UPDATES

ട്രെന്‍ഡിങ്ങ്

രാജ കുടുംബാംഗം മുതല്‍ സിനിമാ താരം വരെ; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കി ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

നിര്‍മലാ സിതാരാമനും മോഹന്‍ലാലും സെന്‍കുമാറും സാധ്യതാ പട്ടികയിലില്ല

രാജകുടുംബാംഗത്തെ മുതല്‍ സിനിമാ നടനെ വരെ മത്സരിപ്പിക്കാന്‍ ഉറപ്പിച്ച് ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക കേന്ദ്രത്തിന് കൈമാറി. ഓരോ മണ്ഡലത്തിലേക്കും മൂന്ന് സ്ഥാനാര്‍ത്ഥികളെ വീതം നിര്‍ദ്ദേശിച്ചാണ് ഈ പട്ടിക. മുന്നണി ധാരണ അനുസരിച്ച് അഞ്ച് സീറ്റുകള്‍ ബിഡിജെഎസിനാണ്. ഇത് ഏതൊക്കെയാണെന്നതില്‍ ഇപ്പോഴും അവ്യക്തതയുള്ളതിനാല്‍ 11 മണ്ഡലങ്ങളിലെ സ്ഥിതിഗതികള്‍ മാറിമറിയാനാണ് സാധ്യത. തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പാര്‍ട്ടി എ പ്ലസ് കാറ്റഗറിയില്‍ പരിഗണിക്കുന്ന ഈ സീറ്റ് ബിജെപി വിട്ടു നല്‍കും.

പാര്‍ട്ടിക്ക് വിജയമുറപ്പുള്ള സീറ്റുകളാണ് എ പ്ലസ് മണ്ഡലങ്ങള്‍. നിലവില്‍ എ എന്‍ രാധാകൃഷ്ണനാണ് തൃശൂരില്‍ ആദ്യ പരിഗണന. തൃശൂരില്‍ രണ്ടാം സ്ഥാനം കെ സുരേന്ദ്രനാണ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഈ കാറ്റഗറിയിലെ മണ്ഡലങ്ങളില്‍ മൂന്നിലേറെ പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണന. മിസോറാം ഗവര്‍ണറായ കുമ്മനം തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ തയ്യാറാകുമോയെന്നതിനെ അനുസരിച്ചിരിക്കും അത്. സുരേഷ് ഗോപി, പിഎസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍ എന്നിവരാണ് കുമ്മനത്തിന് പിന്നാലെയുള്ളത്. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന് കുമ്മനം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് കുമ്മനം തന്നെ മത്സരിക്കുമെന്ന് ഉറപ്പിക്കാം. അതേസമയം ആര്‍എസ്എസിന്റെ നിര്‍ദ്ദേശത്തെ ബിജെപി ഇവിടെ പരിഗണിച്ചിട്ടില്ല. നിര്‍മ്മല സീതാരാമനെയായിരുന്നു ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്. കുമ്മനത്തിന് തിരുവനന്തപുരത്തുള്ള ജയ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയത് തിരുവനന്തപുരത്തെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളുടെ കുറവ് മൂലമായിരുന്നു. ആ മണ്ഡലങ്ങളിലും കുമ്മനത്തിന് ജനപിന്തുണയുണ്ടെന്നാണ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കുമ്മനം രണ്ടാം സ്ഥാനത്തായിരുന്നു. ഈ ഘടകങ്ങളെല്ലാമാണ് കുമ്മനത്തിന് വിജയപ്രതീക്ഷയേകുന്നത്.

പത്തനംതിട്ടയില്‍ തന്ത്രി കുടുംബാംഗം മഹേഷ് മോഹനര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ശശികുമാര വര്‍മ്മ, എംടി രമേശ് എന്നിവരെയാണ് പരിഗണിക്കുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെ ഇറക്കി നാമജപ ഘോഷയാത്രയും സമരവും തുടങ്ങുകയും ബിജെപിയെയും ആര്‍എസ്എസിനെയും ആദ്യ നിലപാട് അതിലേക്കെത്തിച്ചതും തന്ത്രി കുടുംബവും രാജകുടുംബവും ചേര്‍ന്നാണ്. ഇതാണ് മഹേഷ് മോഹനര്‍ക്കും ശശികുമാര വര്‍മ്മയ്ക്കും ഗുണം ചെയ്തത്. ശബരിമല വിഷയത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ തടിച്ച് കൂടിയത് പത്തനംതിട്ട ജില്ലയിലാണ്. അതിനാല്‍ തന്നെ ഇവരിലാര് മത്സരിച്ചാലും ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിജെപി കരുതുന്നുണ്ട്. ബിജെപി ഏറ്റെടുത്തതോടെ ശബരിമല സമരം സംസ്ഥാന വ്യാപകമായും ദേശീയ വ്യാപകമായും ബാധിച്ചുവെന്നതിനാല്‍ കണ്ണന്താനമോ രമേശോ മത്സരിച്ചാല്‍ ആ വോട്ടുകള്‍ നഷ്ടമാകാനിടയില്ല. എന്നാല്‍ പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നേടാമെന്നത് കണ്ണന്താനത്തിന് മുന്‍ഗണന നല്‍കുന്നു.

പാലക്കാട്ടും ആറ്റിങ്ങലും ശോഭാ സുരേന്ദ്രനെയും തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കെ സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. തിരുവന്തപുരത്ത് മത്സരിക്കാനായില്ലെങ്കില്‍ സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാനായേക്കും. അതേസമയം ആര്‍എസ്എസ് നിര്‍ദ്ദേശിച്ച നിര്‍മ്മല സീതാരാമനെ കൂടാതെ മോഹന്‍ലാലിനെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടിപി സെന്‍കുമാറാണ് ലിസ്റ്റില്‍ നിന്നും പുറത്തായ ശ്രദ്ധേയ മുഖം. പദ്മ പുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെയുള്ള വിവാദ പ്രസ്താവനയാണ് ഈ ഒഴിവാക്കലിന് കാരണം.

എന്തായാലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ നേതൃത്വുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ സാധ്യതപട്ടിക തയ്യാറാക്കിയത്. പക്ഷെ പട്ടിക കേന്ദ്രത്തിന് കൈമാറും മുമ്പ് സംസ്ഥാനത്ത് വിശദമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന പരാതി വി. മുരളീധരപക്ഷത്തിനുണ്ട്. അതോടെ പാര്‍ട്ടിയിലെ ഭിന്നതയും രൂക്ഷമാകുകയാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍