TopTop
Begin typing your search above and press return to search.

ഫെയ്സ്ബുക്കികളുടെ അ/രാഷ്ട്രീയം

ഫെയ്സ്ബുക്കികളുടെ അ/രാഷ്ട്രീയം

രാജേഷ്‌ മണി

കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കിത് വിളവെടുപ്പിന്‍റെ കാലവും പൊതുജനങ്ങള്‍ക്കു വിതക്കാലവുമാണ്. വിളവെടുപ്പില്‍ രാഷ്ട്രീയക്കാര്‍ വിജയമെന്ന ലാഭവും, വിതക്കാലത്തില്‍ പൊതുജനങ്ങള്‍ ജനക്ഷേമത്തിലധിഷ്ഠിതമായ പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തേയും പ്രതീക്ഷിക്കുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി അവര്‍ എല്ലാ തരത്തിലുള്ള മാധ്യമങ്ങളിലൂടെയുമുള്ള പ്രചാരണ തന്ത്രങ്ങളെയും പാര്‍ട്ടികള്‍ ആശ്രയിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് നവമാധ്യമങ്ങളിലൊന്നായ സോഷ്യല്‍ മീഡിയ. രാഷ്ട്രീയക്കാരും പുതിയ തലമുറ വോട്ടര്‍മാരും തങ്ങളുടെ രാഷ്ട്രീയ ബോധം വെളിപ്പെടുത്തുന്നതിനായും പ്രചരിപ്പിക്കുന്നതിനായും ഇന്ന് സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളെ അമിതമായി ആശ്രയിക്കുന്നു. ഇതു രാഷ്ട്രീയക്കാരുടേയും പുതിയ തലമുറ വോട്ടര്‍മാരുടെയും രാഷ്ട്രീയബോധത്തെ എങ്ങനെ സ്വാധീനിക്കുന്നു? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യബോധമുള്ള സമൂഹമെന്ന നിലയില്‍ സോഷ്യല്‍ മീഡിയകളിലൂടെയുളള നമ്മുടെ രാഷ്ട്രീയ സംവാദങ്ങളുടെ രീതിശാസ്ത്രം എന്തായിരിക്കണം, അവ എങ്ങനെയായിരിക്കണം? തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ക്ക് രൂപം കൊടുക്കുക എന്ന ഉദ്ദേശമാണ് ഈ ലേഖനത്തിനുള്ളത്.

ഈ ലേഖനത്തിനു പ്രധാനമായും രണ്ടു ഭാഗങ്ങളാണുളളത്. ഒന്ന്. വായിച്ചു മനസ്സിലാക്കി പ്രതികരിക്കാനുള്ള ഭാഗവും, രണ്ട്. വായിച്ചു മനസ്സിലാക്കി ചിന്തിച്ചു പ്രതികരിക്കാനുള്ള ഭാഗവും.

ഭാഗം 1. വായിച്ചു മനസ്സിലാക്കി പ്രതികരിക്കാന്‍

ഈ അടുത്തകാലത്ത്‌ 'വിവര സാങ്കേതികവിദ്യയും അവികസിത രാജ്യങ്ങളുടെ വികസനവും' എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ എന്‍റെയൊരു പുതിയ തലമുറ സുഹൃത്തു പറഞ്ഞു. "നമ്മള്‍ ഇന്ത്യക്കാരെല്ലാം ഒരു തരത്തില്‍ അമേരിക്കയെ ഒരു മുതലാളിത്ത രാജ്യമെന്ന നിലയില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നവരാണ്‌. അവരുടെ പ്രവര്‍ത്തനങ്ങളെയെല്ലാം സംശയത്തോടെ വീക്ഷിക്കുന്നവരുമാണ്‌. ഒരു വികസിത രാജ്യമെന്ന നിലയില്‍ ആഗോള ജനതയുടെ നന്‍മയ്ക്കായി അവര്‍ എന്തു ചെയ്താലും നമ്മള്‍ പറയും അതവര്‍ക്കു ലാഭം കൊയ്യാന്‍ വേണ്ടിയാണെന്ന്‌. വളരെയധികം കാശുമുടക്കി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ ലാഭം പ്രതീക്ഷിക്കുക സ്വാഭാവികമാണ്‌. അതിനവരെ കല്ലെറിഞ്ഞിട്ടു കാര്യമില്ല. അവരുടെ ഉല്‍പന്നങ്ങള്‍ നമ്മള്‍ക്കു താല്‍പര്യമില്ലെങ്കില്‍ നമ്മളുടേതായ സാങ്കേതിക ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കണം. അതാണിപ്പോള്‍ ചൈനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും, അവരുടെ സമ്പദ്‌വ്യവസ്ഥ ദ്രുതഗതിയില്‍ വികസിക്കുന്നതും. ഒരു കാര്യം നമ്മള്‍ ഓര്‍ക്കേണ്ടത് അമേരിക്കയിലെ യുവതലമുറയുടെ ചില കണ്ടുപിടുത്തങ്ങള്‍ നമ്മള്‍ക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ യുവതലമുറ എന്തു ചെയ്യുമായിരുന്നു? ഉദാഹരണത്തിനു നമ്മുടെ യുവതലമുറയ്ക്കു ഹരമായി മാറിയിരിക്കുന്ന ഫെയ്സ് ബുക്ക്‌ വിപ്ളവം നോക്കുക. ഒരു ദിവസം എത്ര പ്രാവശ്യമാണ്‌ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ നമ്മള്‍ തുറക്കുന്നത്! എന്തെല്ലാം കാര്യങ്ങളാണ്‌ അതിലൂടെ നമ്മള്‍ ചര്‍ച്ച ചെയ്യാനും, പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നത്‌! ഒരു പക്ഷേ ഫെയ്സ്ബുക്ക്‌ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു സായ്പ്പിനെ പഠിപ്പിച്ചത്‌ നമ്മുടെ യുവ ജനങ്ങളായിരിക്കും! അതിനുള്ള സമയം നമ്മള്‍ക്കാവിശ്യത്തിനുണ്ടല്ലോ! ഇപ്പോള്‍ തന്നെ നോക്കുക ഈ തിരഞ്ഞെടുപ്പുകാലത്ത്‌ നമ്മുടെ പുതിയ വോട്ടര്‍മാര്‍ എത്ര ഫലവത്തായ രീതിയിലാണ്‌ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നത്‌. ഇത്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ ശക്തിപ്പെടുത്തകയല്ലേ! ഫെയ്സ്ബുക്കാണോ ആധുനിക ഗവണ്മെന്‍റ് എന്നു പോലും എനിക്കു ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്! ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ പറയേണ്ടതും പ്രതികരിക്കേണ്ടതുമായ വിഷയങ്ങള്‍ പോലും ഇന്ന് ഫെയ്സ്ബുക്കിലൂടെയല്ലേ നമ്മുടെ രാഷ്ട്രീയ പ്രമുഖര്‍ സംവദിക്കുന്നത്!”

എല്ലാവരുടെയും കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും അതില്‍ നിന്നു ലഭ്യമായ നല്ലകാര്യങ്ങള്‍ മനസ്സിലാക്കാനും മടിയില്ലാത്തതുകൊണ്ട്‌ സുഹൃത്തിന്‍റെ വാക്കുകള്‍ എന്‍റെ ചിന്തകള്‍ക്കു തീപിടിപ്പിച്ചിരുന്നു. പ്രത്യേകിച്ച്‌ ഈ തിരഞ്ഞെടുപ്പുകാലത്ത്‌. സുഹൃത്ത്‌ തന്ന ചിന്തകളുടെ പ്രതിഫലനമാണ്‌ ഈ ലേഖനം.

ആഗോള ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സാങ്കേതിക പ്രചരണോപാധിയാണ്‌ ഇന്‍റെര്‍നെറ്റ്‌ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന 'സോഷ്യല്‍ മീഡിയ' എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന സോഷ്യല്‍ വെബ്സൈറ്റുകള്‍ എന്നൊരു വിശ്വാസം ഇന്നു ലോകം മുഴുവന്‍ വ്യാപിച്ചു വരികയാണ്‌. ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തെ പോലുള്ള വലിയൊരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്നതാണ്‌ പൊതു അഭിപ്രായം. സോഷ്യല്‍ മീഡിയ വഴിയുള്ള തിരഞ്ഞെടുപ്പു പ്രചരണം താരതമ്യേന ചെലവു കുറഞ്ഞതായതുകൊണ്ടും, സാധാരണ മാധ്യമ നിയന്ത്രണങ്ങള്‍ക്കതീതമായതുകൊണ്ടും ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികള്‍ക്കും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമെല്ലാം ഈ കാര്യത്തില്‍ നല്ല താല്‍പര്യമുണ്ടാകാനിടയുണ്ട്‌. മാത്രവുമല്ല മറ്റു പ്രചാരണ മാധ്യമങ്ങളെ അപേക്ഷിച്ച്‌ സ്ഥാനാര്‍ത്ഥികള്‍ക്കും, അവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ക്കും സമ്മതിദായകരുമായി നേരിട്ട്‌ സംവദിക്കാനുള്ള ഒരു സാങ്കേതിക വിദ്യയെന്ന നിലയിലും സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ക്കു പ്രാധാന്യമുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായൊരു പ്രചരണമാധ്യമത്തിനു ഇന്ത്യയെ പോലുള്ള 'സാങ്കേതികദാരിദ്യ്രം' താരതമ്യേന കൂടിയ രാജ്യത്തില്‍ സമ്മതിദായകരെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ രീതിശാസ്ത്രമെന്താണ്‌? അത്‌ എത്തരത്തിലുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവത്തിയ്ക്കുന്ന സമ്മതിദായകരെയായിരിക്കും സ്വാധീനിക്കുക? സോഷ്യല്‍മീഡിയയ്ക്കു പിന്നിലെ സമ്പദ്‌വ്യവസ്ഥയെന്താണ്‌? തുടങ്ങിയ കാര്യങ്ങളെകുറിച്ച്‌ ചില സൂഷ്മ നിരീക്ഷണങ്ങളുടെയും, ലഭ്യമാകുന്ന പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.സോഷ്യല്‍ മീഡിയയുടെ സമ്പദ്‌വ്യവസ്ഥ

അടിസ്ഥാനപരമായി സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനോ, അല്ലെങ്കില്‍ മറ്റുതരത്തിലുള്ള ജനകീയ വിപ്ളവങ്ങള്‍ക്കോ, ബൌദ്ധിക സംവാദത്തിനോ ആയി രൂപപ്പെടുത്തിയ സംവിധാനങ്ങളല്ല. തീര്‍ത്തും വിനോദത്തിനും, വ്യക്തിപരമായ ആശയവിനിമയത്തിനുമായി അങ്ങ്‌ മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ ലാഭം പ്രതീക്ഷിച്ചു മാത്രം തുടങ്ങിയ ചില വെബ്സൈറ്റുകളാണ്‌ ഇന്നത്തെ സോഷ്യല്‍ മീഡിയ. എന്നാല്‍ തങ്ങളുടെ ബിസിനസ്സിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവ സൃഷ്ടിച്ചവര്‍ തന്നെ വിവിധ സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെയും, ഉപയോഗങ്ങളിലൂടെയും അവരുടെ ഉല്‍പന്നങ്ങളെ ഇന്നത്തെ സോഷ്യല്‍ മീഡിയ എന്ന സങ്കല്‍പത്തിലേക്ക് രൂപാന്തരപ്പെടുത്തുകയായിരുന്നു. വേണമെങ്കില്‍ അവര്‍ക്കു അത്തരത്തിലുള്ള ആശയങ്ങള്‍ നല്‍കിയത്‌ അവികസിത രാജ്യത്തെ ജങ്ങളുടെ ഇത്തരത്തിലുള്ള സാങ്കേതിക ഉല്‍പന്നങ്ങളുടെ ഉപയോഗ രീതിയാണെന്നു അനുമാനിക്കാം.

സോഷ്യല്‍ മീഡിയ എന്ന പദം കൊണ്ട്‌ പ്രധാനമായും മൂന്നു വെബ്സൈറ്റുകളെയാണ്‌ ആഗോളതലത്തില്‍ ഉദ്ദേശിക്കുന്നത്‌. അവയാണ്‌ ഫെയ്സ്ബുക്ക്‌, ഗൂഗിളിന്‍റെ യൂട്യൂബ്‌, ട്വിറ്റര്‍ തുടങ്ങിയവ. ഈ ഗണത്തില്‍ പെട്ട മറ്റനേകം വെബ്സൈറ്റുകളും മൊബൈല്‍ ആപ്സ്സുകളും ഉണ്ടെങ്കിലും അവയുടെ ഈ രംഗത്തെ സ്വാധീനം പൊതുവേ കുറവാണ്. ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയ എന്ന സങ്കല്‍പത്തിന്‍റെ കുത്തക ഈ മൂന്നു കമ്പനികളിലും അധിഷ്ഠിതമാണ്‌. ഈ മൂന്നു വെബ്സൈറ്റുകളുടെയും ശരാശരി പ്രായം പത്തുവര്‍ഷമാണ്‌. ഇവ മൂന്നും അമേരിക്കന്‍ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന അതീവ വിപണി മൂല്യമുള്ള കമ്പനികളാണ്‌. ഈ മൂന്നു കമ്പനികള്‍ക്കുമായി ആകെ 56805 തൊഴിലാളികളാണുള്ളത്‌. എന്നാല്‍ അവരുടെ മൊത്തം വിപണിമൂല്യം ഏകദേശം 83700 കോടി അമേരിക്കന്‍ ഡോളര്‍ ആണ്. ഇത്‌ നമ്മുടെ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ നാല്‍പതു ശതമാനത്തോളം വരും. അനേകം വര്‍ഷമായി ലാഭകരമായി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുള്ള ആഗോള കമ്പനികള്‍ക്കു പോലും ഇത്രയുമധികം വിപണിമൂല്യം ഉണ്ടാകില്ല എന്ന കാര്യം ഓര്‍ക്കുക. ഗൂഗിളാണ്‌ ഈ കമ്പനികളില്‍ വെച്ചേറ്റവും കേമന്‍. ഇന്‍റെര്‍നെറ്റില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതിനുള്ള വെബ്സൈറ്റാണ്‌ അവരുടെ പ്രധാന ഉല്‍പന്നം.

അമേരിക്കന്‍ ഓഹരി വിപണിയില്‍ ഗൂഗിളിന്‍റെ ഓഹരിവില ശരാശരി 50543 രൂപയും, ഫെയ്സ്ബുക്കിന്‍റേതും, ട്വിറ്ററിന്‍റേതും ശരാശരി 7362, 1108 രൂപയുമാണ്‌. ഇത്രയുമധികം കാശുണ്ടാക്കുന്ന കമ്പനികളുടെ ഉല്‍പന്നമെന്നു പറയുന്നത്‌ ലോകത്താകമാനമുള്ള അവരുടെ അംഗങ്ങള്‍ സൃഷ്ടിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനും അത്‌ ആവശ്യക്കാര്‍ക്കു കൈമാറുന്നതിനുമുള്ള അവര്‍ വികസിപ്പിച്ചെടുത്ത വെബ്സൈറ്റുകളാണ്‌. ഈ വെബ്സൈറ്റുകളുടെ ബിസിനസ്സിനു ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കള്‍ അതില്‍ അംഗങ്ങളാവുന്നവരുടെ വ്യക്തിഗത വിവരങ്ങളും, ആശയ കൈമാറ്റത്തിനായി അംഗങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ തരം വിവരങ്ങളുമാണ്‌. അതായത്‌ അവരുടെ വെബ്സൈറ്റുകള്‍ക്കാവശ്യമായ വിവരങ്ങള്‍ സൃഷ്ടിക്കുവാന്‍ നമ്മളെ പോലുള്ള പൊതുജനങ്ങളില്ലെങ്കില്‍ അവരുടെ വിപണിമൂല്യം പൂജ്യമായി മാറും!

ഇന്ന്‌ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സോഷ്യല്‍ വെബ്സൈറ്റുകളെല്ലാം തന്നെ അമേരിക്ക ആസ്ഥാനമായുള്ളവയാണ്‌. അതായത്‌ ഇവിടുത്തെ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങളും, അവര്‍ സൃഷ്ടിക്കുന്ന മറ്റുവിവരങ്ങളും ശേഖരിക്കപ്പെടുന്നത്‌ ഈ കമ്പനികളുടെ അമേരിക്ക ആസ്ഥാനമായിട്ടുള്ള കമ്പ്യൂട്ടര്‍ സെര്‍വറുകളിലാണ്‌. ഈ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ അവരുടെ മൂലധനമായി കരുതപ്പെടുന്നു. അതിന്‍റെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക നേട്ടവും അവര്‍ക്കുള്ളതാണ്‌. എന്നാല്‍ മറ്റു വലിയ ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, ചൈന തുടങ്ങിയവയില്‍ ഇതല്ല സ്ഥിതി.

മേല്‍പ്പറഞ്ഞ കണക്കുകള്‍ സൂചിപ്പിച്ചത്‌ സോഷ്യല്‍ മീഡിയയ്ക്കു പിന്നിലുള്ള ബിസിനസ്സിനെ കുറിച്ചും, അതിന്‍റെ സാമ്പത്തിക നേട്ടങ്ങളെകുറിച്ചും അതുണ്ടാക്കുന്ന രീതിയെ കുറിച്ചും സാധാരണ വായനക്കാര്‍ക്കു സാമാന്യബോധം ലഭിക്കുന്നതിനാണ്‌.

തിരഞ്ഞെടുപ്പു പ്രക്രിയയിലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം

മുന്‍ സൂചിപ്പിച്ച സോഷ്യല്‍മീഡിയയുടെ പിന്നിലെ സമ്പദ്ഘടനയുടെ അടിസ്ഥാനത്തില്‍ വായനക്കാര്‍ക്കു ഒരു കാര്യം മനസ്സിലായി കാണുമെന്നു കരുതുന്നു. അതായത്‌ എല്ലാ സോഷ്യല്‍ വെബ്സൈറ്റുകളുടെയും അടിസ്ഥാന പ്രവര്‍ത്തന തത്വം എന്നു പറയുന്നത്‌ അതിലെ അംഗങ്ങളുടെയും അവര്‍ സൃഷ്ടിക്കുന്ന വിവരങ്ങളുടെയും തോതു കൂട്ടുകയെന്നതാണ്‌. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരു കച്ചവട ഉല്‍പന്നമെന്ന നിലയില്‍ സോഷ്യല്‍ വെബ്സൈറ്റുകള്‍ക്കു വിപണിയില്‍നിന്നും പുറത്തു പോകേണ്ടിവരും. കോടിക്കണക്കിനു നിക്ഷേപകരുള്ള സോഷ്യല്‍ വെബ്സൈറ്റുകള്‍ അത്തരത്തിലൊരു അവസ്ഥയിലേക്കു എത്തിച്ചേരാന്‍ ആഗ്രഹിക്കാനിടയില്ല എന്നത്‌ ഒരു സ്വാഭാവിക ബിസിനസ്സ്‌ തത്വമാണ്‌. മാത്രവുമല്ല കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനും അതുവഴി വിവരോല്‍പാദനം കൂട്ടുന്നതിനും ലഭ്യമായ ഒരോ അവസരങ്ങളും കൂടുതല്‍ ഫലവത്തായ രീതിയില്‍ ഉപയോഗിക്കുന്നതിനും അവര്‍ ശ്രമിക്കും. അത്തരത്തില്‍ ലഭ്യമാകുന്ന അവസരങ്ങളില്‍ വളരെ പ്രധാനപെട്ട ഒരു സംഭവമാണ് തിരഞ്ഞെടുപ്പുകള്‍. തിരഞ്ഞെടുപ്പു കാലങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ അംഗങ്ങളുടെ വിവരോല്പാദനം കൂട്ടുന്നതിനു വേണ്ടി ചെറുതും വലുതുമായ സോഷ്യല്‍ വെബ്സൈറ്റുകള്‍ പലതരത്തിലുള്ള വിപണന തന്ത്രങ്ങളും ആവിഷ്ക്കരിക്കാറുണ്ടെന്നാണ്‌ ചില അന്താരാഷ്ട്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌. അത്തരത്തിലുള്ള വിപണന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത്‌ ഒരു പൊതു വിപണന തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നില്ല. മറിച്ച്‌ ഓരോ ഭൂപ്രദേശത്തേയും നിലവിലുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങള്‍ക്കനുസൃതമായിരിക്കും. അത്തരത്തില്‍ ചര്‍ച്ചകള്‍ക്കു വിധേയമാകേണ്ട വിഷയങ്ങള്‍ നിലവിലില്ലെങ്കില്‍ പുതിയ വിഷയങ്ങള്‍ ആള്‍ക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സൃഷ്ടിക്കപ്പെടുകയും ചെയ്യാം. അതു ചിലപ്പോള്‍ ഒരു പ്രത്യേക ഭൂപ്രദേശത്തെ സമൂഹത്തില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട, ചര്‍ച്ചചെയ്യപ്പെടുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകാം, അല്ലെങ്കില്‍ വ്യക്തികളെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സംഭവ വികാസങ്ങളിലൂടെയാവാം, അല്ലെങ്കില്‍ സമൂഹത്തെ സ്വാധീനിക്കാനുള്ള ചില വ്യക്തികളുടെ അഭിപ്രായ പ്രകടനത്തിലൂടെയാവാം, അതുമല്ലെങ്കില്‍ ചില സാങ്കേതിക വിനോദ ഉപായങ്ങളിലൂടെയുമാവാം.

എന്താണെങ്കിലും ശരി അത്തരത്തിലുള്ള തന്ത്രങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നു പറയുന്നത്‌ സോഷ്യല്‍ മീഡിയ അംഗങ്ങള്‍ മുഖേനയുള്ള വിവരോല്‍പാദനം കൂട്ടുകയെന്നതാണ്‌. ഉദാഹരണമായി ഗൂഗിളിന്‍റെയും ഫെയ്സ്ബുക്കിന്‍റെയും കഴിഞ്ഞ പൊതു തിരെഞ്ഞെടുപ്പു കാലത്തെ ചില പരസ്യങ്ങളും, തിരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി അവരുടെ നിലവിലുള്ള സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നു ചില പ്രമുഖ വ്യക്തികളിലൂടെയുള്ള പ്രചരണവും ഈ വക കാര്യങ്ങളെ സാധൂകരിക്കുന്നതാണ്‌.ഒബാമയുടെ സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പു തന്ത്രം

സോഷ്യല്‍ വെബ്സൈറ്റുകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നു ആദ്യ പരീക്ഷണം നടന്നത്‌ അമേരിക്കയിലാണ്‌. അത്‌ ഫലവത്തായി ഉപയോഗിച്ചതും, അതിലൂടെ വിജയം കണ്ടെത്തിയതും ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്‍റായ ഒബാമയാണ്‌. 2008 ലെ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ വെബ്സൈറ്റുകള്‍ അവയുടെ സാങ്കേതിക ശൈശവ ദശയിലായിരുന്നുവെങ്കിലും അമെരിക്കന്‍ മിതവാദി പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കു അവയെ ഫലവത്തായി ഉപയോഗിക്കാന്‍ കഴിഞ്ഞു. 2012 ലെ തിരഞ്ഞെടുപ്പിലാണ്‌ ഒബാമയുടെ ഭരണകൂടം പൂര്‍ണ്ണമായും സോഷ്യല്‍ വെബ്സൈറ്റുകളിലധിഷ്ഠിതമായ തിരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമിട്ടതും അതില്‍ വലിയ വിജയം കണ്ടെത്തിയതും. 2012 കാലഘട്ടത്തില്‍ അമേരിക്കല്‍ സമ്പദ്‌വ്യവസ്ഥ വന്‍ തകര്‍ച്ചയിലൂടെ കടന്നു പോകുകയായിരുന്നുവെങ്കിലും ഒബാമയുടെ, ജനങ്ങളുടെ മന:ശാസ്ത്രമറിഞ്ഞുള്ള സോഷ്യല്‍ മീഡിയ പ്രചരണത്തിലൂടെ ഡെമോക്രാറ്റുകള്‍ക്കു വന്‍ വിജയം കണ്ടെത്താനായി. 2012 ലെ തിരഞ്ഞെടുപ്പില്‍ ഒബാമ ഭരണകൂടം ഏകദേശം 5 കോടി രൂപ സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ചെലവഴിക്കുകയും, അതുവഴി ഏകദേശം 100 കോടി രൂപാ തിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു സമാഹരിക്കുകയും ചെയ്തു. ഒബാമ പ്രധാനമായും പ്രചരണത്തിനായി ആശ്രയിച്ച സോഷ്യല്‍ വെബ്സൈറ്റായിരുന്നു ട്വിറ്റര്‍. മൊബൈല്‍ ഫോണ്‍ വഴി ഹ്രസ്വ സന്ദേശങ്ങള്‍ ട്വിറ്ററിലൂടെ സമ്മതിദായകര്‍ക്കു കൈമാറാന്‍ കഴിയുമായിരുന്നുവെന്നതായിരുന്നു ട്വിറ്ററിന്‍റെ പ്രധാന സാങ്കേതികവിദ്യയുടെ പ്രത്യേകത. ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കൂടുതലായതുകൊണ്ടും, ഭാഷാപരമായ അതിരുകള്‍ ഇല്ലാതിരുന്നതുകൊണ്ടും, എല്ലാ ഭൂപ്രദേശങ്ങളിലും ഇണ്റ്റര്‍നെറ്റിന്‍റെ ലഭ്യത കൂടുതലായതുകൊണ്ടും, സമ്മതിദായകര്‍ക്ക്‌ വെബ്‌ സാങ്കേതികവിദ്യയില്‍ നല്ല പരിജ്ഞാനമുള്ളതു കൊണ്ടും ഒബാമയുടെ സാമ്പത്തിക വികസന ആശയങ്ങള്‍ സമ്മതിദായകര്‍ക്കു, പ്രത്യേകിച്ച്‌ യുവതലമുറയ്ക്കു നന്നായി മനസ്സിലാക്കാനും, ഒബാമയ്ക്കു അനുകൂലമായ തീരുമാനങ്ങളെടുക്കന്നതിനും സഹായിച്ചു.

ഒബാമയുടെ ട്വിറ്റര്‍ പ്രചരണ വിജയം ഡെമോക്രാറ്റുകള്‍ക്കു വിജയം സുനിശ്ചിതമാക്കിയതു പോലെതന്നെ അന്ന്‌ സാങ്കേതിക ശൈശവദശയിലായിരുന്ന ട്വിറ്റര്‍ എന്ന സോഷ്യല്‍ വെബ്സൈറ്റ് ലോകം മുഴുവന്‍ പ്രചാരത്തിലാവുകയും അവരുടെ അംഗങ്ങളുടെ എണ്ണം പൊടുന്നനെ കൂടുകയും അതുവഴി വിവരങ്ങളുടെ ഉല്‍പാദനവും അവയുടെ കൈമാറലുകളും കൂടുകയും ചെയ്തു. താമസിയാതെ തന്നെ സാധാരണ അമേരിക്കന്‍ വിവരസാങ്കേതിക രംഗത്തെ കമ്പനികള്‍ പ്രവര്‍ത്തിയ്ക്കുന്നതു പോലെ ട്വിറ്റര്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്യുകയും അവയുടെ ഷെയറുകള്‍ വന്‍ വിലയ്ക്കു വിറ്റു കാശാക്കുവാന്‍ നിക്ഷേപകര്‍ക്കു കഴിയുകയും ചെയ്തു.

ഒബാമ ഭരണകൂടം സോഷ്യല്‍ മീഡിയ എന്ന പുതിയ സാങ്കേതികവിദ്യയെ എതിര്‍ കക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ പോലെ യാന്ത്രികമായി ഉപയോഗിക്കുകയല്ല ചെയ്തത്‌. മറിച്ച്‌ യുവജനങ്ങളുടെ മന:ശാസ്ത്രം അറിഞ്ഞ്‌ അവരുടെ താല്‍പര്യങ്ങളും സ്വപ്നങ്ങളും എന്തെന്നു മനസ്സിലാക്കി അവരുടെ ആധുനിക കാഴ്ചപ്പാടിനനുസരിച്ച്‌ അവരുമായി സംവദിക്കുകയാണ്‌ ചെയ്തത്‌. അതുകൊണ്ടാണ്‌ പ്രതികൂലസാഹചര്യമായിരുന്നിട്ടും രണ്ടാം തവണയും ഒബാമയ്ക്കു വിജയം സാധ്യമായത്‌. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്‌ ഇവിടെ ഒബാമയ്ക്കു വിജയിക്കാന്‍ സാധിച്ചത്‌ 'ഡമോക്രാറ്റിക്‌' എന്ന ഉദാരവല്‍കരണ നയമുള്ള പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കപ്പുറം ഒരു വ്യക്തിയെന്ന നിലയില്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെകുറിച്ചും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചും സത്യസന്ധമായ ഭാഷയില്‍ യുവതലമുറയുടെ തിരിച്ചറിവിനെ ചോദ്യം ചെയ്യാത്ത രീതിയില്‍ അവരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാന്‍ സാധിച്ചതുമാണെന്ന് ചില അന്താരാഷ്ട്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒബാമ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ മാത്രമല്ല യുവതലമുറയുമായി സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചചെയ്തത്‌. മറിച്ച്‌ യുവതലമുറയിലെ വിവിധ കാഴ്ചപ്പാടുകളുള്ളവരുടെ ആശയങ്ങളെയെല്ലാം സംയോജിപ്പിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ രാഷ്ട്ര നിര്‍മ്മാണ ആശയങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഒബാമ സോഷ്യല്‍ മീഡിയയിലൂടെ യുവതലമുറയ്ക്കായുള്ള യാതാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ വികസന സ്വപ്നങ്ങള്‍ വില്‍ക്കുകയാണ്‌ ചെയ്തത്‌. അത്‌ യുവതലമുറയ്ക്കു പ്രചോദനമാകുകയും അവരിലൊരുവനായി ഒബാമയ്ക്ക്‌ ഹൃദയത്തില്‍ സ്ഥാനം നല്‍കുകയും ചെയ്തു. അതേ സമയം എതിര്‍ സ്ഥാനാര്‍ത്ഥിയായ റോംനി 'തൊഴിലില്ലായ്മ' എന്ന പാര്‍ട്ടിയുടെ പ്രധാന വിഷയത്തെ ആസ്പദമാക്കി വെറും സാങ്കേതികമായ ഒരു പ്രചരണമാണ്‌ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്‌. ഒരു പുതിയ സാങ്കേതികവിദ്യയെ സാങ്കേതികമായി മാത്രം സമീപിച്ചതിന്‍റെ പരിണതഫലമാണ്‌ താരതമ്യേന അനുകൂല സാഹചര്യമായിരുന്നിട്ടും റിപ്പബ്ളിക്കന്‍സിനു തോല്‍വി സംഭവിച്ചത്‌.

ഒബാമയുടെ സോഷ്യല്‍ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള, യുവതലമുറയുടെ മന:ശാസ്ത്രമറിഞ്ഞുള്ള പ്രചരണതന്ത്രങ്ങള്‍ കുറെ വ്യക്തികള്‍ ഭാവനയില്‍ രൂപപ്പെടുത്തിയതല്ല. മറിച്ച്‌ 'ബിഗ്‌ ഡേറ്റാ' അപഗ്രഥനത്തിലൂടെ ശാസ്ത്രീയമായരീതിയില്‍ ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തതാണ്‌. സോഷ്യല്‍മീഡിയ വെബ്സൈറ്റുകള്‍ പലതരത്തിലുള്ള വിവരങ്ങളുടെ ഒരു കലവറയാണ്‌. സാധാരണ രീതിയില്‍ അത്രയും വലിയ അളവിലുള്ള, തരം തിരിക്കാന്‍ സാധിക്കാത്ത വിവരങ്ങളുടെ കലവറയില്‍ നിന്നു നമ്മള്‍ക്കാവശ്യമായ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സാധാരണ രീതിയിലുള്ള കമ്പ്യൂട്ടിങ്ങ്‌ മാര്‍ഗ്ഗത്തിലൂടെ സാധ്യമല്ലായിരുന്നു. എന്നാല്‍ ഇന്ന്‌ ക്ളൌഡ്‌ കമ്പ്യൂട്ടിങ്ങ്‌ പോലുള്ള സാങ്കേതികവിദ്യകള്‍ ലഭ്യമായതുകൊണ്ടു എത്രവലിയ തരം തിരിയ്ക്കാത്ത വിവരശേരണത്തില്‍ നിന്നും നമുക്ക് ആവശ്യമായ വസ്തുതകള്‍ വിശകലനം ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുണ്ട്‌. മൊത്തതില്‍ ഇത്തരത്തിലുള്ള വിവരങ്ങളുടെ വിശകലനത്തെയാണ്‌ ബിഗ്ഡേറ്റാ അപഗ്രഥനം കൊണ്ടുദ്ദേശിക്കുന്നത്‌. ഉദാഹരണമായി നിങ്ങള്‍ ഗൂഗിളുപോലുള്ള വിവരന്വേഷണ വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴും, ഫെയ്സ്ബുക്ക്‌ ഉപയോഗിക്കുമ്പോഴുമൊക്കെ നിങ്ങളുടെ താല്‍പര്യത്തിനനുസൃതമായ ചില പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വരുന്നത്‌ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ അടിസ്ഥാനത്തിലും നിങ്ങള്‍ ഉപയോഗിക്കുന്ന വിവിധ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്‌. ഇത്‌ സാധ്യമാകുന്നത്‌ ബിഗ്‌ ഡേറ്റാ അപഗ്രഥനത്തിലൂടെയാണ്‌. ചുരുക്കത്തില്‍ ഇന്ന്‌ സോഷ്യല്‍ വെബ്സൈറ്റുകളില്‍ പലവിധത്തിലുള്ള പലരാല്‍ സൃഷ്ടിക്കപ്പെടുന്ന വലിയ വിവരശേഖരണത്തെ ബിഗ്‌ ഡേറ്റാ അപഗ്രഥനത്തിലൂടെ അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ഒാരോ ഭൂപ്രദേശത്തേയും ജനവിഭാഗങ്ങള്‍, അവരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാധീന ഘടകങ്ങള്‍, അവര്‍ എപ്രകാരം പെരുമാറുന്നു, അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്തൊക്കെയാണ്‌ തുടങ്ങിയ കാര്യങ്ങളെകുറിച്ചു വ്യക്തമായി പഠനം നടത്താനും, അതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനും കഴിയും. ഇത്തരത്തിലുള്ള ഒരു പഠനത്തിലൂടെ ആവിഷ്കരിച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ പ്രതിഫലനമാണ്‌ ഒബാമയുടെ തിരഞ്ഞെടുപ്പിലുണ്ടായത്‌.

ഇന്നിപ്പോള്‍ ഇന്ത്യയിലും സോഷ്യല്‍ മീഡിയയുടെ തരംഗമാണ്‌. അത്‌ കൂടുതലായും സംഭവിക്കുന്നത്‌ ഫെയ്സ്ബുക്കിലൂടെയാണ്‌. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളെല്ലാം യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ മെനയുന്നു. നമ്മുടെ യുവതലമുറയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്‌ എന്നാണ്‌ സങ്കല്‍പം. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഫലവത്തായ രീതിയില്‍ ഉപയോഗിച്ചത്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയെന്നുവേണം അനുമാനിക്കാന്‍. അതിനെ സാധൂകരിക്കുന്ന ഒരുപാടു കാരണങ്ങളുമുണ്ട്‌. ആം ആദ്മി പാര്‍ട്ടിയുടെ ഉത്ഭവം ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗത്തിനിടയിലുണ്ടായ വിപ്ലവത്തിലൂടെയല്ല. മറിച്ച് ആധുനിക വിവര സാങ്കേതികവിദ്യയില്‍ നല്ല അറിവുള്ള ഒരു കൂട്ടം ചെറുപ്പക്കാരാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പ്രചാരണത്തിന് സ്വീകാര്യതയുണ്ടാകുകയും, പിന്നീട് മറ്റു മാധ്യമങ്ങള്‍ ആ പ്രചാരണത്തെ ഏറ്റെടുത്ത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളിലെത്തിക്കുകയും ചെയ്തു.എന്നാല്‍ ഈ പ്രചരണ രീതിയുടെ രണ്ടാം ഘട്ടം വിജയകരമായി ഉപയോഗിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അദ്ദേഹം സോഷ്യല്‍ വെബ്സൈറ്റുകളെ സാങ്കേതികപരമായല്ല സമീപിച്ചത്. മറിച്ച് ഒബാമയുടെ പ്രചാരണരീതി ശാസ്ത്രീയമായി അനുകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാടു പ്രതികൂല പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനു വന്‍ വിജയം നേടാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ ഭരണം കിട്ടിയതിനു ശേഷം യുവതലമുറയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആദ്ദേഹത്തിനു കഴിയാഞ്ഞതു കൊണ്ട് അദ്ദേഹത്തിന്‍റെ വിജയത്തിനു കാരണമായ സോഷ്യല്‍ മീഡിയ തന്നെ ഭസ്മാസുരനെ പോലെ അദ്ദേഹത്തെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ പിന്നീടുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രചാരണ രീതി ഒബാമയോ, നരേന്ദ്ര മോദിയോ സ്വീകരിച്ചതുപോലെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലോ, പൊതുജനങ്ങളുടെ അതതു സമയത്തെ രാഷ്ട്രീയ ബോധത്തിന്‍റെ അന്തസത്ത തിരിച്ചറിഞ്ഞോ ആയിരുന്നില്ല. മറിച്ച് സോഷ്യല്‍ മീഡിയ യുവതലമുറ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ഒരു കുറുക്കു വഴിയായിട്ടാണ് കണ്ടത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങള്‍ ആഗോള സോഷ്യല്‍ വെബ്സൈറ്റുകള്‍ക്കു കാശുണ്ടാക്കികൊടുക്കാനുള്ള ഒരു പാഴ്‌വേലയായി മാറിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ഇത്തരത്തിലുള്ള പ്രചാരണ രീതികള്‍ രാഷ്ട്രീയ പക്വതയുള്ള യുവതലമുറയെ രാഷ്ട്രീയ സംവാദത്തില്‍ നിന്നു അകറ്റി നിറുത്തുകയും, അരാഷ്ട്രീയവല്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ക്കു പരസ്പരം ആക്ഷേപിക്കുന്നതിനുള്ള ഒരു വേദിയായി സോഷ്യല്‍ വെബ്സൈറ്റുകളെ മാറ്റുകയും ചെയ്യുന്നു.

ഭാഗം 2. വായിച്ചു മനസ്സിലാക്കി ചിന്തിച്ചു പ്രതികരിക്കാന്‍

ഒരു പ്രദേശത്തിന്‍റെ സമ്പദ് വ്യവസ്ഥയും അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. സാധാരണയായി അതതു പ്രദേശങ്ങളിലെ ജനങ്ങളുടെ നിലവിലുള്ള സാമ്പത്തിക ആവശ്യങ്ങളുടെയും, പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും അവരുടെ രാഷ്ട്രീയ ബോധം രൂപം കൊള്ളുക. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇനിയൊരു മൈന്‍ഡ് ഗെയിമിലൂടെ ഈ ഭാഗം തുടങ്ങാം.

ഭൂപ്രദേശം ‘A’ യില്‍ കടുത്ത ജലക്ഷാമമാണെന്നു കരുതുക. അവിടെ കുടിക്കാനോ കൃഷിക്കോ മറ്റു വ്യാവസായിക ആവശ്യങ്ങള്‍ക്കോ വെള്ളമില്ല. ഇതിന്‍റെ ഭാഗമായുണ്ടാകുന്ന തൊഴിലില്ലായ്മയും, ദാരിദ്ര്യവും, കൊള്ളയും, കൊലപാതകവുമെല്ലാം ആ ഭൂപ്രദേശത്തെ ജനങ്ങളെ വല്ലാതെ വലക്കുകയാണ്. അപ്പോഴാണു അവിടെയൊരു രാഷ്ട്രീയ തിരഞ്ഞെടുപ്പ് വരുന്നത്. ആ പ്രദേശത്ത് X,Y,Z തുടങ്ങിയ മൂന്നു രാഷ്ട്രീയ പാര്‍ട്ടികളേ നിലവിലുളളുവെന്നു കരുതുക. പാര്‍ട്ടി X ന്‍റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രചാരണം ഇങ്ങനെയാണ്. അവര്‍ പറയുന്നു: അവര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ ആ പ്രദേശത്തെ ജലക്ഷാമവും, തൊഴിലില്ലായ്മയും, ദാരിദ്യ്രവും, കൊള്ളയും, കൊലപാതകവുമെല്ലാം ഇല്ലാതാക്കും. പക്ഷേ അവിടുത്തെ ജലക്ഷാമത്തിന്‍റെ കാരണങ്ങളോ അവയുടെ പരിഹാര രീതികളെ കുറിച്ചോ അവര്‍ പരാമര്‍ശിക്കുന്നില്ല.

പാര്‍ട്ടി Y വെളിപ്പെടുത്തി ആ ഭൂപ്രദേശത്തെ പ്രശ്നങ്ങള്‍ക്കു അടിസ്ഥാന കാരണം അങ്ങ് നൂറു കിലോമിറ്റര്‍ അകലെയുള്ള മറ്റൊരു ഭുപ്രദേശം B യും അവിടുത്തെ ജനങ്ങളുമാണെന്ന്. ഭുപ്രദേശം B യിലെ ഭരണകൂടം വലിയൊരു കിണര്‍ കുഴിച്ചിട്ടുണ്ടെന്നും അതുവഴി വെള്ളമൂറ്റി കാര്‍ഷിക പുരോഗതിയിലൂടെ വന്‍ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ്. പാര്‍ട്ടി Y വാഗ്ദാനം ചെയ്തു: അവര്‍ ഭരണത്തില്‍ വരുകയാണെങ്കില്‍ ഭൂപ്രദേശം A യില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കു ഭൂപ്രദേശം B യില്‍ കൂടിയ വേതനത്തില്‍ ജോലി വാങ്ങി കൊടുക്കുമെന്നും, അവിടെ നിന്നും ആവശ്യത്തിനുള്ള വെള്ളം A യിലേക്കുള്ള കൊണ്ടു വരാനുള്ള സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും. എന്നാല്‍ പാര്‍ട്ടി Z പ്രചാരണം നടത്തിയത് അവര്‍ ഭരണത്തില്‍ വന്നാല്‍ ഭൂപ്രദേശം B യെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്നും അങ്ങനെ ഭൂപ്രദേശം A യെ ജലക്ഷാമത്തില്‍ നിന്നും രക്ഷിക്കുമെന്നുമായിരുന്നു. ഇനി നിങ്ങള്‍ ചിന്തിക്കുക, ഭൂപ്രദേശം Aയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിക്കുന്ന പ്രചരണം നടത്താന്‍ ശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടി ആരാണ്? അവിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആരായിരിക്കും ജയിക്കുക? അതിനുള്ള കാരണങ്ങള്‍ എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റുകളായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുക.യുവതലമുറയുടെ രാഷ്ട്രീയമെന്താണ്?

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക-സാങ്കേതികവിദ്യയുമായി പൊരുത്തപ്പെട്ടുപോകാന്‍ ഒരു ഭൂപ്രദേശത്തെ വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തില്‍ വിദ്യാസമ്പന്നരായ തിരിച്ചറിവുള്ള യുവജനങ്ങള്‍ ഒരു രാഷ്ട്രീയ വ്യവസ്ഥതിയില്‍ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുകയും അവരുടെ ചിന്താരീതികള്‍ക്കനുസൃതമായ രാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികള്‍ക്കായി തങ്ങളുടെ സമ്മതിദായക അവകാശം ഒരു തിരഞ്ഞെടുപ്പില്‍ നിര്‍വ്വഹിക്കുകയും ചെയ്യേണ്ടത് ഒരു സമൂഹത്തിന്‍റെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ജനാധിപത്യ ഉത്തരവാദിത്തം ഇന്നത്തെ യുവതലമുറയ്ക്കുണ്ടോ?

ഇല്ല എന്നാണ്‌ ചില ആഗോള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിദ്യാസമ്പന്നരായ പുതിയ തലമുറ പ്രത്യേകിച്ച് ബിസിനസ്‌, സാങ്കേതിക തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു വിവിധ ആശയങ്ങളിലൂന്നിയ കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമായ തിരഞ്ഞെടുപ്പുകളില്‍ വലിയ താല്പര്യമില്ലായെന്നാണ് മനസ്സിലാക്കുന്നത്. ബിഗ്‌ഡാറ്റ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയ ചില പ്രധാന കാരണങ്ങള്‍ ഇവിടെ സൂചിപ്പിച്ചുകൊള്ളുന്നു.

1. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തില്‍ വന്നാലും തങ്ങളുടെ ഭൂപ്രദേശത്തു സാമൂഹിക സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുകയില്ലെന്നും, ഭരണത്തില്‍ കയറിയാല്‍ എല്ലാ പാര്‍ട്ടികളുടെയും നയങ്ങള്‍ തത്വത്തില്‍ ഒന്നു തന്നെയാണെന്നുള്ള തോന്നല്‍.

2. രാഷ്ട്രീയക്കാരെല്ലാം പൊതുവേ അഴിമതിക്കാരും സ്വജനപക്ഷവാദികളുമാണെന്ന ധാരണ.

3. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വോട്ടു ചെയ്തതുകൊണ്ട് വ്യക്തിപരമായി തനിക്കോ തന്‍റെ തൊഴില്‍ മേഖലയ്ക്കോ എന്താണു നേട്ടം എന്ന സംശയം.

4. കഴിവുറ്റ സത്യസന്ധരായ നേതാക്കന്മാരുടെ അഭാവം.

5. വര്‍ഗ്ഗീയ പാര്‍ട്ടികളുടെ പൊതു രംഗത്തുള്ള അമിത സ്വാധീനം.

(കൂടുതല്‍ കാരണങ്ങള്‍ ഏതോക്കെയാവാം എന്നു ചിന്തിക്കുക, കമന്റു ചെയ്യുക. അത് പുതിയതലമുറ രാഷ്ട്രീയക്കാര്‍ക്കു കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കിയേക്കും!)

യുവതലമുറയുടെ മേല്‍ സൂചിപ്പിച്ച തിരിച്ചറിവുകളുടെ ഭാഗമായുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നു അകറ്റിനിറുത്തുകയും, അരാഷ്ട്രീയവല്കരണത്തിന്‍റെ വക്താക്കളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. മാത്രവുമല്ല ഏതെങ്കിലും രീതിയിലുള്ള പ്രചാരണ മാര്‍ഗ്ഗത്തിലൂടെ പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ വ്യക്തികളിലേക്കോ, സംഭവങ്ങളിലേക്കോ തങ്ങളുടെ രാഷ്ട്രീയ ബോധത്തെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതാണിന്നു ഇന്ത്യയെ പോലുള്ള ഒരു വലിയ ജനാധിപത്യരാജ്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവരുടെ ആശയങ്ങള്‍ക്കോ പ്രസക്തിയില്ലാതാവുകയും പാര്‍ട്ടികളുടെ പിന്‍ബലത്തിലോ, അല്ലാതെയോ പ്രവര്‍ത്തിക്കുന്ന ചില രക്ഷകരെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മാത്രവുമല്ല ചില വ്യക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളെ കയ്യടക്കുമ്പോള്‍ ആ വ്യക്തിയുടെ താല്പര്യങ്ങല്‍ക്കനുസരിച്ചു പാര്‍ട്ടികളുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുകയും, അത്തരത്തിലുള്ള ആശയ വ്യതിയാനങ്ങള്‍ ആ പ്രസ്ഥാനത്തിനു തന്നെ പ്രസക്തി ഇല്ലതാക്കുകയും, മാറ്റത്തിന് കാരണക്കാരായ വ്യക്തികളിലേക്കു പൊതുശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആവിര്‍ഭവിക്കുന്ന വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള വേദിയായിട്ടാണ് ഇന്ന് സോഷ്യല്‍ വെബ്സൈറ്റുകളെ അവികസിത രാജ്യങ്ങളിലെ യുവതലമുറ കാണുന്നത്. പലപ്പോഴും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ കൂടുതലും നിഷേധാത്മക സമീപനമുള്ളതും മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ നിറഞ്ഞതുമായിരിക്കും. ഇത് അവികസിത രാജ്യങ്ങളില്‍ മാത്രം കൂടുതലായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. ഇതിന്‍റെ പിന്നിലുള്ള മനശ്ശാസ്ത്രം തീര്‍ത്തും വിനോദം കണ്ടെത്തുകയെന്നതിലുപരി വ്യക്തി-തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യക്തി നിയന്ത്രണമില്ലാത്ത ഒരു മാധ്യമവും കൂടിയാകുമ്പോള്‍ ഇത്തരത്തിലുള്ള നെരമ്പോക്കുകള്‍ കൂടിക്കൊണ്ടേയിരിക്കും.

ഉദാഹരണമായി കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ വെബ്സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ നെഗറ്റിവ് അഭിപ്രായങ്ങള്‍ക്ക് പാത്രമായ വ്യക്തി ഇന്നത്തെ പ്രധാനമന്ത്രിയാവും. അതുപോലെത്തന്നെ കൂടുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ക്ക് പാത്രമായ വ്യക്തി ആം ആദ്മി നേതാവ് കെജ്രിവാളുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിവരിക്കേണ്ടതില്ലല്ലോ! ഇതില്‍ നിന്നും വെളിവാകുന്നത് അശാസ്ത്രീയമായ സോഷ്യല്‍ മീഡിയ കാംപയിനുകള്‍ക്ക് യാതൊരുവിധ സ്വാധീനവും വോട്ടര്‍മാരില്‍ ചെലുത്താന്‍ സാധിക്കുകയില്ല എന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള വ്യക്തിയധിഷ്ഠിത വിവരോല്പാദനത്തെ സോഷ്യല്‍ വെബ്സൈറ്റുകള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് എന്നാണ് പഠനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കാരണം അതവര്‍ക്ക് ബിസിനസ്സിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഫേയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ്സൈറ്റുകിലൂടെയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ഇന്ത്യയെ പോലുള്ള വലിയ ജനാധിപത്യരാജ്യത്തില്‍ രാഷ്ട്രീയ ബോധത്തിന്‍റെ ഭാഗമായി സംഭവിക്കുന്നതല്ല മറിച്ച് അത് വളരുന്ന അരാഷ്ട്രീയവല്കരണത്തിന്‍റെ അപകട സൂചനയാണ്.

ഇന്ന്, ഒരു ഭൂപ്രദേശത്തെ യുവതലമുറയുടെ രാഷ്ട്രീയബോധവും, പക്വതയും, വിജ്ഞാനവും എല്ലാം മനസ്സിലാക്കാന്‍ ഒരുപാടു പഠനങ്ങളുടെ ആവശ്യമില്ല മറിച്ച് ആ ഭൂപ്രദേശത്തെ യുവതലമുറയുടെ സോഷ്യല്‍ വെബ്സൈറ്റുകളിലൂടെയുള്ള സംവാദങ്ങള്‍ അപഗ്രഥനം ചെയ്താല്‍ മാത്രം മതിയാകും.

(ടെക്നൊളജി ഇക്കണോമിസ്റ്റും, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ്‌ വിഷയങ്ങളില്‍ ഗവേഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories