Top

എടുത്തത് 3 ലക്ഷം, തിരിച്ചടച്ചത് 3.40 ലക്ഷം, ഇപ്പോള്‍ ബാങ്കിന് വേണ്ടത് 10 ലക്ഷം, മന്ത്രിയുടെ ഉത്തരവിനും പുല്ലുവില, വീടും ജപ്തി ചെയ്തു; സര്‍ഫാസി നിയമം നാണുവിനോട് ചെയ്യുന്നത്

എടുത്തത് 3 ലക്ഷം, തിരിച്ചടച്ചത് 3.40 ലക്ഷം, ഇപ്പോള്‍ ബാങ്കിന് വേണ്ടത് 10 ലക്ഷം, മന്ത്രിയുടെ ഉത്തരവിനും പുല്ലുവില, വീടും ജപ്തി ചെയ്തു; സര്‍ഫാസി നിയമം നാണുവിനോട് ചെയ്യുന്നത്
"അടയ്ക്കണം എന്നു വിചാരിച്ചു തന്നെയാണ് ലോണെടുത്തത്. അടവു തെറ്റിക്കുമെന്നൊന്നും വിചാരിച്ചതല്ല. വിചാരിക്കാതെ അപകടങ്ങള്‍ വന്നുപെട്ടപ്പോള്‍ മുങ്ങിപ്പോയതാണ്. മന്ത്രിയുടെ എഴുത്തുണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാങ്ക് പറയുന്നത്", കോഴിക്കോട് കുറ്റ്യാടിക്കടുത്ത് കൈവേലിയിലെ പണിതീരാത്ത വീടിന്റെ ഉമ്മറത്തിരുന്ന് തന്റെ അവസ്ഥ വിവരിക്കുമ്പോള്‍ നിസ്സഹായതയാണ് നാണുവിന്റെ വാക്കുകളില്‍. ബാങ്ക് ഒരു തവണ ജപ്തി ചെയ്തു പൂട്ടിപ്പോയ വീട്ടില്‍ നാട്ടുകാരുടെ സഹായത്താല്‍ താമസം തുടര്‍ന്നപ്പോഴും, സര്‍ക്കാര്‍ ഉത്തരവ് തനിക്ക് അനുകൂലമായി ഉണ്ടെന്ന ധൈര്യത്തിലായിരുന്നു നാണു. തനിക്കറിയാത്ത പുതിയ നിയമങ്ങളുടെ കണക്കു നിരത്തി വലിയ തുകകള്‍ തിരിച്ചടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍, ഇനി ആരെ സമീപിച്ചാലാണ് രക്ഷ എന്ന് നാണുവിനറിയില്ല.

സര്‍ഫാസി നിയമത്തെ മുന്നില്‍ നിര്‍ത്തി ബാങ്കുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണു പോകുന്നവരുടെ പട്ടികയിലെ ഏറ്റവുമൊടുവിലത്തെ പേരാണ് നാണുവിന്റേത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും നാണു മൂന്നു ലക്ഷം രൂപയുടെ കാര്‍ഷിക ലോണെടുക്കുന്നത്. ആദ്യ കാലങ്ങളില്‍ മുറ തെറ്റാതെ തുക തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിനച്ചിരിക്കാതെ ഭാര്യയ്ക്ക് അപകടം നേരിട്ടപ്പോള്‍ നാണുവിന്റെ സാമ്പത്തിക ബാധ്യതകള്‍ക്ക് കടുപ്പമേറി. അംഗപരിമിതനായ നാണുവിന് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നതും, നാണുവിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചതുമെല്ലാം ഇക്കാലയളവില്‍ത്തന്നെയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയി. സര്‍ഫാസി നിയമത്തിന്റെ ഇരകളിലൊരാളായി നാണുവിന് കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടിയും വന്നു.

വായ്പയെടുത്ത മൂന്നു ലക്ഷത്തില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ താന്‍ അതിനോടകം ബാങ്കില്‍ തിരിച്ചടച്ചു കഴിഞ്ഞിരുന്നെന്ന് നാണു പറയുന്നു. ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടുംബശ്രീയില്‍ നിന്നും ലോണെടുത്തും കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയുമുണ്ടാക്കിയ രണ്ടര ലക്ഷം രൂപയുമായി ബാങ്കിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൂന്നു ലക്ഷം രൂപ മുഴുവനായും അടച്ചു വീട്ടിയാല്‍ മാത്രമേ സ്വീകരിക്കാനാകൂ എന്നായിരുന്നു അന്ന് ബാങ്കിന്റെ പക്ഷം. അതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ജപ്തി നടക്കുന്നത്. ബാങ്ക് അധികൃതരെത്തി നാണുവിനെയും കുടുംബത്തെയും പുറത്താക്കി വീട് സീല്‍ ചെയ്യുകയും സെക്യൂരിറ്റി ജീവനക്കാരെ വീടിനു മുന്നില്‍ നിയോഗിക്കുകയും ചെയ്തു. സര്‍ഫാസി നിയമത്തിന്റെ മറയിലായിരുന്നു വായ്പാ തുകയിലും അധികം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ നീക്കം.

Also Read: സർഫാസി നിയമം: കോർപ്പറേറ്റുകൾക്ക് വാജ്പേയി സര്‍ക്കാര്‍ നൽകിയ സമ്മാനം

പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കൊപ്പം കാലിത്തൊഴുത്തില്‍ കഴിയേണ്ടി വന്ന നാണുവിന്റെ അവസ്ഥയില്‍ മനംനൊന്ത നാട്ടുകാരാണ് തിരികെ നാണുവിനെ വീട്ടില്‍ കയറ്റി താമസിപ്പിച്ചത്. തുടര്‍ന്ന് രണ്ടാമതും ബാങ്ക് അധികൃതര്‍ വീട്ടിലെത്തി മുദ്രവയ്ക്കുകയും ചെയ്തിരുന്നു. അടച്ചുറപ്പില്ലാത്ത കാലിത്തൊഴുത്തില്‍ അന്തിയുറങ്ങുന്നതിലെ ബുദ്ധിമുട്ടു കാരണം വീടിന്റെ ഒരു ഭാഗം തുറന്ന് അവിടെയാണ് നാണുവിന്റെ ഭാര്യയും മകളും ഇപ്പോള്‍ താമസിക്കുന്നത്. ബാക്കി ഭാഗത്ത് ഇപ്പോഴും ബാങ്കിന്റെ മുദ്രവച്ച പൂട്ടുണ്ട്.

സംഭവങ്ങളെക്കുറിച്ച് നാണു പറയുന്നതിങ്ങനെയാണ്: "ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ട് ഇവിടെയടുത്തുള്ള കുറച്ചാളുകളാണ് വീട്ടില്‍ ധൈര്യമായി കയറിത്താമസിച്ചോളാന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ജീവിച്ചു മരിക്കാനുള്ളതാണ് ഞങ്ങളുടെ വീട് എന്നു പറഞ്ഞ് അവര്‍ ബാങ്ക് ഇട്ട പൂട്ടൊക്കെ തല്ലിപ്പൊട്ടിച്ച് ഞങ്ങളോട് അകത്ത് കയറിക്കോളാന്‍ പറഞ്ഞു. അതിനു ശേഷം ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം. പക്ഷേ ഇത് ബാങ്കിന്റെ വസ്തു ആണെന്നും ഇവിടെ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങളാണ് ഉത്തരവാദികളെന്നുമൊക്കെ മുദ്രപത്രത്തില്‍ ബാങ്കുകാര്‍ എഴുതി ഒപ്പു മേടിച്ചു കൊണ്ടുപോയിട്ടുണ്ട്. അതിനു ശേഷം സഹകരണ വകുപ്പു മന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിരുന്നു. നാല് ലക്ഷത്തി നാല്‍പത്തിയയ്യായിരം രൂപ അടച്ചാല്‍ മതിയെന്ന് മന്ത്രി പറയുകയും ചെയ്തു. ആ കടലാസ് പക്ഷേ എന്റെ കൈയില്‍ വൈകിയാണ് കിട്ടിയത്. അതും കൊണ്ട് ബാങ്കില്‍ പോയപ്പോള്‍ സമയം കഴിഞ്ഞു പോയെന്നും വീണ്ടും അയയ്ക്കണമെന്നുമൊക്കെയാണ് ബാങ്കുകാര്‍ പറയുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് ചെലവായ പൈസയും കോടതിച്ചെലവുമടക്കം പത്തു ലക്ഷം രൂപ അടയ്ക്കാനാണ് ബാങ്കില്‍ നിന്നും ഇപ്പോള്‍ പറയുന്നത്. മന്ത്രിയുടെ എഴുത്തുണ്ടായിട്ടും അവര്‍ ഇതു തന്നെയാണ് പറയുന്നത്. പൈസ മുഴുവന്‍ അടയ്ക്കാതെ ജപ്തിയില്‍ നിന്നും ഒഴിവാക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. അടയ്ക്കണം എന്നു വിചാരിച്ച് തന്നെയാണ് ലോണെടുത്തത്. തുടര്‍ച്ചയായി അപകടങ്ങളുണ്ടായപ്പോള്‍ അടയ്ക്കാന്‍ പറ്റാതെയായതാണ്."


സഹകരണ വകുപ്പു മന്ത്രിക്ക് നാണു നല്‍കിയ പരാതി പരിഗണിക്കപ്പെടുകയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. 4,50,000 രൂപ ഒറ്റത്തവണയായി തിരിച്ചടച്ച് ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദ്ദേശം. നാണു തിരികെയടച്ചിട്ടുള്ള 1,95,000 രൂപ കണക്കിലെടുക്കണമെന്നും വായ്പ തുകയെക്കാള്‍ കൂടുതല്‍ പലിശയിനത്തില്‍ ഈടാക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ജൂലായ് മുപ്പതിനകം തുക അടയക്കണമെന്ന ഉത്തരവ് തന്റെ പക്കലെത്തിയത് വൈകിയാണെന്നാണ് നാണുവിന്റെ പരാതി. ഉത്തരവുമായി, നാലര ലക്ഷം രൂപയും സംഘടിപ്പിച്ച് ബാങ്കിലെത്തിയ നാണുവിന് ലഭിച്ചതാകട്ടെ, 10,28,025 രൂപയുടെ പുതിയ നോട്ടീസും.

4,41,090 രൂപയാണ് അധിക ചാര്‍ജ്ജുകളായി ബാങ്ക് നാണുനോട് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില് 3,36,300 രൂപ സെക്യൂരിറ്റി ചാര്‍ജിനത്തിലാണ് രേഖപ്പടുത്തിയിട്ടുള്ളത്. ജപ്തി ചെയ്തതിനു ശേഷം നാണുവിന്റെ വീട്ടില്‍ ബാങ്ക് നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരുടെ ചെലവാണ് ഈ തുക എന്നാണ് വിശദീകരണം. ഇതോടൊപ്പം ജപ്തിനടപടികള്‍ക്കായി ബാങ്കിന് ചെലവായ തുകയും, കേസ് നടത്തിപ്പിനായി ചെലവായ തുകയുമെല്ലാം ഉള്‍പ്പെടുത്തിയാണ് പത്തു ലക്ഷത്തിലധികം രൂപയുടെ നോട്ടീസ് സഹകരണ ബാങ്ക് കൊടുത്തിരിക്കുന്നത്. തുച്ഛമായ പെന്‍ഷന്‍ തുകയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നാണുവിന് ചിന്തിക്കാന്‍ പോലുമാകാത്ത സംഖ്യയാണിത്. തുക തിരിച്ചടയ്ക്കാത്ത പക്ഷം വീട്ടില്‍ നിന്നും എന്നെന്നേക്കുമായി ഇറങ്ങേണ്ടിവരുമെന്ന ഭയത്തിലാണിവര്‍.

https://www.azhimukham.com/kerala-bank-debt-recovery-sarfaesi-act-poor-family-fighting-to-save-their-home-and-land-amaljoy/

ഇടയ്ക്കിടെ വന്ന് പരിശോധിച്ചു പോകുകയും, ബാങ്കിനെ കബളിപ്പിച്ചു എന്നാരോപിക്കുകയും ചെയ്യുന്ന അധികൃതരോട് നാണുവിന്റെ ഭാര്യ രാധയ്ക്ക് പറയാനുള്ളതിതാണ്: "മൂന്നു ലക്ഷം രൂപയെടുത്തതിലേക്ക് മൂന്നു ലക്ഷത്തി നാല്‍പത്തിയയ്യായിരം രൂപ ഇതിനോടകം തിരിച്ചടച്ചു കഴിഞ്ഞു. ബാങ്കിനെ കബളിപ്പിക്കാനായിരുന്നെങ്കില്‍ അത്രയും തുക ഈയവസ്ഥയില്‍ തിരിച്ചടയ്ക്കുമോ? ആരേയും പറ്റിക്കണമെന്ന് ഞങ്ങള്‍ക്കില്ല. കടം വാങ്ങിച്ച തുകയും അതിനുള്ള പലിശയും തിരിച്ച് അടയ്ക്കാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറാണ്. പക്ഷേ പത്തു ലക്ഷമൊന്നും ഞങ്ങള്‍ക്ക് താങ്ങാനാകില്ല. മകളുടെ വിവാഹമടക്കം വലിയ ബാധ്യതകളുള്ളതാണ്.


രണ്ടാം തവണ ജപ്തി ചെയ്യാന്‍ അധികൃതര്‍ വന്നപ്പോള്‍ വിവരമറിഞ്ഞ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടറും എത്തിയിരുന്നതാണ്. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് ഞങ്ങളുടെ അവസ്ഥ വിശദമായി മനസ്സിലാക്കിയിട്ടാണ് അവരൊക്കെ പോയത്. അപ്പോള്‍ത്തന്നെ ഞങ്ങള്‍ കേള്‍ക്കെ ബാങ്കുദ്യോഗസ്ഥര്‍ പറഞ്ഞ്ത്, 'ആ വാര്‍ത്തയൊന്നും വരാന്‍ പോകുന്നില്ല, അതിനു ചെയ്യേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു വച്ചിട്ടുണ്ട്' എന്നാണ്. ആ വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ വന്നില്ലെന്ന് മാത്രമല്ല, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വന്നത് ഞങ്ങള്‍ക്ക് എതിരായിട്ടാണ്. ബാങ്കിലേക്ക് അടയ്‌ക്കേണ്ട തുക തിരിച്ചടയ്ക്കാതെ, ജപ്തി ചെയ്ത വീട് അനുവാദമില്ലാതെ തുറന്നു എന്നൊക്കെയാണ് എഴുതിയിരുന്നത്."


തവണകളായി അടയ്ക്കാന്‍ ബാങ്ക് അനുവദിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നാണ് രാധയുടെ പക്ഷം. സര്‍ക്കാരിന്റെ ഉത്തരവ് കണക്കിലെടുക്കാത്ത ബാങ്കുകാര്‍ക്കെതിരെ ഇനി എവിടെ പരാതി കൊടുക്കണമെന്ന് ഇവര്‍ക്കറിയില്ല. പുതിയ നിയമമനുസരിച്ച് ജപ്തി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് നിലപാടാണ് ബാങ്കിന്റേത്. സെക്യൂരിറ്റി ചാര്‍ജ്, കോടതിച്ചെലവുകള്‍ എന്നിവയ്ക്ക് ചെലവായിട്ടുള്ള തുക ഈടാക്കാന്‍ സര്‍ഫാസി നിയമത്തിലെവിടെയും വകുപ്പുകളില്ലെന്ന് അഭിഭാഷകനായ പ്രദീപ് പറയുന്നു. നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ച് രണ്ടു തവണ പ്രസിദ്ധീകരിക്കുന്ന പത്രപ്പരസ്യങ്ങള്‍ക്കായി മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ ചെലവു വരുന്നുണ്ട്. എന്നാല്‍ ഇത് ഈടാക്കേണ്ടത് വായ്പ അടയ്‌ക്കേണ്ടയാളില്‍ നിന്നല്ല. മറ്റു ചിലവുകളടക്കം നാലു ലക്ഷത്തിലധികം രൂപ അധിക ചാര്‍ജുകളായി ബാങ്ക് നാണുവിന്റെ പക്കല്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്.

വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍ഫാസി നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടണമെന്നും അഡ്വ. പ്രദീപ് പറയുന്നു. "സര്‍ഫാസി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഒരു നിയമസഭാ കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിലാദ്യമായാണ് ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ ഒരു കമ്മറ്റി രൂപീകരിക്കുന്നത്. കമ്മറ്റിയുടെ സിറ്റിംഗ് അടുത്തയാഴ്ച മുതല്‍ വച്ചിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അവര്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനനുസരിച്ച് സര്‍ക്കാര്‍ എന്തെങ്കിലും തരത്തിലുള്ള നടപടിയെടുക്കുമെന്ന് മാത്രമാണ് നാണുവടക്കമുള്ള സര്‍ഫാസി ഇരകള്‍ക്ക് ഇനി പ്രതീക്ഷിക്കാവുന്നത്."


https://www.azhimukham.com/sarfaesi-act-bank-debt-recovery-blade-mafia-kerala-hari/

തങ്ങള്‍ക്കു മാത്രമല്ല, തങ്ങളുടെ പ്രദേശത്തെ മറ്റു ധാരാളം പേരും സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് രാധ പറയുന്നു. കടമെടുത്ത് തിരിച്ചടയ്ക്കാനാകാതെ സര്‍ഫാസി ഭീഷണിയില്‍ കുരുങ്ങിയവരാണ് തങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍ അധികമെന്നും, പലരും തുറന്നു പറയാന്‍ മടിക്കുകയാണെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. നിയമക്കുരുക്കിലകപ്പെട്ട് ബാങ്കിന്റെ നടപടികള്‍ക്ക് വിധേയരാകേണ്ടി വന്നവരുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്-വയനാട് മേഖലയില്‍. കല്ലാച്ചിയില്‍ സ്‌റ്റേറ്റ് ബാങ്കിന്റെ ജപ്തി നടപടികളെ ഭയന്ന് ജീവിക്കുന്ന പെണ്‍കുട്ടികളും, മാനന്തവാടിയില്‍ പ്രളയക്കെടുതിയിലകപ്പെട്ട് തിരിച്ചടവ് മുടങ്ങി കെണിയിലായ കര്‍ഷകരുമെല്ലാം ഒരേ സര്‍ഫാസി ഭീകരതയുടെ ഇരകള്‍ തന്നെ.

https://www.azhimukham.com/sarfaesi-act-bank-debt-recovery-blade-mafia-kerala-aneeb/

Next Story

Related Stories