എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

ലേലത്തിലൂടെ പ്രീതയുടെ വീടും സ്ഥലവും വാങ്ങിയ രതീഷ് നാരായണന്‍ കോതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പോലീസ് സഹായത്തോടെ എത്തുകയായിരുന്നു

“ഭീഷണിപ്പെടുത്താന്‍ ആയിരുന്നില്ല, ഞങ്ങള്‍ അത് ചെയ്യാന്‍ തീരുമാനിച്ചു തന്നെയായിരുന്നു നിന്നത്. എല്ലാം നഷ്ടപ്പെട്ടിട്ട് പിന്നെ ജീവിച്ചിരിക്കുന്നത് എന്തിനാ?”- 51 കാരിയായ പ്രീത എന്ന വീട്ടമ്മയുടെ വാക്കുകളില്‍ വേദനയും രോഷവും നിരാശയുമെല്ലാം കലര്‍ന്നിരുന്നു. ഭാര്യ പറഞ്ഞത് ശരിവച്ചു കൊണ്ട് അടുത്ത് 56-കാരനായ ഷാജിയും ഉണ്ടായിരുന്നു. ഇവരുടെയും രണ്ടുമക്കളുടെയും ശരീരത്തില്‍ നിന്നും അപ്പോഴും മണ്ണെണ്ണയുടെ ഗന്ധം പൂര്‍ണമായി വിട്ടുപോയിരുന്നില്ല… തങ്ങളുടെ വീട്ടില്‍ നിന്നും എന്നന്നേക്കുമായി ഇറങ്ങേണ്ടി വരികയായിരുന്നുവെങ്കില്‍ പ്രീതയുടെയും ഷാജിയുടെയും അവരുടെ രണ്ട് മക്കളുടെയും ഉള്‍പ്പെടെ നാല് മരണങ്ങള്‍ സംഭവിച്ചിരിക്കും എന്നു തന്നെയായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തതിന്റെ പേരില്‍ ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ കേരളം നടുങ്ങിത്തെറിക്കുമായിരുന്നു.

“സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ ഞങ്ങളുടേത് മാത്രമായ ഒരു കിടപ്പാടമുണ്ടായിരുന്നു. അതാണ് കൊള്ളപ്പലിശയും കള്ളക്കണക്കും കാണിച്ച് ഞങ്ങളെടുക്കാത്ത വായ്പയുടെ പേരില്‍ ബാങ്കുകാര്‍ തട്ടിയെടുക്കുന്നത്. മറ്റൊരാള്‍ക്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതേയുള്ളൂ, അതിന്റെ പേരില്‍ ഞങ്ങളോട് ഇത്രയും ക്രൂരത വേണോ? എന്ത് തന്നെ സംഭവിച്ചാലും ഞങ്ങളുടെ ഈ വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ തയാറല്ല. മരണം വരെ നീതി കിട്ടുന്നതിനായി പോരാടും. ഇനി ജപ്തി നടത്തിയെ മതിയാകൂ എങ്കില്‍ ഞങ്ങളുടെ ശവമായിരിക്കും ഇവിടുന്ന് ഇറക്കിക്കൊണ്ട് പോകുക”- വീട്ടുമുറ്റത്തു നിന്ന് പ്രീത ഷാജി എന്ന സാധാരണക്കാരിയായ ആ വീട്ടമ്മ കണ്ണീരോടെ അവരുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി അഴിമുഖത്തോട് ആവര്‍ത്തിച്ചു.

ബന്ധുവന് ബാങ്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി മാനത്തുപാടം സ്വദേശി പ്രീതയും ഭര്‍ത്താവ് ഷാജിയും താമസിക്കുന്ന വീട് ജപ്തി ഭീഷണി നേരിടുന്നത്. വായ്പാ തുക തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക്, പ്രീതയുടെ വീട് ഓണ്‍ലൈന്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വീടും പുരയിടവും ലേലത്തില്‍ പിടിച്ച വ്യക്തിക്ക് വീട് പൂട്ടി താക്കോല്‍ ഏല്‍പ്പിക്കാന്‍ പോലീസിന്റെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെ ബാങ്ക് അധികൃതര്‍ എത്തി. എന്നാല്‍ വീടിന് മുന്നില്‍ പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി എന്നീ സംഘനകള്‍ സംയുക്തമായി പ്രതിഷേധം നടത്തിയതോടെ സംഭവം വലിയ വാര്‍ത്തയായി. ഇതിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രീതയും ഭര്‍ത്താവ് ഷാജിയും ഇവരുടെ മക്കളും ആത്മഹത്യ ഭീഷണി മുഴക്കി വീടിനകത്തു നില്‍ക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ വീടിനുള്ളില്‍ കയറിയാല്‍ തങ്ങള്‍ തീകൊളുത്തി മരിക്കും എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഒടുവില്‍ വീട് ഏറ്റൈടുക്കാന്‍ നില്‍ക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു.

“24 വര്‍ഷമായി എടുക്കാത്ത വായ്പയുടെ പേരില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുകയാണ് ഞങ്ങള്‍. സ്വന്തമായി ഒരു വാഹനമുണ്ട്, അതൊരു സ്വകാര്യ സ്‌കൂളിന്റെ കുട്ടികളെ കൊണ്ടുവരാനും കൊണ്ടുവിടാനുമായി ഒടിച്ചാണ് കുടുംബം കഴിയുന്നത്. നാല്‍പ്പതിനായിരം രൂപ സ്‌കൂളില്‍ നിന്നും കിട്ടും. 16,000 രൂപ സിസി അടക്കണം, 15,000 രൂപയോളം മാസം ഇന്ധനം അടിക്കാന്‍ തന്നെ ചെലവാകും. ബാക്കി തുകയാണ് കൈയില്‍ കിട്ടുന്നത്. അഞ്ചു മാസമായി സിസി അടവ് മുടങ്ങി കിടക്കുകയാണ്. ഇതിനെല്ലാം ഇടയിലാണ് ഇപ്പോള്‍ സ്വന്തമായി ഉള്ള ഈ വീടും സ്ഥലവും കൂടി നഷ്ടമാകുന്നത്”- ഷാജി പറയുന്നു.

പ്രീതയുടെ സഹോദരന്റെ ഭാര്യയുടെ സഹോദരനായ സാജന് വായ്പ എടുക്കാനായി ജാമ്യം നിന്നതാണ് ഇപ്പോള്‍ കിടപ്പാടം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് ഇവരെ എത്തിച്ചത്. രണ്ടു മക്കളാണ് പ്രീതയ്ക്കും ഷാജിക്കും. മകളുടെ വിവാഹം കഴിഞ്ഞു. മകന്‍, പഠനം പൂര്‍ത്തിയാക്കാതെ ഇപ്പോള്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. “കുട്ടികളെ കൂടുതല്‍ പഠിപ്പിക്കാനുള്ള ഗതിപോലും ഞങ്ങള്‍ക്കില്ലാതെ പോയി. മോളുടെ വിവാഹം ആഗ്രഹത്തിനൊത്ത് നടത്തി കൊടുക്കാനും പറ്റിയില്ല. എല്ലാം ഈ വായ്പ്പയുടെ ഭാരം മൂലമായിരുന്നു. എത്രയോ വലിയ മുതലാളിമാരുടെ കടം എഴുതി തള്ളുന്ന ബാങ്കുകള്‍ എന്നെ പോലെ പാവപ്പെട്ടവരോട് എന്തിന് ഈ ക്രൂരത ചെയ്യുന്നു, അന്നന്നത്തെ ദിവസം ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന പാവങ്ങളാണ് ഞങ്ങള്‍”- പ്രീത തങ്ങളുടെ അവസ്ഥ പറയുന്നു.

1994-ലാണ് ഇടപ്പള്ളി ലോഡ് കൃഷ്ണ ബാങ്കില്‍ നിന്ന് കെ.ആര്‍ സാജന്‍ രണ്ട് ലക്ഷം രൂപ വായ്പയെടുക്കുന്നത്. അവിവാഹിതനായ സാജന് സ്വന്തമായി ഭൂമിയൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ്, ബന്ധുത്വത്തിനപ്പുറം സാജനുമായി സൗഹൃദം ഉണ്ടായിരുന്ന ഷാജി തന്റെ വീടിന്റെയും പറമ്പിന്റെയും ആധാരം നല്‍കി ആള്‍ജാമ്യവും നിന്ന് ലോണ്‍ എടുക്കാന്‍ സഹായിക്കുന്നത്. വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന ഒരു വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു സാജന്‍. ഷാജി തന്റെ വണ്ടിയുമായി ഈ വര്‍ക് ഷോപ്പില്‍ തന്നെയാണ് ചെല്ലാറുള്ളത്. അവരുടെ ബന്ധം അങ്ങനെയാണ് കൂടുതല്‍ ദൃഢമായതും. വര്‍ക് ഷോപ്പ് ഒന്നുകൂടി മെച്ചപ്പെടുത്താനും മറ്റുമൊക്കെയായാണ് വായ്പ എടുക്കുന്നതെന്നതിനാല്‍ ഷാജിക്കും അതില്‍ സന്തോഷമായിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോണ്‍ അടച്ചു തീര്‍ത്തോളാമെന്ന സാജന്റെ വാക്കുകള്‍ പ്രീതയും ഷാജിയും വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ സാജന് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. വര്‍ക് ഷോപ്പിന്റെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ മുന്നോട്ടു പോയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറിയെന്നു പറഞ്ഞ്, ബാങ്കില്‍ നിന്ന് വായ്പയെടുത്ത പണത്തിന് കൃത്യമായി പലിശയടയ്ക്കാന്‍ പോലും സാജന് കഴിഞ്ഞില്ല. ഈ സമയത്താണ് ഷാജിയും പ്രീതയും മറ്റൊരു വസ്തുത അറിയുന്നത്. ചേരാനെല്ലൂര്‍ സ്വദേശിയായ സാജന് സ്വന്തമായി ഭൂമിയൊന്നും ഇല്ലെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും (ഉണ്ടായിരുന്ന ഭൂമി ബന്ധുക്കള്‍ക്ക് നല്‍കിയെന്നായിരുന്നു സാജന്‍ പറഞ്ഞിരുന്നതെന്നാണ് ഷാജി പറയുന്നത്) അയാള്‍ക്ക് ചേര്‍ത്തലയില്‍ സ്വന്തം പേരില്‍ ഭൂമി ഉണ്ട്. തങ്ങളോടത് മന:പൂര്‍വം പറയാതെ മറച്ചു എന്നാണ് പ്രീത പറയുന്നത്. പലിശയോ തുകയോ അടയ്ക്കാതെ സാജന്‍ മുന്നോട്ടു പോയപ്പോള്‍ ബാങ്കില്‍ അതിനനുസരിച്ച് ബാധ്യത കൂടുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ച്വൂറിയന്‍ ബാങ്ക് ഏറ്റെടുത്തു. സെഞ്ച്വൂറിയന്‍ ബാങ്ക്, വായ്പ കുടിശ്ശിക ചൂണ്ടിക്കാണിച്ച് സാജനും ഷാജിക്കും നോട്ടീസ് അയച്ചു. ജപ്തി നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ബാങ്ക് അറിയിച്ചതോടെ ഷാജി സാജനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. കുറച്ച് പണം താന്‍ ഉടനെ അടയ്ക്കാമെന്നു സാജന്‍ പറഞ്ഞു. അത് മതിയാകില്ലെന്നു മനസിലാക്കിയ പ്രീതയും ഷാജിയും ആകെയുള്ള ഇരുപത്തിരണ്ടര സെന്റ് ഭൂമിയില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. സാജനും കുറച്ച് പണം അടച്ചെന്നു പറഞ്ഞിരുന്നുവെങ്കിലും തങ്ങള്‍ അത് വിശ്വസിക്കുന്നില്ലെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്.

"</p

1998-ല്‍ സെഞ്ച്വൂറിയന്‍ ബാങ്കിനെ എച്ച്ഡിഎഫ്‌സി ബാങ്ക് ഏറ്റെടുത്തു. ബാധ്യതകളും വായ്പകളും ഏറ്റെടുക്കുന്ന സമയത്ത് വായ്പ തുകകളുടെ തിരിച്ചടവ് തുക എച്ച് ഡി എഫ് സി പെരുപ്പിച്ചു. രണ്ട് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും നാലു മാസം മുമ്പ് അയച്ച നോട്ടീസ് പ്രകാരം പ്രീതയോടുും ഷാജിയോടും എച്ച്ഡിഎഫ്‌സി ബാങ്ക് ആവശ്യപ്പെട്ടത് രണ്ട് കോടി എഴുപതു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു. ഇത്രയും വലിയ തുകയുടെ ബാധ്യത തങ്ങളുടെ മേല്‍ വന്നു വീണപ്പോള്‍ ഷാജിയും പ്രീതയും പൂര്‍ണമായി തകര്‍ന്നു പോയി. അറുത് വര്‍ഷം പഴക്കമുള്ള ഓട് മേഞ്ഞ തറവാട് വീടാണ്. വീടിപ്പോള്‍ ചോര്‍ന്നൊലിക്കുന്നുണ്ട്. വീട് അറ്റകുറ്റപണികള്‍ക്കും മറ്റും നഗരസഭയില്‍ നിന്നും ധനസഹായം കിട്ടും. പക്ഷേ, അതിനും തങ്ങള്‍ക്ക് കഴിയില്ലെന്ന അവസ്ഥയാണ്. കാരണം സ്ഥലത്തിന്റെ ആധാരം ബാങ്കില്‍ ഇരിക്കുകയാണ്. കരമടച്ച രസീതും മറ്റുമൊക്കെ കിട്ടണമെങ്കില്‍ ആധാരം വേണം. ഇതൊന്നും ഇല്ലാതെ നഗരസഭയില്‍ അപേക്ഷ വയ്ക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ കഷ്ടപ്പെടുമ്പോഴാണ് തങ്ങളെക്കൊണ്ട് ഒരിക്കലും കൂട്ടിയാല്‍ കൂടാത്തയത്ര തുക അടയ്ക്കാന്‍ പറഞ്ഞ് ബാങ്കില്‍ നിന്നും നോട്ടീസ് വന്നിരിക്കുന്നത്. പ്രീതയ്ക്കും ഷാജിക്കും മുന്നില്‍ ഇരുള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു അത്.

വായ്പയുടെ തിരിച്ചടവിനെ സംബന്ധിച്ച് സാജനുമായി സംസാരിച്ചു. ബാങ്ക് അമിത പലിശ ഈടാക്കുകയാണെന്നും ബാങ്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നുമായിരുന്നു സാജന്‍ പ്രീതയോടും ഷാജിയോടും പറഞ്ഞിരുന്നത്. വായ്പ തുക താന്‍ തന്നെ തിരിച്ചടച്ചോളം എന്നും സാജന്‍ ഇരുവരെയും സമാധാനിപ്പിച്ചു. അവര്‍ അയാളുടെ വാക്ക് വീണ്ടും വിശ്വസിച്ചു. എന്നാല്‍ സാജന്‍ അനങ്ങിയില്ല. സെഞ്ചൂറിയന്‍ ബാങ്കിനെ എച്ച്ഡിഎഫ്‌സി ഏറ്റെടുത്ത ശേഷം ജപ്തിക്കുള്ള നിയമനടപടികള്‍ വേഗത്തിലാകുകയുമായിരുന്നു. വീടും പറമ്പും ജപ്തി ചെയ്യുമെന്നതായതോടെ തങ്ങള്‍ക്കുള്ള ബാക്കി പതിനെട്ടര സെന്റ് സ്ഥലത്ത് നിന്ന് ഏഴ് സെന്റ് ബാങ്കിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായില്ലെന്നാണ് പ്രീത പറയുന്നത്. ഇതിനു പിന്നാലെ ബാങ്ക് വീടും സ്ഥലവും ഓണ്‍ലൈന്‍ ലേലത്തിന് വെച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും പ്രീത പറയുന്നു. ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു സ്വകാര്യ വ്യക്തി വീടും പുരയിടവും സ്വന്തമാക്കുകയും ചെയ്തു.

പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ 2014 ല്‍ തങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം നഷ്ടമായെന്ന വിവരം അറിയുന്നതെന്നാണ് പ്രീതയും ഷാജിയും പറയുന്നത്. 38,00000 രൂപയ്ക്ക് ആയിരുന്നു രതീഷ് ഇവരുടെ വീടും പുരയിടവും ഓണ്‍ലൈന്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അന്ന് രതീഷിനു മുന്നില്‍ ഇവര്‍ പ്രതിഷേധം തീര്‍ത്തു. അതോടെ രതീഷ് മടങ്ങിപ്പോയി. തങ്ങളുടെ വീടും സ്ഥലവും നഷ്ടമായെന്നറിഞ്ഞതോടെ പ്രീതയും ഷാജിയും നിവേദനങ്ങളും പരാതികളുമായി പലയിടത്തും കയറിയിറങ്ങി. തങ്ങള്‍ സ്വാഭാവിക നിയമനടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ബാങ്ക് അവരെ കൈയൊഴിഞ്ഞു. ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞു. പരിഹാരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വീടിനു മുന്നില്‍ ഒരു കട്ടില്‍ ഇട്ട് അതില്‍ കിടന്ന് പ്രീത സമരം തുടങ്ങി. ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടിട്ടും ഒരു ഇടപെടലും ഉണ്ടായില്ല. ഇതോടെ പ്രീത സമരത്തിന്റെ ശക്തി കൂട്ടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ചിതയൊരുക്കി വച്ച് നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സമരം മുന്നോട്ടു പോയതോടെ പ്രീത തളരാന്‍ തുടങ്ങി. ഇത് വാര്‍ത്തകളായി. സംഭവം നിയമസഭയില്‍ വരെ എത്തി. എംഎല്‍എമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, പിടി തോമസ്, എം സ്വരാജ് എന്നിവര്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചു. വിഷയത്തില്‍ ഇടപെടാമെന്നും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീതയുടെ നിരാഹാര സമരത്തിന്റെ പത്തൊന്‍പതാം ദിവസം അസിസ്റ്റന്റ് കളക്ടര്‍ പ്രീതയെ കാണാന്‍ എത്തുകയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പ്രീത സമരം അവസാനിപ്പിക്കുന്നത്. എന്നാല്‍ അവിടെയും അവര്‍ ചതിക്കപ്പട്ടു എന്നതാണ് തിങ്കളാഴ്ച നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

രണ്ടര കോടിക്കടുത്ത് മതിപ്പ് വിലയുള്ള തങ്ങളുടെ വീടും സ്ഥലവും നിസാര വിലയ്ക്കാണ് ബാങ്ക് ലേലത്തില്‍ വിറ്റതെന്നും ബാങ്കിന്റെ നടപടിയില്‍ അഴിമതിയുണ്ടെന്നും പ്രീതയും ഷാജിയും ആരോപിക്കുന്നു. 50 ലക്ഷം രൂപ നല്‍കാന്‍ തയാറാണെന്നും വീടും സ്ഥലവും തിരികെ നല്‍കണമെന്നുമാണ് പ്രീതയും ഷാജിയും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇതിന് തയാറാകാത്ത, ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ കൊങ്ങേള്‍പ്പിള്ളിയില്‍ പ്രീതയ്ക്കും കുടുംബത്തിനും മൂന്നു സെന്റ് സ്ഥലവും വീടും വെച്ച് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അത് അംഗീകരിക്കാത്ത പക്ഷം താന്‍ ലേലത്തില്‍ പിടിച്ച വീടിനും സ്ഥലത്തിനുമായി ഒന്നേകാല്‍ കോടി നല്‍കണമെന്നാണ് ആവശ്യം. അത്രയും തുക നല്‍കാന്‍ തങ്ങള്‍ക്ക് ആവില്ലെന്ന് പ്രീതയും ഷാജിയും പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്നും അല്ലാത്തപക്ഷം മറ്റു വഴികള്‍ മുന്നിലില്ലെന്നും വീട് നഷ്ടപ്പെട്ടാല്‍ മരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ഈ ഭാര്യയും ഭര്‍ത്താവും കണ്ണീരുകലര്‍ന്ന വാക്കുകളോടെ ഒരിക്കല്‍ കൂടി പറയുന്നു.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല

പ്രീതയുടെ സമരത്തിന്റെയും ഈ കുടുംബം നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും നിയമസഭയില്‍ അറിയിച്ചതാണെന്നും ജപ്തി നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതുമാണ്. മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്ന് തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എ ആയ പി.ടി തോമസ് അഴിമുഖത്തോട് പറഞ്ഞു. ബാങ്കിന്റെ ഇത്തരം നടപടികള്‍ക്ക് പിന്നില്‍ വലിയ കള്ളത്തരങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെടുന്നു.

സര്‍ഫാസി നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ നേരിട്ട് ജപ്തി നടപടികളിലേക്ക് നീങ്ങുന്നതുവഴി നിരവധി കുടുംബങ്ങള്‍ വഞ്ചിതരാകുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രീത. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീട് തിരികെ ലഭിക്കുന്നതിനുള്ള സമരത്തിലാണ് ഇവരെന്നും സമര സമിതി ചെയര്‍മാന്‍ പി.ജെ മാനുവല്‍ പറഞ്ഞു. സമരം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നു മനസിലായതോടെ വീടിന് മുന്നില്‍ ചിതയൊരുക്കി പ്രീത നിരാഹാര സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭയില്‍ ഈ വിഷയം എത്തിയതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്ക് പാഴായിരിക്കുകയാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെയെന്ന് പി.ജെ മാനുവല്‍ പറയുന്നു.

ലേലത്തിലൂടെ പ്രീതയുടെ വീടും സ്ഥലവും വാങ്ങിയ രതീഷ് നാരായണന്‍ കോതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പോലീസ് സഹായത്തോടെ എത്തുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സമരക്കാരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മാനുവല്‍ പറയുന്നു. ലോഡ് കൃഷ്ണ ബാങ്ക് അധികൃതര്‍ വായ്പ കുടിശിക പെരുപ്പിച്ച് കാണിച്ചതും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണ (ഡിആര്‍ടി)ലും റിയല്‍ എസ്‌റ്റേറ്റ് മാഫിയയും ഒത്തുകളിച്ചതിന്റെയും ഇരയാണ് ഈ കുടുംബം. കടത്തില്‍ വീണവരുടെ വസ്തു നിസാര വിലയ്ക്ക് ലേലം ചെയ്യാന്‍ കോഴ വാങ്ങുന്ന ഡിആര്‍ടി ഉദ്യോസ്ഥരുടെ കള്ളക്കളി പുറത്തുകൊണ്ടു വരാന്‍ സിബിഐ അന്വേഷണം വേണമെന്നും പി.ജെ മാനുവല്‍ പറയുന്നു.

അമിത പലിശ ചൂണ്ടിക്കാട്ടി ബാങ്കിനെതിരെ കേസ് കൊടുത്തെങ്കിലും പരാജയപ്പെട്ടു

1994 ല്‍ ലോഡ് കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടയ്ക്കുവാന്‍ സാധിച്ചില്ല. അമിത പലിശ ഈടാക്കിയതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് കോടതിയില്‍ കേസ് കൊടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പ്രീതയുടെ ഭര്‍ത്താവ് ഷാജി ആള്‍ജാമ്യം നിന്ന് ലോണ്‍ എടുത്തു കൊടുത്ത കെ.ആര്‍ സാജന്‍ അഴിമുഖത്തോടു പറഞ്ഞു. വായ്പയെടുത്ത ശേഷം 1,54000 രൂപ താനും 1,00000 രൂപ ഷാജിയും അടച്ചിരുന്നു. ഷാജിക്കും കുടുംബത്തിനും 50 ലക്ഷം രൂപ നല്‍കാന്‍ തയാറാണെന്നും എന്നാല്‍ ലേലത്തിലൂടെ വീടും സ്ഥലവും പിടിച്ച രതീഷ് നാരായണന്‍ ആവശ്യപ്പെടുന്ന ഒന്നേകാല്‍ കോടി രൂപ നല്‍കാന്‍ കഴിയില്ലെന്നുമാണ് സാജന്‍ പറയുന്നത്.

അതേസമയം ജപ്തി നടപടികളെ സംബന്ധിച്ച് അറിയുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മുകളില്‍ നിന്നുള്ള അനുമതിയില്ലാതെ പ്രതികരിക്കാന്‍ തയാറല്ലെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥ അഴിമുഖത്തോട് പറഞ്ഞത്.

ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

കേരളം മുങ്ങുകയാണ്; ബ്ലേഡ് മാഫിയയും ബാങ്കുകാരും വീതിച്ചെടുക്കുന്ന ജീവിതങ്ങള്‍

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍