TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പിലെ മമ്മൂട്ടിമാരും ദുല്‍ഖര്‍മാരും; നിരാശാഭരിതര്‍ക്ക് ഒരു ഉപമ

തെരഞ്ഞെടുപ്പിലെ മമ്മൂട്ടിമാരും ദുല്‍ഖര്‍മാരും; നിരാശാഭരിതര്‍ക്ക് ഒരു ഉപമ

കെ എ ആന്‍റണി

തുടര്‍ ഭരണം തേടി യുഡിഎഫും ഭരണം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും അകൗണ്ട് തുറക്കാന്‍ എന്‍ഡിഎയും കച്ചകെട്ടിയിറങ്ങിയിട്ടുള്ള കേരളത്തില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞടുപ്പ് ഏറെ ശ്രദ്ധേയമാകുന്നത് നിരാശാഭരിതരുടെ എണ്ണപ്പെരുപ്പം കൊണ്ടുകൂടിയാണ്. സീറ്റ് നിഷേധിക്കപ്പെട്ട ഇവരുടെ പ്രതിഷേധവും രോദനവും തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നു മാത്രമെ ഇനി അറിയേണ്ടതായുള്ളൂ.

യുഡിഎഫിലും എല്‍ഡിഎഫിലും നിരാശഭരിതരുണ്ടെങ്കിലും എണ്ണത്തിന്റെ കാര്യത്തില്‍ യുഡിഎഫ് തന്നെയാണ് മുമ്പില്‍. എ, ഐ ഗ്രൂപ്പുകള്‍ ഒറ്റയ്ക്കും കൂട്ടായും സ്വന്തക്കാരെ തിരുകി കയറ്റിയപ്പോള്‍ മഹിളകോണ്‍ഗ്രസിലെ സുപരിചിത മുഖങ്ങളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതിക സുഭാഷ് തുടങ്ങിയവരും കെ പി അനില്‍ കുമാര്‍, വി വി പ്രകാശ്, ഡീന്‍ കുര്യാക്കോസ്, സജീവ് ജോസഫ് തുടങ്ങിയവരും തീര്‍ത്തും തഴയപ്പെട്ടു.

അഴിമതിയാരോപിതരും മൂന്നിലേറെ തവണ മത്സരിച്ചവരെയും മാറിനില്‍ക്കണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശം അട്ടിമറിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്റെ വിശ്വസ്തനായ ബെന്നി ബെഹനാനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ബെഹനാനു പകരം സുധീരന്‍ നിര്‍ദേശിച്ച പി ടി തോമസ് ആണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി. ബെഹനാനു സീറ്റ് നിഷേധിച്ചതിനെതിരെയുള്ള പ്രതിഷേധം തൃക്കാക്കരയില്‍ ശക്തമാണ്. സമാനമായ രീതിയുള്ള പ്രതിഷേധം വി വി പ്രകാശിനെ തഴഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരിലും സജീവ് ജോസഫിനെ അവഗണിച്ചതിന്റെ പേരില്‍ ഇരിക്കൂറിലും അലയടിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മത്സരിച്ചു തോറ്റ കെ പി അനില്‍കുമാറിനു പകരം എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥി ആക്കിയതിലുള്ള പ്രതിഷേധം വളരെ ശക്തമാണ്. ഇന്നലെ കൊയിലാണ്ടിയില്‍ നിന്നെത്തിയ വലിയൊരു സംഘം മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിസിസി ഓഫിസിനു മുന്നില്‍ മണിക്കൂറുകളോളം ധര്‍ണ ഇരുന്നു. കൊയിലാണ്ടിയില്‍ സുബ്രഹ്മണ്യനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.മുസ്ലിം ലീഗിന് പുനലൂര്‍ സീറ്റ് നല്‍കിയതിലും പ്രതിഷേധം ശക്തമാണ്. നൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് തെരുവില്‍ പ്രകടനം നടത്തുകയും ലീഗ് സ്ഥാനാര്‍ത്ഥി യൂനുസ് കുഞ്ഞിന്റെ കോലംകത്തിക്കുകയും ചെയ്തു. കോവളത്ത് സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ നേതാക്കള്‍ ഒടുവില്‍ തന്നെ വഞ്ചിച്ചുവെന്നാണ് കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസിന്റെ ആക്ഷേപം. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച വിജയന്‍ തോമസ് ജയ് ഹിന്ദ് ചാനലിലും വീക്ഷണം പത്രത്തിനും വേണ്ടി താന്‍ നടത്തിയ നിക്ഷേപങ്ങള്‍ ഉടനെ തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിന് സീറ്റ് നിഷേധിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കണ്ണൂരിലെ പേരാവൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സണ്ണി ജോസഫിനെതിരെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ഭീഷണി.സീറ്റ് വേണ്ടെന്നു പറഞ്ഞ് ഒടുവില്‍ സീറ്റ് കിട്ടിയപ്പോള്‍ വെട്ടിലായി സീറ്റ് ത്യജിക്കേണ്ടി വന്ന ടി എന്‍ പ്രതാപന്റെ വിലാപവും ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടാതെ പോകാന്‍ ഇടയില്ല. ഈ വിലാപങ്ങള്‍ക്കിടയിലും വേദനയില്‍ കുതിര്‍ന്ന ചില ഫലിതങ്ങളും ചില സ്ഥാനാര്‍ത്ഥി മോഹികളെങ്കിലും ഉയരുന്നുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു ഇന്നലെ പറഞ്ഞ ഫലിതം യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ജില്ലയിലെ അഞ്ചിടത്തും താന്‍ സ്ഥാനാര്‍ത്ഥി ആയിരുന്നെന്നും അന്തിമ പട്ടിക വന്നപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഒന്നാമനായി എന്നും പറഞ്ഞ അബു തന്റെ സ്ഥാനാര്‍ത്ഥിത്വ നിഷേധത്തിനെ ന്യായീകരിക്കാന്‍ രണ്ടു പ്രശസ്ത താരങ്ങളെക്കൂടി കൂട്ടുപിടിച്ചു. മമ്മൂട്ടിയും മോഹന്‍ ലാലും വലിയ നടന്മാരാണെങ്കിലും ചാര്‍ളിയില്‍ ദുല്‍ക്കറിനു പകരം മമ്മൂട്ടിയോ പ്രേമത്തില്‍ നിവിന്‍ പോളിക്കു പകരം മോഹന്‍ ലാലോ അഭിനയിച്ചാല്‍ ശരിയാവില്ലെന്നും തന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും പറഞ്ഞു.

എല്‍ഡിഎഫില്‍ ആകട്ടെ പി കെ ഗുരുദാസനെ തഴഞ്ഞതിലുള്ള പ്രതിഷേധം പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. ഗൗരിയമ്മയുടെ ജെഎസ്എസിനെ അപമാനിച്ചു എന്ന പ്രചരണവും ശക്തമാണ്. ആറന്മുളയിലും അഴീക്കോടും തുടക്കത്തില്‍ ഉണ്ടായ പ്രതിഷേധം അതേ രീതിയില്‍ നിലനില്‍ക്കുന്നില്ലെങ്കിലും ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും പൂര്‍ണമായി അംഗീകരിച്ച മട്ടില്ല. മലപ്പുറം ജില്ലയില്‍ സിപിഐഎമ്മും സിപിഐയും കണ്ടെത്തിയ സ്വതന്ത്രന്മാര്‍ക്കെതിരെയും പാര്‍ട്ടിയണികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories