TopTop
Begin typing your search above and press return to search.

കുമ്മനംജിയുടെ സ്വപ്നത്തില്‍ വിരിയുന്ന കേരളത്തിലെ പട്ടാള ഭരണത്തിനു പിന്നില്‍

കുമ്മനംജിയുടെ സ്വപ്നത്തില്‍ വിരിയുന്ന കേരളത്തിലെ പട്ടാള ഭരണത്തിനു പിന്നില്‍

സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട്. സ്വപ്നങ്ങൾക്ക് ആരും അതിർത്തി രേഖ നിര്‍ണയിക്കാത്തതിനാൽ അതിരു വിട്ട സ്വപ്ങ്ങളും ആവാം. എന്നാൽ മന:ശാസ്ത്രജ്ഞർ ഇതിനെ ഭ്രാന്തിലേക്ക് എത്തിക്കഴിഞ്ഞ അല്ലെങ്കിൽ അത്തരം ഒരു അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഉന്മാദ അവസ്ഥ എന്ന മട്ടിലാണ് വിലയിരുത്തുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഊണിലും ഉറക്കത്തിലും എന്നല്ല ഉണര്‍ന്നിക്കുമ്പോഴും ഒരുസ്വപ്നം നെയ്തു കൂട്ടുന്നുണ്ട്. അത് കേരളത്തിൽ അഫ്‍പ്സ (Armed Forces (Special Powers) Act വരുന്നതിനെക്കുറിച്ചും തത്ഫലമായി തനിക്കും തന്റെ പാർട്ടിക്കും ഉണ്ടാവാൻ ഇടയുള്ള വലിയ വളർച്ചയെക്കുറിച്ചുമാണ്. മന:ശാസ്ത്ര വിധിപ്രകാരം ഈ സ്വപ്നം ബിജെപി സംസ്ഥാന അധ്യക്ഷനായി അവരോധിക്കപ്പെടുന്നതിനു മുൻപേ തന്നെ കുമ്മനംജി കണ്ടു തുടങ്ങിയിരിക്കണം എന്നുവേണം കരുതാൻ. മൂർച്ഛസ്ഥായിലേക്കു എത്തിയത് ഇപ്പോൾ മാത്രമാകാം എന്നേയുള്ളു.

കുമ്മനത്തിന്റെ അഫ്‍പ്സ സ്വപനത്തെ ഒരു പോഴൻ കണ്ട സ്വപ്നം എന്നൊന്നും പറഞ്ഞ് എഴുതിത്തള്ളാൻ ഈയുള്ളവൻ തയ്യാറല്ല. ഈ സ്വപ്നത്തെ വിശകലനം ചെയ്യാൻ ഫ്രോയിഡിനെയോ കാൾ യുങ്ങിനെയോ ഒന്നും കൂട്ട് പിടിക്കേണ്ടതില്ല. തികച്ചും മോദിതമായ ഈ കാലഘട്ടത്തിൽ ഇതല്ല, ഇതിനേക്കാൾ ഭ്രാന്തവും ജനവിരുദ്ധവുമായ സ്വപ്നങ്ങൾ നെയ്യാൻ ആർക്കും കഴിയും എന്നല്ല, കഴിഞ്ഞില്ലെങ്കിലേ അത്ഭുതത്തിനു വകയുള്ളു എന്നതാണ് വർത്തമാനകാല യാഥാർഥ്യം.

എന്നിരുന്നാലും അഫ്‍പ്സയിലേക്കും അതിന്റെ അപകടങ്ങളിലേക്കും കടക്കുന്നതിനു മുൻപ് കുമ്മനംജിയുടെ ഭൂതകാലത്തിലൂടെ ഒരു കൊച്ചു യാത്ര നടത്തുന്നത് നന്നായിരിക്കും. മോദിജിക്കും മുൻപ് തന്നെ ഹിന്ദു രാഷ്ട്രം സ്വപ്നം കണ്ടു തുടങ്ങിയ ആളാണ് കോട്ടയം ജില്ലയിലെ അയ്മനം താലൂക്കിൽ പെട്ട കുമ്മനം എന്ന നാട്ടിൻ പുറത്തു ജനിച്ചു വളർന്ന കുമ്മനം രാജശേഖരൻ.

ബസേലിയോസ്, സിഎംഎസ് കോളേജുകളിലെ പഠന ശേഷം തുടക്കം പത്രപ്രവർത്തനത്തിൽ. ആദ്യം നസ്രാണിദീപികയിൽ. പിന്നീട് മറ്റു ചില പ്രസിദ്ധീകരങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ഒരു സർക്കാർ ജോലി ലഭിച്ചതോടെ അതൊക്കെ ഉപേക്ഷിച്ചു. അപ്പോഴും കൂടെ കൊണ്ടുനടന്നത് ആർഎസ്എസ് പ്രവർത്തനം മാത്രം. 1987-ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ചതോടുകൂടി മുഴുവൻ സമയ ആർഎസ്എസ് പ്രചാരക്. ഇടയ്ക്കു കുറച്ചുകാലം ഹിന്ദു ഐക്യവേദി. വലിയ കുറ്റം എന്ന നിലയിലല്ല ഇക്കാര്യങ്ങൾ ഇവിടെ പറയുന്നത്. പോരെങ്കിൽ ഇതൊന്നും ഗവേഷണംനടത്തി കണ്ടെത്തിയ കാര്യങ്ങളുമല്ല. എല്ലാം കുമ്മനംജിയുടെ വെബ് പേജിൽ നിന്നും എടുത്തതാണ്.

പറഞ്ഞുവന്ന കാര്യം ഇതൊന്നുമല്ല; കുമ്മനംജിയുടെ സ്വപ്നത്തെക്കുറിച്ചാണ്. അപ്പോൾ അവിടേക്കു തന്നെ കടക്കേണ്ടതുണ്ട്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികളിൽ ഒന്നാണ് കോട്ടയം ജില്ലയെ താരാട്ടു പാടി ഒഴുകുന്ന മീനച്ചിലാറ്. പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഒട്ടേറെ ചെറു അരുവികളും കൈത്തോടുകളും ചേർന്ന് വളർന്നുവലുതായി കുറുമ്പ് കാട്ടി ഒഴുകുന്ന മീനച്ചിലാറിന്റെ കരയിൽ ജീവിച്ചിരുന്നവർ പണ്ടൊക്കെ ഒരു കിനാവ് കണ്ടിരുന്നു. എന്തും പൊലിപ്പിച്ചു നൽകി ഐശ്വര്യം കൊണ്ടുവരുന്ന നീലക്കൊടുവേലി ഒരുനാൾ ഒഴുകി എത്തുമെന്ന ഇമ്മിണിവലിയ ഒരു കിനാവ്. മലമുകളിൽ നിന്നും കൊടും മഴക്കാലത്ത് നീലക്കൊടുവേലി ഇടക്കിടെ ഒഴുകിയെത്തിയിരുന്നുവെന്നും അങ്ങനെയൊന്നു ലഭിച്ച ഏതോ ഒരു പാലാക്കാരൻ സമ്പന്നൻ ആയെന്നും ഉള്ള കേട്ടുകേഴ്വിയിൽ അധിഷ്ഠിതമായിരുന്നു ഈ കിനാവ്.

ഏറെ കാത്തിരുന്നെങ്കിലും നീലക്കൊടുവേലി ആർക്കെങ്കിലും കിട്ടിയോ എന്നറിയില്ല. എങ്കിലും മീനച്ചിലാറിന്റെ തീരവാസികളായ പൂഞ്ഞാറുകാരും പാലാക്കാരും അയ്‌മനംകാരുമൊക്കെ എന്നല്ല മുഴുവൻ കോട്ടയംകാരും പലവിധ മേഖലകളിൽ സമ്പന്നരായി.

റബ്ബർ മുതലാളിമാർക്കും അബ്‌കാരി തമ്പുരാക്കന്മാർക്കും മാത്രമല്ല എണ്ണമറ്റ, എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കൾക്കും എഴുത്തുകാർക്കുമൊക്കെ ജന്മം നൽകിയ ജില്ലകൂടിയാണ് കോട്ടയം. എന്നുവെച്ചാൽ നീലക്കൊടുവേലി ഓരോരുത്തർക്കും വെവ്വേറെ പാത്രങ്ങളിലാണ് ലഭ്യമായതെന്നു സാരം. അയ്മനത്തു ജനിച്ച അരുന്ധതി റോയിയെപ്പോലെ എഴുത്തിൽ അത്ര പ്രശസ്തനൊന്നും അല്ലെങ്കിലും അക്ഷര വഴിയിൽ നമ്മുടെ കുമ്മനംജിയും ചില ചില്ലറ അഭ്യാസങ്ങൾ നടത്തിയതായി പറയപ്പെടുന്നു. എങ്കിലും അദ്ദേഹത്തിന്റെ കണ്ണ് എന്നും പൊതുരാഷ്ട്രീയത്തിലായിരുന്നു എന്ന് തന്നെ വേണം കരുതാൻ. ബിജെപി സംസ്ഥാന അധ്യക്ഷ പദവി കരഗതമായതോടെ ഇനി എങ്ങനെ കേരളത്തെ ഒരു സമ്പൂർണ കാവി സംസ്ഥാനമാക്കാം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. ആ നിലക്കുള്ള ഒരു ചിന്ത ആയിക്കൂടി വേണം ഇപ്പോഴത്തെ ഈ അഫ്‍പ്സ സ്വപ്നത്തെ കാണാൻ എന്ന്തോന്നുന്നു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അറപ്പും വെറുപ്പും ഉളവാക്കുന്ന ഒന്നാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ ഇടയില്ല. ഈ മനുഷ്യക്കുരുതി അവസാനിച്ചു കാണാൻ ഏവർക്കും ആഗ്രഹമുണ്ട് താനും. എന്നാൽ കണ്ണൂരിലെ ഈ കൊലപാതകങ്ങൾ ഏകപക്ഷീയമല്ലെന്നും തന്റെ പാർട്ടിക്കും ഇതിൽ വലിയൊരു പങ്കുണ്ട് എന്നും കുമ്മനംജിയെപ്പോലുള്ളവർ തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.

യാഥാർഥ്യത്തെ അംഗീകരിക്കാൻ തയ്യാറാവാതെ പട്ടാളത്തെ ഇറക്കി എങ്ങനെ കേരളത്തെ കൂടി കാവി ഉടുപ്പിക്കാം എന്നദുഷ്‌ചിന്തയിൽ നിന്ന് തന്നെയാണ് അഫ്‍പ്സക്കു വേണ്ടിയുള്ള ഇത്തരം മുറവിളികൾ ഉയരുന്നത്. കേരളത്തിലെ സിപിഎം കണ്ണൂരിന്റെ മാത്രം സൃഷ്ടിയാണെന്നും പട്ടാളത്തെ ഇറക്കി കണ്ണൂർ പിടിച്ചാൽ കേരളം മൊത്തത്തിൽ പിടിക്കാം എന്നുമുള്ള ചിന്തയും അഫ്‍പ്സക്കു വേണ്ടിയുള്ള ഈ മുറവിളിക്കു പിന്നിൽ ഉണ്ടെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. ഇതൊരു പാഴ്ചിന്തയാണെന്നോ മോദി ഭരണം ശ്വാശ്വതമാണെന്നും ഒക്കെയുള്ള ചിന്തയുടെ ഉൽപന്നം തന്നെയാണിതും.

സ്വപ്നം ഒരു പകർച്ചവ്യാധി അല്ലെങ്കിലും ചിലപ്പോൾ ചില സ്വപ്നങ്ങൾ മറ്റു മനസ്സുകളിലേക്കും കത്തിപ്പടരും. കുമ്മനംജിയുടെ അതെ ആവശ്യം രാജേട്ടൻ ആവർത്തിച്ചതും തങ്ങൾ നൽകിയ പരാതി മുഖ്യമന്ത്രിക്ക് അടിയന്തരശ്രദ്ധയ്ക്ക് എന്ന് രേഖപ്പെടുത്തി കൈമാറിയ ഗവർണറുടെ നടപടിയെ എംടി രമേശും ശോഭ സുരേന്ദ്രനുമൊക്കെ നിശിതമായി വിമർശിച്ചതും ഒക്കെ ഇതിന്റെ ഭാഗം തന്നെ.

ഇനി അഫ്‍പ്സയിലേക്കും അതിന്റെ അപകടങ്ങളിലേക്കും കടക്കാം. അഫ്‍പ്സ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Armed Forces (Special Powers) Act (AFSPA) കൊണ്ടുവന്നത് ബ്രിട്ടീഷുകാർ തന്നെ. ഒരു കാലത്ത് തെക്കു കിഴക്കൻ ഏഷ്യയുടെ ഭാഗമായിരുന്നു ഏഴ് സോദരിമാർ എന്നറിയപ്പെടുന്ന ഇന്നത്തെ അസ്സമും മണിപ്പൂരും ത്രിപുരയും മേഘാലയും അരുണാചൽ പ്രദേശും മിസോറാമും നാഗാലാൻഡും ഒക്കെ ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഇന്ത്യ ഭരിച്ച ഹിന്ദു -മുസ്ലിം രാജാക്കന്മാർ വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയും സംസ്കാരവും ഒക്കെയുള്ള ഈ പ്രദേശങ്ങളെ മറ്റൊരു നാടായി കണ്ടു പോന്നു. അതുകൊണ്ട് അവർ അന്നാട്ടിലേക്കു കടക്കുകയോ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ ചെയ്തിരുന്നില്ല. എന്നാൽ ബ്രിട്ടീഷുകാര്‍ ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചതോടെ സ്ഥിതി മാറി. ഇന്നത്തെ അസ്സാമിലേക്കു ബര്‍മാക്കാര്‍ നടത്തിയ കടന്നുകയറ്റത്തെ തടയിടാൻ എന്ന വ്യാജേന അവർ മണിപ്പൂർ രാജാവായിരുന്ന ഗംബീർ സിങിന്റെ സഹായത്തോടെ പട്ടാളത്തെ വിന്യസിക്കുകയും ബർമക്കാരെ തുരത്തുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ (1828) അസം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി. തുടർന്ന് മണിപ്പൂരും മറ്റു പ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറുകയും ചെയ്തു.

എന്നാൽ അഫ്‍പ്സ ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് 1958-ലാണ്. നാഗ കലാപം അടിച്ചമർത്താൻ വേണ്ടിയായിരുന്നു ഇത്. ഈ നിയമം പിന്നീട് പഞ്ചാബ്, ത്രിപുര, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലും ജമ്മു-കാശ്മീരിലും നടപ്പിലാക്കി. പഞ്ചാബും ത്രിപുരയും പിന്നീട് ഈ നിയമം എടുത്തുകളഞ്ഞു എന്നത് മറ്റൊരു കാര്യം.

ആളുകളെ വെടിവെച്ചു കൊല്ലാനും അന്യമായി തടവിൽ വെക്കാനും ഒക്കെ അധികാരം നൽകുന്ന ഈഡ്രാക്കോണിയൻ നിയമം പട്ടാളവും അർദ്ധ സൈനിക വിഭാഗവും വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് വസ്തുത. നരഹത്യ, ബലാത്സംഗം, കൊള്ള, അന്യായമായ തടവ് തുടങ്ങി എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങളാണ് അഫ്‍പ്സ നടപ്പിലാക്കിയ സാംസ്ഥാനങ്ങളിൽ നിന്നും കോടതികളിലും മനുഷ്യാവകാശ സംഘടനകൾക്ക് മുമ്പാകെയും എത്തിയത്. അഫ്‍പ്സക്കെതിരെ ഇറോം ശർമിള നടത്തിയ ഐതിഹാസിക സമരവും നമുക്ക് മുമ്പിലുണ്ട്. അഫ്‍പ്സ നടപ്പിലാക്കിയ പ്രദേശശങ്ങളിൽ പാട്ടാളം നടത്തുന്ന അതിക്രമങ്ങൾ വർധിക്കുന്നു എന്നല്ലാതെ ഒരിടത്തും കലാപങ്ങൾ അമർച്ച ചെയ്യാൻ കഴിഞ്ഞില്ല എന്നതും കാണാതെ പോകരുത്. ഇതൊന്നും അറിയാഞ്ഞിട്ടാവില്ലല്ലോ നമ്മുടെ കുമ്മനംജിയും സംഘവും അഫ്‍പ്സക്കുവേണ്ടി മുറവിളി കൂട്ടുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories