UPDATES

ട്രെന്‍ഡിങ്ങ്

മോദി പ്രശംസ, മക്കാവ്, സെക്‌സ് ടോയ്‌സ്, ബംഗാള്‍ മോഡല്‍ കൊലകള്‍: എന്നും വിവാദനായകനായ ‘അദ്ഭുതക്കുട്ടി’

അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നതിലേയ്ക്കും പുറത്താക്കലിനെ തുടര്‍ന്ന് ചേക്കേറിയ കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോള്‍ പുറത്താക്കപ്പെട്ടിരിക്കുന്നതിനും കാരണമായത് മോദി പ്രശംസയാണ്.

എസ്എഫ്‌ഐയിലൂടെ സംഘടനാപ്രവര്‍ത്തനം തുടങ്ങി സിപിഎമ്മിലെത്തിയ എപി അബ്ദുള്ളക്കുട്ടി 1999, 2004 വര്‍ഷങ്ങളില്‍ കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ചാണ് അബ്ദുള്ളക്കുട്ടിയുടെ ആദ്യ വിജയം. അന്ന് സിപിഎമ്മുകാര്‍ അബ്ദുള്ളക്കുട്ടിയെ വിളിച്ചത് ‘അദ്ഭുതക്കുട്ടി’ എന്നായിരുന്നു. “കുട്ടി, കുട്ടി, അബ്ദുള്ളക്കുട്ടി, പെട്ടി തുറന്നപ്പോള്‍ അദ്ഭുതക്കുട്ടി” എന്ന് സിപിഎമ്മുകാര്‍ മുദ്രാവാക്യം വിളിച്ചു. പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുന്നതിലേയ്ക്കും പുറത്താക്കലിനെ തുടര്‍ന്ന് ചേക്കേറിയ കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോള്‍ പുറത്താക്കപ്പെട്ടിരിക്കുന്നതിനും കാരണമായത് മോദി പ്രശംസയാണ്.

2008ല്‍ അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചു. എന്നാല്‍ സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കാനുള്ള ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി. അന്ന് ലോക്‌സഭയില്‍ സോമനാഥ് ചാറ്റര്‍ജിയെ അബ്ദുള്ളക്കുട്ടി വിളിച്ചത് ‘ചീറ്റര്‍ജി’ എന്നാണ്. അതേസമയം 2009 ജനുവരിയില്‍ അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടി നിലപാട് തിരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ മയ്യില്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഈ സമയം അബ്ദുള്ളക്കുട്ടി. 2009ലെ തിരഞ്ഞെടുപ്പില്‍ കെകെ രാഗേഷ് ആയിരുന്നു കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി.

2009 ഏപ്രിലില്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍, എംഎല്‍എ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നുണ്ടായ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് അബ്ദുള്ളക്കുട്ടി വിജയിച്ചു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് അബ്ദുള്ളക്കുട്ടി വീണ്ടും നിയമസഭയിലെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അബ്ദുള്ളക്കുട്ടിയുടെ പേരും വന്നു. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി സോളാര്‍ കേസിലെ പ്രതി സരിത നായര്‍ രംഗത്തെത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ സിപിഎമ്മിലെ എഎന്‍ ഷംസീറിനോട് പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.

അതേസമയം ലൈംഗികതയെ കുറിച്ച് സമൂഹത്തില്‍ തുറന്ന ചര്‍ച്ച നടത്തേണ്ട സമയമായെന്ന നിരീക്ഷണവും എ.പി.അബ്ദുള്ളക്കുട്ടി നടത്തിയിരുന്നു. സെക്‌സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവ് നഗരം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ച ശേഷം അവിടത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ‘മറക്കാനാവാത്ത മക്കാവ് യാത്ര എന്ന പേരില്‍ എഴുതിയ പുസ്തകത്തിലാണ് തന്റെ ലൈംഗിക ചിന്തകള്‍ അബ്ദുള്ളക്കുട്ടി പങ്കുവച്ചത്.

ALSO READ: ബിജെപി കൈയടക്കിയ ഓഫീസ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരിച്ചുപിടിച്ചു; ഓഫീസിന്റെ ചുമരില്‍ പാര്‍ട്ടി ചിഹ്നം വരച്ച് മുഖ്യമന്ത്രി

ഞരമ്പുരോഗികള്‍ക്കും ലൈംഗികജ്വരം ബാധിച്ചവര്‍ക്കുമായി ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരംഭിച്ചതു പോലെയുള്ള നിശാക്ലബുകള്‍ ഇവിടെയും ആകാമെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. ചില വിദേശ രാജ്യങ്ങളില്‍ കാണുന്നത് പോലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ലൈംഗിക കളിപ്പാട്ടങ്ങള്‍ (sex toys) വില്‍ക്കുന്ന കടകളും കേരളത്തില്‍ വേണമെന്നും അബ്ദുള്ളക്കുട്ടി തന്റെ പുസ്തകത്തില്‍ പറയുന്നു. മക്കാവ് നഗരത്തില്‍ സെന്റ് പോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലെ ഷോപ്പിംഗിനിടെ ലൈംഗികകളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് സന്ദര്‍ശിച്ച അനുഭവമാണ് അബ്ദുള്ളക്കുട്ടി പങ്കുവച്ചത്. മക്കളെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ കിട്ടുന്ന ഷോപ്പിലാക്കിയ ശേഷം ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഭാര്യ അറിയിച്ചതും അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ പറയുന്നുണ്ട്.

പുരുഷലിംഗത്തിന്റേയും സ്ത്രീ ലിംഗത്തിന്റേയും രൂപങ്ങള്‍ യഥാര്‍ത്ഥമെന്നേ തോന്നുകയുള്ളൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍ഇങ്ങനെ സ്വയം ഭോഗത്തിനുള്ള ഹൈടെക് ടോയിസുകളുടെ കലവറ എന്നിങ്ങനെ പോകുന്നു അബ്ദുള്ളക്കുട്ടിയുടെ വര്‍ണനകള്‍.

സെക്‌സ് വിഷയം സംബന്ധിച്ച ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സിനെ കുറിച്ചുള്ള അറിവ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തുവെന്നും അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടില്‍ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം സെക്‌സിനെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാത്തതിന്റെ കുറവാണ്. ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തില്‍ ഒരു ഉള്ളു തുറന്ന ചര്‍യ്ക്ക് സമയമായി. ഇത്തരം കാര്യങ്ങള്‍ ജീവിത അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ മലയാളി തയ്യാറായില്ല.

നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്‌, ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

“കൊല ചെയ്യുന്നതില്‍ നമ്മള്‍ ബംഗാളികളെ കണ്ട് പഠിക്കണം. കൊന്നാല്‍ പഞ്ചസാരയിട്ട് കത്തിക്കണം” എന്ന് പിണറായി വിജയന്‍ മുമ്പ് ഒരിക്കല്‍ ഒരു യോഗത്തില്‍ പറഞ്ഞു എന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ എ പി അബ്ദുള്ളക്കുട്ടി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞതെന്നും ലേഖനത്തിലുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ബിജെപിയില്‍ നിന്ന് 100 കോടി രൂപ വാങ്ങി എന്നും അടുത്തിടെ അബ്ദുള്ളക്കുട്ടി ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെ സുധാകരന്‍, സതീശന്‍ പാച്ചേനി തുടങ്ങിയവരെ രൂക്ഷമായി വിമര്‍ശിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. സുധാകരനും സതീശന്‍ പാച്ചേനിയും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന് അബ്ദുള്ളക്കുട്ടി ആരോപിക്കുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തിവിരോധമാണ് എന്നും പറഞ്ഞിരുന്നു. ബിജെപിയിലേയ്ക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. തനിക്ക് പൊതുപ്രവര്‍ത്തനം മാത്രമേ അറിയൂ എന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി ബിജെപിയിലേയ്ക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍