TopTop
Begin typing your search above and press return to search.

വി എസ് മലമ്പുഴ മത്സരിച്ചാല്‍ വി ടി ബല്‍റാം തൃത്താലയില്‍ തോല്‍ക്കുമോ?

വി എസ് മലമ്പുഴ മത്സരിച്ചാല്‍ വി ടി ബല്‍റാം തൃത്താലയില്‍ തോല്‍ക്കുമോ?

എം കെ രാമദാസ്

പളളിയിലെ കാര്യം അള്ളായ്ക്കറിയാമെന്നാണ് ചൊല്ല്. മലമ്പുഴയില്‍ വി.എസ് വരുമോ എന്നത് പടച്ചോനെന്തായാലും അറിയില്ല. കാരണം കമ്യൂണിസ്റ്റുകാര്‍ക്ക് ദൈവം ഹറാമാണല്ലോ. സാക്ഷാല്‍ പി.ബിക്കറിയാമെന്നാണെങ്കില്‍ ഇപ്പോഴതുമില്ല. വി.എസ്സിന്റെ കാര്യം ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് വെയ്പ്പ്. ഒരു കാര്യം ഉറപ്പാണ്, വി.എസിന്റെ വരവിനെ വിഭാഗിയത മറന്നും പാലക്കാട്ടെ പാര്‍ട്ടി സ്വാഗതം ചെയ്യും. നാലു വൊട്ട് കിട്ടണമെങ്കില്‍ വി.എസ് തന്നെ മുന്നില്‍ നില്‍ക്കണമെന്നറിയുന്നവരാണ് ഈ പാര്‍ട്ടി.

കണ്ണൂരിനെക്കാള്‍ പാലക്കാടിനെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഏറെ ഇഷ്ടം. എ.കെ.ജി, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ സമുന്നത നേതാക്കളെല്ലാം പാലക്കാടിന്റെ സ്‌നേഹമറിഞ്ഞവരാണ്. നായനാര്‍ രണ്ട് തവണയും ശിവദാസമേനോന്‍ മൂന്ന് പ്രാവശ്യവും മലമ്പുഴയുടെ ജനപ്രതിനിധികളായി. ഇപ്പോഴിതാ വി.എസിന്റെ മൂന്നാമൂഴം അടുത്തിരിക്കുന്നു. അതേ സമയം മലമ്പുഴയില്‍ വലത്തു നിന്നു ആരുവരുമെന്ന് കണ്ടറിയണം. സതീശന്‍ പാച്ചേനിക്കോ, ലതികാസുഭാഷിനോ , രണ്ടാമങ്കത്തിനു താല്‍പ്പര്യമുണ്ടാകാന്‍ സാധ്യതയില്ല.

താമരപാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സംസ്ഥാനത്തെ നാലഞ്ചു മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. നഗരസഭാ ഭരണം കിട്ടിയ ഉത്സാഹത്തിലാണ് ഇവിടെ അവര്‍. കേന്ദ്ര നേതൃത്വത്തിന് പ്രിയങ്കരിയായ ശോഭ സുരേന്ദ്രനെ അങ്കത്തിനിറക്കുമെന്ന കരക്കമ്പി പുറപ്പെട്ടിട്ട് നാളേറെയായി. നഗരസഭാ ഉപാദ്ധ്യക്ഷനായ കൃഷ്ണ കുമാറിനെ വേണമെന്ന് പാലക്കാട്ടെ പാര്‍ട്ടികാര്‍ക്ക് ആഗ്രഹമുണ്ട്. നഗരസഭയല്ല നിയമസഭാ മണ്ഡലമെന്നറിവില്ലായ്മ പൊറുക്കട്ടെ. ഫ്‌ളക്‌സില്‍ മയങ്ങിയെന്ന ചീത്തപ്പേര് വാങ്ങി കൂട്ടിയ ഷാഫി പറമ്പില്‍ ഒരു തവണ കൂടി എംഎല്‍എയാവാന്‍ കൊതിക്കുന്നുണ്ട്. സാധ്യത ഷാഫിക്ക് തന്നെ. ഇവിടെ എന്‍.എന്‍. കൃഷ്ണ ദാസിനെ പോരാളിയാക്കണമെന്ന് പാലക്കാട്ടെ സി.പി.എംന് ആഗ്രഹമുണ്ട്. സുരക്ഷിതമല്ലാത്ത പാലക്കാട് പരീക്ഷണം വേണോയെന്ന് കൃഷ്ണദാസ് സ്‌നേഹികളും ചോദിക്കുന്നു.
സംഘടനാ രംഗത്ത് സജീവമാവുമെന്ന് പുറമെ പറയുന്ന എ.കെ.ബാലന് ഒരിക്കല്‍ കൂടി തരൂരിനെ പ്രതിനിധീകരിച്ചാല്‍ തരക്കേടില്ലെന്ന തോന്നലുണ്ട്. മൂന്നാമൂഴം പിന്നിട്ട ചെന്താമരാക്ഷന്‍ നെന്മാറയില്‍ നിന്ന് മാറുമെന്നുറപ്പായിട്ടുണ്ട്. ആലത്തൂരില്‍ എം.ചന്ദ്രന്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത.ഒറ്റപ്പാലത്ത് എ. ഹംസ തന്നെ എംഎല്‍എ ആവണമെന്നാഗ്രഹിക്കുന്ന പാര്‍ട്ടിക്കാരുണ്ട്. ഷൊര്‍ണ്ണൂരില്‍ സലീഖ മാറും. കൊങ്ങാട് വിജയ ദാസ് തന്നെ വരാം. മേല്‍പറഞ്ഞവരെല്ലാം സി.പിഐ(എം) പാര്‍ട്ടിയിലായതു കൊണ്ട് പ്രാദേശിക ആഗ്രഹങ്ങള്‍ക്ക് പരിഗണന കിട്ടുമെങ്കിലും അന്തിമ തിരുമാനം നേതൃത്വത്തിന്റെതു തന്നെ.

ഫെയ്‌സ് ബുക്ക് ബുദ്ധിജീവിയെന്നു പേരു വീണ ഹരിത നിയമസഭാ സാമാജികരില്‍ ഒരാളായ വി.ടി.ബല്‍റാമിന് തൃത്താലയില്‍ എതിര്‍പ്പുണ്ട്. വോട്ടര്‍മാരോട് അടുപ്പം കാണിച്ചില്ലെന്നു മാത്രമല്ല സാധാരണ മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിച്ചെന്നും ബല്‍റാമിനെതിരെ പരാതിയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും യു ഡി എഫില്‍ നറുക്ക് ബല്‍റാമിനുതന്നെ വീഴുമെന്നാണ് കരുതുന്നത്.

അച്യുതനില്ലാതെയെന്ത് ചിറ്റൂരെന്നാണ് ചിറ്റൂരെ കോണ്‍ഗ്രസ്സ്‌കാരുടെ ചോദ്യം. പാര്‍ട്ടി പറഞ്ഞാല്‍ മാറാനും മാറാതിരിക്കാനും തയ്യാറാണെന്ന് അച്യുതവാക്യം. കോണ്‍ഗ്രസ്സില്‍ ഓരോ നേതാവും ഒരു പ്രസ്ഥാനമായതുകൊണ്ട് അച്യുതന്റെ കാര്യം അയാള്‍ തന്നെ തീരുമാനിക്കും. കോണ്‍ഗ്രസുകാര്‍ അല്ലെങ്കിലും ത്യാഗികളാണെല്ലോ.

നാല്‍പ്പതിനോടടുത്ത് ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുന്നു പാലക്കാടന്‍ ചൂട്. ഇനിയും കൂടുമെന്നാണ് പാലക്കാടന്‍ അനുഭവം. തമിഴ്‌നാട്ടില്‍ നിന്ന് ചൂളംവിളിച്ചെത്തുന്ന മാര്‍ഗഴികാറ്റിനും ഇത്തവണ താപം വര്‍ദ്ധിക്കും. തെരഞ്ഞെടുപ്പിന്റെ കൊടും ചൂടുകൂടിയാവുമ്പോള്‍ പാലക്കാട്ടുകാര്‍ ഉരുകിയൊലിക്കുമെന്ന് തീര്‍ച്ച.

(അഴിമുഖം കണ്‍സല്‍ടിംഗ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories