ടിപ്പു വന്ന വഴിയേ ബിജെപി കേരളത്തിലേക്ക്; കര്‍ണ്ണാടകയിലെ കാവി വിജയത്തിന്റെ ദുസ്സൂചനകള്‍

Print Friendly, PDF & Email

കേരളത്തിൽ ടിപ്പു നടത്തിയ പട്ടാളനീക്കങ്ങൾ പ്രധാനമായും ബാധിച്ചത് അന്ന് സാമൂതിരിയോട് ചേർന്നു നിന്നിരുന്ന സമ്പന്നരെയാണ്. ഇതിൽ ഹിന്ദു-ക്രിസ്ത്യൻ സവർണരെല്ലാം പെടും.

A A A

Print Friendly, PDF & Email

പൊന്നാനിയില്‍ സാമൂതിരിയുടെ അധീനതയിലുള്ള തൃക്കാവ് ക്ഷേത്രത്തിൽ തമ്പടിച്ച ഹൈദരാലിയെ കാണാനാണ് വെള്ള മനയ്ക്കല്‍ നമ്പൂതിരി ചെന്നത്. ഹൈദരലിയുടെ വരവിനു പിന്നിലുള്ള ഉദ്ദേശ്യം വെള്ളയ്ക്ക് നന്നായറിയാം. അതിനൊരു ചരിത്രമുണ്ട്. പാലക്കാട്ടച്ചന്മാരെ ഉപദ്രവിക്കാൻ സാമൂതിരി ചെന്ന കാലത്ത് അവർ മൈസൂർ രാജാവിന്റെ സൈന്യാധിപനായ ഹൈദരാലിയെ സമീപിക്കുകയുണ്ടായി. ഹൈദരാലി ഒരു പട്ടാളവിഭാഗത്തെ അയച്ച് സാമൂതിരിയുടെ നായർ പടയാളികളെ പിടികൂടി. യുദ്ധത്തിന്റെ ഒത്തുതീർപ്പിന് ഒരു സംഖ്യ നൽകിക്കൊള്ളാമെന്ന് ഹൈദരാലിക്ക് ഉറപ്പു നൽകി സാമൂതിരി തടിയെടുത്തു. സാമൂതിരി പക്ഷെ വാക്ക് പാലിച്ചില്ല. ഈ പണം ആക്രമിച്ച് തിരിച്ചെടുക്കാനെത്തിയതാണ് ഹൈദരാലി. സാമൂതിരി സമ്പത്ത് ഒളിപ്പിച്ചിരിക്കുന്നത് ക്ഷേത്രങ്ങളിലാണ്. അവ തുരന്നെടുക്കണം. ഹൈദരാലി തൃക്കാവിൽ എത്തിയതിന്റെ കാരണം മനസ്സിലാക്കിയ വെള്ള മനയ്ക്കൽ നമ്പൂതിരി അദ്ദേഹത്തെ നേരിൽച്ചെന്ന് കണ്ട് ഇന്റർവ്യൂ ചെയ്തു. അമ്പലത്തിലെ കിണറിന്റെ കെട്ടിൽ കാൽ കയറ്റിവെച്ച് നിൽക്കുകയാണ് ഹൈദരലി. ശ്രീകോവിലിൽ വല്ലതുമുണ്ടോ എന്ന് ഹൈദരലി ചോദിച്ചു. തൃക്കാവ് ക്ഷേത്രവുമായി സാമൂതിരിക്ക് അത്തരമൊരു ഇടപാടില്ലാത്ത കാര്യം വെള്ള നമ്പൂതിരി തെര്യപ്പെടുത്തി. ഹൈദരലി അമ്പലം തുരക്കാൻ മെനക്കെടുകയുണ്ടായില്ല.

കേരളത്തിലെ മൈസൂർ പട്ടാളനീക്കങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വെള്ള നമ്പൂതിരി ഹൈദരലിയുമായി നടത്തിയ ഈ ഇന്റർവ്യൂ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലബാറിലെ അമ്പലങ്ങളെ കേന്ദ്രീകരിച്ച് ഹൈദരലി നടത്തിയ തിരച്ചിലുകൾ സാമൂതിരിയുടെ സത്യലംഘനമായിരുന്നെങ്കിൽ മകനായ ടിപ്പു സുൽത്താൻ നടത്തിയ തെരച്ചിലുകൾക്കു പിന്നിൽ ബ്രിട്ടിഷ് സാമ്രാജ്യത്വത്തോട് പോരാടാനുള്ള സമ്പത്ത് ശേഖരിക്കലായിരുന്നു. കൂടെ, അക്കാലത്തെ (എക്കാലത്തെയും) പട്ടാളനീക്കങ്ങളിൽ ഉണ്ടാകാറുള്ള തെമ്മാടിത്തരങ്ങളും അരങ്ങേറിയിരിക്കാം. എങ്കിലും പൊതുവിലുള്ള പരിപ്രേക്ഷ്യത്തിൽ ടിപ്പുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പുരോഗമനപരമായിരുന്നു എന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്.

കേരളത്തിൽ എന്നല്ല, ദക്ഷിണേന്ത്യയിൽ തന്നെ ഇന്ന് നിലവിലുള്ള തഹസിൽ, വില്ലേജ് സംവിധാനങ്ങളെല്ലാം ടിപ്പുവിന്റെ സംഭാവനകളാണ്. സമൂഹത്തിലെ പ്രമാണിമാരെ വശത്താക്കി പങ്കുകച്ചവടം നടത്തി, ബ്രിട്ടീഷുകാരോട് എളുപ്പത്തിൽ അടിയറവ് പറഞ്ഞ് തന്റെ കച്ചവടങ്ങൾ നടത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് സ്വസ്ഥം രാജഭരണത്തിലേർപ്പെട്ടിരുന്ന സാമൂതിരിയുമായി രാഷ്ട്രതന്ത്രത്തിൽ ഏറെ വ്യത്യസ്തനും പുരോഗമനകാരിയുമായിരുന്നു ടിപ്പു. നാടുവാഴിത്തത്തിൽ നിന്ന്, ഫ്യൂഡൽ വ്യവസ്ഥയുടെ കെടുതികളിൽ നിന്ന് തനിക്ക് അധീനമായ പ്രദേശങ്ങളെ മോചിപ്പിക്കാന്‍ ടിപ്പു നടത്തിയ ശ്രമങ്ങളെ തീവ്രവലതുപക്ഷ ചരിത്രകാരന്മാർ ഹിന്ദുക്കള്‍ക്കെതിരായ നീക്കമായാണ് വ്യാഖ്യാനിച്ചത്.

സമൂഹത്തിൽ വിപ്ലവകരമായ ഇടപെടൽ നടത്തി വലിയ മുന്നേറ്റം സാധിച്ച ടിപ്പുവിനെ ബലാൽസംഗക്കാരനായും മതതീവ്രവാദിയായും ചിത്രീകരിക്കാൻ തീവ്രവലത് ചരിത്രകാരന്മാർ നടത്തിയ ശ്രമങ്ങളെ വസ്തുതകൾ വെച്ച് പൊളിക്കാൻ ലിബറൽ, ഇടത് ചരിത്രമെഴുത്തുകാർക്കും സ്വതന്ത്ര ബിദ്ധിജീവികൾക്കും സാധിക്കുകയുണ്ടായി. എന്നാൽ, ഈ പിടി തീവ്രവലതുപക്ഷം അയച്ചുവെന്ന് കരുതരുത്. കർണാടകത്തിൽ നിന്നും പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം ഇതുറപ്പിക്കുന്നുണ്ട്. ഒപ്പം കേരളം എത്രത്തോളം ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതിന്റെ സൂചനയും ഇതിലുണ്ട്.

ടിപ്പുവിന്റെ മരണത്തിൽ വിലപിക്കുന്ന കുടുംബം
ടിപ്പുവിന്റെ മരണത്തിൽ വിലപിക്കുന്ന കുടുംബം

കാർഷിക പ്രശ്നങ്ങൾ, അഴിമതി, കർണാടക ദേശീയത, കാവേരി പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിഷയമായിരുന്നെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യം ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിനായിരുന്നു. ബിജെപി ഉയർത്തിക്കാട്ടാൻ ഏറെ ഇഷ്ടപ്പെട്ട വിഷയങ്ങളിലൊന്ന് സിദ്ധരാമയ്യ ടിപ്പുവിനോട് പുലർത്തുന്ന ആരാധനാമനോഭാവമായിരുന്നു. ഭരണനേട്ടം സംബന്ധിച്ച പ്രശ്നങ്ങളെക്കാൾ ജാതിയും മതവും ചർച്ചയായിത്തീരുന്നതിന് അടിത്തറയൊരുക്കിയത് സിദ്ധരാമയ്യ തന്നെയാണെന്നതിൽ രണ്ടു പക്ഷമില്ല. തന്റെയുള്ളിലെ സോഷ്യലിസ്റ്റ് റെവല്യൂഷണറിക്ക് ആഘോഷങ്ങളൊരുക്കാനുള്ള അവസരമായിട്ടാണ് കഴിഞ്ഞ അഞ്ചു വർ‌ഷത്തെ ഭരണം സിദ്ധരാമയ്യ ഉപയോഗിച്ചതെന്നു വിമർശനമുയർന്നാല്‍ തെറ്റ് പറയാനാവില്ല. സ്വാഭാവികമായും പൊതുചര്‍ച്ചയിൽ ബിജെപിയുടെ അജണ്ടകളായ ബീഫും ടിപ്പുവുമെല്ലാം കടന്നുവരുന്നു. അവ വികസന ചർച്ചകളെ മറികടക്കാൻ പാകത്തിൽ പല പ്രദേശങ്ങളിലും വളർന്നു.

കർണാടകയ്ക്കു ശേഷം കേരളം പിടിക്കാനുള്ള പടപ്പുറപ്പാട് തങ്ങള്‍ തുടങ്ങിയെന്ന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സദാനന്ദ ഗൗഡ അടക്കമുള്ളവരുടെ പ്രഖ്യാപനം ചില സൂചനകൾ നൽകുന്നുണ്ട്. എന്തായിരിക്കും കർണാടകത്തിനു ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പിനായി സംഘപരിവാറിന്റെ വിചാരകേന്ദ്രങ്ങളുടെ അടുപ്പിൽ വേകാൻ വെച്ചിരിക്കുന്നതെന്ന് പരിശോധിച്ചു തുടങ്ങേണ്ട നിർണായക സമയമാണിത്.

കേരളത്തിൽ ടിപ്പു നടത്തിയ പട്ടാളനീക്കങ്ങൾ പ്രധാനമായും ബാധിച്ചത് അന്ന് സാമൂതിരിയോട് ചേർന്നു നിന്നിരുന്ന സമ്പന്നരെയാണ്. ഇതിൽ ഹിന്ദു-ക്രിസ്ത്യൻ സവർണരെല്ലാം പെടും. ഭൂമിയും സമ്പത്തുമുള്ളവര്‍ സമ്പത്ത് ഒളിപ്പിച്ചു വെച്ചിട്ടുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടുണ്ട് ടിപ്പു എന്നതിനെ ആധാരമാക്കി ഒരു പ്രചാരണത്തിന് ബിജെപി ഫണ്ടിങ് നടത്തുമോയെന്നതാണ് ആലോചിക്കേണ്ടത്. ഈ വിഷയത്തിൽ വളരെ പണ്ടുമുതലേ കേരളത്തിലെ സംഘത്തിന് താൽപര്യമുണ്ട് എന്നതും കാണണം.

അക്കാലത്ത് സമ്പന്നരുടെ എണ്ണം തീരെ കുറവായിരുന്ന തിയ്യർ മുതൽ താഴോട്ടുള്ള ജനവിഭാഗങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിന്റെ ഗുണഭോക്താക്കളാണ്. ബലപ്രയോഗമൊന്നും കൂടാതെ അക്കാലത്ത് മതപരിവർത്തനങ്ങളും ഈ വിഭാഗങ്ങൾക്കിടയിൽ നടന്നിട്ടുണ്ട്. അവർക്കുള്ള നേട്ടങ്ങൾ പലതായിരുന്നു. അവയിൽ പ്രധാനം ജന്മിമാരിൽ നിന്നുള്ള രക്ഷ തന്നെയായിരുന്നു. മറ്റുള്ളവർക്ക് ഭൂമിയും സമ്പത്തും നഷ്ടം വന്നിട്ടുണ്ട് എന്നതിലൂന്നി പ്രചാരണതന്ത്രം രൂപീകരിക്കാൻ സംഘപരിവാർ ശ്രമം നടത്തിയേക്കും. ടിപ്പു വർഗീയവാദിയായിരുന്നുവെന്ന സ്ഥിരം പ്രചാരണം തിയ്യ, ദളിത് വിഭാഗങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുക്കാനും ബിജെപി ശ്രമം നടത്തിയേക്കാം. ഇവയെല്ലാം നിലവിൽ വെറും സാധ്യതകൾ മാത്രമാണെങ്കിലും നിലവിലെ പടയോട്ടങ്ങളെല്ലാം ബിജെപിയുടെ ജയത്തിലവസാനിച്ച സ്ഥിതിക്ക് വൻ ഫണ്ടൊഴുക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുക തന്നെ വേണം.

അങ്ങേയറ്റം കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ടിപ്പുവിനെ സംബന്ധിച്ചുള്ളത് എന്നത് വ്യക്തമാണ്. ചരിത്രത്തെളിവുകളുടെയും സാമൂഹികപഠനങ്ങളുടെയും വെളിച്ചത്തില്‍ ആരാണ് ടിപ്പു എന്നതു സംബന്ധിച്ച് കേരളത്തിനുള്ള പൊതുധാരണ കർണാടകത്തിൽ കാണാനാകില്ല. ഇതിന് അവിടുത്തെ കോൺഗ്രസ്സ് നേതൃത്വവും ഉത്തരവാദികളാണ്. സിദ്ധരാമയ്യയ്ക്കു മുമ്പുള്ള കോൺഗ്രസ്സ് ഭരണാധികാരികളാരും തന്നെ ടിപ്പുവിന്റെ നേട്ടങ്ങളെ ഇത്രത്തോളം തിരിച്ചറിഞ്ഞിരുന്നില്ല. അല്ലെങ്കിൽ അതിന് തയ്യാറായിരുന്നില്ല. ടിപ്പുവിനെ സംബന്ധിച്ചുള്ള കേരളത്തിന്റെ രാഷ്ട്രീയബോധ്യത്തെ തകർക്കാൻ സംഘപരിവാർ നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നിരിക്കിലും രാഷ്ട്രീയ വിചാരകേന്ദ്രങ്ങളിലേക്ക് നടക്കാനിടയുള്ള ഫണ്ടൊഴുക്കിനെക്കുറിച്ച് ജാഗ്രത പുലർത്താതിരിക്കുന്നത് അബദ്ധമായിരിക്കും.

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍