TopTop
Begin typing your search above and press return to search.

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

അട്ടപ്പാടിയിലെ ശിശുമരണ വാര്‍ത്ത തേടിപ്പോയ ഞങ്ങളെ, നെല്ലിപ്പതിയൂര്‍ ഊരിലെ കുട്ടികള്‍ വരവേറ്റത് കളിത്തോക്കു ചൂണ്ടിയായിരുന്നു. നാളെ നിങ്ങളെ, നിങ്ങളുടെ തലസ്ഥാനനഗരിയില്‍ തോക്കിന്റെ പോയന്റ് ബ്ളാങ്കില്‍ നിര്‍ത്തി, ജനിക്കും മുന്നേ കൊല്ലപ്പെട്ട സഹോദരങ്ങളെക്കുറിച്ചവര്‍ ചോദിച്ചാല്‍ നിങ്ങളുടെ തൊണ്ടയില്‍ കുരുങ്ങുന്ന നിലവിളികള്‍ ഒന്നിനും പരിഹാരമാകില്ല.

അതേ, നിങ്ങള്‍ കുട്ടികള്‍ക്കു പുറകേയാണ്

ഓരോ സമൂഹവും തുടര്‍ച്ച തേടുന്നത് കുട്ടികളിലൂടെയാണ്. തുടര്‍ച്ചയും നവീകരണവും സാദ്ധ്യമാക്കി സമൂഹത്തെ ഓരോ തലമുറയും പുനര്‍നിര്‍വചിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഒരു സമൂഹത്തെ ഇല്ലാതാക്കാനുള്ള എളുപ്പമാര്‍ഗം കുട്ടികളെ ഇല്ലാതാക്കുകയാണ്. തുടര്‍ച്ചകളില്ലാതാവുന്നതോടെ സ്വന്തമായൊന്നും ഭൂമിയിലവശേഷിപ്പിക്കാതെ വളരെ പതുക്കെ, ഒരു ചെറു ഇലപോലും അനക്കാതെ അവര്‍ ഇല്ലാതാകുന്നു. ഉണ്ടായിരുന്നതിനോ ഇല്ലാതായതിനോ ഉണ്ടായിരുന്ന തെളിവുകള്‍ ബോധപൂര്‍വ്വം മറക്കുമ്പോള്‍ പ്രത്യേകിച്ച്. അതുതന്നെയാണ് ഇന്ത്യയിലിപ്പോഴും സംഭവിക്കുന്നത്.

ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള, മൂന്ന് പഞ്ചായത്തുകളിലായി 33,000 ത്തോളം വരുന്ന ജനസംഖ്യയുള്ള ഒരു സമൂഹത്തിനുവേണ്ടി ഉത്തരവാദിത്ത ഭരണം നടത്തുന്ന ജനപ്രതിനിധികള്‍ മുടക്കിക്കൊണ്ടിരിക്കുന്നത് 500 കോടിക്കും മുകളില്‍. അംഗബലത്തിലുള്ള കുറവ് പണത്തൂക്കം മറികടക്കുന്നിടത്ത് കാര്യങ്ങള്‍ താളം തെറ്റുന്നത് കാണാം. സംരക്ഷണത്തിനും പരിപോഷണത്തിനുമായി മുടക്കിയ കോടികളില്‍ പൊതിഞ്ഞു മാറ്റിയത് അട്ടപ്പാടിയില്‍ ജനിക്കും മുമ്പേ മരിച്ച കുട്ടികളെയായിരുന്നു.

എല്ലാവിധ സുഖസൗകര്യങ്ങളുടെയും മുകളില്‍നിന്ന് നിങ്ങള്‍ നോക്കി നില്‍ക്കേ ഒരു ജനത ഇല്ലാതാകുന്നെങ്കില്‍ അതിന്റെ കാരണമെന്തായിരിക്കും? കേന്ദ്രീകൃതമായ വേട്ട് ബാങ്ക് അല്ലെന്ന ഒറ്റ കാരണത്താല്‍ ഭരണകൂടത്തിന് മാധ്യമങ്ങളുടെ മുന്നില്‍ ഒറ്റ വാക്കില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുന്നു : - പോഷകാഹാരക്കുറവ്. തുടര്‍ന്ന് ഭരണാധികാരികള്‍, മാധ്യമങ്ങള്‍, എന്നിവരുടെ തുടര്‍സന്ദര്‍ശനങ്ങള്‍, വാഗ്ദാനങ്ങള്‍, പ്രഖ്യാപനങ്ങള്‍. മണിക്കൂറുകള്‍ മാത്രം ആയുസുമായി ജനിക്കുന്ന അട്ടപ്പാടിയിലെ കുട്ടികളെ പോലെ പ്രഖ്യാപനങ്ങളും മണിക്കൂറുകള്‍ക്കുളളില്‍ അകാലചരമമടയുന്നതായാണ് അട്ടപ്പാടിക്കാരുടെ അനുഭവം.

സ്വന്തമായി കൃഷി രീതിയും ജീവിതവും ഭാഷയുമുണ്ടായിരുന്നവരാണ് അട്ടപ്പാടിക്കാര്‍. സ്വന്തം ഭൂമിയിലേക്ക് കുടിയേറിയവരാല്‍ ആട്ടിയോടിക്കപ്പെട്ട്, സമൃദ്ധമായ താഴ്‌വരകളെ ഉപേക്ഷിച്ച് മൊട്ടക്കുന്നുകളിലാണ് അവരിപ്പോള്‍. മരുതന്റെ ഓര്‍മയില്‍ ' ഒത്ത ആറാള് പിടിച്ചാല്‍ എത്താത്ത മരമുണ്ടായിരുന്നു താഴ്‌വാരത്ത്. സായിപ്പിന്റെ കാലം മുതലാണ് അട്ടപ്പാടിയിലേക്ക് പൊറത്തൂന്ന് ആള് വരുന്നത്. പൊറത്തുള്ളവര്‍ ചുരം കേറി അകത്ത് കടന്നതോടെ അട്ടപ്പാടി, അട്ടപ്പാടിയല്ലാതായി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വനവും ഭൂമിയും നഷ്ടപ്പെടാന്‍ തുടങ്ങിയത് ആയിരത്തിയെണ്ണൂറുകളുടെ പകുതിയോടെയാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റെയില്‍വേ സ്ളീപ്പറുകള്‍ക്കായി അട്ടപ്പാടിയിലെ വന്‍മരങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് പിഴുതപ്പോള്‍ ഒപ്പം വന്ന ജോലിക്കാര്‍ അട്ടപ്പാടിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഇങ്ങനെ പതുക്കെ വനം കുന്നിറങ്ങാന്‍ തുടങ്ങുന്നതോടെ അട്ടപ്പാടിയിലേക്ക് കുടിയേറ്റവും ആരംഭിക്കുന്നു. 1930 കളോടെ തമിഴ്‌നാട്ടില്‍നിന്നു കിഴക്കന്‍ അട്ടപ്പാടിയിലേക്കും കേരളത്തില്‍ നിന്ന് പടിഞ്ഞാറന്‍ അട്ടപ്പാടിയിലേക്കും വ്യാപകമായ കുടിയേറ്റം. ഇതോടെ ഭവാനി പുഴയുടെ സമൃദ്ധമായ താഴ്‌വരകളില്‍ കൃഷിചെയ്തു ജീവിച്ചിരുന്ന ആദിവാസികള്‍ പതുക്കെ നദീതടത്തെ ഉപേക്ഷിച്ച് മലകയറുന്നു. 1950 കളാകുമ്പോഴേക്കും തരിശായ മൊട്ടക്കുന്നുകളില്‍ ആദിവാസികള്‍ തനിച്ചാകുന്നു. ഈ ഒറ്റപ്പെടുത്തലിന്റെ വര്‍ത്തമാനകാല ചിത്രമാണ് ആദിവസി ശിശുക്കളുടെ തുടര്‍മരണങ്ങള്‍.

പുനരുദ്ധാരണ (ആരോഗ്യ) പദ്ധതികള്‍ അട്ടപ്പാടിയിലേക്ക്

സാമൂഹികമായും രാഷ്ട്രീയമായും അതിരുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട് ജീവിക്കാനായി പൊരുതുന്ന ജനതയെ പിന്നീട് വീണ്ടെടുക്കുന്നത്, സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള സ്ഥലമായി അട്ടപ്പാടിയെ 1970 ല്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ കണ്ടെത്തുന്നതോടെയാണ്. നീട്ടിക്കിട്ടിയ ജീവിതത്തിലേക്ക് ഭരണകൂടം പദ്ധതികളുടെ പെരുമഴ പെയ്യിക്കുന്നു. തുടര്‍ന്ന് ആദ്യത്തെ ആദിവാസി പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിനെ പിന്‍പറ്റി അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി (അഹാഡ്‌സ്) തുടങ്ങി നിരവധി പദ്ധതികള്‍ അട്ടപ്പാടിയില്‍ വേരുകളാഴ്ത്തി.

ആദിവാസി ഊരുകളില്‍ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പിനു കീഴില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഷോളയൂര്‍, പുതൂര്‍, വട്ട് ലക്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, 28 സബ് സെന്ററുകള്‍, 4 ഹോമിയോ ഡിസ്‌പെന്‍സറികള്‍, ഒരു ആയുര്‍വേദ ആശുപത്രി, മൂന്നു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍. കൂടാതെ ഐടിഡിപിയുടെ കീഴില്‍ രണ്ടു ഔട്ട്‌പേഷ്യന്റ് ചികിത്സാസംവിധാനവും. 14 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എന്നിവരും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 85 ആശാ പ്രവര്‍ത്തകരും നൂറ്റമ്പതോളം എസ് ടി പ്രമോട്ടമാരും. ഇതു കൂടാതെയാണ് സ്വകാര്യ ആശുപത്രികള്‍.

ഈ രീതിയില്‍ സജ്ജമായ ചികിത്സാമേഖല നിലനില്‍ക്കുന്ന അട്ടപ്പാടിയിലാണ് ആദിവാസി ശിശുമരണത്തിന്റെ തോതില്‍ ക്രമാധീതമായ വര്‍ദ്ധനവുണ്ടാകുന്നതും. പോഷകാഹാരക്കുറവിനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ബോളിവുഡ് താരം അമീര്‍ ഖാനെ നായകനാക്കി കോടികള്‍ ചിലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്കെത്തിക്കുമ്പാഴും ഭരണകൂടത്തിന്റെ കണക്കു പുസ്തകത്തില്‍ അട്ടപ്പാടിയിലെ കുട്ടികളുണ്ടായിരുന്നില്ല. ആദിവാസി കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന തമ്പിന്റെ (എ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ട്രൈബല്‍ എജ്യൂക്കേഷന്‍, ഡെവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ച്) സജീവ ഇടപെടലിലൂടെ ശിശുമരണം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ വാഹനങ്ങള്‍ അട്ടപ്പാടി കുന്നുകള്‍ കയറാന്‍ തുടങ്ങി.

ആരോഗ്യം ഒരു പഴങ്കഥ

ലോകാരോഗ്യ സംഘടനയുടെ അവാര്‍ഡ് കടന്നുവന്നിരുന്ന ഒരുകാലം അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിക്കുണ്ടായിരുന്നു. ഇന്നും ആദിവാസികള്‍ക്ക് ഡോ. പ്രഭുദാസിനെക്കുറിച്ചു പറയുമ്പോള്‍ കണ്ണുകളില്‍ അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡിനെക്കാള്‍ തിളക്കം കാണാം. അട്ടപ്പാടിയില്‍ നിന്നുള്ള ആദ്യ ഡോക്ടറായ ഡോ.കമലാക്ഷിയുടെ ഭര്‍ത്താവാണ് ഡോ.പ്രഭുദാസ്. അദ്ദേഹമായിരുന്നു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അവാര്‍ഡുകളും അതിനുംമുമ്പ് ഊരുകളില്‍ നിന്ന് രോഗികളെയും കൊണ്ടുവന്നത്. തുടര്‍ന്നു വന്ന ഡോക്ടര്‍മാരുടെ ചികിത്സയെ തുടര്‍ന്ന് ആദിവാസികള്‍ സര്‍ക്കാര്‍ ആശുപത്രികളെ ഉപേക്ഷിച്ചു.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ മൂന്നു നിലകളിലായി എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയെങ്കിലും ഡോ.പ്രഭുദാസ് പടിയിറങ്ങിയതോടെ പലതും പ്രവര്‍ത്തന രഹിതം. തുമ്പപ്പാറയില്‍ നിന്നാണ് ആദ്യം ആശുപത്രിക്കാവശ്യമായ വെള്ളം കൊണ്ടുവന്നത്. എന്നാല്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ ശിരുവാണിയില്‍ നിന്ന് നേരിട്ടാണ് വെള്ളമെത്തിക്കുന്നത്. മലിനജലമാണെന്നുള്ള രോഗികളുടെ പരാതി, പരാതി മാത്രമായി നില്‍ക്കുന്നു. ഫ്‌ളൂറൈഡ്, കോറോഫോം ബാക്ടീരിയ എന്നിവ അട്ടപ്പാടി മേഖലയില്‍ അനുവദനീയമായ അളവിലും കൂടുതലാണെന്ന് ജലസേചനവകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നിട്ടും മന്ത്രിയുടെ ഫില്‍ട്ടര്‍ പ്ളാന്റ്, പ്രഖ്യാപനത്തിലൊതുങ്ങി. പ്രതിദിനം 300 ഓളം രോഗികള്‍ എത്തുകയും 65 പേര്‍ക്കു കിടത്തി ചികിത്സയുമുള്ള ഇവിടെ അഞ്ചു നേഴ്‌സുമാര്‍ മാത്രമാണുള്ളത്. 20 നേഴ്‌സിങ്ങ് ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണിത്.

സര്‍ജന്‍, ഫാര്‍മസിസ്റ്റ്, റേഡിയോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവരുടെ ഒഴിവുകളും നിലനില്‍ക്കുന്നു. ശിശുമരണം വാര്‍ത്തയായപ്പോള്‍ നിയമിച്ച രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം. ആബുലന്‍സിന് ഡ്രൈവറില്ല. അടച്ചുപൂട്ടിയ ഓപ്പറേഷന്‍ തീയ്യറ്റര്‍. ആവശ്യത്തിനു ക്ളര്‍ക്കുമാരില്ല. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യമില്ല. വൈദ്യുതിയില്ല. ശുചിത്വപാലത്തിനുപോലും ആവശ്യത്തിനാളില്ല. അടിസ്ഥാന സൗകര്യമൊരുക്കേണ്ട ബ്ളോക്ക് പഞ്ചായത്തിന്റെ നിസഹകരണം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ശുഭം. അട്ടപ്പാടിയിലെ പ്രധാന ആശുപത്രിയായ ട്രൈബല്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. മറ്റുള്ളവയുടെ കാര്യം ഇതിലും കഷ്ടം.

ഒടുങ്ങുന്ന ജനത, ഒടുങ്ങാത്ത പ്രഖ്യാപനങ്ങള്‍, കുറ്റസമ്മതങ്ങള്‍

ഭരണമേറ്റതിന്റെ രണ്ടാം വര്‍ഷത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും വികസനത്തിന്റെ കേരള മാതൃകയ്ക്കുമേറ്റ വലിയൊരു അടിയായിരുന്നു ആദിവാസി ശിശുമരണ നിരക്കിലെ വര്‍ദ്ധന. ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും അതിന്റെ പോഷകസംഘടനകളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും കേരളത്തെ ശ്രദ്ധിച്ചു. അട്ടപ്പാടിയിലേക്ക് പഠനസംഘങ്ങളെ അയച്ചു.

ഭരണകൂട പ്രഖ്യാപനങ്ങളില്‍ തൃപ്തരായ മാധ്യമങ്ങള്‍ പതിവുപോലെ ഉപമുഖ്യമന്ത്രി പദവും ലുലുവിന്റെ കൈയേറ്റവും കൊഴുപ്പിച്ചപ്പോള്‍ ശിശുമരണങ്ങള്‍ പാലക്കാടന്‍ കാറ്റില്‍പ്പെട്ട് അട്ടപ്പാടിയിലെ താഴ്‌വാരകളിലൊടുങ്ങി. പുതിയ പ്രഖ്യാപനങ്ങളായി അട്ടപ്പാടിയിലെ കോട്ടത്തറ, അഗളി, പുതൂര്‍ ആശുപത്രികളില്‍ 75 പുതിയ തസ്തിക, അട്ടപ്പാടി മേഖലകളില്‍ ഡോക്ടര്‍മാര്‍ക്ക് മാസം 20,000 രൂപ വീതവും മറ്റ് ജീവനക്കാര്‍ക്കു അടിസ്ഥാന ശമ്പളത്തിന്റെ 20 % പ്രത്യേക അലവന്‍സും ആശാപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവും നല്‍കുമെന്ന് മുഖ്യമന്ത്രി. ഉപകരണങ്ങളടക്കം അടിസ്ഥാന സൗകര്യമൊരുക്കാന്‍ 25 ലക്ഷം രൂപ അധികം അനുവദിക്കും. കോട്ടത്തറ ആദിവാസി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്ത ബാങ്ക്, ലഹരി വിമോചന കേന്ദ്രം, പോഷകാഹാര ഇന്‍സ്റ്റിറ്റ്യൂട്ട് ഇങ്ങനെ പ്രഖ്യാപനങ്ങളുടെ നീണ്ട നിര. കൂടെ കുറ്റവാളികളെ തിരയലും.

വിഷയത്തില്‍ ആരോഗ്യവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും വീഴ്ച പറ്റിയെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുപറഞ്ഞിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിനും ആരോഗ്യ വകുപ്പിനും പട്ടികവര്‍ഗ്ഗ വകുപ്പിനും ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ഐസിഡിഎസ് ജീവനക്കാരുടെയും സേവനം വേണ്ടരീതിയില്‍ ലഭിച്ചില്ലെന്നും മന്ത്രി ജയലക്ഷ്മി ഊരു സന്ദര്‍ശന വേളയില്‍ പറയുന്നു. വീഴ്ച വരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ആദിവാസികള്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി ജയലക്ഷ്മി. എന്നാല്‍ കഴിഞ്ഞവര്‍ഷം തനിക്കു ലഭിച്ച ഈശ്വര്‍ എന്ന വിദ്യാര്‍ഥിയുടെ പഠന റിപ്പോര്‍ട്ടിനെക്കുറിച്ചോ ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നടപടിയെടുക്കാത്തതിനെക്കുറിച്ചോ മന്ത്രി പ്രതികരിച്ചില്ല. കുറ്റസമ്മതവുമായി സാമൂഹിക ക്ഷേമ, ഗ്രാമ വികസന മന്ത്രി എം.കെ.മുനീറും ഊരിലെത്തി. ഇരുപതു മരുന്നുകളടങ്ങിയ ആരോഗ്യകിറ്റ് രണ്ടുവര്‍ഷമായി മുടങ്ങിയ വിവരം ആരോഗ്യപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് സര്‍ക്കാരും, റിപ്പോര്‍ട്ടു ചെയ്തിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണെന്നു ആരോഗ്യ പ്രവര്‍ത്തകരും വാദിക്കുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍, മുള്ളി, പാലൂര്‍ എന്നീ ഊരുകളിലെ ആദിവാസി ജീവിതം അതീവ ഗുരുതരമാണെന്നും കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യ വകുപ്പ്.

ഊരുകളില്‍ കയറിയ പ്രതിപക്ഷ നേതാവ് യുഡിഎഫ് ഭരണപരാജയം ചൂണ്ടിക്കാട്ടി മടങ്ങി. അപ്പോഴും തന്റെ ഭരണകാലത്തെ ശിശുമരണനിരക്ക് കണ്ടില്ല. പത്രവാര്‍ത്ത കണ്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. വാര്‍ത്ത ശരിയാണെങ്കില്‍ അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രശ്‌നം മനുഷ്യാവകാശ പ്രശ്‌നമായി കാണേണ്ടിയിരിക്കുന്നുവെന്ന് കമ്മീഷന്‍. അട്ടപ്പാടിയിലെ ശിശുമരണം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചില്ലെന്നും പത്രവാര്‍ത്ത കണ്ടതു മാത്രമേയുള്ളൂവെന്നും കേന്ദ്ര പട്ടികവര്‍ഗ മന്ത്രി കിഷോര്‍ ചന്ദ്രദേവും കേന്ദ്ര ശിശുക്ഷേമ മന്ത്രി കൃഷ്ണ തീര്‍ഥും. സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചാല്‍ വിഷയത്തില്‍ ഇടപെടുമെന്നും വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു കേന്ദ്ര മന്ത്രിമാരുടെ ആദ്യ നിലപാട്. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അട്ടപ്പാടി ഊരു സന്ദര്‍ശിക്കുകയും ആദിവാസി വിഭാഗങ്ങളുടെ ദയനീയാവസ്ഥ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രിയെ ബോധ്യപ്പെടുത്തുകയും ഇതേ തുടര്‍ന്ന് അട്ടപ്പാടി നേരിട്ടുകണ്ട് വേണ്ടതു ചെയ്യാമെന്നേറ്റതായും മന്ത്രി കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളെ അറിയിക്കുന്നു. പിന്നീട് മന്ത്രി സന്ദര്‍ശനത്തില്‍ നിന്നും പിന്മാറുന്നു. കേന്ദ്ര വനിതാ ശിശു വകുപ്പ് വിഷയം പഠിച്ചു കഴിയാത്തതിനാല്‍ പ്രതികരിച്ചിട്ടില്ല.

പരിശോധനകള്‍ ഫലങ്ങള്‍

തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകളുടെ വരവായി. ശിശുമരണ വാര്‍ത്തകള്‍ വന്നു തുടങ്ങിയ കഴിഞ്ഞ ഏപ്രിലില്‍ തന്നെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മേഖലയിലെ 33,000 ആദിവാസികള്‍ക്കിടയില്‍ സോഷ്യല്‍ വെല്‍ഫെയര്‍, ഹെല്‍ത്ത്, ട്രൈബല്‍ വകുപ്പുകള്‍, എന്‍ആര്‍എച്ച്എം എന്നിവയുടെ സഹകരണത്തോടെ സര്‍വേ നടത്തി. ഈ സര്‍വേയില്‍ 6,619 വീടുകളിലായി 20,613 പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കി. ഇതില്‍ 412 പേര്‍ക്കു വിളര്‍ച്ചയും 67 പേര്‍ക്കു പോഷകാഹാരക്കുറവും കണ്ടെത്തി. 2008 വരെ 4000 കിലോ പോഷകാഹാരം വിതരണം ചെയ്തിരുന്നിടത്ത് 2,110 കിലോ മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും ഇതിലേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഫലപ്രദമായി ലഭിക്കുന്നില്ലെന്നും സര്‍വേ ഫലം.

കുട്ടികളുടെ മരണത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് മെയ് 15 നു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 849 പേര്‍ പങ്കെടുത്തു. ഇതില്‍ 50 ശതമാനത്തിലധികം പേര്‍ക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തി. പലരുടെയും ഹീമോഗ്ളോബിന്റെ അളവ് ഏഴില്‍ താഴെയാണ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 10 ശതമാനത്തിന് രക്തക്കുറവുണ്ട്. ത്വക്ക് രോഗങ്ങള്‍, വന്ധ്യത, അരിവാള്‍ രോഗം എന്നിവയും ഊരുകളില്‍ വ്യാപകമാണ്. പുരുഷന്മാരിലും സ്ത്രീകളിലും വ്യാപകമായ പുകയില ഉപയോഗം വന്ധ്യത വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. അരിവാള്‍രോഗവും കുഷ്ഠരോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെമ്പന്‍കൊല്ലി അങ്ങാടിക്കടുത്ത് മലച്ചി കോളനിയില്‍ കുട്ടികള്‍ മണ്ണുതീറ്റയ്ക്ക് അടിമപ്പെട്ടതായും വാര്‍ത്തവന്നു. രക്ത കുറവാണ് മണ്ണുതീറ്റയ്ക്കു പ്രേരിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ആധികൃതര്‍.

ചുരം കടന്ന മരണക്കണക്കുകള്‍

2013 ഏപ്രില്‍ മാസത്തോടെയാണ് അട്ടപ്പാടിയില്‍ നിന്നുള്ള ശിശുമരണത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. ഗോത്രഭൂമി മാസികയുടെ എഡിറ്റര്‍ രാജേന്ദ്ര പ്രസാദിന്റെയും തമ്പിന്റെയും പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിടാതിരുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രശ്‌നം മാധ്യമ ശ്രദ്ധ നേടുന്നതിനുമുമ്പേ അട്ടപ്പാടി എംഎല്‍എ എം.ഷംസുദ്ദീനോട് ഇക്കാര്യം തങ്ങള്‍ ഒരു പൊതുവേദിയില്‍വച്ച് പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹമതിന് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നും തമ്പ് പ്രവര്‍ത്തകനായ ഉദയകുമാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറിലേക്ക് ഇതിനും മുമ്പേ ശിശുമരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് മരണക്കണക്കുകള്‍ കാണിക്കുന്നത്.

കേരളാ സര്‍വകലാശാലയില്‍ എം.എസ്.ഡബ്ള്യൂ കോഴ്‌സിനെ തുര്‍ന്നുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി കതിരമ്പതിയൂരിലെ എന്‍.കെ ഈശ്വര്‍ എന്ന വിദ്യാര്‍ഥി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2008 മുതല്‍ 2011 വരെ 56 ശിശുമരണങ്ങള്‍ രേഖപ്പെടുത്തുന്നു. അട്ടപ്പാടിയൂരുകളില്‍ 2008 - 09 വര്‍ഷത്തില്‍ 19 ഉം 2009 - 10 ല്‍ 22 ഉം 2010 - 11 ല്‍ 15 ഉം കുട്ടികള്‍ മരിച്ചു. അഗളി പഞ്ചായത്തില്‍ 23 ഉം ഷോളയൂരില്‍ 22 ഉം പൂതൂരില്‍ 11 കുട്ടികളാണ് മരിച്ചത്. ഐ.സി.ഡി.എസ്സിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആദിവാസികളുടെ മാറിയ ജീവിതസാഹചര്യം, പ്രശ്‌നപരിഹാരം എന്നിവയെ വിശദമായി പ്രതിപാദിച്ച റിപ്പോര്‍ട്ട് പട്ടികവര്‍ഗവകുപ്പു മന്ത്രിക്കു നല്‍കിയിരുന്നെങ്കിലും പതിവുപോലെ ആ റിപ്പോര്‍ട്ടും പിന്നീട് വെളിച്ചം കണ്ടില്ല. 2012 ലും 15 ശിശുമരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

എന്നാല്‍ ഇതിനും മുമ്പ് 2004 മുതല്‍ 2008 വരെയുള്ള യുഡിഎഫിന്റെ ഭരണകാലത്തും 86 കുട്ടികള്‍ മരിച്ചതായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് അട്ടപ്പാടിയിലെ ശിശുമരണം പെട്ടെന്നുണ്ടായതല്ലെന്നും വര്‍ഷങ്ങളായി ഭരണകൂടം ഒരു ജനതയുടെ മേല്‍ നടത്തിയ നീണ്ടതും അശാസ്ത്രീയവുമായ ആസൂത്രണത്തിന്റെ ഫലമാണെന്നും കാണാം.

പഠന റിപ്പോര്‍ട്ടുകളെ മരണകാരണങ്ങളായി നിരത്തുന്നത് ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്, ഗര്‍ഭ ശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടര്‍ച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയാണ്. പോഷകാഹാരക്കുറവിനോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ജനിതകകാരണങ്ങളും മരണകാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.

2013 ജനുവരി ഒന്നു മുതല്‍ മെയ് 28 വരെ 19 കുട്ടികള്‍ അട്ടപ്പാടിയില്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. സര്‍ക്കാറിന്റെ രേഖകളില്‍ തന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25% വളര്‍ച്ച മരണനിരക്കില്‍ ഉണ്ടായതായികാണാം. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കണക്ക് ഏറെ ഉയര്‍ന്നതാണ്. ഇതോടൊപ്പം മാസം തികയാതെയുള്ള പ്രസവങ്ങളും ഗര്‍ഭച്ഛിദ്രങ്ങളും മറ്റ് കാരണങ്ങളാലുള്ള മരണങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ആദിവാസി മരണ നിരക്ക് ആവിശ്വസനീയമായ കണക്കുകളിലെത്തിച്ചേരും.

ഇത് കുട്ടികളുടെ മരണക്കണക്കാണെങ്കില്‍ മുതിര്‍ന്നവരുടെ മരണ നിരക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. എല്ലാം അസ്വാഭാവിക മരണങ്ങളായിരുന്നു എന്നതാണ് പ്രത്യേകത. ഷോളയൂര്‍, അഗളി, പുതൂര്‍ പഞ്ചായത്തുകളില്‍ 2011 ല്‍ നടത്തിയ സര്‍വേയില്‍ ആദ്യ ആറുമാസത്തില്‍ 776 പേര്‍ മരിച്ചപ്പോള്‍ 519 ജനനമാണ് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരുടെ മരണനിരക്കു വളരെ കൂടുതലായിരുന്നു. അതില്‍ തന്നെ പുരുഷന്മാരില്‍ സംഭവിക്കുന്ന അസ്വാഭാവിക മരണത്തില്‍ 90 ശതമാനവും 30 - 40 വയസ്സിനിടയില്‍ പ്രയമുള്ളവരാണ്.

ശിശു സംരക്ഷണം സര്‍ക്കാര്‍ വഴി

ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സ്‌കീമിനു (ഐസിഡിഎസ്) കീഴില്‍ 172 അംഗണ്‍വാടികളുണ്ട്. ഇതില്‍ 127 എണ്ണത്തിനു സ്വന്തമായി കെട്ടിടം. മറ്റുള്ളവ വാടകകെട്ടിടത്തിലും ഓല കുടിലുകളിലും മറ്റും പ്രവര്‍ത്തിക്കുന്നു. രണ്ട് അംഗണ്‍വാടികള്‍ വൈദ്യുതീകരിച്ചിരുന്നു. പിന്നീട് കുടിശിഖയുടെ പേരില്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ഉണ്ടോയെന്നു പോലും അന്വേഷിക്കാതെ കമ്പ്യൂട്ടര്‍ ലഭിച്ച അംഗണ്‍വാടികളും അട്ടപ്പാടിയിലുണ്ട്.

ഒരോ അംഗണ്‍വാടിക്കും ഒരു വര്‍ക്കറും ഒരു ഹെല്‍പ്പറും ഉണ്ടായിരിക്കും. ആറു സൂപ്പര്‍വൈസര്‍മാര്‍ വേണ്ടിടത്ത് മിക്കവാറും ഒരാള്‍മാത്രമേയുണ്ടാവുകയുള്ളൂ. പ്രോജക്റ്റ് ഓഫീസറുടെ ചുമതലയും ഇവര്‍ക്കായിരിക്കും. ഒരോ അംഗണ്‍വാടികളുടെയും കൃത്യമായ കണക്കു സൂക്ഷിക്കണമെന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ മിക്ക അംഗണ്‍വാടികള്‍ക്കും രജിസ്റ്റര്‍ പോലുമില്ല. വര്‍ഷം ഒരു കോടിയോളം രൂപയാണു അംഗണ്‍വാടി വഴിയുള്ള പോഷകാഹാര പദ്ധതിയുടെ ചെലവ്. കേന്ദ്ര ഫണ്ടിനു പുറമേയുള്ള പണം ത്രിതല പഞ്ചായത്തുകളാണ് നല്‍കേണ്ടത്. പലപ്പോഴും പഞ്ചായത്തുകള്‍ ഫണ്ടു നല്‍കാത്തത് പ്രശ്‌നം രൂക്ഷമാക്കുന്നു.

മൂന്നു മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് സമ്പൂര്‍ണ പോഷകാഹാരം നല്‍കുക, അവരുടെ പോഷണനിലവാരം നിരീക്ഷിക്കുക, ആവശ്യമായ വൈദ്യസഹായം ചെയ്യുക തുടങ്ങിയ അംഗണ്‍വാടികളുടെ അടിസ്ഥാന ഉത്തരവാദിത്വം സര്‍ക്കാര്‍ രേഖയില്‍ മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ മുട്ട, പാല്‍, നേന്ത്രപഴം, എന്നിവ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ പണം അംഗണ്‍വാടി ടീച്ചമാരുടെ ശമ്പളത്തില്‍ നിന്നും ചെലവാക്കണമെന്നും ഇങ്ങനെ ചെലവാകുന്ന പണം മാസാവസാനം തിരിച്ചു നല്‍കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ആശാപ്രവര്‍ത്തകരോ, ട്രൈബല്‍ പ്രമോര്‍ട്ടര്‍മാരോ അംഗണ്‍വാടികള്‍ സന്ദര്‍ശിക്കാറില്ല. ഒന്‍പത് അംഗണ്‍വാടി സൂപ്പര്‍വൈസര്‍മാരുടെ സ്ഥാനത്ത് ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. മരണനിരക്ക് കൂടിയപ്പോള്‍ അഞ്ചു പേരെ നിയമിച്ചു. എന്നാല്‍ ഊരുകളില്‍ നിന്ന് ഊരുകളിലേക്കുള്ള ദൂരക്കൂടുതലും വാഹന സൗകര്യമില്ലാത്തതും ഉള്‍പ്രദേശങ്ങളിലെ അംഗണ്‍വാടികളിലെ സന്ദര്‍ശനം രേഖകളില്‍ മാത്രമായി ഒതുങ്ങുന്നു. ആറു വയസ്സില്‍ താഴെയുള്ള ആറായിരത്തോളം കുട്ടികള്‍ക്കു പോഷകാഹാരം നല്‍കുന്നുവെന്ന് സര്‍ക്കാര്‍ കണക്ക്. 11 -ആം പദ്ധതി കാലയളവില്‍ ഐസിഡിഎസിനു വേണ്ടി 100 % തുകയും ചിലവഴിച്ചെന്ന് 2009 -10 ലെ കേരളാ ബജറ്റില്‍ പറയുന്നു. എന്നിട്ടും അട്ടപ്പാടിയിലെ 30 ശതമാനത്തിനു മേലെ കുട്ടികള്‍ക്കു ഭാരക്കുറവുണ്ടെന്നു ഐസിഡിഎസ് പഠനം.

നിഷേധിക്കപ്പെടുന്ന ഭക്ഷണം

സര്‍ക്കാര്‍ റേഷന്‍ വിതരണത്തിന്റെ താളം തെറ്റിയിട്ട് കാലങ്ങളായി. അട്ടപ്പാടിയിലെ ആദിവാസികളുടെ മാസവരുമാനം 300 രൂപയെന്ന് സര്‍ക്കാര്‍ കണക്കുണ്ടെങ്കിലും പതിനായിരം കുടുംബങ്ങളില്‍ മൂവായിരം പേര്‍ക്കു ലഭിച്ചത് എപിഎല്‍ കാര്‍ഡ്. ചിലര്‍ക്ക് ബി.പി.ല്‍ സീല്‍ ചെയ്തു കൊടുത്തെങ്കിലും ആനുകൂല്യം എ.പി.എല്ലിന്റെതു തന്നെ. ആദിവാസികള്‍ക്കു മട്ടയരിയുടെ രുചി ഇഷ്ടപ്പെടുന്നില്ലെന്ന് സര്‍ക്കാരും ആദിവാസികളും സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതലും വിതരണം ചെയ്യുന്നത് മട്ടയരി. ആദിവാസികള്‍ വാങ്ങതെവരുന്ന അരി പിന്നീട് സ്വകാര്യകടകളില്‍ വിറ്റഴിയുന്നതായും ആരോപണമുണ്ട്. ഗോതമ്പും പഞ്ചസാരയും കിട്ടാറില്ലെന്നും മണ്ണെണ്ണ പലപ്പോഴും അരലിറ്റര്‍ മാത്രമാണെന്ന പരാതിയും വ്യപകം. എ.പി.എല്‍ കാര്‍ഡുടമകളായ 2066 ആദിവാസികള്‍ക്ക് ഒരാഴ്ച്ചക്കുള്ളില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അട്ടപ്പാടി സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ആഴ്ചകള്‍ക്കു ശേഷവും നടപടിയില്ല. അട്ടപ്പാടി ആദിവാസികള്‍ക്കായി സമഗ്ര ആരോഗ്യ പാക്കേജ് നടപ്പാക്കുമെന്നും മന്ത്രി.

അന്യാധീനപ്പെടുന്ന മണ്ണും കാടും

അഹാഡ്‌സ് നിയമിച്ച 360 വനം വാച്ചര്‍മാരില്‍ 280 പേര്‍ ആദിവാസികളായിരുന്നു. ഇവരുടെ കാര്യക്ഷമമായ പ്രവര്‍ത്തന ഫലമായി കഞ്ചാവു കൃഷിയില്‍ കാര്യമായ കുറവുണ്ടായതായി ആദിവാസികള്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിരാവിലെ തന്നെ പല ഊരുകളും മദ്യത്തില്‍ മുങ്ങിത്തുടങ്ങും. സര്‍ക്കാര്‍ തലത്തില്‍ അനൗദ്യോഗിക മദ്യനിരോധനവും കള്ള് ചെത്ത് നിരോധനവുമുള്ള സ്ഥലമാണ് അട്ടപ്പാടി എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. എക്‌സൈസ് വകുപ്പു പറയുന്നത് അട്ടപ്പാടി മേഖലയില്‍ ഒരു ദിവസം കുറഞ്ഞത് 500 ലിറ്റര്‍ വരെ വ്യാജവാറ്റ് വില്‍ക്കപ്പെടുന്നുണ്ടെന്നാണ്. 50, 100 മില്ലി ഗ്രാമിന്റെ പ്ളാസ്റ്റിക്ക് പാക്കറ്റുകളിലാണ് വില്‍പന. സ്ത്രീകളും കുട്ടികളും ഇതുപയോഗിക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പു സമ്മതിക്കുന്നു. കൂടാതെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വ്യാപകമാണ്. ആദിവാസികളിലെ പോഷകാഹാരക്കുറവിനുള്ള ഒരു കാരണമായി വിദഗ്ദര്‍ പറയുന്നത് വ്യാജ മദ്യവും പുകയില ഉപയോഗവുമാണ്.

1977ല്‍ നടന്ന സര്‍വേയില്‍ 10,159 ഏക്കര്‍ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയിരുന്നു. നാഷണല്‍ ലാന്റ് റിഫോം കൗണ്‍സില്‍ 2009 എപ്രിലില്‍ വിവിധ ഊരുകളിലും അഗളി ഗസ്റ്റ് ഹൗസിലുമായി നടത്തിയ മൂന്നു ദിവസത്തെ അദാലത്തില്‍ 810 പരാതികളിലായി ഏതാണ്ട് 20,000 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് നിരവധി തവണ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതികളുയരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുസ്‌ലോണുമായി ബന്ധപ്പെട്ടതാണ്.

അട്ടപ്പാടിയില്‍ ആഞ്ഞു വീശുന്ന കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുമായിട്ടാണ് സുസ്‌ലോണ്‍ എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കാറ്റാടി പദ്ധതി എല്‍ഡിഎഫ് കാലത്താണ് തുടക്കമിട്ടത്. ഇതില്‍ 85.21 ഏക്കര്‍ ആദിവാസി ഭൂമി കൈയേറിയതാണെന്ന് യുഡിഎഫ് ഗവണ്‍മെന്റ് സമ്മതിക്കുന്നു. ഇതേ തുടര്‍ന്ന് ആദിവാസി ഭൂമിയിലെ കാറ്റാടി പാടങ്ങള്‍ കെഎസ്ഇബി ഏറ്റെടുക്കുമെന്നും ഇവിടെ നിന്നും ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ലാഭത്തിന്റെ 5 ശതമാനം വിഹിതം ഭൂമിയുടെ അവകാശികളെന്ന നിലയില്‍ ആദിവാസിക്കു നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറയുന്നു. ഇതുവരെയും ഇതില്‍ നിന്നുയാതൊരു വരുമാനവും ലഭിച്ചിട്ടില്ലെന്ന് ആദിവാസികള്‍.

കൂടുതല്‍ ആദിവാസി ഭൂമി സുസ്‌ലോണ്‍ ഇടനിലക്കാരിലൂടെ കൈയേറിയതായി അട്ടപ്പാടി സംരക്ഷണസമിതി ആരോപിക്കുന്നു. ഷോളയൂരില്‍ സര്‍വേ നമ്പര്‍ 1819 ല്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായുള്ള അട്ടപ്പാടി സംരക്ഷണസമിതി നല്‍കിയ പരാതിയിലാണ് പട്ടികവര്‍ഗവകുപ്പ് അവസാനമില്ലാത്ത അന്വേഷണം ആരംഭിച്ചത്. ഈ പ്രദേശം ആദിവാസികളുടെ കൈവശമുള്ളതും നികുതി അടച്ചിരുന്നതുമാണ്. തമിഴ്‌നാട് വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഈ ഭൂമിയില്‍ ചെങ്ങറ ഭൂസമരക്കാര്‍ക്കും ആദിവാസികള്‍ക്കും സര്‍ക്കാര്‍ ഭൂമി അളന്നുനല്‍കിയിരുന്നു.

1980 - 85 കാലത്താണ് ഊരുകളിലെ പട്ടയങ്ങള്‍ കാര്‍ഷികലോണിനായി ഭൂപണയ ബാങ്കുകളിലെത്തുന്നത്. കേന്ദ്ര പാക്കേജിനെ തുടര്‍ന്ന് 2006 ല്‍ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും പട്ടയങ്ങള്‍ തിരിച്ചു കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല. ബാങ്കില്‍ അന്വേഷിച്ചാല്‍ ഓഫീസറില്ല അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് മടക്കി അയക്കും. പത്തമ്പതു കിലോമീറ്റര്‍ നടന്നും ജീപ്പിലും ബസ്സിലുമായി യാത്ര ചെയ്ത് വേണം മിക്ക ഊരു നിവാസികള്‍ക്കും ബാങ്കിലെത്താന്‍. ഇങ്ങനെ മൂന്നും നാലും തവണ പോയാലും കിട്ടില്ല. ഇതു പതിവാകുമ്പോള്‍ ഊരുകാര്‍ക്കു മടുക്കും. പിന്നെ പട്ടയമന്വേഷിച്ചുള്ള പോക്കു നില്‍ക്കും. ഇപ്പോള്‍ ഊരുകാര്‍ക്കു പലര്‍ക്കും എവിടെയാണ് സ്വന്തം ഭൂമിയെന്നുപോലുമറിയില്ല. ആനക്കട്ടിയില്‍ കത്തലക്കണ്ടി സഹകരണബാങ്ക് എന്നപേരില്‍ ഒരു ബാങ്കുണ്ടായിരുന്നു. അവിടെയും നിരവധി പേരുടെ പട്ടയങ്ങള്‍ പണയത്തിലായിരുന്നു. പത്തു വര്‍ഷത്തിലേറെയായി ബാങ്ക് പൂട്ടിയിട്ട്. ഇപ്പോള്‍ ബാങ്കിരുന്ന കെട്ടിടം തന്നെ ഇല്ലാതായി. 1970 - 75ല്‍ സോയല്‍ വര്‍ക്കിനുവേണ്ടിയും ആദിവാസികളില്‍ നിന്ന് പട്ടയങ്ങള്‍ വാങ്ങിയിരുന്നു. ഇവയും ഇതുവരെയായി തിരിച്ചുകൊടുത്തിട്ടില്ല. ഇത്തരത്തില്‍ നിരവധി പേരുടെ പട്ടയം നഷ്ടപെട്ടിട്ടുണ്ടെന്ന് തമ്പ് പ്രവര്‍ത്തകനായ വി.എസ്.മുരുകന്‍ പറയുന്നു.

2006ല്‍ നിലവില്‍ വന്ന ഫോറസ്റ്റ് റൈറ്റ്‌സ് ആക്ട് ആദിവാസികള്‍ക്ക് മൂന്നു തലമുറയായോ 60 വര്‍ഷം തുടര്‍ച്ചയായോ ഉപയോഗിച്ചിരുന്ന വനഭൂമിയ്ക്കുമേല്‍ കൈവശാവകാശം നല്‍കുന്നു. ആക്ട് പ്രകാരം ഊരുകൂട്ടങ്ങള്‍ക്കും ആദിവാസികള്‍ക്കും കൃഷിചെയ്യുന്ന വനഭൂമിയിലെ ആദായം ഉപയോഗിക്കാം. എന്നാല്‍ തിടുക്കപ്പെട്ട് ആദിവാസികള്‍ക്കു വനഭൂമി കൈമാറാന്‍ തയ്യാറായ മുന്‍മന്ത്രി എ.കെ.ബാലന്‍, ആദിവാസികള്‍ ക്ളെയിം ചെയ്ത അഞ്ചും പത്തും സെന്റ് വനഭൂമിയുടെ ആധാരം ആദിവാസികള്‍ക്കു നല്‍കുന്നു. സാങ്കേതികമായി വനഭൂമിയില്‍ ജീവിക്കുന്ന ആദിവാസിക്ക് തന്റെ അഞ്ചു സെന്റ് ഭൂമിയിലെ ആദായം മാത്രമേ ലഭിക്കൂവെന്ന അവസ്ഥവരുന്നു. വിദ്യാഭ്യാസമില്ലാത്ത ആദിവാസികള്‍ ഇങ്ങനെ നിയമങ്ങളുടെ സങ്കീര്‍ണതയില്‍പ്പെട്ട് സ്വന്തം വാസസ്ഥലം നഷ്ടപ്പെടുത്തുകയാണെന്നും നിയമങ്ങളും ആദിവാസികളും തമ്മിലുള്ള അന്തരം കുറക്കാന്‍ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ആദിവാസിയെ ഭൂമിയുടെ ഉടമസ്ഥരാക്കുന്നതില്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആദിവാസികള്‍ക്കു ജീവിക്കാന്‍ വനവിഭവങ്ങള്‍ ശേഖരിക്കാമെന്ന ഹൈക്കോടതി വിധി വരുന്നു. ആദിവാസികള്‍ വനവിഭവങ്ങളെടുക്കുന്നത് അതിക്രമിച്ചുകയറലായി കരുതാനാകില്ലെന്നും ജസ്റ്റിസ് കമാല്‍പാഷയുടെ വിധിന്യായത്തില്‍ പറയുന്നു. ആദിവാസികള്‍ക്കു വേണ്ടി വിധികളുണ്ടാകുന്നുണ്ടെങ്കിലും ആദിവാസിയുടെ വിധിയില്‍ മാറ്റമൊന്നുമില്ല.

ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയും കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷും ജൂണ്‍ 6 ന് അട്ടപ്പാടി സന്ദര്‍ശിച്ചു. അട്ടപ്പാടിക്കാര്‍ വീണ്ടും അതേ കോടികളുടെ കിലുക്കം കേള്‍ക്കുന്നു. 112 കോടിയുടെ പ്രത്യേക കേന്ദ്ര പദ്ധതികള്‍. 2000 കുടുംബങ്ങള്‍ക്ക് വീട്. അട്ടപ്പാടിയിലെ ആദിവാസികള്‍ സ്വന്തം ഭൂമിയില്‍ നടത്തുന്ന കൃഷിപ്പണികള്‍ക്കും തൊഴിലിറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിവസക്കൂലി. അട്ടപ്പാടിയില്‍ കുടുംബശ്രീ പദ്ധതി വ്യാപകമാക്കാന്‍ 50 കോടി, സ്ത്രീ ശാക്തീകരണ - കാര്‍ഷിക പദ്ധതിക്ക് 50 കോടി, 2000 വീടുകള്‍ പണിയുന്നതിന് 12 കോടി. ഇങ്ങനെയാണ് പദ്ധതി വിഹിതം പോകുക. ഇതിനു പുറമേ 30 കിലോമീറ്റര്‍ റോഡ് പുതുക്കി പണിയുമെന്നും 500 യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും കേന്ദ്രമന്ത്രി ജയറാം രമേഷ്. അഞ്ചു വര്‍ഷം കൊണ്ട് 8000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും വിധം പദ്ധതി നടപ്പാക്കും. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടിക്കുവേണ്ടി 30 കോടിയുടെ കുടിവെള്ള പദ്ധതി, സമഗ്ര ആരോഗ്യ രക്ഷാപദ്ധതി എന്നിവയ്ക്ക് പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി എസ്.എം.വിജയാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം. ഇത്രയും കേന്ദ്രം വക. ഇനി സംസ്ഥാനം. എല്ലാ കുടുംബങ്ങള്‍ക്കും ബിപിഎല്‍ കാര്‍ഡ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി. എല്ലാ പ്രശ്‌നങ്ങളും എത്രയും വേഗം പരിഹരിക്കും. കൈവശഭൂമിയുള്ളവര്‍ക്ക് പട്ടയം, ഭൂമിയില്ലാത്തവര്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കാനും മുഖ്യമന്ത്രി നടപടിയെടുക്കും. എല്ലാം ശുഭം. പദ്ധതി നടപ്പാക്കി കഴിയുമ്പോഴേക്കും ഏതെങ്കിലും അട്ടപ്പാടി കുടികള്‍ ബാക്കിയാകുകയാണെങ്കില്‍ അവിടെയെങ്കിലും അടുപ്പെരിയട്ടെ.

ചിത്രങ്ങള്‍: ലൈജു യേഷ്‌


Next Story

Related Stories