TopTop
Begin typing your search above and press return to search.

ബിജെപി അക്കൗണ്ട് തുറക്കുമോ? നേമത്തിന് ചിലത് പറയാനുണ്ട്

ബിജെപി അക്കൗണ്ട് തുറക്കുമോ? നേമത്തിന് ചിലത് പറയാനുണ്ട്

വിഷ്ണു എസ് വിജയന്‍

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്‍റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം.
തൃപ്പൂണിത്തുറയെ കുറിച്ചുള്ള വിശകലനം ഇവിടെ വായിക്കാം)

'തെരഞ്ഞെടുപ്പു വന്നാലും ഓണം വന്നാലും നമ്മക്കെന്താണ്'? ചോദ്യം വെള്ളായണി സ്വദേശി രാജേന്ദ്രന്റെതാണ്. ' തെരഞ്ഞെടുപ്പു വരുമ്പോള്‍ കുറച്ചുപേര്‍ വരും അത് തരാം ഇതു തരാം എന്നൊക്കെ പറയും എന്നിട്ടോ? പോണ പോക്കിന് അങ്ങ് പോകും, ഞങ്ങള്‍ പിന്നെ എന്തായി എങ്ങനെയായി എന്നൊന്നും ആരും തിരിഞ്ഞുപോലും നോക്കില്ല. ഞാന്‍ കഴിഞ്ഞ പ്രാവശ്യവും വോട്ടു ചെയ്തില്ല ഇപ്രാവശ്യവും ചെയ്യണില്ല.' രാജേന്ദ്രന്‍ മുണ്ടും മടക്കി കുത്തി നടന്നു പോയി.

അപ്പോഴാണ് അടുത്ത് നിന്ന ഓട്ടോഡ്രൈവര്‍ വിനോദിന്റെ വാക്കുകള്‍ കേട്ടത്, 'അയാള്‍ അങ്ങനെയൊക്കെ പറയും എല്ലാരും അങ്ങനെയൊന്നും അല്ലന്നേ ഞങ്ങള്‍ ഒക്കെ വോട്ടു ചെയ്യാന്‍ പോകും ഇതൊക്കെ ഒരു രസമല്ലേ.'

രസമോ? വോട്ടു ചെയ്യാന്‍ പോകുന്നത് രസമാണോ?

പിന്നല്ലാതെ. തെരഞ്ഞെടുപ്പു വരുമ്പോഴാണ് നാട് ഉണരുന്നത്,ചര്‍ച്ചകളും, വാര്‍ത്തകളും ഒക്കെ ആയിട്ട് പിന്നൊരു മേളാണ്. ഒരു പാര്‍ട്ടി ഒരു പാട്ടിറക്കും മറ്റവന്മാര്‍ അതിനെതിരെ വേറൊരു പാട്ടിറക്കും, അതൊക്കെ കേള്‍ക്കാന്‍ ഒരു രസമല്ലേ... സവാരി പോകുന്നവരൊക്കെ ചര്‍ച്ച തെരഞ്ഞെടുപ്പിനെപറ്റിയാണ്. അവരിങ്ങനെ ഓരോന്ന് പറയും, തര്‍ക്കിക്കും, ചിലര്‍ ഓട്ടോയില്‍ നിന്നു ഇറങ്ങിപ്പോകും, ഞാനും ചിലപ്പോഴൊക്കെ കൂടാറുണ്ട്.

ഇപ്രാവശ്യവും വി ശിവന്കുട്ടിയുടെ വിജയമാണ് വിനോദ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജഗോപാലിന്റെ സ്വാധീനത്തെ ഒട്ടും കുറച്ചു കാണാന്‍ വിനോദ് തയ്യാറല്ല. 'മത്സരം കടുകട്ടി ആയിരിക്കും പക്ഷെ സഖാവ് തന്നെ ജയിക്കും എന്നാണ് ഞങ്ങളുടെയൊക്കെ പ്രതീക്ഷ'', വിനോദ് പറയുന്നു.

'ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പു കളം കൊഴുക്കും, കഴിഞ്ഞ തെരഞ്ഞെടുപ്പു തന്നെ ഒരു യുദ്ധ പ്രതീതി ആയിരുന്നു ചാരുപാറ രവിയും, ശിവന്‍കുട്ടിയും, രാജഗോപാലും കൂടി മണ്ഡലം ഇളക്കി മറിച്ചില്ലേ. ഇപ്രാവശ്യം രാജഗോപാലും ശിവന്‍കുട്ടിയും കളം കൊഴുപ്പിക്കും'. പ്രാവച്ചമ്പലം സ്വദേശി പലചരക്ക് വ്യാപാരി ആയ സുധാകരന്‍ തികഞ്ഞ ആവേശത്തില്‍ ആണ്.

'ഇതു എല്‍ഡിഎഫിന്റെ കുത്തക സീറ്റ് ആണെന്ന് പറയാന്‍ പറ്റില്ല. ലീഡറിന്റെ കാലം മുതല്‍ മണ്ഡലം സ്ഥിരമായൊരു ചായ്‌വ് പ്രകടിപ്പിച്ചിട്ടില്ല. 82-ല്‍ കരുണാകരനെ വിജയിപ്പിച്ചവര്‍ 83-ല്‍ എല്‍ഡിഎഫിന്റെ വിജെ തങ്കപ്പനെ വിജയിപ്പിച്ചു. പിന്നെ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ജയിച്ചു. കഴിഞ്ഞ പ്രാവശ്യം ബിജെപി രണ്ടാം സ്ഥാനത്തെത്തി. മാറി മാറി ചിന്തിക്കുന്ന മണ്ഡലം ആണിത്. യുഡിഎഫിനേയും തള്ളിക്കളയാന്‍ പറ്റില്ല, ശക്തനായൊരു സ്ഥാനാര്‍ഥിയെ കിട്ടിയാല്‍ അവര്‍ പഴയ പ്രതാപ കാലത്തിലേക്ക് തിരികെ വരും', സുധാകരന്‍ പറയുന്നു.മുകുന്ദേട്ടാ നേമം വിളിക്കുന്നുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ബിജെപിയില്‍ സാധാരണ പ്രവര്‍ത്തകനായി തിരിച്ചെത്തിയ മുന്‍ നേതാവ് പി പി മുകുന്ദന്‍ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18,046 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ഒ രാജഗോപാലിന് പകരം എത്തുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ഉയര്‍ന്നു കേട്ടു. എന്നാല്‍ പതിവുപോലെ ഒ രാജഗോപാല്‍ തന്നെ എത്തി. പഴകി തേഞ്ഞ ആ ചോദ്യം ഉയരുകയും ചെയ്തു. ബിജെപി അക്കൗണ്ട് തുറക്കുമോ.

ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് നേമം മണ്ഡലത്തില്‍. അതുപോലെ തന്നെ എല്‍ഡിഎഫിനും യുഡിഎഫിനും ഭയത്തിനും വകുപ്പുണ്ട്. പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്നതു പോലെ പ്രതീക്ഷ പുലര്‍ത്താനും കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ ഭൂരിപക്ഷം തന്നെയാണ്. പിന്നാലെ വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നേമം മണ്ഡലം ഒമ്പത് കൗണ്‍സിലര്‍മാരെ അയച്ചു. തദ്ദേശ സ്വയംഭരണ വോട്ടിങ് നില അനുസരിച്ച് ബിജെപി മുന്നിലെത്തിയ ഏക നിയമസഭ മണ്ഡലവും നേമമാണെന്നത് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ മണ്ഡലമാണെന്ന തോന്നലുളവാക്കിയിട്ടുണ്ട്. ബിജെപിക്കുവേണ്ടി വോട്ടാകര്‍ഷിക്കുന്ന ഏക വ്യക്തി ഇന്ന് രാജഗോപാല്‍ മാത്രമാണെന്നതും ഒരു ഘടകമാണ്. ഒരു കൗണ്‍സിലര്‍ സ്ഥാനത്തു നിന്നുമാണ് ഈ വളര്‍ച്ചയുണ്ടായിരിക്കുന്നത്. എല്‍ഡിഎഫിനും ഒമ്പത് കൗണ്‍സിലര്‍മാരെയാണ് ലഭിച്ചത്. യുഡിഎഫിനാകട്ടെ നാലു മാത്രവും. ഇതുതന്നെയാണ് മറ്റു രണ്ടു മുന്നണികളുടേയും ഉറക്കം കെടുത്തുന്നതും.

സിപിഐഎമ്മിന് പരമ്പരാഗതമായി ധാരാളം വോട്ടുകളുണ്ടായിരുന്നു നേമത്ത്. വിജെ തങ്കപ്പന്‍ രണ്ടു തവണയും വെങ്ങാനൂര്‍ ഭാസ്‌കരന്‍ ഒരു തവണയും ഇടതിനുവേണ്ടി വിജയിച്ച ഈ മണ്ഡലം എന്‍ ശക്തനിലൂടെ കോണ്‍ഗ്രസ് പിടിക്കുകയും ഒരിക്കല്‍ കൂടെ നിലനിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ 2011-ല്‍ സിപിഐഎം ശിവന്‍കുട്ടിയിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു. സംസ്ഥാനം ഉറ്റുനോക്കിയ വോട്ടെണ്ണലായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഒ രാജഗോപാല്‍ രണ്ടാമതെത്തി. ശിവന്‍കുട്ടിയും രാജഗോപാലും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 6451 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐഎം വിജയിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മണ്ഡല പുനര്‍നിര്‍ണയം നേമത്തെ ഇടതു അനുകൂല മണ്ഡലമാക്കിയെന്നാണ് വിലയിരുത്തല്‍.എന്നാല്‍ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങളാകെ കീഴ്‌മേല്‍ മറിഞ്ഞു. ഇടതുപക്ഷം ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ബിജെപി അതായത് രാജഗോപാല്‍ രണ്ടില്‍ നിന്ന് ഒന്നിലേക്കും കോണ്‍ഗ്രസ് മൂന്നില്‍ നിന്നും രണ്ടിലേക്കും കയറി. ശശി തരൂരും ബെന്നറ്റ് എബ്രഹാമുമായിരുന്നു കോണ്‍ഗ്രസിന്റേയും സിപിഐയുടേയും സ്ഥാനാര്‍ത്ഥികള്‍.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് 43,882 വോട്ടുകളാണ് നേടിയത്. അതേസമയം ബിജെപി 46,516 വോട്ടുകള്‍ നേടി. കോണ്‍ഗ്രസാകട്ടെ 25,127 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യു ഡി എഫിന് വേണ്ടി മുന്‍ ഇടതു നേതാവ് വി സുരേന്ദ്രന്‍ പിള്ളയാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയപ്പോള്‍ മുന്നണിയില്‍ ഉറച്ചു നിന്നിരുന്ന വി സുരേന്ദ്രന്‍ പിള്ള വിഭാഗത്തിന് ലഭിച്ചിരുന്ന പരിഗണന ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും കൂട്ടി ആന്റണി രാജു പഴയ ലാവണത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ നഷ്ടമായി. ഇതേതുടര്‍ന്ന് കേരളത്തില്‍ 18 ലക്ഷം അംഗസംഖ്യയുണ്ടെന്ന് അവകാശപ്പെടുന്ന വെള്ളാള മഹാസഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സുരേന്ദ്രന്‍ പിള്ള ജെഡിയുവിലേക്ക് ചേക്കേറി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്. രണ്ട് പ്രബല സ്ഥാനാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറക്കിവിടാന്‍ പറ്റിയ ഒരാളെ തേടുകയായിരുന്നു ജെഡിയു. അപ്പോഴാണ് മുന്‍ മന്ത്രി കൂടിയായ സുരേന്ദ്രന്‍ പിള്ളയുടെ മുന്നണിമാറ്റം. മുന്നണി മാറാതെ നിന്നതിന് എല്‍ഡിഎഫ് നല്‍കിയ സമ്മാനമായിരുന്നു മന്ത്രി സ്ഥാനം. അങ്ങനെ നേമം മണ്ഡലം മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ സംസ്ഥാന മന്ത്രിയും എല്‍ഡിഎഫ് വന്നാല്‍ മന്ത്രി സ്ഥാനം ലഭിച്ചേക്കാവുന്ന ഭാവി മന്ത്രിയും തമ്മിലെ ത്രികോണ മത്സരത്തിനാണ് സാക്ഷിയാകുന്നത്.

രാഷ്ട്രീയ ചരിത്രത്തില്‍ നേമത്തിന് ഏറെ പറയാനുണ്ട്. അതിലൊന്ന് 1982-ലെ തെരഞ്ഞെടുപ്പാണ്. കെ കരുണാകരന്‍ മാളയ്‌ക്കൊപ്പം നേമത്തും മത്സരിക്കാനെത്തി. രണ്ടിടത്തും കെ കരുണാകരന്‍ വിജയിച്ചു. എന്നാല്‍ മാളയുടെ മാണിക്യമായ കെ കരുണാകരന്‍ നേമം രാജിവച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മണ്ഡലം നിലനിര്‍ത്താനായില്ല. കരുണാകരന്റെ ചതിക്ക് നേമത്തെ വോട്ടര്‍മാര്‍ പകരം വീട്ടി. ഫലം സിപിഐഎമ്മിലെ വിജെ തങ്കപ്പന്‍ 8289 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക്. പിന്നീട് തങ്കപ്പന്‍ 87-ല്‍ 20,755 വോട്ടുകള്‍ക്കും 91-ല്‍ 6835 വോട്ടുകള്‍ക്കും മണ്ഡലം നിലനിര്‍ത്തുകയും 1996-ല്‍ വെങ്ങാനൂര്‍ ഭാസ്‌കരന് ഭദ്രമായി മണ്ഡലം കൈമാറുകയും ചെയ്തു. എന്നാല്‍ 2001-ല്‍ വിജയം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ശക്തനോട് തോറ്റു. 9357 വോട്ടിന്റെ ഭൂരിപക്ഷം. 2006-ല്‍ ശക്തന്‍ ഭൂരിപക്ഷം പതിനായിരം കടത്തി. ആ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മലയിന്‍കീഴ് രാധാകൃഷ്ണന്‍ പിടിച്ച 6705 വോട്ട് മാത്രമായിരുന്നു. 2001-ല്‍ എം എസ് കുമാര്‍ ബിജെപിക്കുവേണ്ടി 16,872 വോട്ടാണ് നേടിയിരുന്നത്.മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമോയെന്ന ചോദ്യമുയരുന്നുണ്ട്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനിടയില്‍ വരുന്ന നായര്‍ സമുദായത്തിന് ബിഡിജെഎസിനോടുള്ള അതൃപ്തിയെ രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തിന് മറികടക്കുമോ എന്നാണറിയേണ്ടത്.

നേമം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയതായിരുന്നു എന്‍ എച്ച് 47-ന്റെ പാപ്പനംകോടു മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്തിന്റെ വികസനം. പാപ്പനംകോടു മുതല്‍ പ്രാവച്ചമ്പലം വരെ ദേശീയപാതയുടെ വികസനത്തിന് അനുമതി നല്‍കിയതും ഫണ്ട് അനുവദിച്ചതുമെല്ലാം മുന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന് ഇടതുപക്ഷം വാദിക്കുമ്പോള്‍ തങ്ങളാണ് നടപ്പിലാക്കിയതെന്ന പ്രചാരണത്തിലാണ് യുഡിഎഫ്. എന്നാല്‍ ട്രാഫിക് സിഗ്നലുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കാതെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് യുഡിഎഫ് റോഡ് ഉദ്ഘാടനം ചെയ്തതും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതും ചര്‍ച്ചയാകും.

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പ്രകൃതിയിലെ ചൂടും കുതിച്ചുയരുമ്പോള്‍ നേമത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന് കുടിവെള്ളം തന്നെയാണ്. ശുദ്ധീകരണ പ്ലാന്റില്ലാത്തതിനാല്‍ കരമനയാറ്റില്‍ നിന്നും ജലം നേരിട്ട് പമ്പ് ചെയ്ത് വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തിയെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലത് നേമം മാത്രമായി ചുരുങ്ങി. നിയമസഭ തെരഞ്ഞെടുപ്പില്‍ പതിവുപോലെ സംപൂജ്യരാകുമോ ബിജെപി എന്നു നേമം തീരുമാനിക്കും.


Next Story

Related Stories