TopTop
Begin typing your search above and press return to search.

ബിഡിജെസ്സിന്‍റെ പണി ആര്‍ക്ക്? കുട്ടനാടും മറ്റ് ചില മണ്ഡലങ്ങളും നല്‍കുന്ന സൂചനകള്‍

ബിഡിജെസ്സിന്‍റെ പണി ആര്‍ക്ക്? കുട്ടനാടും മറ്റ് ചില മണ്ഡലങ്ങളും നല്‍കുന്ന സൂചനകള്‍

ഡി. ധനസുമോദ്

ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നു കേട്ടപ്പോള്‍ കേരളം അത്ര ഗൗരവമായി എടുത്തില്ല. സാമുദായിക പാര്‍ട്ടികള്‍ രൂപം കൊണ്ടതും ഒന്നുമല്ലാതെ ആയതും സംസ്ഥാനം കണ്ടതാണ്. ആദ്യം ബിജെ പിയോട് ചേര്‍ന്ന് നിന്നതും പിന്നീട് സംസ്ഥാന നേതൃത്വത്തോട് അകലം പാലിച്ചതും ചര്‍ച്ചയ്ക്ക് പാര്‍ട്ടികള്‍ക്കായി വാതില്‍ തുറന്നിടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതും കണ്ടു. ബിഡിജെഎസുമായി രഹസ്യമായും പരസ്യമായും ബന്ധമില്ലെന്നും ചര്‍ച്ചയ്ക്കുള്ള വെള്ളം വാങ്ങി വെച്ചാല്‍ മതിയെന്നും വി എം സുധീരനും കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചതോടെ വഴിമുട്ടിയ വെള്ളാപ്പള്ളിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വഴികാട്ടി. വെള്ളാപ്പള്ളി ആവശ്യപ്പെട്ട സീറ്റുകള്‍ അംഗീകരിച്ചതോടെ എന്‍ഡിഎ മുന്നണിയിലെ കേരളത്തിലെ പ്രധാന ഘടകകക്ഷിയായി ബിഡിജെഎസ് മാറി.

രാഷ്ട്രീയ പാര്‍ട്ടിയായി മാറിയതിനു ശേഷവും ബിഡിജെഎസ്സിന്റെ ആദ്യ മത്സരമായതിനാല്‍ ഫലത്തില്‍ ഏതുതരത്തിലെ സ്വാധീനമാണ് സൃഷ്ടിക്കാന്‍ കഴിയുന്നതെന്ന് ഇതുവരെ നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല സീറ്റുകളിലും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന പാര്‍ട്ടിയായി മാറാന്‍ ബിഡിജെഎസ്സിന് കഴിയും. അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിനു ജയിക്കുന്ന നിരവധി മണ്ഡലങ്ങള്‍ ഉള്ള കേരളത്തില്‍ പതിനായിരത്തിലധികം വോട്ടുകള്‍ പെട്ടിയിലാക്കുന്ന മൂന്നാമതൊരു മുന്നണി നിര്‍ണ്ണായകമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ന്യൂനപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നിലപാട് ഇരുമുന്നണികളും വര്‍ഷങ്ങളായി സ്വീകരിക്കുന്നതില്‍ കോവളം, റാന്നി, കുട്ടനാട് എന്നീ മണ്ഡലങ്ങില്‍ ബിഡിജെഎസ്സിനു മേല്‍ക്കൈ ഉണ്ടാകുമെന്നു പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം കെ. മഹേശന്‍ അഴിമുഖത്തിനോട് പറഞ്ഞു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിഡിജെഎസ് നേതാവ് സംഗീത വിശ്വനാഥന്റെ കണ്‍വെന്‍ഷന്‍ നടന്ന പണിക്കേഴ്‌സ് ഹാള്‍ നിറഞ്ഞുകവിഞ്ഞത് സംഗീതയ്ക്കുള്ള പിന്തുണയായി മുന്നണി അനുകൂലികള്‍ വിശ്വസിക്കുന്നു.

ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായ എ. ജി. തങ്കപ്പന്‍ രണ്ട് പതിറ്റാണ്ടിലധികം എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്നു. എസ്എന്‍ഡിപി ബന്ധങ്ങള്‍ വോട്ടായി മാറുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. തൊടുപുഴയില്‍ 15,000 പ്ലസ് ആണ് പ്രതീക്ഷ.ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ സുഭാഷ് വാസുവാണ് കുട്ടനാട് സ്ഥാനാര്‍ത്ഥി. വെള്ളാപ്പള്ളി നടേശന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സുഭാഷ് ഡല്‍ഹി സന്ദര്‍ശനത്തില്‍ വെള്ളാപ്പള്ളിയുടെ നിഴലുപോലെ കൂടെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്ര മോദിയുടെ ഒപ്പമുള്ള ഫോട്ടാ അടങ്ങുന്ന പോസ്റ്ററുമായിട്ടാണ് വോട്ട് തേടുന്നത്. സുഭാഷ് വാസുവിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ നരേന്ദ്ര മോദി കുട്ടനാട്ടില്‍ എത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് എന്‍ഡിഎ. ക്യാമ്പിനെ ഊര്‍ജ്ജസ്വലമാക്കി കഴിഞ്ഞു.

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ തോമസ് ചാണ്ടി അങ്കത്തട്ടില്‍ ഇറങ്ങിയിരിക്കുന്നത്. ഹാട്രിക് വിജയം നേടി നാലാം വിജയത്തിനു കുട്ടനാട്ടില്‍ ഇറങ്ങിയ കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിലെ ഡോ. കെ. സി. ജോസഫിനെ 2006 ല്‍ മുട്ടുകുത്തിച്ചാണ് ഡിഐസി സ്ഥാനാര്‍ത്ഥിയായി യുഡിഎഫിലെ തോമസ് ചാണ്ടി മണ്ഡലം തിരിച്ചുപിടിച്ചത്. ഈ ശത്രുക്കള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടി. ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സ് (എം) ല്‍ ലയിച്ചതിനാല്‍ ഡോ. കെ. സി. ജോസഫ് യു. ഡി. എഫ് സ്ഥാനാര്‍ത്ഥിയായി. എന്‍. സിപിയിലൂടെ തോമസ് ചാണ്ടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ജയിച്ചു. വീണ്ടും അഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസ്സ് (എം) ല്‍ നിന്ന് പുറത്ത് ചാടി ഇടതു ചേര്‍ന്ന് തോമസ് ചാണ്ടിക്കു പിന്തുണയുമായി ഡോ. കെ. സി ജോസഫിന്റെ ബാനറുകളും ഉയര്‍ന്നു കഴിഞ്ഞു.കേരള കോണ്‍ഗ്രസ്സിലെ ജേക്കബ് എബ്രഹാം ആണ് യുഡിഎഫ്. സ്ഥാനാര്‍ത്ഥി. കുട്ടനാട് നിയോജക മണ്ഡലം ഉള്‍പ്പെടുന്ന ജില്ല പഞ്ചായത്ത് അംഗം ജേക്കബ് എബ്രഹാമിനു വെല്ലുവിളിയായി കേരള കോണ്‍ഗ്രസ്സ് വിമതന്‍ ജോസ് കോയിപ്പള്ളിയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 7,971 ആയിരുന്നു. ബിജെപി. സ്ഥാനാര്‍ത്ഥി കെ. സോമന്‍ ആകെ നേടിയത് 4,395 വോട്ട് മാത്രമായിരുന്നു. എന്നാല്‍ മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് ഫലം. 48,218 വോട്ടുകള്‍ യുഡി എഫും 45,116 വോട്ടുകള്‍ എല്‍ഡിഎഫും നേടിയപ്പോള്‍ 31,312 വോട്ടുകള്‍ എന്‍ഡിഎ യുടെ പെട്ടിയില്‍ വീണു. രാഷ്ട്രീയ അയിത്തത്തിന്റെ മട പൊട്ടുമെന്നും പുതുവെള്ളം ഒഴുകിയെത്തുമെന്നും സുഭാഷ് വാസു പ്രതീക്ഷിക്കുന്നതിന്റെ കാരണം ഈ കണക്ക് തന്നെയാണ്.

ജാതിയും മതവും ഉയര്‍ത്തിയുള്ള രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും തള്ളിക്കളയാനാവാത്ത ശക്തിയായി ബിഡിജെഎസ് അംഗമായ എന്‍ഡിഎ കേരളത്തില്‍ മാറിക്കഴിഞ്ഞു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories