UPDATES

അടൂരിന്റെ വീട്ടിനു മുമ്പിലും ‘ജയ് ശ്രീരാം’ വിളിക്കും; സഹിക്കുന്നില്ലെങ്കിൽ പേര് മാറ്റണം; ചന്ദ്രനിൽ പോകണം: ഭീഷണിയുമായി ബിജെപി നേതാവ്

കേന്ദ്ര സര്‍ക്കാരിൽ നിന്നും ഒന്നും കിട്ടാത്തതു കാരണമാണ് അടൂർ തങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണത്തിനും മതവിദ്വേഷത്തിനുമെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഖ്യാത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയ് ശ്രീരാം വിളി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അടൂരിന് ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്ന് ബിജെപി നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗോപാലകൃഷ്ണൻ എന്ന പേര് മാറ്റണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ജയ് ശ്രീരാം വിളികളുടെ അകമ്പടികയോടെ ആൾക്കൂട്ട ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിലായിരുന്നു അടൂർ അടക്കമുള്ള സാസ്കാരിക നായകരുടെ കത്ത്.

ജയ് ശ്രീരാം വിളികൾ ഇപ്പോൾ യുദ്ധത്തിനുള്ള കാഹളമായി മാറിയിരിക്കുകയാണെന്നും ഇത് വേദനയുണ്ടാക്കുന്നതാണെന്നുമായിരുന്നു അടൂരടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക നായകർ ഒപ്പിട്ട കത്തിൽ പറഞ്ഞിരുന്നത്. കത്തിൽ പറഞ്ഞ മറ്റു കാര്യങ്ങളെ ഒഴിവാക്കി ജയ് ശ്രീരാം വിളിയെക്കുറിച്ചു മാത്രമാണ് ബി ഗോപാലക‍ൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഉത്തരേന്ത്യയിൽ ഇതിനകം തന്നെ വ്യാപകമായ ജയ് ശ്രീരാം വിളികളുടെ അകമ്പടിയോടെയുള്ള ആക്രമണങ്ങളെക്കൂടി സൂചിപ്പിച്ചായിരുന്നു കത്ത്. അതെസമയം ജയ് ശ്രീരാം വിളികൾ കേരളത്തിലും ഉയർത്തിത്തുടങ്ങാനുള്ള തന്ത്രമാണ് ബി ഗോപാലകൃഷ്ണന്റേതെന്ന് ഫേസ്ബുക്ക് കമന്റുകൾ ആരോപിക്കുന്നുണ്ട്.

അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിനു മുമ്പിലും തങ്ങൾ ജയ് ശ്രീരാം വിളി ഉയർത്തുമെന്ന് ബി ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് ജനാധിപത്യ അവകാശമാണെന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു.

കേന്ദ്ര സര്‍ക്കാരിൽ നിന്നും ഒന്നും കിട്ടാത്തതു കാരണമാണ് അടൂർ തങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍