TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലി കസര്‍ത്ത്

സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലി കസര്‍ത്ത്

ഭൂമിയുടെ കരം സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ആദ്യ കര്‍ഷക ആത്മഹത്യയാണ്. ജനാധിപത്യത്തെ (ഡെമോക്രസി) ഉദ്യോഗസ്ഥ മേധാവിത്വം (ബ്യൂറോക്രസി) വിഴുങ്ങിയിരിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായാലും ഭരണസംവിധാനങ്ങള്‍ മാറുന്നില്ല. മന്ത്രിമാര്‍ എന്തുത്തരവിട്ടാലും അത് നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവധിയില്‍ പ്രവേശിക്കുകയോ ഒന്ന് കണ്ണടക്കുകയോ, ഉത്തരവുകള്‍ പൂഴ്ത്തുകയോ ചെയ്താല്‍ ആ ഉത്തരവിന് തുടര്‍ച്ചയില്ലാതാകുന്നു.

കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഓഫീസുകളും അഴിമതിയുടെയും കൈമടക്കിന്റെയും ഈറ്റില്ലമായി മാറിയിരിക്കുന്നു എന്നതിന് ഇതിനപ്പുറത്തേക്ക് ഒരു തെളിവിന്റെ ആവശ്യമുണ്ടന്ന് കരുതുന്നില്ല. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറിയിറങ്ങുന്ന സര്‍ക്കാര്‍ വിഭാഗങ്ങള്‍ സേവനം മാറ്റിവച്ച് ധനസമ്പാദനത്തിനായി ഭരണഘടനയെയും നിയമങ്ങളെയും ചട്ടങ്ങളെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും ഉപാധിയാക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആവശ്യക്കാര്‍ ''അടിമകളായി'' പെരുമാറിയാല്‍ മാത്രമേ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും എന്തെങ്കിലും കാര്യം സാധിക്കാനാകൂ. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റി ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണക്കൊതി മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴേതട്ടില്‍ ഉള്ള ഉദ്യോഗസ്ഥര്‍ വരെ ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ആവശ്യക്കാരന്റെ വരുമാനമൊന്നും കൈക്കൂലി കാര്യത്തില്‍ ഇവര്‍ക്ക് പ്രശ്നമല്ല. ഒരു കാര്യം സാധിക്കണമെങ്കില്‍ ആളനുസരിച്ച് വീതം വയ്ക്കാനുള്ള തുക ഒരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തീരുമാനിക്കും. അത് നല്‍കിയാല്‍ മാത്രമേ കാര്യം നടക്കൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ജനങ്ങളോട് മര്യാദയായി സംസാരിക്കുന്ന ആളുകളെ ഒരു സര്‍ക്കാര്‍ വകുപ്പിലും കാണാനാവില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖസത്യം! റിപ്പോര്‍ട്ടുകളുണ്ടാക്കുവാന്‍ മിടുക്കരാണിവര്‍. ആവശ്യം പറയണമെന്ന് മാത്രം! നിരക്ക് അവര്‍ നിശ്ചയിക്കും. അതുകൊണ്ട് തന്നെ നല്ല ''കറവയുള്ള'' സ്ഥാപനമായി സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഓഫീസുകളും മാറി. ജനങ്ങളുടെ ഈ ദുരവസ്ഥയൊന്നും ഭരണക്കാര്‍ ഒരിക്കലും കാണാറുമില്ല. അതുകൊണ്ട് തന്നെ ആവശ്യക്കാരനായ സാധാരണക്കാരന്റെ കീശ കൈക്കൂലി നല്‍കി കാലിയാകുകയാണ്!

ഓരോ ഫയലിലും ജീവിതമുണ്ടെന്ന് ഭരണത്തിന്റെ പ്രാരംഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചെങ്കിലും ചെമ്പനോടപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് സങ്കടം. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കണമെന്ന് മുഖ്യമന്ത്രി അന്ന് പറയുകയുണ്ടായി. സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും കൈമടക്ക് നല്‍കുന്നവരെ രക്ഷിക്കരുതെന്നും, അവരെ ശിക്ഷിക്കണമെന്നും അന്ന് അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാക്കുകളും നിര്‍ദ്ദേശവുമെല്ലാം ജലരേഖയായി മാറിയതിന്റെ ഉദാഹരണമാണ് ജോയിയുടെ ആത്മഹത്യയിലൂടെ വെളിപ്പെടുന്നത്. ഒരു വില്ലേജ് ഓഫീസറെയോ വില്ലജ ്അസ്സിസ്റ്റന്റിനെയോ സസ്പന്‍ഡ് ചെയ്ത് കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ല ഇത്. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി വില്ലേജ് അധികൃതര്‍ ജോയിയെ നിരന്തരം ബുദ്ധിമുട്ടിക്കുകയായിരുന്നു. പലതവണ കയറി ഇറങ്ങിയിട്ടും ഭൂനികുതി സ്വീകരിക്കുന്ന കാര്യത്തില്‍ വില്ലേജ് അധികൃതര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ജോയി ജീവനൊടുക്കിയത്. ഭൂനികുതി സ്വീകരിക്കാതിരുന്നത് മൂലം ജോയിയും കുടംബവും വില്ലേജ് ഓഫീസില്‍ സത്യാഗ്രഹം ഇരുന്ന അവസ്ഥവരെയുണ്ടായി. തഹസില്‍ദാര്‍ ഇടപെട്ട് നികുതി സ്വീകരിക്കണമെന്ന് വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും അതനുസരിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നതാണ് ജോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് ദിവസേന വില്ലേജ് ഓഫീസ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത്.

പലപ്പോഴും ജനങ്ങളെ നിരാശരാക്കുന്ന നിലപാടുകളാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൈക്കൊളളുന്നത് എന്നതാണ് നഗ്‌നസത്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്ലേജാഫീസര്‍മാര്‍ മാര്‍ച്ച് 31 ന് മുന്‍പായി രജിസ്റ്ററും രസീത് ബുക്കുമായി ഭൂനികുതി അടക്കുവാനായി മിക്ക കര്‍ഷകരെയും നേരില്‍ കണ്ട് കുടിശിക ഇല്ലാത്ത രീതിയില്‍ അടപ്പിക്കുമായിരുന്നു. അന്ന് കാര്‍ഷിക മേഖല ഇത്രയും തകര്‍ന്നിട്ടില്ലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. നികുതി അടക്കുവാനും, പട്ടയം പിടിക്കുവാനും ചെല്ലുന്ന പാവം ജനം പലകാരണങ്ങളാല്‍ പല പ്രാവശ്യം പ്രസ്തുത ഓഫീസ് കയറി ഇറങ്ങേണ്ട ഗതികേടാണ് നിലവിലുള്ളത്. നികുതി അടപ്പിക്കുക എന്ന ജോലി വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒഴിവാക്കി ആ ചുമതല കര്‍ഷകരെ അല്ലെങ്കില്‍ ഭൂവുടമയില്‍ നിക്ഷിപ്തമാക്കി. ലോകബാങ്ക്, എഡിബി മുതലായവ ഭരണചെലവിന് ആവശ്യം പോലെ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ ഈ നക്കാ പിച്ചാ നികുതിയിലെന്തിരിക്കുന്നു? പല ആധാരമെഴുത്താഫീസുകള്‍ മുഖേന കൈക്കൂലി നല്‍കിയാല്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുഗമമാക്കാം.

അളവുതൂക്ക വിഭാഗം, വില്‍പ്പന നികുതി വിഭാഗം, വിനോദസഞ്ചാര വിഭാഗം, റവന്യൂ വിഭാഗം, പൊലീസ് സ്റ്റേഷനുകള്‍, കൃഷി വകുപ്പ്, വനംവകുപ്പ് തുടങ്ങി പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറിയിറങ്ങുന്ന സര്‍ക്കാര്‍ വിഭാഗങ്ങള്‍ എല്ലാം തന്നെ ഓഫീസുകളില്‍ ഒരേ മുറിയിലെ തൊട്ടടുത്ത മേശകളില്‍ നിന്നും ഫയലുകള്‍ അടുത്ത മേശയിലെത്തി തീര്‍പ്പിലെത്താന്‍ ആഴ്ചകളെടുക്കുന്നു. ആധുനിക വിവരവിനിമയ സൗകര്യങ്ങളുള്ളപ്പോഴും കമ്പ്യൂട്ടര്‍വത്ക്കരണം സാധ്യമായിട്ടും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതിയാണിത്. ചിലരാകട്ടെ 'കൈമടക്ക്' കിട്ടിയാലേ എന്തെങ്കിലുമൊക്കെ ചെയ്യൂ എന്ന വാശിയിലുമാണ്! അടിയന്തിരചികിത്സകളുടെ കാര്യത്തിലും അത്യാഹിതങ്ങളിലും സംസ്ഥാനത്ത് സംഭവിക്കുന്നതും ഇതാണ്. വാഹനവകുപ്പിലെ കൈക്കൂലി നിരക്ക് നാട്ടില്‍ പാട്ടാണ്. അപകടങ്ങള്‍, നികുതി നിശ്ചയിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, വണ്ടികളുടെ രജിസ്ട്രേഷന്‍, വാഹനപരിശോധന, പെര്‍മിറ്റ് പുതുക്കല്‍ എന്നിവക്കെല്ലാം ചടങ്ങായി 'മാമൂല്‍' നല്‍കേണ്ട അവസ്ഥയുണ്ട്. എല്ലാറ്റിനും ഏജന്റുമാരുണ്ടെന്ന സമാധാനമാണ് ഈ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും സാധാരണ ജനത്തിന് പ്രതീക്ഷ നല്‍കുന്ന ഒരേ ഒരു കാര്യം.

ഓഫീസില്‍ കയറിയിറങ്ങുന്നവരുടെ മനോവേദനയും സങ്കടങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാതെ കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ഇവരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാരിനുമാകുന്നില്ല. ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ കഴിവില്ലാത്ത ഭരണാധികാരികള്‍ ഒന്നോര്‍ക്കേണ്ടതുണ്ട് 'വൈകി നല്‍കുന്ന നീതി-അത് നീതി നിഷേധത്തിനു തുല്യമാണെന്ന' നീതിന്യായവാക്യത്തെ. കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടില്ലങ്കില്‍ അത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തും. അവശ്യസാധനങ്ങളുടെ വില വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന, കുടിവെള്ള ചാര്‍ജ്, നികുതി വര്‍ധന എന്നിവയാല്‍ പൊറുതിമുട്ടി ജീവിക്കുന്ന ജനങ്ങള്‍ക്ക് സംസ്ഥാനത്തെ കൈക്കൂലി ഭരണം കടുത്ത സാമ്പത്തിക പ്രതിസന്ധി തീര്‍ത്തിരിക്കയാണ്. വേലി തന്നെ വിളവുതിന്നുന്ന ഈ കാലഘട്ടത്തില്‍ ആരോട് പരാതി പറയും എന്ന ചിന്തയിലാണ് പാവം കേരളജനത. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇത്തരം നടപടികള്‍ക്ക് വിരാമമിടാന്‍ ഭരണാധികാരികള്‍ തയാറാവണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ മര്യാദപഠിപ്പിക്കുന്ന കാലംവിദൂരമല്ല. അപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ വകുപ്പ് ചേര്‍ത്ത് നിയമനടപടികള്‍ സ്വീകരിച്ച് പൊറുതിമുട്ടിയ പാവം ജനത്തെ കുരിശിലേറ്റിയാല്‍ ജനരോക്ഷത്താല്‍ ഭരണകൂടങ്ങള്‍ നിലം പരിശാകും. ലോക ചരിത്രം അതാണ് നമ്മെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.


Next Story

Related Stories