TopTop
Begin typing your search above and press return to search.

ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം, അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകം; ക്രൂരതയുടെ വിവരങ്ങള്‍ മനസ് മരവിപ്പിക്കുന്നത്

ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം, അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകം; ക്രൂരതയുടെ വിവരങ്ങള്‍ മനസ് മരവിപ്പിക്കുന്നത്

ഒടിഞ്ഞു കിടന്ന വടികള്‍, ഭിത്തിയിലെ ചോരപ്പാട്...അതിക്രൂരമായ ഒരു കൃത്യത്തിന്റെ ശേഷിപ്പുകളായിരുന്നു അവ. ജീവിതത്തിനും മരണത്തിനുമിടയില്‍ കിടക്കുന്ന ഒരു കുഞ്ഞു ശരീരത്തോട് കാണിച്ച ക്രൂരതയുടെ ശേഷിപ്പുകള്‍. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടിയ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണ് ഒരു ഏഴു വയസുകാരന്‍. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തലയോട്ടി തകര്‍ന്ന്, കണ്ണുകള്‍ പുറത്തേക്ക് തള്ളി...

കുട്ടിയുടെ പരിക്ക് മാരകമാണെന്നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജി ശ്രീകുമാര്‍ പറയുന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയുടെ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതര പരിക്കുകള്‍ ഉണ്ടെന്നും കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു കുട്ടിയെന്നും പറയുന്നു. ശ്വാസകോശത്തിന് എയര്‍ലീക്കും സംഭവിച്ചിട്ടുണ്ട്. തലച്ചോറിലെ രക്തസ്രാവം നീക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും ആരോഗ്യനിലയില്‍ മാറ്റം വന്നിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി നിലച്ചതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. തലയോട്ടിയുടെ പിറകുവശത്തായി രണ്ടു പൊട്ടലുകളാണ് സംഭവിച്ചിരിക്കുന്നതെന്നും ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടിലിനും തകരാര്‍ സംഭവിച്ചുവെന്നും കുട്ടിയുടെ രണ്ടു കണ്ണകളും പുറത്തേക്ക് തള്ളിവന്നുവെന്നും ഡോക്ടര്‍ ശ്രീകുമാറിനെ ഉദ്ദരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ വീഴ്ച്ചയില്‍ സംഭവിച്ച പരിക്കുകളാണ് ഇവയെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

വാര്‍ത്തയറിഞ്ഞവരെല്ലാം ആ കുഞ്ഞു ജീവനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. അവന്‍ തിരിച്ചു വരുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷയും. അപ്പോഴും ഒരു ചോദ്യത്തിനു മാത്രമാണ് ആര്‍ക്കും ഉത്തരം കിട്ടാതെ പോകുന്നത്. ഒരു കുഞ്ഞിനോട് ഇങ്ങനെ ക്രൂരത കാട്ടാന്‍ തോന്നുമോ?

ചെയ്ത ക്രൂരതകള്‍ കേട്ടാല്‍ ഞെട്ടും

ആ കുട്ടിക്ക് നേരിട്ട മര്‍ദ്ദനങ്ങളെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ആരുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളാണ്. അടിയേറ്റ് ആ രണ്ടാം ക്ലാസുകാരന്റെ തലയോട്ടി തകര്‍ന്നു പോയി. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്യാത്തതിനാല്‍ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്.

ഇളയ കുട്ടി തന്നെ ചേട്ടന് ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തെ കുറിച്ച് പറയുന്നുണ്ട്. വണ്ണമുള്ള വടി കൊണ്ടായിരുന്നു അടി. തലയ്ക്ക് പിന്നിലും അടിച്ചു. കാലില്‍ പിടിച്ച് നിലത്തടിക്കുന്ന പോലെയും ചെയ്തു. തറയിലിട്ട് തലയില്‍ ഉള്‍പ്പെടെ ചവിട്ടി. തലപൊട്ടി ചോരയൊഴുകിയപ്പോള്‍ താനാണ് ആ ചോര തുടച്ചു കളഞ്ഞതെന്നും അനിയന്‍ പറയുന്നു. ഈ കുട്ടിക്കും മര്‍ദ്ദനമേറ്റിരുന്നു. മുഖത്തും ശരീരത്തും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കാലുകളിലും വടികൊണ്ട് തല്ലിയതിന്റെ പാടുകളുണ്ട്. ഈ കുട്ടിയെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

മര്‍ദ്ദിച്ചത് അമ്മയുടെ സുഹൃത്ത്

ഒരു വര്‍ഷം മുമ്പാണ് ഈ കുട്ടികളുടെ അച്ഛന്‍ മരിച്ചത്. അച്ഛന്റെ ബന്ധത്തില്‍പ്പെട്ടതാണ് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ്. ഇയാളാണ് ആ ക്രൂരകൃത്യം ചെയ്ത അമ്മയുടെ സുഹൃത്ത്. ഭര്‍ത്താവിന്റെ മരണശേഷം കുട്ടികളുടെ അമ്മ ഇയാളുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഇരുവരും നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നാണ് പറയുന്നത്. അരുണ്‍ ഒരുമാസം മുമ്പാണ് തൊടുപുഴ കുമാരമംഗലത്ത് വാടക വീട് എടുത്ത് യുവതിയും കുട്ടികളുമായി താമസം ആരംഭിച്ചത്. ഭാര്യഭര്‍ത്താക്കന്മാരാണെന്നായിരുന്നു പറഞ്ഞിരുന്നത്. അയല്‍വക്കക്കാരുമായൊന്നും അധികം സമ്പര്‍ക്കം ഇല്ലായിരുന്നു. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതാണ് അരുണിന്റെ ക്രൂരതയ്ക്ക് കാരണമെന്നു പറയുന്നു. ഇതിനെ കുറിച്ച് മൂത്തകുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ആശുപത്രിയില്‍ നടന്ന ഒളിച്ചു കളികള്‍

ക്രൂരമായ മര്‍ദ്ദനത്തില്‍ കുട്ടി അവശനിലയിലായതോടെ യുവതിയും അരുണും ചേര്‍ന്ന് തൊടുപുഴയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. താഴെ വീണ് ഉണ്ടായ പരിക്കാണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടതോടെ ഡോക്ടര്‍ക്ക് സംശയമുണ്ടാക്കി. ഈ സമയത്ത് കുട്ടിയുടെ നില വഷളാകാനും തുടങ്ങി. സംഭവിച്ചതെന്തെന്ന ചോദ്യത്തിന് അരുണും യുവതിയും പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി മെഡിക്കല്‍ മിഷനിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുത്തപ്പോള്‍ ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇതോടെ സംശയം ബലപ്പെട്ട ആശുപത്രിയധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും മര്‍ദ്ദനം നടന്ന വീട്ടിലെത്തി. ഇളയ കുട്ടിയില്‍ നിന്നാണ് നടന്ന കാര്യങ്ങളെക്കുറിച്ച് വിവരം കിട്ടുന്നത്. മര്‍ദ്ദനമേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഒന്നും ചോദിച്ചറിയാന്‍ കഴിഞ്ഞില്ല. അരുണിനും പരിക്കേറ്റിട്ടുണ്ട്. കട്ടില്‍ കാലില്‍ വീണെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. കുട്ടിയെ മര്‍ദ്ദിക്കുന്നതിനിടയില്‍ സംഭവിച്ച അപകടമാണെന്നാണ് കരുതുന്നത്.

ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത അരുണിന്റെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും. വധശ്രമം, ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നിങ്ങനെ അഞ്ചു വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കുട്ടിയ്‌ക്കൊപ്പം അമ്മയും ആശുപത്രിയില്‍ ഉണ്ടെങ്കിലും ഇവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു പറയുന്നു. അമ്മയുടെ അറിവോടെയാണോ മര്‍ദ്ദനം നടന്നതെന്നില്‍ വ്യക്തതയില്ല. എന്നാല്‍ അമ്മയുടെ ശരീരത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അരുണ്‍ ഇവരെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന സൂചനയാണ് ഇതില്‍ നിന്നും കിട്ടുന്നത്.

മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ചികിത്സ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തു

ഗുരുതരാവസ്ഥയില്‍ കോഴഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനൊപ്പം ഏഴു വയസുകാരന്റെയും ഇളയകുട്ടിയുടെയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കമെന്നും അറിയിച്ചിട്ടുണ്ട്. ആരോഗ്യ-സാമൂഹ്യനീതി-വനിത ശിശു വികസന വകുപ്പുകള്‍ സംയോജിതമായാണ് കുട്ടിയുടെ ചകിത്സ ചെലവും സംരക്ഷണവും ഏറ്റെടുക്കുക. കുട്ടിക്ക് ആവശ്യമായ വിദഗ്ദ ചികിത്സ ഉറപ്പാക്കാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍ദേശിച്ചിട്ടുണ്ട്.


Next Story

Related Stories