TopTop

Breaking/ശബരിമല കൊയ്യാന്‍ ബിജെപി, ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍മല സീതാരാമനെ മത്സരിപ്പിക്കാന്‍ ആലോചന

Breaking/ശബരിമല കൊയ്യാന്‍ ബിജെപി, ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍മല സീതാരാമനെ മത്സരിപ്പിക്കാന്‍ ആലോചന
ശബരിമല കൊയ്യാന്‍ ബിജെപി. തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മത്സരിപ്പിക്കാന്‍ നീക്കം. ഇതിനുള്ള പ്രാഥമികഘട്ട ആലോചനകള്‍ പൂര്‍ത്തിയായതായി വിവരം. ശബരിമല വിഷയം കത്തി നില്‍ക്കുന്ന കേരളത്തില്‍ വനിതയെ തന്നെ മത്സരിപ്പിച്ച് വിജയസാധ്യത ഉറപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ തന്നെയാവുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ തരൂരിനെ എതിരിടാന്‍ പാകത്തില്‍ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരാളെ തിരുവനന്തപുരത്തേക്കെത്തിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

കുമ്മനം രാജശേഖരന്റെ പേരാണ് ആദ്യം മുതല്‍ തിരുവനന്തപുരം സ്ഥാനാര്‍ഥിത്വത്തില്‍ ഉയര്‍ന്ന് കേട്ടത്. കുമ്മനവും ശശിതരൂരും തമ്മിലുള്ള പോരാട്ടായിരിക്കും തിരുവനന്തപുരത്ത് നടക്കുക എന്ന തരത്തില്‍ ചര്‍ച്ചകളും വന്നിരുന്നു. ശശി തരൂര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവിരം. എന്നാല്‍ ശബരിമല വിഷയം ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരുമ്പോഴും കുമ്മനം രാജശേഖരന്‍ ഒരിക്കല്‍ പോലും പ്രത്യക്ഷത്തില്‍ ഇടപെട്ടിരുന്നില്ല. കുമ്മനത്തെ കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പുകൂടി ലക്ഷ്യം വച്ച് നടത്തിയ അയ്യപ്പ ഭക്ത സംഗമത്തിലെങ്കിലും കുമ്മനം എത്തുമെന്നതായിരുന്നു പാര്‍ട്ടി നേതാക്കളില്‍ ചിലരുടെയെങ്കിലും പ്രതീക്ഷ. തിരുവനന്തപുരത്ത് ശശി തരൂര്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുമ്മനം രാജശേഖരന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഈ അസാന്നിധ്യം ചിലതെല്ലാം കണക്കുകൂട്ടിത്തന്നെയാണെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Also Read: Breaking/പാലക്കാട്ട് എം.ബി രാജേഷിനെ തളയ്ക്കാന്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി; വേണു രാജാമണി പരിഗണനയില്‍

കുമ്മനം സ്ഥാനാര്‍ഥിയാവുന്നതിനുള്ള സാധ്യതകള്‍ മങ്ങിത്തുടങ്ങുമ്പോള്‍ നിര്‍മ്മലാ സീതാരമാന്റെ പേരാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും സജീവ ചര്‍ച്ചയായിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ തിരുവനന്തപുരത്ത് നേരിട്ടെത്തിയ നിര്‍മ്മലാ സീതാരാമന് സാധാരണക്കാര്‍ക്കിടയിലും മത്സ്യത്തൊഴിലാളികള്‍ക്കിടയിലും വലിയ സ്വീകാര്യതയുണ്ടെന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. ശശി തരൂരിനെ എതിരിടാന്‍ ഇന്ത്യയിലെ വനിതാ പ്രതിരോധ മന്ത്രി നേരിട്ടെത്തിയാല്‍ അത് ഫലം ബിജെപിക്ക് അനുകൂലമാക്കും എന്നാണ് കണക്കുകൂട്ടല്‍. പ്രതിരോധ മന്ത്രിയായിട്ടുകൂടി നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നല്ലാതെ റഫേല്‍ ഇടപാടില്‍ നേരിട്ടിടപെട്ടിട്ടില്ല എന്നത് വോട്ടര്‍മാര്‍ക്കിടയില്‍ അവരെ അവതരിപ്പിക്കാനുള്ള പോസിറ്റീവായ കാര്യം കൂടിയാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

തമിഴ്‌നാട് സ്വദേശിയായ നിര്‍മ്മലാ സീതാരാമന്‍ കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍മ്മലാ സാതീരാമന്‍ തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കില്‍ എല്ലാ സംഘപരിവാര്‍ സംഘടനകളും ഒന്നിച്ചിറങ്ങി, ശബരിമല വിഷയവും ഉയര്‍ത്തിപ്പിടിച്ച് വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആള്‍ മത്സരിക്കുമ്പോള്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികളുടെ വിജയം നിര്‍ണ്ണയിക്കുന്ന ജാതി സമവാക്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഏത് 'വലിയ' ആളേയും ജയിപ്പിക്കുന്ന വോട്ടര്‍മാരാണ് തിരുവനന്തപുരത്തേതെന്നും അതിനാല്‍ നിര്‍മ്മല എത്തിയാല്‍ വിജയം ബിജെപിയ്ക്ക് തന്നെയാവും എന്ന് പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന് ഇന്ത്യ ടിവി- സിഎന്‍എക്‌സ് അഭിപ്രായ സര്‍വേ പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കാനാവുമെന്ന് തന്നെയാണ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പ്രതീക്ഷ.

Next Story

Related Stories