TopTop
Begin typing your search above and press return to search.

പിണറായി, നികേഷ്, പി കെ രാഗേഷ്, പി ജയരാജന്‍; ശബ്ദമുഖരിതം കണ്ണൂര്‍

പിണറായി, നികേഷ്, പി കെ രാഗേഷ്, പി ജയരാജന്‍; ശബ്ദമുഖരിതം കണ്ണൂര്‍

കെ എ ആന്റണി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന പാറപ്രം ഉള്‍പ്പെടുന്ന കണ്ണൂരിലേക്ക് എത്തുമ്പോള്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയം തന്നെയാണ് സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കോണ്‍ഗ്രസ് നയിക്കുന്ന വലതുപക്ഷ ജനാധിപത്യ മുന്നണിക്കും ഈ തെരഞ്ഞെടുപ്പിലും പറയാനും പ്രവര്‍ത്തിക്കാനുമുള്ളത്. ഇത്രയേറെ വെട്ടിമുറിക്കപ്പെട്ട ജില്ല കേരളത്തില്‍ കണ്ണൂര്‍ അല്ലാതെ മറ്റൊന്ന് ഉണ്ടാകാന്‍ ഇടയില്ല. ഒരു വലിയ തുണ്ട് കാസര്‍ഗോഡ് ജില്ലയായി പരിണമിച്ചു. കിഴക്കന്‍ മലയോരത്തെ ഒരു ചിറക് അരിഞ്ഞുമാറ്റി വടക്കേ വയനാടിനോട് ചേര്‍ത്തു. വെട്ടിമുറിക്കപ്പെട്ട കണ്ണൂരില്‍ ഇടതിന്, പ്രത്യേകിച്ച് സിപിഐഎമ്മിന് ആധിപത്യമുള്ള ജില്ല എന്നതിന് അപ്പുറം കലാപത്തിന്റെ നാടെന്ന ദുഷ്‌പേര് കൂടിയുണ്ട്.

തലശേരിയെ പണ്ട് പി ഭാസ്‌കരന്‍ വിശേഷിപ്പിച്ചത് സുന്ദരിമാരുടേയും സുന്ദര്‍മാരുടേയും നാടാകുമ്പോഴും തല ഉരുളുന്ന നാട് എന്നായിരുന്നു. 1970-കളുടെ ആരംഭത്തില്‍ തുടങ്ങിയ ലക്കും ലഗാനുമില്ലാത്ത കൊലപാതക പരമ്പരകള്‍ സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നല്ല.

കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ആണെങ്കില്‍ കണ്ണൂരില്‍ അതിന്റെയെണ്ണം 11 ആണ്. പയ്യന്നൂര്‍, കല്ല്യാശേരി, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി, ധര്‍മ്മടം, കണ്ണൂര്‍. ഇവയില്‍ പലതും വെട്ടിച്ചുരുക്കലിന്റേയും കൂട്ടിച്ചേര്‍ക്കലിന്റേയും പേരില്‍ പുതിയ പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം. പതിനൊന്നില്‍ ആറെണ്ണം നിലവില്‍ സിപിഐഎമ്മിനൊപ്പം. ബാക്കി അഞ്ചില്‍ യുഡിഎഫ്. അഴീക്കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ്, കൂത്തുപറമ്പില്‍ ജെഡിയുവിലെ മന്ത്രി കെ പി മോഹനന്‍, ഇരിക്കൂറില്‍ കോണ്‍ഗ്രസിന്റെ മന്ത്രി കെ സി ജോസഫും പേരാവൂരില്‍ സണ്ണി ജോസഫും കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടിയും.

കൊലപാതക പരമ്പരകള്‍ തുടരുന്ന കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ ബിജെപി, ആര്‍ എസ് എസ് ശക്തികള്‍ക്ക് കൊച്ചു കൊച്ചു തുരുത്തുകള്‍ മാത്രം സ്വന്തം. ജയിക്കാന്‍ കഴിയില്ലെങ്കിലും ശത്രുവിനെ തോല്‍പിക്കാന്‍ പോന്ന ശക്തി ഈ കമ്മ്യൂണിസ്റ്റ് ഭൂമികയില്‍ അവര്‍ക്ക് ഉണ്ടെന്നതാണ് വാസ്തവം.കണ്ണൂരിലേക്ക് എത്തുമ്പോള്‍ സിപിഐഎം-ആര്‍ എസ് എസ് ചോരക്കളിയേക്കാള്‍ ഏറെ പ്രസക്തമാകുന്നത് പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ്. തലശേരിക്ക് അടുത്ത പിണറായിയില്‍ ജനിച്ച പിണറായി വിജയന്‍ പണ്ടും ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ലാവലിന്‍ പ്രശ്‌നത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ രാഷ്ട്രീയ അങ്കത്തിന് കച്ചമുറക്കുമ്പോള്‍ അത് ഏത് മണ്ഡലത്തില്‍ നിന്ന് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പിണറായി മുമ്പ് കൂത്തുപറമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണൂരിലെ സിപിഐഎമ്മിനുള്ളിലെ എംവിആര്‍ യുഗത്തിനുശേഷം മത്സരിച്ച് ജയിച്ചത് പയ്യന്നൂരില്‍ നിന്നായിരുന്നു. ലാവലിന്‍ ഭൂതബാധയെ മറികടന്ന് പിണറായി മത്സര രംഗത്ത് എത്തുന്നുവെങ്കില്‍ അത് കണ്ണൂരിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് തന്നെയാകും. നിലവില്‍ തീര്‍ത്തും സുരക്ഷിതം എന്ന് പറയാവുന്ന നാലേനാല് മണ്ഡലങ്ങളേ കണ്ണൂരില്‍ ഉള്ളൂ. പയ്യന്നൂര്‍, കല്ല്യാശേരി, ധര്‍മ്മടം, മട്ടന്നൂര്‍. ഇതില്‍ ധര്‍മ്മടം പിണറായിക്ക് കൂടി വോട്ടുള്ള പിണറായിയും പാറപ്രവും ഉള്‍പ്പെടുന്ന മണ്ഡലമാണെങ്കിലും അവിടെ തന്നെ ഇക്കുറി മത്സരിക്കണം എന്നില്ല. പിണറായിക്കുവേണ്ടി ഉഴിഞ്ഞുവച്ച പയ്യന്നൂരില്‍ നിന്നോ അല്ലെങ്കില്‍ കല്ല്യാശേരിയില്‍ നിന്നോ ആകാം പുതിയ അങ്കം.

പിണറായി അങ്കം കുറിച്ചാല്‍ എതിര്‍ ചേകവനെ നിര്‍ണയിക്കേണ്ട ബാധ്യത യുഡിഎഫിന്റേതാണ്. ബിജെപിയുടെ റോള്‍ പരിമിതമാകയാല്‍ ആ വോട്ടുകളില്‍ കണ്ണുവച്ചുള്ള ചില കള്ളക്കളികളും പ്രതീക്ഷിക്കാം.

മുസ്ലിം വോട്ടിന്റെ കൂടി കരുത്തില്‍ മാത്രം കോണ്‍ഗ്രസ് ജയിച്ചു കയറുന്ന ഏക സീറ്റാണ് കണ്ണൂര്‍ നിയമസഭാ മണ്ഡലം. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ സുധാകരന്‍ എംപിയായപ്പോള്‍ സിപിഐഎം വിട്ടു വന്ന എപി അബ്ദുള്ളക്കുട്ടിയെ തുണച്ച കണ്ണൂര്‍ മണ്ഡലത്തില്‍ സുധാകര പക്ഷവും അബ്ദുള്ളക്കുട്ടി പക്ഷവും തമ്മിലെ പോര് മുറുകുകയാണ്. സരിതയുടെ ലിസ്റ്റില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയെ മാറ്റി നിര്‍ത്തി കണ്ണൂരില്‍ മത്സരിക്കാന്‍ സുധാകരന്‍ കച്ചകെട്ടുമ്പോള്‍ മുസ്ലിം വികാരം ഉണര്‍ത്തിവിട്ട് സുധാകരനെ പ്രതിരോധിക്കാനുള്ള ബദ്ധപ്പാടിലാണ് അബ്ദുള്ളക്കുട്ടി. കുട്ടിയുടെ നീക്കങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും മുസ്ലിംലീഗ് പിന്തുണ നല്‍കുന്നുണ്ട്. കൂടാതെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയ പി കെ രാഗേഷും സുധാകരനെതിരെ ഒളിയമ്പുകളുമായി രംഗത്തുണ്ട്.

സിപഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും എംവി രാഘവനെ തുണച്ച ഏക സിപിഐഎം മണ്ഡലമാണ് അഴീക്കോട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാടന്‍ ചുരമിറങ്ങി വന്ന കെ എം ഷാജിയെന്ന യൂത്ത് ലീഗ് നേതാവ് ആ മണ്ഡലത്തില്‍ മുസ്ലിംലീഗിന്റെ പച്ചക്കൊടി പാറിച്ചു. ഷാജി തന്നെയായിരിക്കും ഇക്കുറിയും അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഷാജിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ഒരാളെന്ന നിലയില്‍ ഒരു പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എംവിആറിന്റെ പുത്രനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എംവി നികേഷ് കുമാറിന്റേതാണ്. നികേഷ് സ്ഥാനാര്‍ത്ഥിയാകണം എങ്കില്‍ ചില കടമ്പകള്‍ ബാക്കി നില്‍ക്കുന്നുണ്ട്. വേണമെങ്കില്‍ അരവിന്ദാക്ഷന്‍ വിഭാഗം സിഎംപിയില്‍ നിന്നു കൊണ്ട് മത്സരിക്കാം. അങ്ങനെ വരുമ്പോള്‍ അഴീക്കോട് സീറ്റ് സിഎംപിക്ക് സിപിഐഎം നല്‍കണം. അതിനുള്ള സാധ്യത കുറവായതിനാല്‍ നികേഷ് കുമാറിനും സിപിഐഎമ്മിനും എളുപ്പമായ മാര്‍ഗ്ഗം നികേഷ് സിപിഐഎം സ്വതന്ത്രനായി മത്സരിക്കുക എന്നതാണ്.ഇരിക്കൂര്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ്. നിലവില്‍ മന്ത്രി കെ സി ജോസഫാണ് ഇരിക്കൂറിലെ എംഎല്‍എ. കോട്ടയംകാരനാണെങ്കിലും ഇരിക്കൂര്‍ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടിയേറ്റ നസ്രാണി വോട്ടില്‍ കണ്ണുവച്ചായിരുന്നു ജോസഫെന്ന സ്ഥാനാര്‍ത്ഥിയുടെ കുടിയേറ്റവും. ഇക്കുറി കെസി മാറി നില്‍ക്കും എന്നൊക്കെ കേള്‍ക്കുന്നുണ്ട്. പക്ഷേ, അതില്‍ തീര്‍ച്ചയും തീരുമാനവും ആയിട്ടില്ല. കെ സി മാറിയാല്‍ ഇരിക്കൂര്‍ സീറ്റില്‍ മത്സരിക്കാനുള്ള ഊഴം കോണ്‍ഗ്രസ് എയിലെ തന്നെ സതീശന്‍ പാച്ചേനിക്കുള്ളതാണ്.

കോണ്‍ഗ്രസിലെ സണ്ണി ജോസഫ് വിജയിച്ച പേരാവൂരില്‍ അടുത്ത ഊഴവും സണ്ണിക്ക് തന്നെയാകാനാണ് സാധ്യത. ഇവിടെ സിപിഐഎം ആരെ പരീക്ഷിക്കുമെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

രക്തസാക്ഷികളുടെ മണ്ണായ കൂത്തുപറമ്പ് ചിറകരിഞ്ഞ ഏച്ചുകെട്ടിയ മണ്ഡലമാണ്. പിആര്‍ കുറുപ്പിന്റെ പഴയ തട്ടകമായ പെരിങ്ങളം മണ്ഡലത്തിന്റെ പാതിയിലേറെ ഭാഗം കൂത്തുപറമ്പില്‍ വന്ന് പതിച്ചപ്പോള്‍ മണ്ഡലത്തിന്റെ രൂപവും ഭാവും മാത്രമല്ല രാഷ്ട്രീയവും മാറി. ഇടക്കാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന കെപി മോഹനന്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ്. മോഹനനെ വീഴ്ത്താന്‍ സിപിഐഎമ്മിനുള്ള താല്‍പര്യം തെല്ലൊന്നുമല്ല. ഇവിടെ നല്ലൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സിപിഐഎം ശ്രമങ്ങള്‍ക്ക് പാരയാകുന്നത് കഴിഞ്ഞ ഒറ്റത്തവണ മത്സരിച്ചു തോറ്റ ഐഎന്‍എല്ലിന്റെ അവകാശ വാദം തന്നെയാണ്. ഏതെങ്കിലും ഒരു സീറ്റ് ഉത്തരമലബാറില്‍ നല്‍കേണ്ടി വരും. അതു കണ്ണൂരോ കൂത്തുപറമ്പോ എന്ന് കാത്തിരുന്ന് കാണുക തന്നെ.

കൊടിയേരിക്ക് പിന്‍ഗാമിയായി തലശ്ശേരി മണ്ഡലത്തില്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ണൂരുകാര്‍ ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടിന് വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ട ഡി വൈ എഫ് ഐ നേതാവ് എ എന്‍ ഷംസീര്‍ സി പി ഐ എം സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഫൈസല്‍, അരിയില്‍ ഷുക്കൂര്‍ വധങ്ങളിലൂടെ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് മാറ്റേണ്ടത് പാര്‍ട്ടിക്ക് അത്യാവശ്യമാണ്. കൂടാതെ കഴിഞ്ഞ തവണ കൊടിയേരിക്കെതിരെ ശക്തമായ മത്സരമാണ് വരത്തനായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാഴ്ചവെച്ചത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

എന്തായാലും 'കണ്ണൂരിലെ സി പി എമ്മിന്റെ ആക്രമരാഷ്ട്രീയം' എന്ന സ്ഥിരം പ്രചരണം കോണ്‍ഗ്രസ്സ് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വന്ന എകെ ആന്റണിയുടെ പ്രസ്താവന തന്നെ അതിലേക്കുള്ള തുടക്കമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പി ജയരാജന്‍ എവിടെയായിരിക്കും എന്നതിന് അനുസരിച്ചായിരിക്കും ഈ ചര്‍ച്ചയുടെ ഭാവി.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories