TopTop
Begin typing your search above and press return to search.

അഴിമതിയുടെ പേരില്‍ ചേരിപ്പോര്; അമിത് ഷാ ആദ്യം കേരളം പിടിക്കുമോ അതോ ഇവിടുത്തെ ബിജെപിയെ നന്നാക്കുമോ?

അഴിമതിയുടെ പേരില്‍ ചേരിപ്പോര്; അമിത് ഷാ ആദ്യം കേരളം പിടിക്കുമോ അതോ ഇവിടുത്തെ ബിജെപിയെ നന്നാക്കുമോ?
മെഡിക്കല്‍ കോഴ വിവാദത്തില്‍ കേരള ബിജെപി ഘടകത്തിലെ പൊട്ടിത്തെറി കൂടുതല്‍ വലുതാകുന്നു. ചേരിതിരിഞ്ഞുള്ള പോര് വന്‍ ആരോപണ, പ്രത്യാരോപണങ്ങളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.

കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായി വന്നതിനുശേഷം പാര്‍ട്ടിയില്‍ അഴിമതി വര്‍ദ്ധിച്ചെന്ന് മുന്‍ അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്റെ പക്ഷം തൃശൂരില്‍ ഇന്നു കൂടിയ ബിജെപി നേതൃയോഗത്തില്‍ ആക്ഷേപം ഉന്നയിച്ചാതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. കുമ്മനത്തിന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രമായെന്നു മുരളീധരന്‍ യോഗത്തില്‍ തുറന്നടിച്ചതായാണ് പറയുന്നത്. അഴിമതി സംബന്ധിച്ച് ആറുമാസം മുമ്പ് പരാതി നല്‍കിയിരുന്നതായും മുരളീധരന്‍ പറയുന്നു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ വി വി രാജേഷില്‍ മാത്രം ഒതുക്കി നിര്‍ത്തരുതെന്ന കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യവും സംസ്ഥാന പ്രസിഡന്റിനെതിരേയുള്ള ആയുധമാണ്. തിരിച്ചടിയെന്നോണം, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ കൂടുതല്‍ നേതാക്കള്‍ ഉണ്ടെന്നാണ് ഔദ്യോഗികപക്ഷം ആരോപിച്ചത്.

ജനമധ്യത്തില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കുന്ന മറ്റൊരു തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടായി. കുമ്മനം നടത്താനിരുന്ന കേരള യാത്ര മാറ്റിവച്ചതാണ് അത്. മെഡിക്കല്‍ കോഴ വിവാദം ചൂടേറിയ ചര്‍ച്ചയായി രാഷ്ട്രീയകേരളത്തില്‍ നിലനില്‍ക്കുന്ന സമയത്ത് കുമ്മനത്തിന്റെ യാത്ര മാറ്റി വയ്ക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. തൃശൂരിലെ യോഗത്തില്‍ ഇത് സ്ഥീരികരിക്കപ്പെടുകയായിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ എന്ന ലേബലില്‍ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനുമെതിരേയായി നടത്തുന്ന യാത്ര ഇപ്പോള്‍ ബിജെപിയെ മൂടി നില്‍ക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തില്‍ സെപ്തംബര്‍ മാസത്തേക്ക് നീട്ടുകയായിരുന്നു. സെപ്തംബര്‍ ഏഴു മുതല്‍ 23 വരെയാണ് ഇപ്പോള്‍ ജാഥ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ബിജപി ജില്ല പ്രസിഡന്റുമാരുടെ യോഗമാണ് പ്രധാനമായും ഉദ്ദേശിച്ചിരുന്നതെങ്കിലും മെഡിക്കല്‍ കോഴയാണ് ചര്‍ച്ചയായത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭ്യമാക്കാന്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് കേരള ബിജെപി ഘടകം കരുക്കില്‍ പെട്ടത്. ആരോപണ വിധേയനായ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ വി വി രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും നീക്കിയത്.അതേസമയം മെഡിക്കല്‍ കോഴക്കേസില്‍ കുമ്മനത്തിനെതിരേ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെപാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് വെട്ടിമാറ്റിയെന്നും കൂടാതെ കോഴയായി വാങ്ങിയ തുകയെന്നത് കണ്‍സള്‍ട്ടന്‍സി ഫീസ് വാങ്ങിയെന്നതാക്കിയും തിരുത്തിയ റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തിരുത്തലുകള്‍ വരുത്തുന്നതിനു മുമ്പുള്ള റിപ്പോര്‍ട്ടിന്റെ കോപ്പി കേന്ദ്രനേതൃത്വത്തിന് അന്വേഷണ കമ്മിഷനില്‍ ഉള്ള ഒരംഗം നേരത്തെ തന്നെ അയച്ചു കൊടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മലയാള മനോരമയിലുണ്ട്. റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം കേന്ദ്രനേതൃത്വത്തില്‍ സംശയം ജനിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. സംസ്ഥാന നേതൃത്വത്തോട് അടുത്തു നില്‍ക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് പാര്‍ട്ടിയില്‍ മറുവിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്. ഇന്നത്തെ യോഗത്തില്‍ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഉന്നയിച്ച ആരോപണങ്ങളും ആവശ്യങ്ങളും വിരല്‍ ചൂണ്ടുന്നതും ഈ കാര്യത്തിലേക്കാണ്.

മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തങ്ങളുടെ പേരുകള്‍ ഉയര്‍ന്നു വന്നതില്‍ ചില നേതാക്കള്‍ നേതൃത്വത്തിനെതിരേ സംശയം ഉയര്‍ത്തുന്നുമുണ്ട്. കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, അമിത് ഷായ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണെണ്ടെന്നുമാണ് രമേശ് പറയുന്നത്.

കേരള ബിജെപിയെ നിരീക്ഷിക്കുന്നവര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം സംസ്ഥാന അധ്യക്ഷനെ തല്‍സ്ഥാനത്തു നിന്നും നീക്കാനുള്ള ശക്തമായ പടയൊരുക്കം പാര്‍ട്ടിയില്‍ നടക്കുന്നുണ്ടെന്നതു തന്നെയാണ്. കേന്ദ്രനേതൃത്വം ഈ കളിയില്‍ ഏതു ഭാഗത്ത് നില്‍ക്കുമെന്നതുമാത്രമാണ് ആകെയുള്ള ആകാംക്ഷ. രാജ്യത്ത് എല്ലായിടത്തും ഏതുവിധേനയും സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമ്പോഴും കേരളത്തില്‍ മാത്രം ഒന്നും നടക്കാതെ പോകുന്നതായി സംസ്ഥാന ഘടകത്തിനെതിരേ കേന്ദ്രനേതൃത്വത്തിന് ആക്ഷേപം നിലനില്‍ക്കുകയാണ്. ഏതുവിധേനയും കേരളത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അമിത് ഷാ നേരിട്ട് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനിടയിലാണ് കേരളത്തില്‍ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്ക് പോകുന്നത്; കേന്ദ്ര നേതൃത്വം ഇതിനെ എങ്ങനെ മറികടക്കും എന്നതനുസരിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍.

Next Story

Related Stories