TopTop
Begin typing your search above and press return to search.

അരിപ്പ ഭൂസമരം തുടങ്ങിയിട്ട് 5 വര്‍ഷം; സെക്രട്ടറിയേറ്റ് പടിക്കല്‍ 110 ദിവസം: ഓമന കാളകെട്ടി സംസാരിക്കുന്നു

അരിപ്പ ഭൂസമരം തുടങ്ങിയിട്ട് 5 വര്‍ഷം; സെക്രട്ടറിയേറ്റ് പടിക്കല്‍ 110 ദിവസം: ഓമന കാളകെട്ടി സംസാരിക്കുന്നു

തിരുവനന്തപുരം അരിപ്പ ഭൂസമരം ആരംഭിക്കുന്നത് 2012 ഡിസംബര്‍ 31 അര്‍ദ്ധരാത്രിമുതലാണ്. 2000 കുടുംബങ്ങളാണ് ഇവിടെ സമരം നടത്തുന്നത്. അഞ്ചു വര്‍ഷമായി നടക്കുന്ന ഈ ഭൂസമരത്തെ നിലവിലെ ഇടതു സര്‍ക്കാരും കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി ദളിത്‌ മുന്നേറ്റ സമിതി (ADMS) തിരുവനന്തപുരം സെക്രട്ടേറിയേറ്റു പടിക്കല്‍ നടത്തുന്ന സമരം 110 ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ കുടുംബത്തിനും ഒരേക്കര്‍ കൃഷി ഭൂമി എന്ന ആവശ്യത്തെക്കുറിച്ചും ഭൂസമരം തുടങ്ങി ഇത്രയും വര്‍ഷമാട്ടും അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ടത്ര തീരുമാനമുണ്ടാകാത്തതിനെ കുറിച്ചും സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റിയതിനെ കുറിച്ചും അരിപ്പ ഭൂസമര നേതാവ് ഓമന കാളകെട്ടി മാധ്യമ പ്രവര്‍ത്തകന്‍ പിജിഎസ് സൂരജുമായി പങ്കുവയ്ക്കുന്നു.

ഞങ്ങള്‍ 5 വര്‍ഷമായി സമരം നടത്താന്‍ തുടങ്ങിയിട്ട്. ആരും തിരഞ്ഞ് നോക്കിയിട്ടില്ല. അതുകൊണ്ടാണ് ഈ സെക്രട്ടറിയേറ്റ് പടിക്കല്‍ കിടന്ന് ഇപ്പോള്‍ സമരം നടത്തുന്നത്. 110 ദിവസമായി ഈ സമരം തുടങ്ങിയിട്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നുമായി താമസിക്കാനും കൃഷിചെയ്യാനുമായി പത്തു സെന്റ് ഭൂമിപോലും ഇല്ലാത്ത രണ്ടായിരത്തോളം കുടുംബങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അരിപ്പയില്‍ ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണ്. ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് ഇവിടെ സമരം ചെയ്യുന്നതില്‍ ഭൂരിഭാഗവും. ഒരു കര്‍ഷക കുടുംബത്തിന് കൃഷി ചെയ്യാന്‍ ആവശ്യമായ ഒരേക്കര്‍ ഭൂമി നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രധാനാവശ്യം. നിലവില്‍ ഇടതുവലതു രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റു ഭൂസമരങ്ങളും അരിപ്പയില്‍ നടക്കുന്നുണ്ട്. ഞങ്ങളുടെ സംഘടനയായ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം വരുന്ന കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍നിന്നുമാണ് കൂടുതല്‍പേരും സമരത്തിനെത്തുന്നത്.

കാലാകാലങ്ങളായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ സത്യത്തില്‍ ഇവിടുത്തെ ദളിതരെയും ആദിവാസികളെയും കബളിപ്പിക്കുകയാണ്. ഒരു കുടുംബത്തിന് അഞ്ചേക്കര്‍ ഭൂമി കൊടുത്താലും തീരാത്തത്ര സര്‍ക്കാര്‍ഭൂമി ഇന്ന് കേരളത്തില്‍ ഉണ്ട്. ഏതൊക്കെ ജില്ലകളില്‍ എത്രയളവില്‍ സര്‍ക്കാര്‍ മിച്ചഭൂമിയുണ്ട് എന്നതിന്റെ വ്യക്തമായ കണക്കുകള്‍ ഞങ്ങടെ പക്കലുണ്ട്. ഇതിന്റെ കൃത്യമായ കണക്കുകള്‍ തിരിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങള്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് രേഖകള്‍ സമര്‍പ്പിച്ചതാണ്. ഇതുവരെ യാതൊരുവിധ പരിഹാര നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 2012 ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രിയില്‍ പാട്ടക്കാലാവതി കഴിഞ്ഞ തങ്ങള്‍ മുസ്ലിയാര്‍ എന്ന ജന്മിയുടെ, സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്തുകൊണ്ടാണ് അരിപ്പ ഭൂസമരം ഞങ്ങള്‍ തുടങ്ങിയത്. ആദിവാസി ദളിത് മുന്നേറ്റ സമിതി എന്നാണ് ഞങ്ങളുടെ സംഘടനയുടെ പേരെങ്കിലും എല്ലാ മത വിഭാഗത്തിലുമുള്ള ആളുകള്‍ ഞങ്ങളുടെ സമരത്തിന്റെ ഭാഗമാണ്. ഭൂമിയില്ലാത്ത മുസ്ലീമും ക്രിസ്ത്യാനിയും ഒക്കെ ഞങ്ങളുടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗങ്ങള്‍ക്കപ്പുറം ഭൂമിയില്ലാത്ത എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭൂമി നല്‍കണം എന്നതാണ് ഞങ്ങളുടെ ആവശ്യം.

ഇപ്പോഴും ഇതിനായി സര്‍ക്കാരുമായി സജീവ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എല്ലാ ചര്‍ച്ചകളിലും പരിഹരിക്കാം എന്നല്ലാതെ അനന്തര നടപടികളൊന്നും കൈക്കൊള്ളുന്നില്ല. മുന്‍പ് വി.എസ് മന്ത്രിസഭയുടെ കാലത്ത് നടന്ന വലിയ ഭൂസമരമായ ചെങ്ങറ സമരം തികഞ്ഞ പരാജയമായിരുന്നു. സമരം നടന്നിരുന്ന ക്യാമ്പിനുള്ളിലെ ശരിയായ കാര്യങ്ങള്‍ അല്ല പുറത്തുവന്നത്. സമരവുമായി ബന്ധപ്പെട്ട് ഒരുപാട് അനര്‍ഹരായ വ്യക്തികള്‍ക്കും ഭൂമി ലഭിക്കുകയുണ്ടായി. സമരം പൊളിക്കാനായി പുറത്തു നിന്നുള്ള രാഷ്ട്രീയ ശക്തികള്‍ സമരക്കാരുടെ ഇടയില്‍ ഗൂഡാലോചന നടത്തിയിരുന്നു. ആ ഗൂഡാലോചനയില്‍ കുറെ പാവം സമരക്കാരും വീണുപോയി. സര്‍ക്കാര്‍ നല്‍കുന്ന എച്ചില്‍ ഞാന്‍ സ്വീകരിക്കുന്നു എന്ന് പറഞ്ഞാണ് ളാഹ ഗോപാലന്‍ ആ സമരം അവസാനിപ്പിക്കുന്നത്. ആ കുടുംബങ്ങളില്‍ ഭൂമി കിട്ടിയവരും കിട്ടാത്തവരും ഉണ്ട്.

7000 കുടുംബങ്ങള്‍ നടത്തിയ സമരത്തില്‍ 1595 കുടുംബങ്ങള്‍ക്കാണ് ചെങ്ങറ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. വയനാട്ടിലെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്ത് സമുദ്രനിരപ്പില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിചെയ്യുന്ന മലയുടെ മുകളിലാണ് ചെങ്ങറ പാക്കേജിന്റെ ഭാഗമായി കുറെ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. കാല്‍നടയാത്രയ്ക്ക് പോലും ദുഷ്‌ക്കരമായ വഴികള്‍ കടന്നു ആ മലമുകളില്‍ എത്തിയിട്ട് അവര്‍ എന്ത് കൃഷി ചെയ്യാനാണ്. അതുപോലെ തന്നെ ചെങ്ങറ പാക്കേജിന്റെ ഭാഗമായി ഞങ്ങള്‍ സമരം ചെയ്യുന്ന അരിപ്പ വനപ്രദേശത്തും ഭൂമി കൊടുത്തിട്ടുണ്ട്. ഇരുപത്തിയൊന്ന് ഏക്കര്‍ ഭൂമി കൊടുത്തതില്‍ പതിനെട്ടു ഏക്കറും ഏണി വച്ച് കയറാന്‍ പോലും ബുദ്ധിമുട്ടുള്ള മലയുടെ മുകളില്‍ ആണ്. എന്താ ഇതിന്റെയൊക്കെ അര്‍ഥം. കൃഷിഭൂമി കൊടുത്തു എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ജനവഞ്ചനയും ചതിയുമാണ്. ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമിയാണ്.

ഹാരിസണ്‍ എന്ന കമ്പനിക്ക് പാട്ടകാലാവധി കഴിഞ്ഞ അയ്യായിരത്തിലധികം ഏക്കര്‍ ഭൂമിയാണ് കേരളത്തില്‍ ഉള്ളത്. നമ്മുടെ രാജ്യത്ത് പോലും അല്ല ആ കമ്പനിയുടെ ആസ്ഥാനം. പത്തനംതിട്ടയില്‍ പാട്ടക്കാലാവധി കഴിഞ്ഞ മൂവായിരത്തി അഞ്ഞൂറേക്കറോളം ഭൂമി ഹാരിസണ്‍ മറ്റൊരു വ്യക്തിക്ക് മറിച്ചു വിറ്റു. ഇത്തരം കേസുകള്‍ എല്ലാം വര്‍ഷങ്ങളായി വ്യക്തമായ തീര്‍പ്പ് ഉണ്ടാകാതെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനായി രാഷ്ട്രീയക്കാര്‍ പല വാഗ്ദാനങ്ങളും തരുന്നു. എന്നാല്‍ അധികാരത്തിലേറി കഴിഞ്ഞതിനു ശേഷം അവര്‍ ഇത്തരം വന്‍കിട മുതലാളിമാരുടെ പാദസേവകരായി പോകുന്നതാണ് പതിവ് കാഴ്ച.

ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ ഇവിടെ നരകയാതന അനുഭവിക്കുമ്പോഴാണ് ഇത്തരം ഹാരിസണ്‍ പോലെയുള്ള കമ്പനികളും വന്‍കിട മുതലാളിമാരും ഏക്കറുകണക്കിന് സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു വച്ചതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ പാലോടും അനവധി ഏക്കര്‍ സര്‍ക്കാര്‍ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ ഒരു സര്‍ക്കാരും നടപടി സ്വീകരിച്ച ചരിത്രമില്ല.

ഈ തിരുവനന്തപുരം നഗരത്തിലെ ചെങ്കല്‍ച്ചൂളയിലെ കാര്യങ്ങള്‍ തന്നെ എടുക്കാം. ആയിരക്കണക്കിന് വരുന്ന കുടുംബങ്ങളെ രണ്ടു സെന്റിലും മൂന്നു സെന്റിലും ആണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന്റെ ചുവരിനോട് ചേര്‍ന്നാണ് അടുത്ത കുടുംബത്തിന്റെ ചുവര്. അതായത് ഒരു കുടുംബത്തില്‍ സംസാരിക്കുന്നത് എന്തെന്ന് തൊട്ടടുത്തുള്ള കുടുംബത്തിനു വ്യക്തമായി കേള്‍ക്കാം. എപ്പോഴും അവരുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ആയിരിക്കും. എല്ലാ കാലത്തും ഇവിടുത്തെ ദളിതര്‍ ഒന്നിച്ചുപോകരുതെന്നുള്ള അധികാരി വര്‍ഗ്ഗത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായാണ് മൂന്ന് സെന്റും നാലും സെന്റും നല്‍കി ഇത്തരം കോളനികള്‍ സൃഷ്ടടിക്കപ്പെടുന്നത്.

സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രസഭ ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയാണ്. അവര്‍ എന്‍ഡിഎയുടെ ഭാഗവുമാണ്. ഇത്തരം സമരങ്ങളില്‍ ഒറ്റ സംഘടനയായി നിന്ന് പോരാടുന്നതല്ലേ കൂടുതല്‍ നല്ലതെന്ന് ചോദ്യം വരുന്നുണ്ട്; തീര്‍ച്ചയായും ഒറ്റ സംഘടനയായി നിന്ന് പോരാടുന്നതു തന്നെയാണ് നല്ലത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആദിവാസികളുടെ ഇടയില്‍ത്തന്നെ അവരുടെ സംഘടിത സ്വഭാവത്തെ തകര്‍ക്കുന്നതിനുവേണ്ടി പുറത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഇത്തരം അവകാശ സമരങ്ങളില്‍ ഒറ്റക്കെട്ടായി നിന്നാണ് സമരം ചെയ്യേണ്ടത്. ചിലപ്പോള്‍ മറ്റു പല രാഷ്ട്രീയ ലഭങ്ങള്‍ക്കും വേണ്ടിയായിരിക്കാം അവര്‍ അങ്ങനെയൊക്കെ ചെയ്യുന്നത്.

അതുപോലെ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ള നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എവിടെയെല്ലാം അനധികൃതമായി ഭൂമിയുണ്ട് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇനിയും ഞങ്ങളെ കബളിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ പൊതുജനത്തില്‍ മുന്നില്‍ തുറന്നുകാട്ടും. ഇവിടുത്തെ ദളിതനും ആദിവാസിക്കും ഭൂമി നല്‍കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല; ഞങ്ങളുടെ അവകാശമാണ്.


Next Story

Related Stories