TopTop
Begin typing your search above and press return to search.

കൊല്ലം ചുവന്നതിന് പിന്നില്‍; കെ.എന്‍.ബാലഗോപാല്‍/അഭിമുഖം

കൊല്ലം ചുവന്നതിന് പിന്നില്‍; കെ.എന്‍.ബാലഗോപാല്‍/അഭിമുഖം

കെ എന്‍ ബാലഗോപാല്‍/ഡി ധനസുമോദ്

നിയമ സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഇടതുപക്ഷത്തിനെ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡി ധനസുമോദുമായി സംസാരിക്കുന്നു.

ധനസുമോദ്:
കേരളത്തിന്റെ ഒരു പരിച്ഛേദമാണ് കൊല്ലം. മലയും കായലും ഇടദേശവുമെല്ലാമുള്ള ഒരു സ്ഥലം. കശുവണ്ടി, കയര്‍, മത്സ്യതൊഴിലാളികളെ ഒരേപോലെ കണക്കിലെടുത്ത് അവരുടെ പ്രശ്‌നങ്ങളിലിടപെട്ട് മുന്നോട്ട് പോയതാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയത്തിന് കാരണമായത്. നിയമ സഭ തെരഞ്ഞെടുപ്പിലെ ഈ ചരിത്ര വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?

കെ എന്‍ ബാലഗോപാല്‍: ഈ വിജയവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം തന്നെയാണ്. മലയോര പ്രദേശങ്ങളില്‍ റബ്ബര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കയര്‍ കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍, അക്കാര്യങ്ങളെല്ലാം ഏറ്റെടുത്തതുതന്നെയാണ് വിജയത്തിനു അടിസ്ഥാന കാരണം. പിന്നെ ഒരു ഇടതുപക്ഷ മനസ്സുള്ളവരാണല്ലോ കൊല്ലം ജനത. ഇടതുപക്ഷത്തിന്റെ
മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തിന് മേല്‍ വോട്ട് കിട്ടിയിട്ടുണ്ട്. 55 ശതമാനമാണ് കൊട്ടാരക്കര, പുനലൂര്‍-57, കൊല്ലം-50, ചാത്തന്നൂര്‍-51, ഇരവിപുരം-51. അതായത് യു.ഡി.എഫും ബി.ജെ.പിയും കൂടി ചേര്‍ന്നിരുന്നെങ്കിലും ഈ സീറ്റുകളിലൊക്കെ വിജയിക്കുമായിരുന്നു.

ധ: ചാത്തന്നൂര്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയതിനെ കുറിച്ച്...?

ബാ: ചാത്തന്നൂരില്‍ ഞങ്ങള്ക്ക് 52 ശതമാനം വോട്ടുണ്ട്. കോണ്‍ഗ്രസിന് 22 ശതമാനമേയുള്ളു. ...അതേസമയം ബി.ജെ.പിക്ക് 25 ശതമാനമുണ്ട്. കോണ്‍ഗ്രസിന്റെ ആളുകള്‍ അങ്ങോട്ട് പോകുന്നതിനെ തടയാന്‍ പറ്റിയാല്‍ മാത്രമേ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ പറ്റൂ. ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്തതിനെതിരെ നല്ലപോലെ കാമ്പയിന്‍ നടത്തിയതും, ബി.ഡി.ജെ.എസിന്റെ ജാതി രാഷ്ട്രീയ ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ചതുകൊണ്ടും എല്‍.ഡി.എഫിന്റെ വോട്ടുകള്‍ പോയിട്ടില്ല.

ധ: മണ്‍ട്രോതുരുത്ത് പോലുള്ള സ്ഥലങ്ങളില്‍ 95 ശതമാനം ഈഴവരാണല്ലോ. അവരിലെങ്ങനെയാണ് ബിഡിജെഎസ് ഫാക്ടര്‍ വര്‍ക് ചെയ്തത്?

ബാ: ഈഴവരായാലും നായരായാലും നമ്പൂതിരിയായാലും ക്രിസ്ത്യാനിയായാലും മനുഷ്യരാണ്. അവരുടെ ജീവിത പ്രശ്‌നങ്ങളാണ് രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. അതിസമ്പന്നനായ വെള്ളാപ്പള്ളി നടേശന് സാധാരണയൊരു കശുവണ്ടി തൊഴിലാളിയുടെ, മത്സ്യത്തൊഴിലാളിയുടെ ദാരിദ്ര്യം തിരിച്ചറിയാനാവില്ല. അവരുടെ രാഷ്ട്രീയം അവരുടെ കാര്യങ്ങള്‍ നടത്താനാണ്. പഠിക്കാന്‍ സംവരണം വേണം, ജോലിക്ക് സംവരണം വേണം, സബ്‌സിഡി കിട്ടണം, വിലക്കയറ്റം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ വേണം എന്നുള്ളത് നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും അവരുടെ പ്രശ്‌നമാണ്. ആ പ്രശ്‌നമാണ് രാഷ്ട്രീയത്തില്‍ കൈകാര്യം ചെയ്യേണ്ടത്. 90 ശതമാനം ഈഴവരാണ് മണ്‍ട്രോത്തുരുത്തില്‍. അവിടെ പഞ്ചായത്തിലും ഇടതുപക്ഷമാണ്. സംവരണം വേണ്ടെന്ന്, ഒരാനുകൂല്യവും വേണ്ടെന്ന് പറയുന്ന ആളുകളാണ് ബി.ജെ.പി എന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ കൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ നടക്കുന്നതെന്നും ആളുകള്‍ക്ക് അറിയാം. വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇതിന്റെ പിന്നിലെന്നും അറിയാം.ധ: കരുനാഗപ്പള്ളിയിലെ ഫലം ഫോട്ടോഫിനിഷിലാണ് നിര്‍ണയിക്കപ്പെട്ടത്?

ബാ: കരുനാഗപ്പള്ളിയില്‍ 48 ശതമാനത്തിനടുത്താണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും. ചെറിയ വ്യത്യാസമേയുള്ളു. അവിടെ ബി.ജെ.പി/ ബി.ഡി.ജെ.എസ്. 19,000 വോട്ട് പിടിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പരിശോധിക്കാനുണ്ട്. അവിടെ ബി.ജെ.പി.യുടെ കുറേ വോട്ട് യു.ഡി.എഫിന് കൊടുക്കുമെന്ന് നമുക്ക് മനസ്സിലായി. ബി.ജെ.പി/ബി.ഡി.ജെ.എസിനെ ഉപേക്ഷിച്ച് എസ്.എന്‍.ഡി.പി. വിഭാഗത്തിലെ കൊല്ലം ജില്ലയിലെ സാധാരണക്കാരുടെ വോട്ട് ആകര്‍ഷിച്ചെടുക്കുകയും ആര്‍.എസ്.എസിന്റെ വോട്ട് കോണ്‍ഗ്രസിന് കൊടുക്കുകയും ചെയ്യുകയെന്നതാണ്. ഈ മഹേഷ് ആര്‍.എസ്.എസുമായി ബന്ധമുള്ളയാളാണ്. ആര്‍.എസ്.എസിന്റെ കുറച്ച് വോട്ട് കിട്ടിയിട്ടുണ്ടാവാം. ആലപ്പാട് ബി.ജെ.പി.ക്ക് നാല് വാര്‍ഡ് ഉണ്ട്. ആലപ്പാടൊക്കെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് ലീഡാണ്.

: താങ്കള്‍ ജില്ലാ സെക്രട്ടറി ആയതിനു ശേഷം ആര്‍.എസ്.പിയെ ഉന്മൂലനം ചെയ്യണമെന്ന രീതിയിലാണെന്ന് ആരോപണമുണ്ടല്ലോ..

ബാ: സര്‍ സി.പിയെ വെട്ടിയ മണിസ്വാമിയുടെ പാരമ്പര്യമുള്ള പാര്‍ട്ടിയായ ആര്‍.എസ്.പി, വിപ്ലവപാര്‍ട്ടിയായിരുന്ന ആര്‍.എസ്.പി, ഇടതുപക്ഷ പാര്‍ട്ടിയായിരുന്ന ആര്‍.എസ്.പി. ഉമ്മന്‍ചാണ്ടിയുടെ എല്ലാ അഴിമതിക്കും ഓശാന പാടുന്ന ആളുകളായിട്ട് പ്രേമചന്ദ്രന്റെയും അസീസിന്റെയും താല്‍പ്പര്യപ്രകാരം പോയപ്പോള്‍ ആര്‍.എസ്.പി.യിലുണ്ടായിരുന്ന ആളുകളൊക്കെ ഇങ്ങോട്ടുപോന്നു, പഞ്ചായത്ത് തിരഞ്ഞെടുപ്പിലതു കണ്ടു. ഇപ്പോള്‍ അത് കൂടുതല്‍ കണ്ടു. കോവൂര്‍ കുഞ്ഞുമോന്‍ ഞങ്ങളുടെ കൂടെ വന്നു. അയാള്‍ സാധാരണ ജയിക്കുന്നതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാ ഇപ്പോള്‍ ജയിച്ചത്. 20,000 വോട്ടിന്. അവരെ ഉന്മൂല നാശം ചെയ്യാന്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതല്ല കാര്യം. സ്വന്തം പാര്‍ട്ടിയെ 30 വെള്ളിക്കാശിന് വിറ്റവരാണ് പ്രേമചന്ദ്രനും അസീസും. ആര്‍.എസ്.പിയോടൊപ്പം നില്‍ക്കുന്ന ആളുകള്‍ ഇനിയും ഇടതുപക്ഷത്തോടൊപ്പം വരും.

: വരുംദിവസങ്ങളില്‍ ആര്‍.എസ്.പി.യുടെ തകര്‍ച്ച പൂര്‍ണ്ണമാവുമെന്നാണോ പറയുന്നത്?

ബാ: ആര്‍.എസ്.പി.യുടെ തകര്‍ച്ച ഏകദേശം ഈ തരത്തിലേക്കെത്തിയിട്ടുണ്ട്. ബി.ജെ.പിക്കകത്തേക്കാണോ കോണ്‍ഗ്രസിനകത്തേക്കാണോ ആര്‍.എസ്.പിയുടെ ചില നേതാക്കള്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നറിയില്ല. അവര്‍ എങ്ങോട്ടും പോകും. ഒരു പാര്‍ലമെന്റ് സീറ്റിന് വേണ്ടി പാര്‍ട്ടിയെ മൊത്തം അപ്പുറത്തുകൊണ്ട് കൊടുക്കുകയും ആ പാര്‍ലമെന്റ് സീറ്റ് ജയിക്കാന്‍ വേണ്ടി ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ളവരുടെ വോട്ട് വാങ്ങുകയും ചെയ്തയാളാണ് പ്രേമചന്ദ്രന്‍. ആ പ്രേമചന്ദ്രനാണ് പാര്‍ട്ടിയെ നയിക്കുന്ന പ്രധാനപ്പെട്ട ഒരാള്‍. പ്രേമചന്ദ്രനും അസീസുമാണ് ഇടതുപക്ഷചിന്താഗതിയുടെ പാര്‍ട്ടിയെ കോണ്‍ഗ്രസുമായി ചേര്‍ക്കാന്‍ താല്‍പ്പര്യമെടുത്തത്. അവര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായം പറയാന്‍ കഴിവില്ല. അങ്ങനെ നിന്നിരുന്നെങ്കില്‍ ഇങ്ങനെയൊരു പതനം ഇപ്പോള്‍ ഉണ്ടാവില്ലായിരുന്നു. യഥാര്‍ത്ഥ ആര്‍.എസ്.പി.ക്കാര്‍ ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും ബി.ജെ.പി വോട്ട് വാങ്ങിയെന്നുള്ള പരാതിയുണ്ട്. അന്ന് ബാക്കിയുള്ള സ്ഥലത്ത് ബി.ജെ.പിക്ക് കിട്ടിയ വോട്ട് കൊല്ലത്ത് പാര്‍ലമെന്റ് സീറ്റില്‍ കിട്ടിയിരുന്നില്ല. അത് പ്രേമചന്ദ്രന്‍ ഇടപെട്ടുകൊണ്ട് ചെയ്തതാണെന്നുള്ള ആരോപണം അന്നേയുണ്ട്. ആ സമീപനം എടുക്കുന്നവരാണവര്‍. അതുകൊണ്ട് തന്നെയാണ് അവര്‍ ഇടതുപക്ഷത്ത് നിന്ന് ക്ഷമാപൂര്‍വ്വം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവാതെ പോയത്. ആ നേതാക്കന്‍മാരുടെ അണികളോടൊപ്പം ആര്‍.എസ്.പി.യുടെ നേതാക്കള്‍ നില്‍ക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അതില്‍ നിന്നും വിട്ട് ഇടതുപക്ഷത്തേക്ക് വരും.: മുകേഷിന്റെ വിജയം...

ബാ: മുകേഷിന്റെ കാര്യത്തില്‍ എതിര്‍പ്പ് ഇടതുപക്ഷത്തുനിന്ന് വന്നതല്ല.. യു.ഡി.എഫുകാര്‍ പലപ്പോഴും പോസ്റ്ററൊട്ടിക്കുക പോലുള്ള പരിപാടികള്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയൊക്കെ വന്നപ്പോള്‍ ഇടതുപക്ഷത്തിനകത്തുള്ള ആളുകള്‍ക്കും സംശയം തോന്നി. എന്നാല്‍ ഇടതുപക്ഷമെന്നാല്‍ വായിക്കുന്നവരുടെയും പത്രപ്രവര്‍ത്തകരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സിനിമാനടന്‍മാരുടെയും നാടകനടന്‍മാരുടേയും എല്ലാവരുടേയും ചേര്‍ന്നതാണ് എന്ന ബോധം നല്ലതുപോലെ കാമ്പയിന്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മുകേഷ് തെരഞ്ഞെടുപ്പ് രംഗത്ത് വന്നപ്പോള്‍ ഇടതുപക്ഷം നടത്തിയ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലൂടെയാണ് ആളുകള്‍ അനുകൂലമായി മാറിയത്.

: സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി ആദ്യമൊരു പ്രശ്‌നം.. ഗുരുദാസന്റെ സീറ്റ്...

ബാ: സ്ഥാനാര്‍ത്ഥി പട്ടികയെ പറ്റി പ്രശ്‌നമൊന്നുമില്ല. സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്ന ആളുകളെ മത്സരിപ്പിക്കുന്നു. വിവാദങ്ങളെല്ലാം മാധ്യമങ്ങളുണ്ടാക്കിയതാണ്.

: മഴക്കുഴി പോലുള്ള ജനകീയ ഇടപെടലുകള്‍...

ബാ: മഴക്കുഴി, പരിസ്ഥിതി, ജൈവ പച്ചക്കറി തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ ഒരു കാഴ്ചപ്പാടിനെ സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ അംഗീകാരമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് എത്ര വോട്ട് വന്നുവെന്നത് ഞങ്ങള്‍ നോക്കിയിട്ടില്ല. പാലിയേറ്റീവ് കെയറുമായിട്ടുള്ള സഹകരണവും ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷത്തിന് ഒരു സമീപനം ഈ മേഖലകളില്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്ന കാര്യമാണ് ഇതെല്ലാം. ഇത് മധ്യവര്‍ഗ്ഗത്തിനിടയില്‍ ഇടതുപക്ഷത്തിനോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

: ചരിത്രത്തിലാദ്യമായിട്ടാണോ കൊല്ലം ഇത്രയും ചുവക്കുന്നത്...?

ബാ: ഇങ്ങനെ എല്‍.ഡി.എഫ് കൊല്ലത്ത് ജയിക്കുന്നത് ആദ്യമായിട്ടാണ്. 1980 ല്‍ അന്നത്തെ കൊല്ലം ജില്ലയില്‍-ഇന്നത്തെ റാന്നി, പത്തനംതിട്ട, കോന്നി, അടൂര്‍ സീറ്റുകളും കൂടി അന്നത്തെ കൊല്ലം ജില്ലയിലാണ്-16 ല്‍ 15 സീറ്റും നേടി. അന്ന് എ.കെ.ആന്റണിയുടെ ആന്റണി കോണ്‍ഗ്രസും കെ.എം.മാണിയും ഇടതുപക്ഷത്തില്‍ നില്‍ക്കുന്ന സമയമാണ്. അന്ന് കെ.കെ.നായര്‍ സ്വതന്ത്രനായി ജയിച്ചു. ബാക്കി 15 സീറ്റ് നമുക്ക് കിട്ടി. ആര്‍.എസ്.പിയും കൂടി പോയ ഒരു സാഹചര്യത്തില്‍ ഇത്രയും സീറ്റ് കിട്ടുകയെന്നത് ചരിത്ര സംഭവം തന്നെയാണ്.

Next Story

Related Stories