Top

ബിജെപിയുടെ 'പൂജ്യ'ത്തെ എന്തുകൊണ്ട് എല്‍ഡിഎഫും യുഡിഎഫും പേടിക്കണം?

ബിജെപിയുടെ
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ അവസാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ഇന്ന് പുറത്തു വന്നിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയത്തിന്റെ പള്‍സ് എന്താണെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. രണ്ട് മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് മനസിലാകാന്‍ ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രാധാന്യം. ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വിശ്വാസികളുടെ സമൂഹം ബിജെപിക്കൊപ്പം നില്‍ക്കുമോയെന്നതായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെ ശ്രദ്ധേയമായ ചോദ്യം. മുപ്പത് സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി വെറും വട്ടപൂജ്യമായി നില്‍ക്കുകയാണ്. എല്‍ഡിഎഫ് 16ഉം യുഡിഎഫ് 12ഉം സീറ്റുകള്‍ നേടിയെന്നത് ഇരുവര്‍ക്കും ആഹ്ലാദത്തിന് വകയാണ്. മറ്റ് രണ്ട് സീറ്റുകളില്‍ ഒന്ന് ആര്‍എംപിയും രണ്ട് കോണ്‍ഗ്രസ് വിമതനുമാണ് നേടിയത്. പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്താണ് തങ്ങളുടെ നേട്ടമെന്നത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷ വളര്‍ത്താന്‍ കാരണമായിട്ടുണ്ട്. അതേസമയം ഈ ഫലങ്ങളിലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ ബിജെപിക്ക് നേട്ടമില്ലെന്ന് ഒരു കാരണവശാലും പറയാനാകില്ല.

ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും പലയിടങ്ങളിലും യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തള്ളി ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത് എന്നത് വളരെ ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ കമലയിലൂടെ കോണ്‍ഗ്രസ് കൗണ്‍സിലറെ രാജിവയ്പ്പിച്ച് പാലക്കാട് നഗരസഭയിലെ അധികാരം നിലനിര്‍ത്തിയതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന കല്‍പ്പാത്തിയില്‍ അവര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു പ്രതികാരം വീട്ടലായി മാറി. ഓപ്പറേഷന്‍ കമലയെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്ന് ആശ്വസിക്കാമെങ്കിലും രണ്ടാം സ്ഥാനത്താണ് അവരെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിബിന് 885 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥികളായ ബിജെപിയുടെ ശാന്തകുമാരന് 464ഉം സിപിഎമ്മിന്റെ പി സത്യഭാമയ്ക്ക് 309ഉം വോട്ടുകളാണ് ലഭിച്ചത്.

കല്‍പ്പാത്തിയേക്കാള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥപ്പെടുത്തുന്നത് തെക്കന്‍ ജില്ലകളിലെ കണക്കുകളാണ്. നാല് ഇടങ്ങളിലാണ് ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി പ്രഭ 193 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും ബിജെപി എല്‍ സുജകുമാരിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപി നാല് എ പ്ലസ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. അതായത് ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്ന്. മറ്റൊരു എ പ്ലസ് മണ്ഡലമായ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് ആണ് ഇവിടെ ജയിച്ചിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് നേട്ടമാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ രണ്ടാം സ്ഥാനത്തെ കാണേണ്ടത്. തിരുവനന്തപുരം ബിജെപിക്ക് സ്വാധീനമുള്ള ജില്ലയാണെങ്കിലും പത്തനംതിട്ടയെ ഒരിക്കലും അങ്ങനെ പറയാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ശബരിമലയുടെ അടുത്ത് കിടക്കുന്ന റാന്നിയില്‍ ആണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ശബരിമല വിഷയം ആ വിശ്വാസവുമായി ഏറ്റവും അടുത്തു കിടക്കുന്നവരെ സ്വാധീനിച്ചതിന് തെളിവായി ഇതിനെ കണക്കാക്കാവുന്നതാണ്.

ബിജെപി മൂന്നാമത്തെ എ പ്ലസ് വിഭാഗമായി കരുതിയിരിക്കുന്ന തൃശൂരിലും ഇതേ മുന്നേറ്റം കാണാം. ചാഴൂര്‍, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ രണ്ടെടുത്തും എല്‍ഡിഎഫ് വിജയിച്ചെങ്കിലും ചാഴൂരില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ കോട്ട എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കൊല്ലം ജില്ലയിലാണ് ബിജെപിയുടെ മറ്റൊരു മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ച ജില്ലയാണ് കൊല്ലം. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്‍ ഡിവിഷനിലെ സീറ്റ് സിപിഎം നിലനിര്‍ത്തിയെങ്കിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിന്റെ ഗീതാ ബാലകൃഷ്ണന് 3083 വോട്ടും ബിജെപിയിലെ എ ഗീതയ്ക്ക് 2028 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ അശ്വതി അശോക് 1437 വോട്ടുമായി മൂന്നാം സ്ഥാനത്തായി. പെരുമണ്‍ ഇപ്പോഴും ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമാണെന്നിരിക്കെയാണ് ഈ ബിജെപി തേരോട്ടം.

ശബരിമലയാണോ ഈ നാല് സീറ്റുകളിലെ ബിജെപിയുടെ രണ്ടാം സ്ഥാനത്തിന് കാരണമെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും ഇതൊരു സൂചനയായി തന്നെ കാണണം. ആരും ശ്രദ്ധിക്കാതെ ബിജെപി ജനങ്ങള്‍ക്കിടയില്‍ വളരുകയാണെന്നതിന്റെ സൂചന. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാമ്പിളാകുമെന്ന് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഉറച്ചുവിശ്വസിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ ബിജെപിയെ നിലംതൊടീച്ചില്ലെന്ന് ആശ്വസിക്കുമ്പോഴും എല്‍ഡിഎഫും യുഡിഎഫും അവരുടെ ആ പൂജ്യത്തെ ഭയക്കേണ്ടതുണ്ട്.

Next Story

Related Stories