TopTop

'ആമയെപ്പോലെ ഇഴഞ്ഞുനീങ്ങി പതിയെ ഞങ്ങള്‍ കേരളവും പിടിക്കും'; സീറ്റുകള്‍ കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിക്കുണ്ടായത് വന്‍ കുതിപ്പ്

രാജ്യം മുഴുവന്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ നിലം തൊട്ടില്ല. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്ന ബിജെപിയുടെ സ്വപ്‌നം ഇത്തവണയും പൊലിഞ്ഞു. സാധ്യത ഉയര്‍ത്തിയ മണ്ഡലങ്ങളിലൊന്നും വിജയസംഖ്യയിലേക്കെത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കായില്ല. ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 3,13,925 വോട്ട് നേടി രണ്ടാമത് എത്തി. വിജയ പ്രതീക്ഷയുണ്ടായിരുന്ന പത്തനംതിട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. എന്നാല്‍ വിജയം നേടിയില്ലെങ്കിലും ബിജെപി കേരളത്തില്‍ പരാജയമായിരുന്നോ?

"വിജയം നേടിയില്ലെങ്കിലും അടുത്തഘട്ടത്തിലെ വിജയത്തിനായുള്ള അടിത്തറ പാകുക" എന്ന് ഒരിക്കല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കവെ ആര്‍എസ്എസിലെ പ്രമുഖനായ ഒരാള്‍ പറഞ്ഞത് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു ലക്ഷം കടന്നത് ആറിടങ്ങളില്‍ മാത്രം. എന്നാല്‍ അഞ്ച് വര്‍ഷം ഇപ്പുറത്തേക്കെത്തുമ്പോള്‍ ഒരു ലക്ഷത്തില്‍ താഴെ പോയത് ആറ് മണ്ഡലങ്ങളില്‍ മാത്രം. സംസ്ഥാനത്തൊട്ടാകെയുള്ള കണക്കെടുത്താല്‍ മുന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 12.18 ലക്ഷം വോട്ടുകളുടെ വര്‍ധന. വിജയത്തേക്കാള്‍ ഇതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും പറയുന്നു.

"നിലംതൊട്ടില്ല, ചാണകത്തില്‍ ചവിട്ടിയില്ല,രാജയപ്പെട്ടു, തുടങ്ങിയ വിശകലനങ്ങളെയെല്ലാം തള്ളിക്കളയുകയാണ്. ഞങ്ങള്‍ ഒരു ഓട്ടപ്പന്തയത്തിലാണ്. ആമയെപ്പോലെ ഇഴഞ്ഞുനീങ്ങി പതിയെ ഞങ്ങള്‍ ഈ സംസ്ഥാനവും പിടിക്കും", തിരഞ്ഞെടുപ്പ് ഫലത്തോട് ഒരു ബിജെപി നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇടുക്കി, വയനാട്, മലപ്പുറം, ആലത്തൂര്‍, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലൊഴിച്ചാല്‍ മറ്റെല്ലാ മണ്ഡലങ്ങളിലും ബിജെപി വലിയ തോതില്‍ നേട്ടമുണ്ടാക്കിയതായി കാണാം. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേടി. മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും നേടിയ വോട്ടും യഥാക്രമം- തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍-3,13,925, കൊല്ലം-കെ വി ബാബു- 1,02,319, മാവേലിക്കര- തഴവ സഹദേവന്‍- 1,32,323, കോട്ടയം-പി സി തോമസ്- 1,55,135, എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം-1,37,749, തൃശൂര്‍- സുരേഷ്‌ഗോപി- 2,93,822, പാലക്കാട്- സി കൃഷ്ണകുമാര്‍- 2,18,556, മലപ്പുറം- ഉണ്ണികൃഷ്ണന്‍-82,332, വയനാട്- തുഷാര്‍ വെള്ളാപ്പള്ളി- 78,816, കണ്ണൂര്‍- സി കെ പദ്മനാഭന്‍- 68,509, ആറ്റിങ്ങല്‍- ശോഭാ സുരേന്ദ്രന്‍- 2,46,502, പത്തനംതിട്ട- കെ സുരേന്ദ്രന്‍- 2,95,627, ആലപ്പുഴ- കെ എസ് രാധാകൃഷ്ണന്‍- 1,86,278, ഇടുക്കി- ബിജു കൃഷ്ണന്‍- 78,648, ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍- 1,54,159, ആലത്തൂര്‍- ടി വി ബാബു- 89,837, പൊന്നാനി- വി ടി രമ- 1,10,603, കോഴിക്കോട്- കെ പി പ്രകാശ് ബാബു - 1,61,216, വടകര- വി കെ സജീവന്‍- 80,128, കാസര്‍കോഡ്- രവിഷ തന്ത്രി-1,76,049.

Also Read: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

ഇതില്‍ ഒരു ലക്ഷത്തില്‍ താഴെ വോട്ട് നേടിയ മണ്ഡലങ്ങളില്‍ 65,000-90,000ത്തിനിടയില്‍ വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേടിയിരിക്കുന്നത്. അരലക്ഷത്തില്‍ താഴേക്ക് ഒരു സ്ഥാനാര്‍ഥിയുടെയും വോട്ട് നില താഴ്ന്നില്ല എന്നതും ശ്രദ്ധേയമാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി ഒരു ലക്ഷത്തിലധികം വോട്ട് നേടിയത്. 2014-ല്‍ തിരുവനന്തപുരത്ത് ഒ രാജഗോപാലിന് സ്വന്തമായ 2,82,336 വോട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ 43,051 മുതല്‍ 1,72,826 വോട്ടുകള്‍ വരെയായിരുന്നു ബിജെപി ഇതുവരെ പരമാവധി നേടിയിരുന്നത്.  എന്നാല്‍ ഇത്തവണ പല മണ്ഡലങ്ങളിലേയും ജയപരാജയങ്ങള്‍ നിശ്ചയിച്ചതിലും ബിജെപി സ്വന്തമാക്കിയ ലക്ഷക്കണക്കിന് വോട്ടുകള്‍ക്ക് പങ്കുണ്ട്.

2014ലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ യുഡിഎഫിന് കേരളത്തില്‍ ആകെ കിട്ടിയ വോട്ട് 75,46,830 ആയിരുന്നു. എല്‍ഡിഎഫിന് 72,11,257 വോട്ടും എന്‍ഡിഎയ്ക്ക് 19,44,204 വോട്ടും ലഭിച്ചു. എന്നാല്‍ ഇത് 2019-ലേക്ക് വരുമ്പോള്‍ എങ്ങനെയാണ് വ്യത്യാസപ്പെടുന്നതെന്ന് നോക്കാം- ഇന്നലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുഡിഎഫ് തന്നെയാണ്. 93,43,458 വോട്ടുകള്‍ യുഡിഎഫ് കേരളത്തില്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 71,41,567 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് 31,62,533 വോട്ടുകളും. വോട്ടര്‍മാരുടെ കണക്കിലെ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ യുഡിഎഫിന് 17,96,628 വോട്ടുകള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അധികം ലഭിച്ചു. എല്‍ഡിഎഫിന് 69,690 വോട്ടുകളുടെ കുറവാണ് കാണാന്‍ കഴിയുക. എന്നാല്‍ ഓരോ മണ്ഡലത്തിലും വ്യക്തമായ നേട്ടമുണ്ടാക്കിയ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും 12,18,329 വോട്ടുകളുടെ വര്‍ധനവുണ്ടായിരിക്കുന്നു. ഈ കണക്കുകളെ നിസ്സാരമായി കാണേണ്ട എന്ന മുന്നറിയിപ്പുകൂടിയാണ് ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി, കേരളമൊട്ടുക്ക് സംഘര്‍ഷവും പ്രചാരണങ്ങളും നടത്തിയ ബിജെപിക്കും ആര്‍എസ്എസിനും രാഷ്ട്രീയ മുതലെടുപ്പ് തന്നെയായിരുന്നു ലക്ഷ്യമെന്ന് സംഘടനാ നേതാക്കളടക്കം തുറന്ന് പറഞ്ഞതാണ്. പിന്നീട് തിരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളുമായാണ് ആര്‍എസ്എസ് കേരളത്തിലുമെത്തിയത്. ബൂത്ത് തലങ്ങളില്‍ പോലും പ്രത്യേക സംവിധാനങ്ങളുണ്ടാക്കി, ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി, ചിട്ടയോടെ പ്രവര്‍ത്തിച്ച ആര്‍എസ്എസ് - ബിജെപി പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റില്‍ വിജയമുറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ വോട്ടുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനുള്ള വോട്ടുകള്‍ നേടുക എന്ന കാര്യത്തില്‍ ബിജെപിയും ആര്‍എസ്എസും ഇത്തവണയും പരാജയപ്പെട്ടു.

Also Read: ‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’ എന്ന് ദി ഗാർഡിയൻ, മോദിയുടെ രണ്ടാം വരവിനെ വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

അതേസമയം, ശബരിമല വിഷയത്തില്‍ ഊന്നിയുള്ള കാമ്പയിനുകളിലൂടെ ഹിന്ദു വോട്ടുകളില്‍ ഏകീകരണം ഉണ്ടാക്കാനായി എന്നതാണ് കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അത് വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതുമില്ല. സംഘടനാ സംവിധാനങ്ങളെല്ലാം ആക്ടീവ് ആയിരിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഫണ്ട് ഒഴുക്കുകയും ചെയ്തിട്ടും വിജയം നേടാനായില്ല എന്നത് ബിജെപിക്ക് തിരിച്ചടിയാണ്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിലപാടിനെ വെല്ലുവിളിച്ചുകൊണ്ട് അവസാനഘട്ടം വരെ വീടുവീടാന്തരം കയറിയിറങ്ങിയും പൊതു പ്രചാരണം നടത്തിയും ശബരിമല എന്ന ഒറ്റ ഫോക്കസ് പോയന്റിലായിരുന്നു മുഴുവന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും. വിജയം നേടാനായില്ലെങ്കിലും, ഇത് എത്രത്തോളം വിജയിച്ചു എന്നതിന്റെ ഫലമായാണ് എല്ലാ മണ്ഡലങ്ങളിലും നേടിയ വോട്ടുകളെ ആര്‍എസ്എസ് നേതാക്കള്‍ കാണുന്നത്. താരതമ്യേന അപ്രസക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മാവേലിക്കര, പൊന്നാനി മണ്ഡലങ്ങളിലടക്കം ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടാനായി എന്നതും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

എന്നാല്‍ ഇത് ഒരു പരീക്ഷണമായിരുന്നു എന്നും തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ഒരു പടി മാത്രമായി ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നുമാണ് മറ്റൊരു ആര്‍എസ്എസ് നേതാവ് പറഞ്ഞത്, "അക്കൗണ്ട് ഓപ്പണ്‍ ചെയ്യും എന്ന ഒരു പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുണ്ടായില്ല. പക്ഷെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പരാജയമല്ല എന്ന് തെളിയിക്കുന്നതാണ് ഓരോ മണ്ഡലങ്ങളിലും നേടിയ വോട്ടുകള്‍. നാല് ലക്ഷം വോട്ടുകള്‍ നേടിയാലേ ഓരോ മണ്ഡലത്തിലും വിജയിക്കും എന്ന് ഉറപ്പിച്ച് പറയാനാവൂ. ഹിന്ദു ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം പലയിടങ്ങളിലും സാധ്യമായെങ്കിലും ഈ നാല് ലക്ഷം വോട്ട് കിട്ടുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ഓരോ മണ്ഡലങ്ങളിലും നേടിയ വോട്ടുകള്‍ ഗുണകരമാവാന്‍ പോവുന്നത് വരുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലാണ്. 20 ശതമാനം പഞ്ചായത്തുകളുടെ ഭരണമെങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫിനെ അനുകൂലിച്ചവര്‍ എക്കാലവും അത് ചെയ്യില്ലല്ലോ. സ്വാഭാവികമായും ഇടതിനും വലതിനുമായി അവര്‍ വോട്ട് മാറി ചെയ്യും. ആ സ്പ്ലിറ്റ് ഞങ്ങളെ സംബന്ധിച്ച് ഗുണകരമാവും. അത് പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെയുള്ള വലിയ തിരഞ്ഞെടുപ്പുകളില്‍ അത്ര പെട്ടെന്ന് സാധ്യമാവുന്ന കാര്യമല്ല. മറിച്ച് മറ്റുള്ള സംസ്ഥാനങ്ങളില്‍ വിജയിച്ചത് പോലെ ബൂത്ത് തലങ്ങള്‍ മുതല്‍, പഞ്ചായത്ത് തലങ്ങള്‍ മുതല്‍ സ്വാധീനമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുക",
എന്നാണ്.

Also Read: പാലക്കാട്ടെ അട്ടിമറിക്ക് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി, പാർട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണവുമായി എം ബി രാജേഷ്

Next Story

Related Stories