TopTop
Begin typing your search above and press return to search.

കേരള രാഷ്ട്രീയത്തിലെ ചില 'ഗതി'കെട്ട നേതാക്കള്‍

കേരള രാഷ്ട്രീയത്തിലെ ചില ഗതികെട്ട നേതാക്കള്‍

രാഷ്ട്രീയക്കാരനെ ഫലവൃക്ഷത്തിലെ പക്ഷി എന്ന് വിളിച്ചത് വിഖ്യാതസാഹിത്യകാരനായ ദസ്തയവിസ്‌കിയാണ്. ചേക്കേറിയ മരത്തിലെ കായ്കനികള്‍ കൊഴിഞ്ഞാല്‍ മറ്റൊരു പൂമരം തേടി പറന്നുപോകുന്ന പറവകള്‍. കേരളത്തില്‍ വരുന്ന മേടത്തില്‍ പുഷ്പിച്ച് ഫലം കായ്ക്കാന്‍ പോകുന്ന രാഷ്ട്രീയ മാമരം ഏത്?

മുന്നണികളില്‍ നിന്ന് മുന്നണികളിലേക്കുള്ള നേതാക്കളുടെ മാറ്റങ്ങള്‍ രാഷ്ട്രീയ കാലാവസ്ഥയുടെ മുന്നറിയിപ്പായി ഗണിക്കാമെന്ന സാമാന്യ യുക്തിയുണ്ട്. അങ്ങനെയെങ്കില്‍ ഭരണമുന്നണി വിട്ട് ഇടതുമുന്നണിയിലേക്കും ബി.ജെ.പി നയിക്കുന്ന മൂന്നാം മുന്നണിയിലേക്കും ഭാഗ്യാന്വേഷികളായ പക്ഷികള്‍ പറന്നുപോകുന്നു. ആര്‍. ബാലകൃഷ്ണപിള്ളയാണ് അക്കാര്യത്തില്‍ മുമ്പേ പറന്ന് ഇടതു പൂമരത്തില്‍ ചേക്കാറാന്‍ മുതില്‍ന്ന ആദ്യത്തെ പറവ. തൊട്ടു പിന്നാലെ തന്നെ കേരള കോണ്‍ഗ്രസ്സിലെ നിത്യ വിമതനായ പി.സി. ജോര്‍ജ്ജും പറന്നു. പിള്ള പോയത് മകന്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിപദം ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍. ജോര്‍ജ് ഭരണമുന്നണിയുടെ ചീഫ് വിപ്പ് സ്ഥാനം വെടിഞ്ഞ് ഇറങ്ങി. കോണ്‍ഗ്രസ്സ് നയിക്കുന്ന ഭരണമുന്നണിയുടെ ബലവത്തായ അടിത്തറയില്‍ വിള്ളലുണ്ടായെന്ന് രാഷ്ട്രീയ മണ്ഡലത്തില്‍ ദീര്‍ഘാനുഭവമുള്ള ഈ നേതാക്കള്‍ മനസ്സിലാക്കിയിരിക്കാം. അല്ലെങ്കില്‍ ഭരണമുന്നണിയില്‍ അവര്‍ ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന്റെ അതൃപ്തി പ്രകടിപ്പിച്ചതുമാകാം.

തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ നേതാക്കളുടെ കൂറിലും കൂജനത്തിലും വരുന്ന മാറ്റമാണ് ഏറ്റവും വ്യക്തമായ ഭാവി സൂചനകള്‍ നല്‍കുന്നത്. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിലെ വാചാലനായ വക്താവ് ആന്റണി രാജു ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയും വരെ എത്ര ശക്തമായ പ്രതിരോധമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി നടത്തിപ്പോന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടശേഷം ആന്റണി രാജുവിന്റെ സ്വരവും രീതികളും പ്രകടമായി മാറി. ആറുകൊല്ലം മുമ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിനെ അപ്പാടെ പുനഃരുജ്ജീവിപ്പിച്ച് ഇടതു മുന്നണിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. വിമാനയാത്രാ വിവാദത്തെത്തുടര്‍ന്ന് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്ന് അപമാനഭാരത്തോടെ രാജിവച്ച് ഒഴിയേണ്ടിവന്ന പി.ജെ. ജോസഫിനെ വിട്ട് പ്രബലരായ ഡോ. കെ.സി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരെ കൂട്ടി ആന്റണി രാജു ഇടതു പക്ഷത്തേക്ക് ചുവടുമാറ്റി. ഉമ്മന്‍ചാണ്ടിയോ കോണ്‍ഗ്രസ്സ് നേതാക്കളോ മാര്‍ക്‌സിസ്റ്റുകാരോ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ആരോപണങ്ങളാണ് കെ.എം. മാണിക്കും മകന്‍ ജോസ് കെ. മാണിക്കും എതിരെ ഈ വിമത നേതാക്കള്‍ ഉന്നയിക്കുന്നത്. മാണി മകനെ കേന്ദ്രമന്ത്രിയാക്കാന്‍ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ചയ്ക്ക് കളമൊരുക്കിയതും ഭരണമുന്നണി വിടാന്‍ ഒരുങ്ങിയതും തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും പറയുന്നു. മാണി മുന്നണി വിടാന്‍ കളമൊരുക്കിയതേ ഉള്ളൂ. അതിനു മുമ്പ് ഡോ. ജോസഫും ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും ഇടതു പാളയത്തില്‍ എത്തി. യു.ഡി.എഫില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് പുതിയ പൂമരം തേടിപ്പോയ അവസരവാദപക്ഷികള്‍ക്ക് കൂടുകെട്ടാന്‍ സി.പി.എം ഇടം നല്‍കിയതില്‍ അത്ഭുതമില്ല. 2014ല്‍ ലോക്‌സഭാ ഇലക്ഷന്‍ വേളയില്‍ ആര്‍.എസ്.പി നല്‍കിയ മാരകമായ പ്രഹരം ഇടതുമുന്നണിക്ക് മറക്കാവതല്ല. പറന്നുപോയ കിളികള്‍ മടങ്ങി വന്നില്ലെങ്കില്‍ കിട്ടിയ കാടപ്പക്ഷികളെ പോറ്റുക തന്നെ.ബി.ജെ.പിക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് മത്സരം 35 വര്‍ഷമായി രാഷ്ട്രീയ വഴിപാട് മാത്രമാണ്. ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ പല അഭ്യാസങ്ങളും നോക്കി. മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ്സിലെ പി.സി. തോമസിലൂടെ ഒരിക്കല്‍ നേടിയ പാതി ജയം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. അതോടെ മൂവാറ്റുപുഴ എന്ന ലോക്‌സഭാ മണ്ഡലവും മാഞ്ഞുപോയി. അരുവിക്കര നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിന് ലഭിച്ച 32,000 വോട്ട് ബി.ജെ.പി നേതാക്കളുടെ പ്രത്യാശകള്‍ക്ക് പ്രകാശം പകര്‍ന്നു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ശംഖുവിളികേട്ട് ഉണരുന്നതായി ആര്‍.എസ്.എസ് കരുതി. ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണമെന്ന് പറഞ്ഞ് കുടവയറും കുങ്കുമക്കുറിയും കൗശലവുമായി നടക്കുന്ന പുള്ളിയെ വലയിലാക്കിയാല്‍ കേരളത്തില്‍ ബി.ജെ.പി മൂന്നര ദശാബ്ദങ്ങളായി അനുഭവിച്ചുവരുന്ന നാണക്കേടിന് അറുതിയാകുമെന്ന് സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് തോന്നി. സി.പി.എമ്മിന്റെ നയ സമീപമങ്ങളാല്‍ അവരില്‍ നിന്ന് അകന്നുപോകുന്ന അണികളെയും യുവാക്കളെയും രാഷ്ട്രീയമായി തടുത്തുകൂട്ടാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം പര്യാപ്തമല്ല. അവരുടെ മുന്‍ പരീക്ഷണങ്ങളെല്ലാം പാളിപ്പോയിട്ടേ ഉള്ളൂ. വെള്ളാപ്പള്ളി നടേശന്‍ വിശാല ഹിന്ദു ഐക്യത്തിന്റെ ഒരു മരം നട്ടാല്‍ തഴച്ചുവളരുമെന്നും പൂക്കുമെന്നും ഫലം തരുമെന്നും കരുതിയവര്‍ ആവേശപൂര്‍വ്വം വേഗം മുന്നോട്ടു വന്നു. പിന്നെ അതിലും വേഗത്തില്‍ പിന്‍ വാങ്ങുകയും ചെയ്തു. ഭൂരിപക്ഷ സമുദായ രാഷ്ട്രീയത്തിന്റെ വന്‍ മരമായി വെള്ളാപ്പള്ളിയുടെ പ്രസ്ഥാനം വളര്‍ന്നാല്‍ പിന്നെ കേരളത്തില്‍ ബി.ജെ.പിക്ക് എന്ത് പ്രസക്തി? ആ പാര്‍ട്ടിയിലെ ചിലരെങ്കിലും അങ്ങനെ സ്വയം ചോദിക്കാന്‍ തുടങ്ങി. ശംഖുംമുഖം കടല്‍പ്പുറത്ത് ഒരു സന്ധ്യയ്ക്ക് ഭാരതീയ ധര്‍മ്മ ജനസേന എന്ന പാര്‍ട്ടിയുടെ ഉദയം പ്രഖ്യാപിച്ച ശേഷം ദീര്‍ഘമായ ഇരുട്ടായിരുന്നു. ഇനിയെന്തെന്ന് വെള്ളാപ്പള്ളി നടേശനും മകനും കൂടെപ്പോയവര്‍ക്കും വഴിയില്‍ നിന്ന് കൈയടിച്ചവര്‍ക്കും അറിയില്ല. അവ്യക്തതയുടെ നീണ്ട അന്ധകാരം. ബി.ഡി.ജെ എസ്സുമായി പിണക്കമില്ലെന്നും അടുപ്പം ഉണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ക്ക് പലതവണ പറയേണ്ടിവന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി അതിനിടെ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ അതു തിരുത്തി. ഉമ്മന്‍ചാണ്ടി ഏറ്റവും ഉത്തമനായ മുഖ്യമന്ത്രിയാണെന്ന് ആരെയോ പ്രകോപിപ്പിക്കാനെന്നപോലെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് കൈവിട്ടുപോകുകയാണോ എന്ന് കുമ്മനം രാജശേഖരന്‍ സംശയിച്ചു. ദുര്‍വാസാവിന് വരം കൊടുത്താല്‍ ഫലമെന്താകുമെന്ന് ബി.ജെ.പിക്കാര്‍ അടക്കംപറഞ്ഞു. അങ്ങനെ ഒരു തവണകൂടി നടേശനും മകനും സുഭാഷ് വാസുവും ഡല്‍ഹിക്കുപോയി. മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കുപ്പായം ഊരി അമിത്ഷായെ ഏല്‍പ്പിച്ചശേഷം വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാധ്യമപ്രതിനിധികളോട് ഇങ്ങനെ പറഞ്ഞു. ''ബി.ഡി.ജെ.എസ് സാമൂഹിക നീതിക്കുവേണ്ടി ആരുമായും കൂട്ടുകൂടും. കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റിനും ഞങ്ങളെ വേണ്ട. അതുകൊണ്ട് ഞങ്ങള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഒരു മുന്നണിയായി മത്സരിക്കും.'' കേരളത്തിലെ മൂന്നാം മുന്നണിയുടെ തേരാളി ഒരു കുപ്പിണിപ്പടയുടെ സേവകനായി ചുരുങ്ങി. ഈ രൂപാന്തരീകരണത്തിന്റെ പൊരുള്‍ ഫ്രാന്‍സ് കാഫ്കയുടെ ഗ്രിഗര്‍ സംസ എന്ന കഥാപാത്രത്തിന് സംഭവിച്ചതിലും ദയനീയമാണ്. ഒരു ദിവസം നേരം വെളുത്തപ്പോള്‍ ആറുകാലുകളും ചിറകുകളുമുള്ള വിചിത്ര ജീവിയായി മാറിയ ഗ്രിഗര്‍ സംസ സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അപാരമായി ഒറ്റപ്പെടുന്നു. മനുഷ്യന്റെ ചിന്തയും വികാരങ്ങളുമുള്ള ഷഡ്പദത്തിന്റെ ദയനീയാവസ്ഥയിലേക്കുള്ള രൂപമാറ്റം ഒരു വ്യസ്ഥിതിയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്.

സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ കെ.ആര്‍. ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചു. യു.ഡി.എഫിന്റെ ഭാഗമായി ഒരു കൊല്ലം മുമ്പുവരെ നിലനിന്ന ആ പാര്‍ട്ടിയെ അപ്രസക്തമാക്കിക്കൊണ്ട് ഗൗരിയമ്മ ഈയിടെ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ പ്രയാസപ്പെട്ട് കയറിച്ചെന്നു. തന്റെ പാര്‍ട്ടിക്കു മത്സരിക്കാന്‍ 4 സീറ്റ് ചോദിക്കുകയായിരുന്നു ലക്ഷ്യം. സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും ഗൗരിയമ്മ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്ന് സ്വയം വിരമിച്ചുകഴിഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ നാനാവഴിക്കായി. രാജന്‍ ബാബു കറങ്ങിത്തിരിഞ്ഞ് മൂന്നാം മുന്നണിയില്‍ എത്തി. ഒരു മഹാ വിപ്ലവത്തിന്റെ പര്യവസാനം!

അവസരവാദക്കിളികളുടെ ഗമനം നോക്കി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാനാവുമെന്നു തോന്നുന്നില്ല. യു.ഡി.എഫ് പോടു വീണ ഒരു വൃക്ഷമാണ്. അതിലെ കായും കനിയും തീര്‍ന്നു. അവിടെ കൂടുകൂട്ടി പാര്‍ത്താല്‍ അടുത്ത കൊടുങ്കാറ്റും മഴയും താണ്ടി സുരക്ഷിതമായിരിക്കുമെന്ന് പ്രതീക്ഷയില്ലാത്തവരാകുമോ ഉള്‍വിളിയോടെ പറന്നകലുന്നത്? ആയിരിക്കാം. 'അക്കരെയാണെന്റെ മാനസം, ഇക്കരെയാണെന്റെ താമസമെന്ന'മട്ടില്‍ കഴിയുന്നവരുമുണ്ട്. കുമ്മനവും വെള്ളാപ്പള്ളിയും കൂടി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ഉല്‍കണ്ഠ ഇരുമുന്നണികളിലും ശക്തമാണ്. വിജയിച്ച് ഭരണത്തില്‍ വന്നില്ലെങ്കിലും മൂന്നാം ചേരിയുടെ പ്രഹരശേഷി മാരകമായിരിക്കും. യു.ഡി.എഫിനെയാണോ ഇടതുമുന്നണിയെ ആണോ അത് കൂടുതല്‍ ബാധിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം. സരിത നായരുടെ രാഷ്ട്രീയ മൃത്യു ചുംബനം ഏറ്റവരും ബാര്‍കോഴ കേസിന്റെ വേനല്‍ചൂടില്‍ വെന്തുരുകിയവരും കേരളത്തിന്റെ വസന്തങ്ങളെ തല്ലിക്കെടുത്തിയവരും ഇനിയും മലയിറങ്ങി വരാതിരിക്കട്ടെ. എങ്കില്‍ കവി പാടിയതുപോലെ, കുമ്പിളു നിറയെ കുളിരും കൊണ്ട് കുമ്പിടുമല്ലോ ശിശിരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories