TopTop
Begin typing your search above and press return to search.

തലശേരി: സരിത ബാധിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി; കുട്ടി കണ്ണാടി നോക്കണമെന്ന് ഷംസീര്‍

തലശേരി: സരിത ബാധിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി; കുട്ടി കണ്ണാടി നോക്കണമെന്ന് ഷംസീര്‍

എക്കാലത്തും ഇടതിനൊപ്പം നിന്ന ചരിത്രമാണ് തലശേരി നിയമസഭ മണ്ഡലത്തിനുള്ളത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും മാറിയപ്പോള്‍ മണ്ഡലം നിലനിര്‍ത്തേണ്ട നിയോഗം ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റായ എ എന്‍ ഷംസീറില്‍ വന്നു ചേര്‍ന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ആയതിന്റെ ആത്മവിശ്വാസവുമായാണ് ഷംസീര്‍ കോട്ട കാക്കാന്‍ എത്തിയിട്ടുള്ളത്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ റിജില്‍ മാക്കുറ്റിക്ക് എതിരെ കോടിയേരിയുടെ ഭൂരിപക്ഷം 26,509 വോട്ടിന്റേതായിരുന്നു. തലശേരി നഗരസഭയിലും മണ്ഡലത്തില്‍പ്പെടുന്ന സമീപ പഞ്ചായത്തുകളിലും വര്‍ഷങ്ങളായി ഭരണം നടത്തുന്നത് ഇടതുപക്ഷമാണ്.

ഷംസീറിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസിലെ എ പി അബ്ദുള്ളക്കുട്ടിയാകുമ്പോള്‍ തലശേരിയിലെ മത്സരത്തിന് ഒരു എസ് എഫ് ഐ ടച്ചുകൂടിയുണ്ട്. സിപിഐഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ പ്രവേശനവും എസ് എഫ് ഐയിലൂടെയായിരുന്നു. കണ്ണൂരിലെ സിറ്റിങ് മണ്ഡലത്തില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി ഇക്കുറി തലശേരിയിലേക്ക് എത്തിയിരിക്കുന്നത്. വികെ സജീവനാണ് തലശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഷംസീറും അബ്ദുള്ളക്കുട്ടിയും തങ്ങളുടെ വിജയപ്രതീക്ഷകള്‍ അഴിമുഖവുമായി പങ്കുവയ്ക്കുന്നു.എന്റെ പോരാട്ടം തലശേരി പിടിക്കാന്‍: അബ്ദുള്ളക്കുട്ടി

ചോദ്യം: സിറ്റിങ് സീറ്റായ കണ്ണൂരില്‍ നിന്നും എന്തിനാണ് ഇക്കുറി തലശേരിയിലേക്ക് വന്നത്.

ഉത്തരം: സിപിഐഎമ്മുകാര്‍ കുത്തക മണ്ഡലം എന്ന് പറയുന്ന തലശേരി പിടിക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നത്. അല്ലാതെ ചിലരൊക്കെ പറയുന്നതുപോലെ കണ്ണൂരില്‍ നിന്നും ബലമായി മാറ്റിയതല്ല. എന്നെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്.

ചോദ്യം: മണ്ഡലത്തില്‍നിന്നുള്ള പ്രതികരണം എങ്ങനെയാണ്?

ഉത്തരം: വളരെ നല്ല പ്രതികരണമാണ്. പരമാവധി വോട്ടര്‍മാരെ കണ്ടു കഴിഞ്ഞു. കൈപിടിക്കുമ്പോള്‍ കൈ സംസാരിക്കുന്നുണ്ട്. കണ്ണ് കണ്ണിനോട് സംസാരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ മാറ്റത്തിന് തലശേരിയിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട്. തലശേരിയില്‍ എന്ത് വികസനമാണ് കോടിയേരിയും സംഘവും കൊണ്ടു വന്നത്. ഇവിടത്തെ റോഡുകള്‍ ഇടുങ്ങിയതാണ്. മൊത്തത്തില്‍ തലശേരി നഗരം ഒരു കുടുസ്സു പ്രദേശമാണ്. നല്ല ഓവുചാലുകള്‍ പോലുമില്ല. അതിനേക്കാള്‍ പ്രധാനമാണ് സമാധാനത്തിന്റെ കാര്യം. സമാധാനം ഉണ്ടെങ്കിലേ വികസനം ഉണ്ടാകുകയുള്ളൂ. തലശേരിയിലെ അക്രമ രാഷ്ട്രീയത്തിന് അവസാനമുണ്ടാകണം. ഇവിടത്തെ ജനങ്ങള്‍ അതാഗ്രഹിക്കുന്നുണ്ടല്ലോ. ശവഘോഷയാത്രകള്‍ കണ്ട് അവര്‍ മടുത്തിരിക്കുന്നു.

ചോദ്യം: താങ്കള്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ്?

ഉത്തരം: വര്‍ഗ വഞ്ചകന്‍, കാലുമാറിയെന്നൊക്കെ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ എന്നെ അങ്ങനെ കാണുന്നില്ല.

ചോദ്യം: സരിത പ്രശ്‌നം ബാധിക്കില്ലേ?

ഉത്തരം: സരിതയുടെ വിശ്വാസ്യതയെ കുറിച്ച് കേരള ഹൈക്കോടതി തന്നെ പറഞ്ഞു കഴിഞ്ഞതല്ലേ. ഇനി ആര് അതൊക്കെ വിശ്വസിക്കാനാണ്.അബ്ദുള്ളക്കുട്ടി സ്വയം കണ്ണാടിയില്‍ നോക്കണം: എ എന്‍ ഷംസീര്‍

ചോദ്യം: വടകരയിലെ മത്സരത്തിനുശേഷം താങ്കള്‍ സ്വദേശമായ തലശേരിയില്‍ മത്സരിക്കുന്നു. എന്താണ് ജനങ്ങളുടെ പ്രതികരണം?

ഉത്തരം: വളരെ നല്ല പ്രതികരണമാണ്. പരമ്പരാഗതമായി തലശേരി ഒരു ഇടതു കോട്ടയാണ്. ഇവിടെ വിജയം സുനിശ്ചിതമാണ്.

ചോദ്യം: തലശേരിയുടെ വികസന മുരടിപ്പിനെ കുറിച്ചാണല്ലോ അബ്ദുള്ളക്കുട്ടി പറയുന്നത്.

ഉത്തരം: അദ്ദേഹം സ്വയം കണ്ണാടിയില്‍ നോക്കട്ടെ. കണ്ണൂരില്‍ എന്ത് വികസനമാണ് അബ്ദുള്ളക്കുട്ടി കൊണ്ടുവന്നത്.

ചോദ്യം: കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

ഉത്തരം: കൊലപാത രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കോണ്‍ഗ്രസുകാരാണ്. മൊയാരത്ത് ശങ്കരനെ കൊന്നത് അവരാണ്. തന്തൂരി അടുപ്പില്‍ നയനാ സാഹിയെ ചുട്ടുകൊന്നത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. സിക്ക് കൂട്ടക്കൊല, സിപിഐഎം എംഎല്‍എയായിരുന്ന കുഞ്ഞാലിയുടെ വധം, നിലമ്പൂര്‍ ഡിസിസി ഓഫീസിലെ രാധയുടെ കൊലപാതകം, വളരെ അടുത്ത് തൃശൂരിലെ ഹനീഫയുടെ കൊലപാതകം ഇങ്ങനെയെത്ര കൊടും കൊലപാതകങ്ങളാണ് കോണ്‍ഗ്രസുകാര്‍ ചെയ്തു കൂട്ടിയത്. സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്.

ചോദ്യം: ആശങ്കയേതുമില്ലെന്നാണോ

ഉത്തരം: അതേ, മികച്ച വിജയം ലഭിക്കുമെന്നാണ് വിശ്വാസം. അതിനുള്ള പ്രവര്‍ത്തനത്തിലാണ്.


Next Story

Related Stories