കാരനുമായ വ്യക്തിക്ക് തന്റെ ലക്ഷ്യം നേടാന്‍ 11 വര്‍ഷം വേണ്ട, 11 ദിവസം മതി. പക്ഷേ പാര്‍ട്ടി അതിനയാളെ ഇത്രനാളും സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ വെള്ളം കിട്ടാതെ മനുഷ്യര്‍ കഷ്ടപ്പെടുകയാണ്. വയലും തോടും എല്ലാം നികത്തിപ്പോയാല്‍ കുടിക്കാന്‍ പോലും വെള്ളം കിട്ടാതെ മനുഷ്യന്‍ ചത്തുവീഴും. പണക്കാര്‍ക്ക് അതൊന്നും ബാധിക്കില്ലായിരിക്കും, അവര്‍ക്ക് കുപ്പിവെള്ളം വാങ്ങി കുടിക്കാം, വേണമെങ്കില്‍ അതില്‍ കുളിക്കാം, എല്ലാ ആവശ്യങ്ങളും നടത്താം. എന്നാല്‍ സാധാരണക്കാരനോ? മനുഷ്യന്റെ കാര്യം മാത്രമല്ലല്ലോ, വെള്ളവും ഭൂമിയുമെല്ലാം മനുഷ്യനെപോലെ സകലജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതല്ലേ... നെല്‍ക്കൃഷി ഇന്നും സജീവമായി നില്‍ക്കുന്നൊരിടമാണിത്. ആന്റണിയെ പോലുള്ളവര്‍ കൃഷിഭൂമികള്‍ നികത്തുമ്പോള്‍, മറ്റുള്ളവരും അത് അനുകരിക്കും. ഇവിടെ അയാള്‍ സ്ഥലം വാങ്ങിയശേഷം കൃഷി ചെയ്യാതെ ഇട്ട് നികത്താനുള്ള പരിപാടികള്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്ത പാടങ്ങളുടെ ഉടമസ്ഥരും ആ വഴി അനുകരിക്കാന്‍ നോക്കി. പക്ഷേ, പാര്‍ട്ടി അവരെ തടഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇപ്പോള്‍ ആന്റണിയുടെ പാടഭാഗത്തോടു ചേര്‍ന്ന് കിടക്കുന്ന പാടം നഗരസഭ ചെയര്‍പേഴ്‌സന്റെതാണ്. പാര്‍ട്ടിയിലേക്ക് വരുന്നതിനു മുമ്പേ ആണ് അവരിത് വാങ്ങിയത്. അന്ന് ഞങ്ങള്‍ പറഞ്ഞത്, ഈ വയലില്‍ കൃഷിയാണ് ചെയ്യേണ്ടത്, ഇത് നികത്തരുതെന്നാണ്. അതവര്‍ക്ക് മനസിലായി. ഇപ്പോള്‍ ഈ ഭൂമി പാര്‍ട്ടിയോട് കൃഷി ചെയ്‌തോളാന്‍ പറഞ്ഞ് വിട്ടു തന്നിരിക്കുകയാണ്. മനയ്ക്കപ്പടി താഴത്ത് പാടത്ത് കൃഷി ചെയ്യാന്‍ കഴിയില്ലെന്നാണ് ആന്റണി പറയുന്നത്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ അയാളെ വെല്ലുവിളിച്ചത് കൃഷി ചെയ്തുകൊണ്ടാണ്. നാട്ടുകാരുടെ സഹായത്തോടെ, പണം മുടക്കിയാണ് കൃഷിയിറക്കിയിരിക്കുന്നത്."
"ആന്റിണിയാകട്ടെ, കപ്പയും വാഴയും നട്ട് അയാളുടെ കള്ളത്തരം തുടരുകയാണ്. അതിനിടയില്‍ വട്ടയുടെ കമ്പും തിരുകി വച്ചിരിക്കുന്നു. ഈ വട്ട വളരെ വേഗം വളരുന്നൊരു മരമാണ്. അവ നിറഞ്ഞു കഴിഞ്ഞാല്‍ അയാള്‍ക്ക് ഈ വയല്‍ നികത്തിയെടുക്കാന്‍ എളുപ്പമാണ്. ഇപ്പോള്‍ തന്നെ വാഴയ്ക്കുള്ള വലിയ കൂനകളാണ് മുഴുവന്‍. കാലങ്ങളായി കൃഷി ചെയ്യാത്ത ഭൂമിയാണ് ഇതെന്നു വരുത്തി തീര്‍ക്കാനാണ് അയാളുടെ ശ്രമം. അതിനുള്ള സഹായം ഉദ്യോഗസ്ഥതലത്തില്‍ നിന്നു തന്നെ കിട്ടുന്നുമുണ്ട്. പക്ഷേ നാട്ടുകാരെ കൈയിലെടുക്കാന്‍ കഴിയില്ലല്ലോ! പക്ഷേ അയാളുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം അടുത്ത പാടങ്ങളില്‍ പോലും കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരും. അതു തടയണം. ഈ പാടശേഖരത്തേക്ക് വരുന്നൊരു തോടുണ്ട്. റോഡിന്റെ അപ്പുറത്തുള്ള പാടശേഖരത്തില്‍ നിന്നും വരുന്ന ഈ തോട് കലുങ്ക് കെട്ടിയാണ് ഇപ്പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു തോട് ഇല്ലെന്നാണ് ആന്റണി പറയുന്നത്.


ആന്റണിക്ക് കൂട്ടുനില്‍ക്കാന്‍ പൊലീസില്‍ തൊട്ട് റവന്യു വകുപ്പില്‍ വരെ ആളുകളുണ്ട്. അയാള്‍ക്ക് വേണ്ടി സംസാരിക്കാനും ഞങ്ങളെ പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പൊലീസ് ശ്രമിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പോലും തെറ്റായി വ്യാഖാനിച്ച് അതിന്റെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വയലില്‍ ഇടവിള കൃഷി എന്ന തട്ടിപ്പ് നടത്തുകയാണ്. പൂനെല്‍കൃഷി ചെയ്തതിനുശേഷം മാത്രം, പാടത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് യാതൊരു കോട്ടവും തട്ടാതെയും നീരൊഴുക്ക് തടസ്സപ്പെടാതെയും മാത്രം ഇടവിള കൃഷി ചെയ്യാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, പരമാവധി നെല്‍കൃഷി തന്നെ ചെയ്യണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഈ പറഞ്ഞതിനു മറ്റൊരു വ്യാഖ്യാനം നടത്തി ഇടവിള കൃഷി ചെയ്യാന്‍ അനുവാദം കിട്ടിയെന്നു പറഞ്ഞാണ് ഇപ്പോള്‍ വാഴക്കൃഷി നടത്തുന്നത്. ഈ വാഴക്കൃഷി പോലും പതിയെ വയല്‍ നികത്തിയെടുക്കാന്‍ വേണ്ടിയാണ്. ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കുമത് മനസിലാകും. ഇടവിള കൃഷി നടത്താന്‍ ആദ്യം അനുമതി നല്‍കിയ ആര്‍ഡിഒ ഇവിടെ സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. പിന്നീട് ആര്‍ഡിഒ ഉത്തരവ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ തെറ്റാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ പോയ ആന്റണി ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവിന് സ്‌റ്റേ വാങ്ങുകയും ഇടവിള കൃഷി നടത്താനുള്ള അനുമതി തനിക്ക് ഉണ്ടെന്നും പറയുന്നത്. ഇതിനയാള്‍ക്ക് പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയമുണ്ട്.


പക്ഷേ എന്തൊക്കെ ഒരുക്കങ്ങളുമായി വന്നാലും ഈ വയല്‍ഭൂമി നികത്തിയെടുക്കാന്‍ ആന്റണി പെരുമ്പാവൂരിനെ സമ്മതിക്കില്ല... കഴിഞ്ഞ 11 വര്‍ഷമായി അതിനെതിരേയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. അതിനിയും തുടരും. ഈ കാലത്തിനിടയില്‍ പല വെല്ലുവിളികളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്;"- വരണ്ടുപോയ തൊണ്ട നനയ്ക്കാന്‍ കുറച്ചു വെള്ളം കുടിക്കാം, അതിനുശേഷം തുടരാം എന്നു പറഞ്ഞ് രൂപേഷ് അടുത്ത വീട്ടിലേക്ക് നടന്നു...

(തുടരും)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories