TopTop
Begin typing your search above and press return to search.

ബ്രൂവറി എല്‍ഡിഎഫിന്റെ ബാര്‍ കോഴയോ? എക്‌സൈസ് മന്ത്രിയുടെ മൗനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ബ്രൂവറി എല്‍ഡിഎഫിന്റെ ബാര്‍ കോഴയോ? എക്‌സൈസ് മന്ത്രിയുടെ മൗനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ബ്രൂവറി വിവാദം. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലിറിയും അനുവദിച്ച നടപടിയില്‍ വിവാദം കൊഴുക്കുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന ശക്തമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയിരിക്കുന്നത്. ബാര്‍കോഴക്കേസില്‍ യുഡിഎഫിനെതിരെ ശക്തമായ പ്രചരണം നടത്തി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതേവരെ കൃത്യമായ ഒരു പ്രതികരണത്തിന് പോലും മുതിര്‍ന്നിട്ടുമില്ല. ഇതിനിടെ പുതുതായി അനുവദിക്കപ്പെട്ട ബ്രൂവറികളുടേയും ഡിസ്റ്റലറികളുടേയും ഉടമകളെ സംബന്ധിച്ചും അവരുടെ രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങളെ സംബന്ധിച്ചും അഭ്യൂഹങ്ങളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ് അഞ്ചുലക്ഷം കെയ്സ് ബിയര്‍ ഉത്പാദിപ്പിക്കുന്നതിന് ജൂണ്‍ 12-ന് സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 28-ന് പാലക്കാട് ഏലപ്പുള്ളി വില്ലേജിലെ അപ്പോളോ പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടര്‍ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. എറണാകുളത്ത് ബ്രൂവറി തുടങ്ങുന്നതിന് പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അനുമതി നല്‍കി. ഇതുകൂടാതെ ഇന്ത്യന്‍ നിര്മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിന് ശ്രീചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്മനിക്കും അനുമതി ലഭിച്ചു. ഓഗസ്ത് 12-നാണ് ഇവയ്ക്ക് രണ്ടിനുമുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാന ആരോപണങ്ങള്‍/വസ്തുതകള്‍

* ബ്രൂവറികളും ഡിസ്റ്റലിറികളും അനുവദിക്കുന്നതിനായി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചില്ല

* മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം. ഘടകകക്ഷികള്‍ പോലും അറിഞ്ഞിരുന്നില്ലെന്ന് ആരോപണം.

* നൂറിലധികം അപേക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് ആദ്യ അനുമതി. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് ജൂണ്‍ 12ന് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കി.

* കൊക്കക്കോള കമ്പനിയുടെ വെള്ളമൂറ്റലില്‍ തകര്‍ന്ന പെരുമാട്ടി പഞ്ചായത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. വരള്‍ച്ചാ ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഇവിടെ ബ്രൂവറി തുടങ്ങിയാല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിച്ചില്ല. ഒരു ദിവസം 2.76ലക്ഷം ലിറ്റര്‍ വെള്ളം ബ്രൂവറിക്കായി വേണ്ടി വരുമെന്നാണ് കണക്ക്.

* പെരുമ്പാവൂര്‍ ആസ്ഥാനമായ ശ്രീചക്ര ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് തൃശൂരില്‍ ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത് നിശ്ചിത സ്ഥലം പോലും നിര്‍ണയിക്കാതെ. ജില്ലയില്‍ എവിടെവേണമെങ്കിലും ഡിസ്റ്റലറി തുടങ്ങാമെന്ന തരത്തില്‍ അനുമതി നല്‍കി.

* എറണാകുളത്ത് ബ്രൂവറി തുടങ്ങുന്നത് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍. ഇതിനായി വ്യവസായ പാര്‍ക്കിലെ പത്ത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

*അനുമതി നല്‍കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകള്‍ക്കും അടിസ്ഥാനമായി പറയുന്നത് 1999ലെ സര്‍ക്കാര്‍ ഉത്തരവാണ്. എന്നാല്‍ ആ ഉത്തരവില്‍ പറയുന്നത് പുതുതായി ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിക്കേണ്ടതില്ല എന്ന്. ഈ വൈരുധ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു. 1999ല്‍ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായിയുടെ ഉത്തരവില്‍ ഡിസ്റ്റലിറികളും ബ്രൂവറികളും അനുവദിക്കേണ്ടതില്ല എന്ന പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാരും അത് അനുവദിച്ചിരുന്നില്ല.

ബ്രൂവറികള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പുകള്‍ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് എക്സൈസ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു്ള്ള കത്ത് നല്‍കി. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് വ്യക്തതമായ മറുപടി പറയാന്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനായിട്ടില്ല. മദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യം നല്‍കാതെ തന്നെ ഇക്കാര്യങ്ങള്‍ അറിയുമെന്നാണ് മന്ത്രിയുടെ വിശദീകരണം. കേരളത്തിന് ആവശ്യമായ മദ്യം ഇപ്പോള്‍ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. ഘടകകക്ഷികള്‍ അറിയുകയോ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാവുകയോ ചെയ്യാതെ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിന് പിന്നില്‍ ഉണ്ടാവുന്ന വിവാദം വിരല്‍ചൂണ്ടുന്നത് സിപിഎമ്മിലേക്കാണ്. പാര്‍ട്ടിയുമായും പാര്‍ട്ടിനേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കാണ് ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള ചിലയാളുകളുടെ പേരുകളും യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. മറുപടി പറയാന്‍ പോലും കഴിയാതെ മന്ത്രിയും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. ഇതോടെ വരുംദിവസങ്ങളില്‍ ബ്രൂവറി വിഷയം കൂടുതല്‍ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നീങ്ങാനാണ് സാധ്യത.

https://www.azhimukham.com/edit-sabarimala-verdict-is-a-wakeup-call-to-leadership-of-christian-muslim/

https://www.azhimukham.com/offbeat-a-homeless-girls-life-from-flood-relief-camp-rakeshsanal/


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories