TopTop
Begin typing your search above and press return to search.

അരിയെ മറന്ന തെരഞ്ഞെടുപ്പ്

അരിയെ മറന്ന തെരഞ്ഞെടുപ്പ്

വിധിയെഴുത്ത് കഴിഞ്ഞു ഫലത്തിനായി കാത്തിരിക്കുകയാണ് കേരളം. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചാണ്ട് സംസ്ഥാനഭരണം നിയന്ത്രിക്കുന്നവര്‍ ആരെന്ന് വ്യക്തമാകും. അപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി പോലും പരിഗണിക്കാതെ ഉപേക്ഷിക്കപ്പെട്ട ചില പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കൃഷി അതിലൊന്നാണ്. കേരളത്തിന്റെ നട്ടെല്ല് കൃഷിയെന്ന് ഇപ്പോള്‍ ആരും പറയില്ല. പ്രവാസികള്‍ അയക്കുന്ന പണത്തിനെ വെല്ലാന്‍ മറ്റൊന്നുമില്ല. വ്യവസായംപോലും. കേരളത്തിലെ യുവാക്കളുടെ അദ്ധ്വാനം വിദേശികള്‍ക്ക് വിറ്റ് ലഭിക്കുന്ന വിദേശനാണ്യത്തിലാണ് സമൂഹത്തിന്റെ വന്‍സൗധങ്ങള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യപോലെ ദാരിദ്ര്യം മുഖമുദ്രയായ മൂന്നാംലോകരാജ്യങ്ങളിലെ മനുഷ്യരുടെ ആമാശയം നിറയ്ക്കാന്‍ കൃഷിക്കാരനല്ലാതെ മറ്റാര്‍ക്ക് കഴിയും?

ഇവിടെയാണ് കൃഷിയുടെ പ്രസക്തി. കൃഷിയൊരു സംസ്കാരമാണ്. കര്‍ഷകന്റെ സംസ്കാരമാണ് ഇന്ത്യയുടെ സംസ്കാരമായി പ്രചരിപ്പിക്കപ്പെട്ടത്. പ്രകൃതിയുമായുള്ള ബന്ധമാണ് കൃഷിയുടെ അന്തഃസാരം. പട്ടിണിക്കാരുള്ള നമ്മുടെ നാട്ടില്‍ കൃഷിയുടെ പ്രാധാന്യം കണ്ടെത്താന്‍ അധികം തലപുകയ്ക്കേണ്ടതില്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക വിദഗ്ദനായ ഡോ. അനില്‍കുമാറില്‍ നിന്ന് ഞങ്ങള്‍ ചില വിവരങ്ങള്‍ തേടി. വയനാട്ടില്‍ പുത്തൂര്‍ വയലിലെ സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറാണ് അനില്‍കുമാര്‍.

ഹരിത എംഎല്‍എമാര്‍ നമുക്കുണ്ട്. ശുദ്ധരാഷ്ട്രീയക്കാരെയാണ് ആവശ്യം. എല്ലാ കക്ഷികളിലും ക്ലീന്‍ ഗ്രീന്‍ പൊളിറ്റീഷ്യന്‍സ് വേണം. സമ്മേളനം നടത്തി മരം നടുന്നവരെയല്ല വേണ്ടത്. പാറപ്പൊട്ടിക്കുന്നിടത്തും തണ്ണീര്‍ത്തടം നികത്തി മണല്‍കോരുന്നതിനും യൂണിയനുകള്‍ ഉണ്ട്. ഇവയുടെയെല്ലാം നിയന്ത്രണം രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമാണ്.

കൃഷിയെ സംബന്ധിച്ച സമഗ്രനയം നമുക്കില്ല. അതിനുള്ള ശ്രമം രാഷ്ട്രീയപാര്‍ട്ടികള്‍ ആരംഭിച്ചിട്ടുമില്ല. നമുക്ക് കൃഷിയെന്നു പറയുന്നത് വരുമാനത്തിനുവേണ്ടിയാണ്. നോട്ട് ഫാമിങ്ങ് ഫോര്‍ ഫുഡ്. നമുക്ക് ഭക്ഷണമുണ്ടാക്കാനായി അയല്‍സംസ്ഥാനങ്ങള്‍ കൃഷി ചെയ്യുകയാണ്. ഉപഭോക്തൃ താല്‍പ്പര്യം സൂക്ഷിക്കുന്ന ഒരു സമൂഹത്തിന് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലേക്ക് പോകാന്‍കഴിയില്ല. ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട സേഫ്റ്റി ഇഷ്യു ഉള്ളതുകൊണ്ടാണ് ജൈവ കൃഷിയെക്കുറിച്ച് ആലോചിക്കുന്നത്. ചികിത്സക്കായി വന്‍ പണം ചിലവഴിക്കേണ്ടിവരുന്നു. ആയുസ്സിനെക്കുറിച്ച് ഭയപ്പെടുന്നു. പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കുന്നില്ല. കാപട്യമാണിത്. നമ്മുടെ സംസ്കാരത്തിലേക്കതിനെ ആവാഹിക്കാന്‍ കഴിയണം. മനുഷ്യന്റെ നിലനില്‍പ്പ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്ന് ബോധമുണ്ടാവണം. പ്രധാനഭക്ഷണമിനമല്ലെങ്കിലും പച്ചക്കറി പോലുള്ള സപ്ലിമെന്ററി വിളകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. ടാര്‍ജറ്റഡ് പ്രോഡക്ഷനിലേക്ക് വരണം. പുറത്തുനിന്ന് എത്തുന്ന ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ കഴിയണം.ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് ആവശ്യം. ഉദാഹരണത്തിന് കുറിച്ച്യര്‍ എന്തുകൊണ്ട് പരമ്പരാഗതകൃഷിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് മനസ്സിലാക്കണം. അവരുടെ സംസ്കാരം കൃഷിയില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കണം. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും ഈ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കാനാവും. സിപിഎം പോലുള്ള ഒരു പാര്‍ട്ടി ഭക്ഷ്യോല്‍പ്പാദനത്തിന് പ്രോത്സാഹനം നല്‍കുന്നത് ആശ്വാസകരമാണ്. പൊളിറ്റിക്കല്‍ സെന്‍സിറ്റിവിറ്റിയുള്ള കേരളത്തില്‍ എല്ലാ പാര്‍ട്ടികളും ഈ രംഗത്തേക്കുവരണം. 60 വയസ്സിനുമുമ്പാണ് ഇവിടെ റിട്ടയര്‍മെന്റ് പ്രായം. 15 മുതല്‍ 20 വര്‍ഷം വരെ ഊര്‍ജ്ജസ്വലരായി ജീവിക്കാന്‍ ഇവര്‍ക്ക് കഴിയും. ഭൂമി തരിശ്ശിട്ടിരിക്കുകയാണ് ഇവിടെ. നിയമപരമായി ഇതിനെ തടയാനാകണം. വെള്ളം പാഴാക്കികളയുകയാണ്. മനുഷ്യാധ്വാനം യഥേഷ്ടമുണ്ട്. പ്രകൃത്യാ ലഭിക്കുന്ന മഴയുടെ അളവ് കൂടുതലാണ്. ഈ വെള്ളം സംരക്ഷിക്കാന്‍ കഴിയണം. നിയമം ഇല്ലാത്തതല്ല, നിര്‍വ്വഹണത്തിന്റെതാണ് പ്രശ്‌നം.

ഇന്ത്യന്‍ ഭരണ സംവിധാനത്തെക്കുറിച്ച് ഇംഗ്ലീഷുകാരുടെ വിലയിരുത്തല്‍ പ്രസക്തമാണ്. 'ഇവിടെ സംവിധാനങ്ങളുണ്ട്. ഗവേര്‍ണന്‍സാണ് പ്രശ്‌നം.' പ്രോഗ്രസീവായ ഭരണഘടനയുണ്ട്. നിയമങ്ങളുണ്ട്. ജനാധിപത്യ സംവിധാനമുണ്ട് . മെക്കാനിസവും നല്ലത്. എന്നാല്‍ കാര്യപ്രാപ്തിയില്ല. അതുകൊണ്ടാണ് അഴിമതിയുണ്ടാകുന്നത്. അഴിമതിക്കാര്‍ക്കാണ് നേതൃത്വം. മറ്റുള്ളവരുടെ ചിന്തകളെ അങ്ങോട്ടാകര്‍ഷിക്കാന്‍ അഴിമതിക്കാരുടെ മേധാവിത്വം പ്രേരിപ്പിക്കുന്നു. നമ്മള്‍മാത്രം മാറിനില്‍ക്കുന്നതെന്തിനെന്ന ചിന്തയില്‍ അഴിമതിക്ക് പൊതു സ്വീകാര്യത കൈവന്നുകഴിഞ്ഞു. ട്രാന്‍സിഷന്‍ ഇക്കോണമിയില്‍ സംഭവിക്കുന്നതാണിത്. ഇവിടെ പണമാണ് പ്രധാനം. പണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന ധാരണയ്ക്ക് സ്വീകാര്യതയേറെയാണ്. അവിടെ അഴിമതി ഉടലെടുക്കുന്നു. അഴിമതിരഹിതമായ രാഷ്ട്രീയ നേതൃത്വമാണ് പരിഹാരം. അവിടെയാണ് സി അച്യുതമോനോന്റെ പ്രസക്തി. നമുക്ക് അഴിമതി രഹിതനായ ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവാണ് വേണ്ടത്.

മാനിഫെസ്റ്റോകള്‍ ഒരു ആചാരമാണിവിടെ. താരതമ്യേന ഇടത് പക്ഷം സുസ്ഥിരതയെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. പ്രത്യയശാസ്ത്രപരമാണത്. ബിജെപി ഇവിടെ പ്രതിസന്ധിനേരിടുന്നുണ്ട്. ഭാരതീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും അവ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ഉദാരവത്ക്കരണത്തിനായി വാദിക്കുന്നു. മറ്റൊരു കാര്യം മാതൃകകളെ റിപ്ലിക്കേറ്റ് ചെയ്യാന്‍ നാം ശ്രമിക്കുന്നില്ല.

ഭരണമാറ്റത്തിനനുസരിച്ച് ആസൂത്രണത്തില്‍ മാറ്റമുണ്ടാകുന്നു. ഇത് കൃഷിപോലെ സുസ്ഥിരമായ ആസൂത്രണം ആവശ്യമായ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നു. കൃഷി പ്രകൃതിക്കനുസൃതമാവണം. കാലാവസ്ഥ, പ്രകൃതി, വൈദഗ്ധ്യം എന്നിവയെ അനുസരിച്ചാണ് കൃഷി രൂപപ്പെടുത്തേണ്ടത്. അത് സംസ്‌ക്കാരത്തിനുകൂടി അനുസൃതമാവണം.

(തയ്യാറാക്കിയത് രാംദാസ് എം കെ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories