TopTop
Begin typing your search above and press return to search.

'ഗര്‍ജ്ജിക്കുന്ന സിംഹം' സുധാകരന്‍റെ കണ്ണൂര്‍ പേടിയും പിന്നെ ഉദുമയിലേക്കുള്ള ഒളിച്ചോട്ടവും

ഗര്‍ജ്ജിക്കുന്ന സിംഹം സുധാകരന്‍റെ കണ്ണൂര്‍ പേടിയും പിന്നെ ഉദുമയിലേക്കുള്ള ഒളിച്ചോട്ടവും

കെ എ ആന്റണി

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം. തൃപ്പൂണിത്തുറ, നേമം, ഇടുക്കി, മഞ്ചേശ്വരം, കുന്നത്തുനാട്
മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം)

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ഈസി വാക്കോവര്‍ ലഭിച്ചിരുന്ന ഉദുമയില്‍ ഇക്കുറി തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. സിപിഐഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനും കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ് കെ സുധാകരനും തമ്മിലാണ് പ്രധാന പോര് എങ്കിലും ഒരു ത്രികോണ മത്സരത്തിന്റെ എല്ലാ പ്രതീതിയും ജനിപ്പിച്ചു കൊണ്ട് ബിജെപിയുടെ കെ ശ്രീകാന്തും രംഗത്തുണ്ട്. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീകാന്ത് നിലവില്‍ കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് അംഗം കൂടിയാണ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിന്റെ ടി സിദ്ധിഖിനെ ഉദുമ അസംബ്ലി മണ്ഡലത്തില്‍ ലഭിച്ച ലീഡാണ് കണ്ണൂരില്‍ നിന്നും ഉദുമയിലേക്ക് ചേക്കേറാന്‍ സുധാകരനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്ന്. താന്‍ തന്നെ കൈപിടിച്ച് കോണ്‍ഗ്രസിലെത്തിച്ച എ പി അബ്ദുള്ളക്കുട്ടിയുമായി അടുത്ത കാലത്ത് രൂപം കൊണ്ട വൈരവും മണ്ഡലം മാറി പരീക്ഷിക്കാന്‍ കാരണമായി. അബ്ദുള്ളക്കുട്ടിക്ക് എതിരെ സോളാര്‍ വിവാദ നായിക സരിത ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ കുട്ടിയെ രാജിവയ്പ്പിച്ച് തന്റെ പഴയ തട്ടകമായ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ഇറങ്ങാന്‍ പോലും സുധാകരന്‍ തയ്യാറായിരുന്നു. പാളിപ്പോയ ഒരു ശ്രമം മാത്രമായി അത് അവസാനിച്ചു. ഒടുവില്‍ എ ഗ്രൂപ്പുകാരനായ സതീശന്‍ പാച്ചേനിയെ മാമോദിസ മുക്കി ഐക്കാരനാക്കി കണ്ണൂര്‍ മണ്ഡലത്തിലിറക്കി അബ്ദുള്ളക്കുട്ടിയെ തലശ്ശേരിക്ക് പായ്ക്ക് ചെയ്യുകയാണ് ഉണ്ടായത്. ഇതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനപ്പുറം ഒരു മതപ്രശ്‌നം കൂടിയായി വളരുന്നുവെന്നതാണ് തലശ്ശേരിയിലും കണ്ണൂരിലും ഉദുമയിലും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.സത്യത്തില്‍ സുധാകരന്‍ കേമപ്പെട്ട ഒരു നേതാവ് തന്നെയാണ്. എന്‍ രാമകൃഷ്ണനുശേഷം കണ്ണൂരില്‍ സിപിഐഎമ്മിനെ വിറപ്പിച്ച യഥാര്‍ത്ഥ സിംഹം സുധാകരന്‍ തന്നെയായിരുന്നു. തുടക്കം ഗോപാലന്‍ ജനത വഴി എല്‍ഡിഎഫിലൂടെയായിരുന്നുവെങ്കിലും കോണ്‍ഗ്രസിലെത്തിയതോടെ സുധാകരന്‍ ആളാകെ മാറി. കണ്ണൂരിലെ കോണ്‍ഗ്രസിലെ ഗര്‍ജ്ജിക്കുന്ന ശബ്ദമായി മാറാന്‍ കഴിഞ്ഞുവെന്നിടത്താണ് സുധാകരന്റെ വിജയം. 1991-ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്നായിരുന്നു കന്നിയങ്കം. സിപിഐഎമ്മിലെ ഒ ഭരതനോട് മുന്നൂറോളം വോട്ടിന് പരാജയപ്പെട്ടെങ്കിലും ഹൈക്കോടതി വിധി മുഖേന കുറച്ചു കാലം എംഎല്‍എയായി. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദ് ചെയ്തതോടെ സുധാകരന്‍ എംഎല്‍എ അല്ലാതായി. എന്നാല്‍ സുധാകരന്റെ കോണ്‍ഗ്രസ് പരിണാമത്തിലെ നല്ലദശ അവിടെ തുടങ്ങുകയായി. ഒരു കാലത്ത് അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സാരഥിയായിരുന്ന എന്‍ രാമകൃഷ്ണന് ലീഡറുടെ പൂര്‍ണ അനുഗ്രഹാശിസ്സുകളോടെ വെട്ടിനിരത്തി കണ്ണൂര്‍ ഡിസിസി പ്രസിഡന്റായ സുധാകരന്റെ വാഴ്ചക്കാലമായിരുന്നു പിന്നീട് അങ്ങോട്ട്. 1996-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുധാകരന്‍ രംഗ പ്രവേശനം ചെയ്തപ്പോള്‍ എതിരാളി എന്‍ രാമകൃഷ്ണനായിരുന്നു. സ്വതന്ത്രനായി മത്സരിച്ച എന്‍ ആറിനെ പിന്തുണച്ച സിപിഐഎമ്മിനെ പോലും അത്ഭുതപ്പെടുത്തുന്ന വിജയമായിരുന്നു സുധാകരന്റേത്. തുടര്‍ന്നങ്ങോട്ട് കണ്ണൂരില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ കൊയ്ത സുധാകരന് പാരയായത് 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ്. ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ സ്വാഭാവികമായും നിയമസഭ സീറ്റ് രാജിവയ്‌ക്കേണ്ടി വന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ ബദ്ധപ്പെടുമ്പോള്‍ സുധാകരന്‍ ആലോചിച്ചത് പാര്‍ട്ടിയിലെ സ്വന്തം ശത്രുവായ മുല്ലപ്പള്ളി രാമചന്ദ്രനെ രണ്ട് തവണ തോല്‍പ്പിച്ച ഒരു മനുഷ്യനെ അതും തന്നെപ്പോലെ തന്നെ ഇടതുപാളയത്തില്‍ നിന്നും വരുന്ന കൈപിടിച്ച് ആനയിക്കുക എന്നത് മാത്രമായിരുന്നു.

എകെ ആന്റണി സര്‍ക്കാരില്‍ വനം സ്‌പോര്‍ട്‌സ് വകുപ്പുകള്‍ ലഭിച്ച സുധാകരന് 2009-ലെ ലോക്‌സഭ പ്രവേശനം അത്രയും സുഖകരമായിരുന്നില്ല. ശശി തരൂര്‍ രാജിവച്ച ഒഴിവില്‍ പരിഗണിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റിലേക്കുള്ള യാത്ര തന്നെ പലപ്പോഴും റദ്ദാക്കിയിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ പികെ ശ്രീമതി ടീച്ചറോട് തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പ്രധാനം ഇതുതന്നെയായിരുന്നു.

മുകളില്‍ നിന്നും സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിന് മുമ്പ് തന്നെ ഉദുമയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചത് സുധാകരന് രണ്ടു വിധത്തില്‍ വിനയായി. ഉദുമയില്‍ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നി കാത്തു നിന്നവര്‍ക്ക് സുധാകരന്റെ നിനച്ചിരിക്കാതെ ഉണ്ടായ കടന്നുവരവ് പെട്ടെന്ന് അങ്ങ് ദഹിച്ചില്ല. രണ്ടാമതായി നിലവിലെ എംഎല്‍എ കെ കുഞ്ഞിരാമനെ മാറ്റി ഒരു പുതുമുഖത്തെ ഇറക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന സിപിഐഎം സുധാകരന്റെ നീക്കത്തോടെ തീരുമാനം മാറ്റി. ജനകീയ എംഎല്‍എ എന്ന് എതിരാളികള്‍ പോലും അംഗീകരിച്ച കുഞ്ഞിരാമന് തന്നെ സീറ്റ് നല്‍കി. സത്യത്തില്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്നു പറയുന്നതുപോലെ ഒരു വെടിക്ക് രണ്ട് വിനകള്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു സുധാകരന്‍.


എങ്കിലും തുടക്കത്തിലുണ്ടായ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഉദുമയിലില്ലെന്നാണ് സുധാകരന്റേയും യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നവരുടേയും വാദം. ഇതെത്ര കണ്ട് ശരിയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. കുഞ്ഞിരാമന്‍ തദ്ദേശീയനും ജനോപകാരിയും പൊതുജന സമ്മതനുമൊക്കെ തന്നെ. ഇടതു പാളയത്തില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സുധാകരന്‍ അങ്കത്തിന് ഇറങ്ങുമ്പോള്‍ ഒരു സിക്‌സ് പാക്ക് നെഞ്ച് വിരിച്ചു നടത്തം പതിവാണ്. പ്രതിധ്വനി സംവിധാനമില്ലാത്ത മൈക്ക് പെട്ടി ആവശ്യമില്ലാത്ത സുധാകരന് ഇടിമുഴക്കത്തിന്റെ ഗര്‍ജ്ജനം സ്വന്തമാണ്. എന്നാല്‍ കണ്ണൂരിലെ ഈ ഹുങ്കാരവം തുളുനാടിനെ തൊട്ടുരുമി കിടക്കുന്ന ഉദുമയില്‍ എത്ര വിലപ്പോകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കടത്തനാടന്‍ കളരികളില്‍ പഠനം പൂര്‍ത്തിയാക്കുന്ന ചേകവ പയ്യന്‍മാര്‍ പണ്ട് തുളുനാട്ടിലും പ്രാഗത്ഭ്യം തെളിയിക്കേണ്ടവരുണ്ടായിരുന്നു. ഇതൊക്കെ സാക്ഷാല്‍ ചേകവ പെരുമയില്‍പ്പെടുന്ന കാര്യങ്ങള്‍. രാഷ്ട്രീയ അങ്കത്തില്‍ നെഞ്ചളവും വായ്ത്താരിയും വാളിനും ഉറുമിക്കും പകരമാകില്ലല്ലോ. പ്രത്യേകിച്ചും ഉദുമയില്‍.

കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി തന്നെയാണ് ഉദുമയില്‍ മുന്നില്‍. കോണ്‍ഗ്രസിലെ കെപി കുഞ്ഞിക്കണ്ണന്‍ ഒരിക്കല്‍ ജയിച്ചത് ഒഴിച്ചാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എന്നും ബാലികേറ മല തന്നെയാണ് ഉദുമ.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കണക്കു വച്ചു നോക്കിയാലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. മൊത്തം എട്ട് ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫിനാണ് ഭരണം. ചെമ്മനാട്, മൂളിയാര്‍, ഉദുമ എന്നിവിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. ഇതില്‍ ഉദുമ തന്നെ അടുത്തകാലത്ത് ഒറ്റ സീറ്റിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories