TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടിയെ ആര് രക്ഷിക്കും? വി എസ്സോ അതോ പിണറായിയോ?

ഉമ്മന്‍ ചാണ്ടിയെ ആര് രക്ഷിക്കും? വി എസ്സോ അതോ പിണറായിയോ?

കേരളത്തിലെ മൂന്ന് രാഷ്ട്രീയ മുന്നണികളും അവരവരുടേതായ വിധത്തില്‍ അവ്യക്തതയില്‍ അകപ്പെട്ടിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക നിരത്തുമ്പോഴും ഭരണ മുന്നണി പേടിക്കുന്നത് അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയാകുമോ എന്നാണ്. ഇടതുമുന്നണിയിലാകട്ടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്നതിലെ കണ്‍ഫ്യൂഷനില്‍ നിന്ന് സി.പി.എം നേതൃത്വത്തിന് കരകയറാനാകുന്നില്ല. ബിജെപി മുന്നണിക്ക് ഇനിയും വ്യക്തമായ രൂപമായിട്ടില്ല.

അച്യുതാനന്ദന്റെ നേതൃത്വത്തില്‍ വേണോ പിണറായി വിജയന്റെ നേതൃത്വത്തിലാകണോ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു നേരിടേണ്ടതെന്ന ചോദ്യം സി.പി.എം നേതൃത്വം പല തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ ഉത്തരമില്ലാതെ വലയുകയാണ്. നയവ്യതിയാനങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും സി.പി.എമ്മിന്റെ ആശയ അടിത്തറ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. ഭരണ മുന്നണിയുടെ നെറികെട്ട അഴിമതികള്‍ക്കെതിരെ നല്ലൊരു സമരം നടത്താന്‍ പോലും കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപാര്‍ട്ടിയെന്ന് ഒരിക്കല്‍ കരുതിയിരുന്ന സി.പി.എമ്മിന് കഴിയുന്നില്ല. ഭരണമുന്നണിയുമായി രഹസ്യ ഒത്തു തീര്‍പ്പ് സമരം നടത്തുന്ന പാര്‍ട്ടിയായി സി.പി.എം നേതൃത്വം അധഃപതിച്ചു എന്ന ഗുരുതരമായ ആക്ഷേപം മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പരസ്യമായി പറഞ്ഞു. ജനങ്ങളുടെ ഉള്ളില്‍ എന്നേ ഉരുണ്ടുകൂടിയ ആ സന്ദേഹത്തിന് ഭാഷ്യം നല്‍കുക മാത്രമാണ് പന്ന്യന്‍ ചെയ്തത്.

പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന നേതൃത്വവും അടിസ്ഥാന കാര്യങ്ങളില്‍ പോലും ഇരുവഴിക്കാണെന്ന സത്യം ഓരോ സന്ദര്‍ഭങ്ങളിലും പുറത്തുവന്നുകൊണ്ടിരുന്നു. നിയമസഭയില്‍ മാത്രമല്ല, സി.പി.എമ്മിലും വി.എസ് തികഞ്ഞ ഒരു പ്രതിപക്ഷ റെബലിന്റെ സ്വഭാവം പ്രകടിപ്പിച്ചു. അദ്ദേഹത്തെ അത്തരത്തില്‍ പാര്‍ട്ടിയിലെ നിത്യനിഷേധിയാക്കുന്നതില്‍ പിണറായി വിജയനും കൂട്ടരും വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറിയായി വന്നിരുന്നില്ലെങ്കില്‍ അച്യുതാന്ദന് സി.പി.എം ഔദ്യോഗികപക്ഷം എന്നേ നേതൃപരമായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച് നടപ്പാക്കുമായിരുന്നു. ആലപ്പുഴയിലെ കഴിഞ്ഞ സമ്മേളനവേദിയില്‍ നിന്നുള്ള വി.എസ്സിന്റെ ഇറങ്ങിപ്പോക്ക് നിയമസഭയില്‍ നിന്നുള്ള പതിവ് ബോയിക്കോട്ടിനേക്കാള്‍ തീവ്രവും ഭയാനകവുമായിരുന്നു. എസ്. രാമചന്ദ്രന്‍ പിള്ളയായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറിയെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് പോയിട്ട് പാര്‍ട്ടിയില്‍ത്തന്നെ വി.എസ്. ഉണ്ടാകുമായിരുന്നോ എന്ന് സംശയിക്കണം. അത്തരത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം അച്യുതാനന്ദനെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നുണ്ട്. അങ്ങനൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടുകൊണ്ട് സി.പി.എം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാകുമെന്ന് യുക്തിബോധമുള്ള ഒരാളും കരുതുന്നില്ല.അഞ്ചുകൊല്ലം അലങ്കാരപ്പാവയെപ്പോലെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി അച്യുതാനന്ദനെ അപമാനിച്ച സി.പി.എം നേതൃത്വം അദ്ദേഹത്തിന്റെ ജനസ്വാധീനത്തില്‍ അസ്വസ്ഥരാണ്. നേതാക്കള്‍ക്ക് വ്യാഖ്യാനിക്കാന്‍ പ്രയാസമുള്ള തരത്തില്‍ എങ്ങനെയോ വി.എസ്സിന് സാമാന്യ ജനങ്ങള്‍ക്കും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇഷ്ട വ്യക്തിയാകാന്‍ കഴിയുന്നു. പ്രായത്തിന്റെ അവശതകളൊന്നും 92 പിന്നിട്ട അച്യുതാനന്ദനെ ലെവലേശം ബാധിച്ചിട്ടുള്ളതായി തോന്നുന്നില്ല. എം.എം. ലോറന്‍സിനെക്കാള്‍ യുക്തിപൂര്‍വം വി.എസ് രാഷ്ട്രീയകാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നു. ജനകീയ പ്രശ്‌നങ്ങളോടെല്ലാം യഥാസമയം പ്രതികരിക്കുന്നു. എവിടെയും ഓടിയെത്തുന്നു. യുവനേതാക്കളെക്കാള്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനനിരതനാകുന്നു.

എന്നാല്‍ ഒരു ആധുനിക സമൂഹത്തെ നയിക്കാന്‍ വേണ്ട പരിഷ്‌കൃത മനോഭാവമോ അറിവോ വി.എസ്. അച്യുതാനന്ദന് ഇല്ല. പ്രസ്സ് സെക്രട്ടറി സുധാകരന്‍ എഴുതിക്കൊടുക്കുന്ന, സാഹിത്യം നിഴല്‍ വീഴ്ത്തിയ പ്രസ്താവനകള്‍ വേണ്ടവിധം മനസ്സിലാകാത്ത ഒരാള്‍ വായിക്കുന്നതുപോലെയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നത്. ഉപരിപ്ലവവും ആലോചനാശൂന്യവുമാണ് വി.എസ്സിന്റെ പ്രസംഗങ്ങള്‍. ജനങ്ങളില്‍ പ്രത്യാശയും പ്രതീക്ഷയും ഉളവാക്കുന്ന ഒരു വാക്കോ വരിയോ അടുത്തകാലത്തൊന്നും അച്യുതാനന്ദനില്‍ നിന്ന് കേട്ടതായി ഓര്‍ക്കുന്നില്ല. എന്നിട്ടും കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടതു നേതാവായി സാമാന്യ ജനം അദ്ദേഹത്തെ കരുതുന്നു. പ്രതിപക്ഷ നേതാവായ വി.എസ് അതിനാല്‍ വീണ്ടും ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെപ്പോലുള്ളവര്‍ ആവര്‍ത്തിച്ചു പറയുന്നു.

അച്യുതാനന്ദന്റെ ജനകീയ മുഖം പോലൊന്ന് വോട്ടുനേടാന്‍ പാകത്തില്‍ വേറെ ഇല്ലെന്ന് പല ഇടതുനേതാക്കള്‍ക്കും അറിയാം. പക്ഷേ വല്ലകാരണവശാലും ഇടതുമുന്നണി ജയിച്ചാല്‍ വീണ്ടും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ വലിയ പാതകമൊന്നും കേരളത്തിന് സംഭവിക്കാനില്ല. കാരണം അത്രത്തോളം ദയനീയവും പരിതാപകരവുമായിരുന്നു 2006 മുതല്‍ അഞ്ചുകൊല്ലം അദ്ദേഹത്തിന്റെ അധികാരകാലം. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അദ്ദേഹത്തെ അത്തരത്തില്‍ ദുര്‍ബലനായ ഒരു ഭരണാധികാരിയാക്കിയതില്‍ സി.പി.എം നേതൃത്വത്തിന് വലിയൊരു പങ്കുണ്ട്. വികസന വിരുദ്ധന്‍ എന്ന് പാര്‍ട്ടിയിലെ പ്രബല നേതാക്കള്‍ തന്നെ വിശേഷിപ്പിച്ച വി.എസ്സിന്റെ ജനകീയ മുഖം പാര്‍ട്ടിക്ക് പാടെ തള്ളിക്കളയാനാകുന്നില്ല. പിണറായി വിജയനടക്കം എല്ലാ നേതാക്കളെയും വിമ്മിഷ്ടപ്പെടുത്തുന്നത് ആ വസ്തുതയാണ്. അച്യുതാനന്ദന്റെ സ്വാധീനവും സല്‍പ്പേരും തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമുണ്ട്. എന്നാല്‍ അധികാരപദവികളില്‍ അദ്ദേഹത്തെ ഇരുത്താന്‍ ആഗ്രഹമില്ല. അതുമാത്രമാണ് സി.പി.എമ്മില്‍ ഇപ്പോഴുള്ള കീറാമുട്ടി.

ശക്തമായ ത്രികോണ മത്സരമുണ്ടായാല്‍ കേരളത്തില്‍ ആര്‍ക്ക് ഭരണം കിട്ടുമെന്ന് ഫെബ്രുവരി ആദ്യവാരം വരെ സി.പി.എം നേതാക്കള്‍ക്ക് അടക്കം ആര്‍ക്കും തിട്ടമില്ലായിരുന്നു. സോളാര്‍ കമ്മീഷനു മുന്നില്‍ സരിതനായരുടെ വെളിപ്പെടുത്തല്‍ വന്നശേഷം ഒരു ടെലിവിഷന്‍ വാര്‍ത്താചാനല്‍ (ഏഷ്യാനെറ്റ്) നടത്തിയ സര്‍വേ ഫലം പുറത്തുവന്നു. 77 മുതല്‍ 80 സീറ്റ് വരെ നേടി ഇടതു മുന്നണി മുന്നിലെത്താമെന്ന് ആ സര്‍വെയില്‍ കണ്ടു. അതുവരെയില്ലാത്ത ഒരു ആവേശവും ആത്മവിശ്വാസവും ഇടതുമുന്നണി ക്യാമ്പില്‍ അതോടെ ഉടലെടുത്തു.55 മുതല്‍ 60 സീറ്റ് വരെ യു.ഡി.എഫിന് ലഭിക്കാമെന്നായിരുന്നു സര്‍വേ ഫലം. ഭരണ മുന്നണിക്കും അത് സന്തോഷം പകര്‍ന്നു. കാരണം വോട്ടെടുപ്പിന് ഉദ്ദേശ്യം മൂന്ന് മാസം മുമ്പ് ആരോപണങ്ങളില്‍ ആപാദം മുങ്ങി നില്‍ക്കുമ്പോള്‍ ഇത്രത്തോളം സീറ്റ് കിട്ടുമെങ്കില്‍ ഇനിയുള്ള ദിനങ്ങളില്‍ തന്ത്രപൂര്‍വം നീങ്ങിയാല്‍ യു.ഡി.എഫിന് തുടര്‍ഭരണ സ്വപ്നം സാക്ഷാല്‍ക്കരിക്കാമെന്ന് നേതാക്കള്‍ കണ്ടു.

ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണി വെറും ഓലപ്പാമ്പാണെന്ന അറിവ് ഇടതു, വലതു മുന്നണികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരിക്കാം. അതിനിടെ ഏതോ ഓലപ്പാമ്പിനെക്കണ്ട് പേടിച്ചിട്ടെന്ന വിധം വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റവും പ്രഗല്‍ഭനായ ഭരണാധികാരിയാണെന്ന് ഒരു പ്രകോപനവും ഇല്ലാതെ പറയുന്നതുകേട്ടു.

ഭരണ മുന്നണിയിലെ മൂന്നാം കക്ഷിയായ മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സില്‍ വലിയൊരു പിളര്‍പ്പ് ആസന്നമായിക്കഴിഞ്ഞപ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വീണ്ടും പീലി വിടര്‍ത്തി. കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റ് കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രബലരായ ചില നേതാക്കള്‍ ഇടതുമുന്നണിയില്‍ ചേര്‍ന്ന് ഘടക കക്ഷിയാകുമെന്ന് വ്യക്തം. കത്തോലിക്കാ സഭയിലെ മെത്രാന്മാരില്‍ നിന്ന് അവര്‍ക്ക് മുന്നണി മാറാന്‍ അനുഗ്രഹം ലഭിച്ചിട്ടുണ്ട്.

ഈ ചേരിമാറ്റം അനുകൂലമാകുമ്പോഴും ഇടതുമുന്നണിയെ ഇലക്ഷനില്‍ ആരു നയിക്കണമെന്ന തര്‍ക്കം ഗുരുതരമായി തുടരുകയാണ്. വി.എസ്. സ്ഥാനാര്‍ത്ഥിയാകാതെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കട്ടെയെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആഗ്രഹം. സ്ഥാനാര്‍ത്ഥിയാകുന്നില്ലെങ്കില്‍ നിശ്ശബ്ദനായി വീട്ടില്‍ ഒതുങ്ങി ഇരിക്കാനാവും വി.എസ് ശ്രമിക്കുക. രാഷ്ട്രീയ എതിരാളികള്‍ക്ക് അത് നല്ലൊരു ആയുധമാക്കാം. വിജയനും വി.എസും മത്സരിച്ച്, ഇരുവരും ഭിന്നതമറന്ന് ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടണമെന്ന അഭിപ്രായം സീതാറാം യച്ചൂരിക്കുണ്ട്. ജയിച്ചാല്‍ ആരാകണം മുഖ്യമന്ത്രിയെന്ന് അപ്പോള്‍ തീരുമാനിക്കാം. കോണ്‍ഗ്രസ്സില്‍ മൂന്ന് നേതാക്കള്‍ക്ക് കൂട്ടുനേതൃത്വം കല്‍പ്പിച്ചിരിക്കുന്നു. അവര്‍ പുറമെയെങ്കിലും അത് അംഗീകരിച്ചു മുന്നോട്ടു പോകുന്നു. സി.പി.എമ്മില്‍ ഇരട്ട നേതൃത്വം ആയാലെന്തു കുഴപ്പം?

ജയിക്കുമെന്ന തോന്നലാണ് ഇടതുമുന്നണിയിലെ വിയോജിപ്പിന്റെ അടിസ്ഥാനം. തോറ്റുപോകുമെന്ന് വന്നാല്‍ പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയനെക്കാള്‍ ഭേദം വി.എസ്. അച്യുതാനന്ദന്‍ തന്നെ. എസ്.എന്‍.സി ലാവലിന്‍ കേസ്സിന് രണ്ട് മാസത്തെ അവധിയാണ് ഹൈക്കോടതി കല്‍പ്പിച്ചിരിക്കുന്നത്. അതിനുശേഷം ഗുരുതരമായ തീരുമാനമെന്തെങ്കിലും കോടതിയില്‍ നിന്നു വന്നുകൂടായ്കയില്ല. പിണറായി വിജയന്റെ അധികാരാഹോരണത്തിന് ഭീഷണി ഉയര്‍ന്നാല്‍ വി.എസ് രംഗത്തുണ്ടായിരിക്കുന്നത് ഉചിതമാകുമെന്നൊരു വിചാരം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പോലും പങ്കുവയ്ക്കുന്നു. എന്നാലും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്ന പിണറായി വിജയനെ അനുഗ്രഹിച്ച് അധികാരത്തിലേക്ക് വിടാന്‍ അച്യുതാനന്ദന്‍ ദീനദയാലുവല്ല. അനുചരന്മാരെ ഇറക്കി തന്റെ തല കൊയ്യുമെന്നുവരെ പ്രസംഗിപ്പിച്ച ഗ്രൂപ്പ് നേതാവിനോട് സ്റ്റാലിനിസത്തിന്റെ കര്‍ക്കശ പാഠങ്ങള്‍ വശമുള്ള ഒരു നേതാവ് പൊറുക്കില്ല. വിജയന്‍ അധികാരത്തില്‍ വരാതിരിക്കാന്‍ അച്യുതാനന്ദന്‍ അവസാന ശ്വാസം വരെ പൊരുതും. ഉമ്മന്‍ചാണ്ടിയുടെ ശുഭപ്രതീക്ഷകളില്‍ മുക്കാലും വിരുദ്ധ ധ്രുവങ്ങളിലേക്ക് വടം വലിക്കുന്ന ഈ രണ്ട് സി.പി.എം നേതാക്കളിലാണ്.

വര്‍ഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുന്ന വേനല്‍ക്കാലത്താണ് കേരളം തെരഞ്ഞെടുപ്പു പോരാട്ടത്തിനൊരുങ്ങുന്നത്. സംഘടിത ജാതിമത താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ ആശയാദര്‍ശങ്ങള്‍ കൊടിപ്പടം താഴ്ത്തി കെഞ്ചി നില്‍ക്കുന്നു. വി. സാംബശിവന്‍ കഥാപ്രസംഗവേദിയില്‍ നിന്നുകൊണ്ട് നാല്‍പ്പതു വര്‍ഷം മുമ്പ് പാടിയതുപോലെ, ദര്‍ശനങ്ങളെ വെറുക്കാം. ദാര്‍ശനികരെ മറക്കാം, മാനവധര്‍മ്മോപദേശങ്ങള്‍ നല്‍കിയ മാന്യഗുരുവിനെയും മറക്കാം. ഡിജിറ്റല്‍ കേരളത്തിലെ രാഷ്ട്രീയ ചതിക്കുഴികളില്‍ വീഴുന്നതിന് കൊടികളുടെ നിറഭേദങ്ങള്‍ ആര്‍ക്കും പ്രശ്‌നമല്ല. 'പേര് പേരയ്ക്ക, ജാതി ജാതിക്ക, നാള് നാരങ്ങ' എന്ന് നിഷ്‌ക്കളങ്കമായി ഉരുവിട്ട് ജീവിക്കാന്‍ കേരളീയരെ നമ്മുടെ നേതാക്കള്‍ ഒരിക്കലും അനുവദിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories