TopTop
Begin typing your search above and press return to search.

മനോരമ വളച്ചൊടിച്ചു; വിമര്‍ശനവുമായി ബല്‍റാം; മുന്‍ അഭിപ്രായത്തില്‍ മലക്കം മറിച്ചില്‍

മനോരമ വളച്ചൊടിച്ചു; വിമര്‍ശനവുമായി ബല്‍റാം; മുന്‍ അഭിപ്രായത്തില്‍ മലക്കം മറിച്ചില്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അഡ്ജസ്റ്റ്‌മെന്റ് നടന്നെന്ന് താന്‍ പറഞ്ഞത് സിപിഎമ്മിനെയും ബിജെപിയെയും ഉദ്ദേശിച്ചായിരുന്നെന്ന് തൃത്താല എംഎല്‍എ വി ടി ബല്‍റാം. ഓണ്‍ലൈന്‍ വിഭാഗത്തെക്കൊണ്ട് തന്റെ ഇന്റര്‍വ്യൂ എടുപ്പിച്ച് അതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുക്കുകയാണ് മനോരമ ചാനല്‍ ചെയ്തതെന്നും പിന്നീട് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇങ്ങനെ ചെയ്യുന്നത് നല്ല പത്രപ്രവര്‍ത്തനമല്ലെന്നാണ് തന്റെ അഭിപ്രായമെന്നു്ം ബല്‍റാം കുറ്റപ്പെടുത്തുന്നു.

ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കാര്‍ എല്ലാ പാര്‍ട്ടികളിലും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്ന് അതിന് നേതൃത്വം വഹിക്കുന്നത് ബിജെപിയും സിപിഎമ്മിലെ പിണറായി വിഭാഗവുമാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു. ലാവലിന്‍ കേസില്‍ സിബിഐ ഇനിയും അപ്പീല്‍ നല്‍കാത്തതും ടിപി വധഗൂഡാലോചനക്കേസ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകാത്തതും കേന്ദ്രം ഭരിക്കുന്ന ബിജെപി മറുപടി പറയേണ്ട വിഷയങ്ങളാണ്. അതുപോലെ വ്യാജരേഖ ചമച്ച് വര്‍ഗീയ കലാമുണ്ടാക്കാന്‍ നോക്കിയ കേസില്‍ പ്രതിയായ കുമ്മനം രാജശേഖരന്‍ മുതല്‍ കോടിയേരി ബാലകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസുകാരായ പ്രതികള്‍ വരെയുള്ളവരെ എന്തുകൊണ്ട് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്നത് പിണറായി വിജയനും കൂട്ടരും വിശദീകരിക്കേണ്ട കാര്യമാണെന്നും ബല്‍റാം പറയുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള സിപിഎം-ബിജെപി അഡ്ജസ്റ്റ്‌മെന്റാണ് ഇന്നത്തെ കൂടുതല്‍ പ്രസക്തമായ വിഷയം.

യാതൊരു രാഷ്ട്രീയ സൗമനസ്യത്തിനും സിപിഎം നേതാക്കള്‍ അര്‍ഹരല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും മനസിലാക്കണമെന്നും അതിനനുസരിച്ച് ഇപ്പോഴത്തെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെയുള്ള നിലപാടുകള്‍ ശക്തമാക്കണമെന്നുമാണ് താന്‍ നേരത്തെ പറഞ്ഞതെന്നാണ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ ബല്‍റാം പറഞ്ഞത്. സോളാര്‍ കേസിലെ മുഖ്യതട്ടിപ്പുകാരിയായ സ്ത്രീയുടെ കത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചതിന്റെ പേരിലാണ് മാനഭംഗത്തിന് കേസെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ടിപിയുടെ ഭാര്യയും മകനും അമ്മയും പലയിടങ്ങളിലും മൊഴി നല്‍കിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകയാക്കിയിരുന്നെങ്കില്‍ അന്ന് പിണറായി വിജയനെതിരെ കേസെടുക്കാമായിരുന്നു. എന്നാല്‍ അന്ന് അങ്ങനെ ചെയ്തില്ല. പിണറായിയെ അന്വേഷണ സംഘം പ്രതിചേര്‍ക്കുകയോ മൊഴികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയോ ചെയ്തതായി നമുക്കറിയില്ല. ഇത് ഉദാസീന സമീപനമാണോയെന്ന സംശയം നമുക്കുണ്ടെന്നും ഇത്തരം കാര്യങ്ങളാണ് താന്‍ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചതെന്നുമാണ് അഭിമുഖത്തില്‍ ബല്‍റാം പറയുന്നത്.

ഇതിനിടെ ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ മുഖ്യപ്രതിപക്ഷമായി കൊണ്ടുവരാനുള്ള പിണറായിയുടെയും സിപിഎമ്മിന്റെയും നീക്കമാണെന്നും കോഴിക്കോട് മുക്കം എരിഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരപ്പന്തലില്‍ പ്രസംഗിക്കുമ്പോഴും ബല്‍റാം പറഞ്ഞിരുന്നു. അതേസമയം ഇടതുമുന്നണിയും യുഡിഎഫും തമ്മില്‍ ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കിട്ടിയ അടിയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിവരങ്ങളെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ ആദ്യം കുറിപ്പിട്ടിരുന്നത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ബല്‍റാമിനെ തള്ളിപ്പറയുകയും ബല്‍റാം തിരുത്തലുമായി രംഗത്തെത്തുകയുമായിരുന്നു.


Next Story

Related Stories